Monday, May 23, 2011

പഞ്ചചാമരം



"ജടകടാഹസംഭ്രമഭ്രമനിലംബനിര്‍ഝരീ


വിലോലവീചിവല്ലരീവിരാജമാനമൂര്‍ദ്ധനി"



സരയൂ നദിയുടെ കൊടും തണുപ്പില്‍ മുങ്ങിനിവരുമ്പോഴും അംഗദന്റെ ചുണ്ടില്‍ ശിവസ്തുതി നിറഞ്ഞു നിന്നിരുന്നു. രോമകൂപങ്ങള്‍ക്കിടയിലൂടെ തണുപ്പ് ഉള്ളിലേക്ക് അരി ച്ചിറങ്ങുമ്പോഴും അംഗദന്റെ മനസിലെ താപം അടങ്ങിയിരുന്നില്ല. ആ താപം പെട്ടന്നൊന്നും തീരുന്നതല്ലെന്ന് അംഗദന് അറിയാമായിരുന്നു.

തെറ്റ് കൂടാതെ ശിവതാണ്ഡവ സ്‌തോത്രം നാവിന്‍ത്തുമ്പില്‍ വഴങ്ങിയപ്പോള്‍ അംഗദന് അതിശയമാണ് തോന്നിയത്. കുട്ടിക്കാലത്ത് നാരായണ നമ എന്നു ജപിച്ചു പഠിച്ച നാവില്‍ പഞ്ചചാമരം വഴങ്ങില്ലായിരുന്നു. ശിവസ്തുതിയുടെ ഘോരശബ്ദം ശൈവരുടെ സ്വന്തമാണെന്നും നമ്മള്‍ വൈഷ്ണവരാണെന്നും അമ്മ ഏത്രയോ വട്ടം ആശ്വസിപ്പിച്ചിരിക്കുന്നു.

എങ്കിലും കേട്ടു വളര്‍ന്ന കഥകളില്‍ രാവണനോടു ആരാധന തോന്നിപ്പിച്ച ഘടകം പഞ്ചചാമരത്തിന്റെ തീവ്രതയായിരുന്നു. കൈലാസശൃംഗങ്ങളെ ഇളകിമറിയിച്ച ആ ശബ്ദഗാംഭീര്യമാണ് ചന്ദ്രഹാസ ലബ്ദിക്കു പിന്നിലെന്ന് അംഗദന് തോന്നിയിട്ടുണ്ട്. ഒരിക്കലെങ്കിലും നികുംഭിലയിലെ ഇരുള്‍ വീണ ഗുഹയിലിരുന്ന് നെയ്മണമേറ്റ പുകച്ചുരുളുകള്‍ ശ്വസിച്ച് പഞ്ചചാമരം കേള്‍ക്കണമെന്ന് എത്രയോവട്ടം ആശിച്ചിട്ടുണ്ട്.

എന്നാല്‍ ഒടുവില്‍ ആ ജന്മസാഫല്യം സ്വായത്തമായപ്പോള്‍ നഷ്ടപ്പെട്ട മനസമാധാനം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവ് സൃഷ്ടിച്ച അംഗദന്റെ കണ്ണുനീര്‍ത്തുള്ളികള്‍ സരയുവില്‍ വീണലിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുനീര്‍ ചില്ലുകളിലൂടെ കണ്ട സ്ത്രീരൂപത്തിനു ആരുടെ മുഖമാണെന്നു തിരിച്ചറിയാന്‍ അംഗദനായില്ല. വെണ്ണച്ചോറിന്റെ തെളിമയുള്ള മുഖം തന്റെ അമ്മയ്ക്കു മാത്രമല്ല ഉള്ളതെന്നു അംഗദനിപ്പോള്‍ നല്ല ബോധ്യമുണ്ട്.

എങ്കിലും വെള്ളച്ചേല കൊണ്ട് പാതി മുഖം മറച്ച സ്ത്രീ അമ്മയാണെന്നു മനസ്സിലാക്കാന്‍ അംഗദനു അധികസമയം വേണ്ടി വന്നില്ല. 'താരയുടെ മകനു ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ' എന്ന ശബ്ദം അംഗദന്റെ ഉള്ളില്‍ വീണുടഞ്ഞു. അമംഗലിയായ അമ്മ ചെറിയമ്മയോടൊപ്പം അയോദ്ധ്യയിലെത്തിയത് പട്ടാഭിഷേകം കാണാനായിരിക്കില്ല എന്നതു ഉറപ്പാണ്. ആ കണ്ണുകള്‍ കാണാന്‍ ആശിച്ചതാരെയായിരിക്കും. അതു സീതാദേവിയെയല്ലാതെ ആരെയാണ്? ഉത്തരവും അംഗദന്‍ തന്നെ കണ്ടെത്തി.

ഈറന്‍ ശരീരത്തോടെ നദിക്കരയില്‍ ചെന്നു കയറുമ്പോള്‍ അമ്മയുടെ മുഖത്തു പതിവില്ലാത്ത കാളിമ പടര്‍ന്നിരിക്കുന്നതു അംഗദന്‍ കണ്ടു. നനഞ്ഞ വിരലുകള്‍ അമ്മയുടെ കാലിലേക്കു നീണ്ടപ്പോള്‍ താര പുറകിലേക്കു മാറി. അമ്മയുടെ മനസ്സില്‍ നിന്നു തന്റെ സ്ഥാനം പൊയ്ക്കഴിഞ്ഞുവെന്നു അംഗദന്‍ ഞെട്ടലോടെ മനസ്സിലാക്കി.

അമ്മയെ നോക്കാതെ നടക്കാനാഞ്ഞപ്പോള്‍ താര ശബ്ദിച്ചു.

“കിഷ്‌കിന്ധയില്‍ നിന്ന് അയോദ്ധ്യയില്‍ എത്തിയത് പട്ടാഭിഷേകം കാണാനല്ല. മകന്റെ വീരപരാക്രമത്തിനു അഭിനന്ദനം അിറയിക്കാനാണ്.”

താരയുടെ ശബ്ദത്തിനു മൂര്‍ച്ചയുണ്ടായിരുന്നു. അമ്മ ഒരിക്കലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നു അംഗദന്‍ ഓര്‍ത്തു.

നദിക്കരയിലെ പൂഴിമണലില്‍ ഇരുന്ന് അംഗദന്‍ പൊട്ടിക്കരഞ്ഞു. എത്രയോ നാള്‍ മനസ്സിലിരുന്നു വിങ്ങിയ കുറ്റബോധം കണ്ണുനീരായി പെയ്തിറങ്ങി.

അംഗദന്റെ നനഞ്ഞ മുടിയിഴകളില്‍ താരയുടെ വിരലുകള്‍ പരതി നടന്നു.

“ എന്താ ഉണ്ണീ, ഇതാണോ അമ്മ നിനക്കു നല്കിയ പാഠങ്ങള്‍. അച്ഛനെ കൊന്ന രാമനൊപ്പം നില്ക്കാനാണ് ഞാന്‍ നിന്നോടു ആവശ്യപ്പെട്ടത്. അല്ലാതെ രാമന്റെ കണ്ഠത്തില്‍ ഖഡ്ഗമോങ്ങാനല്ല. എനിക്കറിയാമായിരുന്നു അതാണ് ധര്‍മ്മമെന്ന്. ഒളിപ്പോരില്‍ ആണ് രാമന്‍ ബാലിയെ വധിച്ചത്. അതൊരു യുദ്ധമുറയാണെന്നു നീയും പഠിച്ചതല്ലേ? എന്നാല്‍ ഉണ്ണീ നീയെന്താണു ചെയ്തതു വിജയിക്കാനുള്ള ലഹരി നിന്റെ സിരകളില്‍ ഇത്രത്തോളം ആവേശിച്ചോ? ”

മുടിയില്‍ പരതിയിരുന്ന താരയുടെ വിരലുകള്‍ക്കു മുറുക്കമേറുന്നതായി അംഗദനു തോന്നി.

ഒന്നും പറയാതെ താര നടന്നു നീങ്ങുന്നതു പുടവ ഉലയ്ക്കുന്ന കാറ്റിന്റെ മന്ത്രണത്തിലൂടെ അംഗദന്‍ അറിഞ്ഞു. താന്‍ ഈ ലോകത്ത് അനാഥനായെന്നു അംഗദനു മനസ്സിലായി. ബാലി മരിച്ചിട്ടും തോന്നാത്ത ഒരു തണുത്ത വികാരം അംഗദന്റെ ഹൃദയത്തെ കൊളുത്തിവലിച്ചു.

സരയുവിലെ തണുത്ത കാറ്റും ദേഹത്തു തങ്ങി നിന്ന ജലത്തുള്ളികളും രോമകൂപങ്ങള്‍ക്കിടയിലൂടെ അരിച്ചു കയറിയപ്പോള്‍ അംഗദന്റെ ശരീരം വിറച്ചുത്തുടങ്ങി.

അംഗദന്റെ ഓര്‍മ്മയിലൂടെ ജീവിതം ഒഴുകി നടന്നു. പഠിച്ച പാഠങ്ങള്‍, വൈഷ്ണവസ്‌തോത്രങ്ങള്‍, കാലം ലക്ഷ്യമില്ലാതെ വിട്ട അസ്ത്രം പോലെ എങ്ങോട്ടോ പായുന്നു.

അമ്മയാണ് ആദ്യമായി രാവണനെ പറ്റി പറയുന്നത്. അത്താഴമുണ്ണാന്‍ പിണങ്ങുമ്പോഴൊക്കെ അമ്മ പറഞ്ഞു തന്ന വീരന്മാരുടെ കഥകളില്‍ രാവണനും ഉണ്ടായിരുന്നു. കൈലാസത്തിന്റെ താഴ്‌വരയില്‍ ശിവസ്തുതി പാടി രാവണന്‍ നേടിയ ചന്ദ്രഹാസം ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അന്നൊക്കെ ആശിച്ചിട്ടുണ്ട്. താഴ്ന്ന ശബ്ദത്തില്‍ പെറുക്കി പെറുക്കി അമ്മ പറഞ്ഞു തന്ന അക്ഷരങ്ങളിലൂടെയാണ് പഞ്ചചാമരം പരിചയം.

എന്നാല്‍ ഒരിക്കല്‍ രാവണന്റെ ഘോരശബ്ദത്തില്‍ ഇടതടവില്ലാതെ അതു കേള്‍ക്കാനുള്ള ഭാഗ്യം തനിക്കുണ്ടായി. ആ രംഗം ഓര്‍മ്മ വന്നപ്പോള്‍ അംഗദന്റെ മിഴികള്‍ നിറഞ്ഞു.

ഹനുമാന്റെ വാല്‍ത്തുമ്പില്‍ തൂങ്ങിയാണ് രാമന്‍ യുദ്ധം ജയിച്ചതെന്നു പറയാതെ വയ്യ. എങ്കിലും സ്വന്തം ശക്തിയില്‍ അംഗദന്‍ എന്നും വിശ്വസ്തനായിരുന്നു. പതിനാലു വര്‍ഷത്തെ കഠിനം വ്രതത്തിന്റെ ബലത്തില്‍ ലക്ഷ്മണന്‍ നികുംഭിലയില്‍ കടന്നു ഇന്ദ്രജിത്തിനെ വധിച്ചപ്പോള്‍ ഗുഹാകവാടത്തില്‍ കാവലായി താനുണ്ടായിരുന്നു.

പിന്നീട് യുദ്ധവിജയത്തിനായി രാവണന്‍ നികുംഭിലയിലേക്കു ചെന്നതറിഞ്ഞ് ജാംബവാന്‍ തന്നെ തിരക്കി വന്നപ്പോള്‍ താന്‍ കടല്‍ത്തീരത്ത് അലകളെണ്ണി ഇരിക്കുകയായിരുന്നെന്നു അംഗദന്‍ ഓര്‍ത്തു.

യുദ്ധവിജയത്തിനായി രാവണന്‍ നടത്തുന്ന യാഗം മുടക്കാന്‍ നിനക്കേ കഴിയൂ എന്നദ്ദേഹം പറഞ്ഞപ്പോള്‍ അഹങ്കാരമാണ് തോന്നിയത്. ഹനുമാനു സാധിക്കാത്ത ഒന്ന് എന്ന നിലയില്‍ ആവേശത്തോടെയാണ് പുറപ്പെട്ടത്ത്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു തനിക്കു ഇന്നും അറിയില്ലെന്നു അംഗദന്‍ ഓര്‍ത്തു.

നികുംഭിലയുടെ കവാടത്തിലേക്കു പൂക്കള്‍ നിറച്ച തളികയുമായി നടന്നടുത്ത സ്ത്രീക്കു അമ്മയുടെ മുഖമായിരുന്നോ? പെട്ടെന്ന് അങ്ങനെയാണ് തോന്നിയത്. പിന്നില്‍ നിന്ന ജാംബവാന്‍ മന്ത്രിച്ചു,

“അതാണ് മണ്‌ഡോദരി, രാവണന്റെ പത്‌നി”

പെട്ടെന്നുണ്ടായ പ്രേരണയില്‍ അവരുടെ തിളങ്ങുന്ന ഉത്തരീയത്തില്‍ കടന്നു പിടിച്ചു, സ്വന്തം ശരീരത്തേക്കടുപ്പിച്ചു. പതിവ്രതകള്‍ക്കു അന്യപുരുഷ സ്പര്‍ശം മരണത്തിനു സമമാണെന്നു പറഞ്ഞതു അമ്മയായിരുന്നു. മണ്‌ഡോദരിയുടെ തകര്‍ന്ന മുഖം കണ്ടപ്പോള്‍ മനസ്സു കൊണ്ട് ക്ഷമ യാചിച്ചതു അമ്മയോടായിരുന്നെന്ന് അംഗദന്‍ ഓര്‍ത്തു.

അവരുടെ നിലവിളികളെയും തളികയില്‍ നിന്നു വീണു ചിതറിയ പൂക്കളെയും കുങ്കുമത്തെയും മറികടന്ന് നികുംഭിലയുടെ കവാടത്തിലെത്തിയപ്പോള്‍ കേട്ട പഞ്ചചാമരത്തിന്റെ തീവ്രതയ്ക്കു മുന്നില്‍ ഒരുമാത്ര തറഞ്ഞു നിന്നുപോയി. രാവണന്‍ വന്നാലും നേരിടാന്‍ ആകും എന്ന അഹങ്കാരമാണ് ആ നില്‍പ്പിനു പിന്നിലെന്നു കരുതി ജാംബവാന്‍ തന്നെ പാളയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.

എന്നിട്ടും മണ്‌ഡോദരിയുടെ കണ്ണിലെ ദയനീയത മായാതെ മനസ്സില്‍ നിന്നിരുന്നു. ആ ഒരു വേദനയുടെ ചൂളയില്‍ പിടയുമ്പോഴാണ് ഓടിക്കിതച്ചെത്തിയ ലക്ഷ്മണന്‍ സന്തോഷവാര്‍ത്ത പകരുന്ന ആവേശത്തില്‍ മണ്‌ഡോദരിയുടെ ആത്മഹത്യാവിവരവും രാവണന്റെ യാഗം മുടങ്ങിയ വാര്‍ത്തയും പങ്കുവച്ചപ്പോള്‍ അംഗദന്‍ തന്റെ പരാജയമാണറിഞ്ഞത്.

അന്നു മുതല്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ നീറാന്‍ തുടങ്ങിയതാണ്. തണുത്തു തുടങ്ങിയ സരയുവിലേക്കു അംഗദന്‍ നടന്നു. കിഷ്‌കിന്ധയിലെ യുവരാജാവിന്റെ കിരീടം യുദ്ധവിജയത്തിനുള്ള സമ്മാനമായി തന്നെ കാത്തു കിടപ്പുണ്ടെന്നു അംഗദന്‍ ഓര്‍ത്തു.

എങ്കിലും ഭ്രമിപ്പിക്കുന്ന അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം മനസ്സിനു വേണ്ട നിതാന്ത ശാന്തിയിലേക്കു അംഗദന്‍ നടന്നു നീങ്ങി. അംഗദന്റെ കുറ്റബോധത്തിന്റെ ഓരോ തീപ്പൊരിയും സരയു ഏറ്റുവാങ്ങി.

ഇനിയും ഒരുപാട് മക്കളുടെ കണ്ണീരും വേദനയും ഏറ്റുവാങ്ങേണ്ടവളാണു താന്‍ എന്ന തിരിച്ചറിവ് സരയുവിനുമുണ്ടായിരുന്നു.

ഇതി രാവണകൃതം ശിവതാണ്ഡവ സ്‌തോത്രം സമ്പൂര്‍ണ്ണം”

35 comments:

രമേശ്‌ അരൂര്‍ said...

എന്തായിത് !!!! ബൂലോകത്തെ പെണ്‍കുട്ടികള്‍ സീതയും അഞ്ജുവും ..ഭാരത പുരാണങ്ങളെയും ഇതിഹാസങ്ങളെയും അകം പുറം തിരിക്കാനുള്ള പുറപ്പാടില്‍ ആണല്ലോ !! മനോഹരമായിരിക്കുന്നു അഞ്ജു..ഈ പുനരാവിഷ്കരണം ..അംഗദന്റെ കുറ്റബോധം നിറഞ്ഞ ചിന്തകള്‍ ..കുറച്ചൊക്കെ തീവ്രമായി പകര്‍ത്തിയിട്ടുണ്ട് ..പുരാണങ്ങളെ അത്ര കണ്ടു പരിചിതര്‍ അല്ലാത്തവര്‍ക്ക് ഒരു താരതമ്യ വായനയ്ക്കുള്ള സാധ്യത കുറവാണ് ...
അഞ്ജു മുന്‍പ് രാവണ സോദരി ശൂര്പണഖയെ ക്കുറിച്ച് എഴുതിയ മനോഹരമായ കഥ ഈ ബ്ലോഗില്‍ തന്നെ വായിച്ചിട്ടുണ്ട് ..അത്ര മിഴിവ് ഈ കഥയ്ക്ക്‌ വന്നോ എന്ന് സംശയമുണ്ട്‌ ,,രാമായണത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നവരുടെ കൂടുതല്‍ വായന യും ചര്‍ച്ചകളും ഈ കഥ അര്‍ഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത് ...

Unknown said...
This comment has been removed by the author.
ഷബീര്‍ - തിരിച്ചിലാന്‍ said...

കഥ ഇഷ്ടായി.. പുരാണങ്ങളില്‍ വലിയ പിടിയില്ലാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല.. അവതരണം അടിപൊളി...

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi avatharippichu..... aashamsakal.......

ജയിംസ് സണ്ണി പാറ്റൂർ said...

കഥ ഇഷ്ടപ്പെട്ടു. കെട്ടുപാടുകളില്ലാതെ സ്വതന്ത്രമായി ഒരു ഇതിഹാസ സന്ദര്‍ഭത്തെ
ആവിഷ്ക്കരിക്കാനായി.

Manoraj said...

അഞ്ജു അംഗദനെ കേന്ദ്ര കഥാപാത്രമാക്കി ഇതിഹാസത്തിലൂടെ ഒരിക്കല്‍ കൂടെ അഞ്ജുവിന്റെ സഞ്ചാരം നന്നായി. പക്ഷെ.. അഞ്ജുവിനെ വായിക്കുമ്പോള്‍ എനിക്ക് പക്ഷെകള്‍ വരുന്നു. കാരണം രമേശ് പറഞ്ഞപോലെ ഗ്രീഷ്മം തണുക്കുമ്പോള്‍ ആണ് എനിക്ക് അഞ്ജു. അഞ്ജു എന്ന ബ്ലോഗര്‍ എന്ന് ഞാന്‍ പറയില്ല, മറിച്ച് അഞ്ജുവെന്ന കഥാകാരി എന്നേ പറയൂ. കാരണം അഞ്ജുവിന്റെ കഥകളുടെ റേഞ്ച് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവിടെ അംഗദന്‍ എന്ന കഥാപാത്രത്തെ അഞ്ജുവിന് ഒന്ന് കൂടെ പഠിക്കാമായിരുന്നു. എന്ന് വെച്ച് തീരെ പഠിക്കാതെ എഴുതി എന്നല്ല, എനിക്കൊന്നും ഒരിക്കലും കഴിയില്ല, അഥവാ കഴിയുമെങ്കില്‍ തന്നെ ധൈര്യമില്ല ഇത്തരത്തിലുള്ള ഒരു എലമെന്റ് എടുക്കുവാന്‍. അവിടെയാണ് അഞ്ജുവിന്റെ വിജയം. പക്ഷെ ഇവിടെ അല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു. ഒരു പക്ഷെ സാറാ ജോസഫിന്റെ ഊരുകാവലാവാം അഞ്ജുവിനെ കൊണ്ട് ഇത് പോലെ ഒരു അന്വേഷണം നടത്തിച്ചത്. അഥവാ അല്ലെങ്കില്‍ അഞ്ജു ഊരുകാവല്‍ ഒന്ന് വായിക്കണം. അംഗദനെ വളരെ മനോഹരമായി അതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ക്കൂടെ പറയട്ടെ ഗ്രീഷ്മം തണുക്കുമ്പോളില്‍ നിന്നും ഇതിലേക്ക് അഞ്ജുവിന് അല്പം കൂടെ ദൂരം നടക്കാമായിരുന്നു. പക്ഷെ, ഒരു കാര്യത്തില്‍ അഞ്ജുവിനെ അംഗീകരിക്കുന്നു. കഥകള്‍ക്കായി കണ്ടെത്തുന്ന വിഷയങ്ങള്‍. അതല്ലെങ്കില്‍ അതിലേക്ക് കൊണ്ടുവരുന്ന എലമന്റ്സ്. ഇറ്റ്സ് ബ്രില്യന്റ്..

ajith said...

നല്ല എഴുത്ത്

ശ്രീനാഥന്‍ said...

ഗംഭീരമായി. അംഗദനെപ്പോലെ ഒരാൾ! അപാരഡൈമൻഷനുകളുള്ള ഈ കഥാപാത്ര (തൊട്ടു നിൽക്കണം) ത്തിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോൾ ജരം ജരം ജഗം നിരന്ന് പ്രചണ്ഡമായി പഞ്ചചാമരം വീശുന്നതറിയുന്നു. പെട്ടെന്നുണ്ടായ പ്രേരണയില്‍ .. അതോ മനപ്പൂർവ്വമോ അംഗദൻ ..? വളരെ ഇഷ്ടമായി.

Lipi Ranju said...

അംഗദന്‍റെ ചിന്തകള്‍... കുറ്റബോധം... എല്ലാം നന്നായി ഫീല്‍ ചെയ്തു... എനിക്കിഷ്ടായി.

ഋതുസഞ്ജന said...

വളരെ നന്നായിട്ടുണ്ട്.. ഒരുപാട് പ്രതീക്ഷകൾ തരുന്ന എഴുത്ത്. ഇതിഹാസങ്ങളിൽ നല്ല അറിവുണ്ടല്ലേ

ഋതുസഞ്ജന said...

വളരെ നന്നായിട്ടുണ്ട്.. ഒരുപാട് പ്രതീക്ഷകൾ തരുന്ന എഴുത്ത്. ഇതിഹാസങ്ങളിൽ നല്ല അറിവുണ്ടല്ലേ

സീത* said...

ഒരുപാട് അംഗദന്മാർടെ കുറ്റബോധം ഒഴുക്കിയ കണ്ണീരും പേറി സരയു ഒഴുകട്ടെ ഇനിയും...കൊള്ളാം ട്ടോ ഈ വേറിട്ട കാഴ്ചപ്പാട്..

.. said...

നമോവാകം, വന്നിട്ടുണ്ട്
മിണ്ടാണ്ടെ പോകുന്നു.. :)

sijo george said...

മനോഹരമായ എഴുത്ത്..ആശംസകൾ

mini//മിനി said...

വായിച്ചു, പുരാണകഥകളിൽ വേറിട്ടുനിൽക്കുന്ന കഥാപാത്രങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്ന ഈ കഥയെഴുത്തിന് അഭിനന്ദനങ്ങൾ.

ചന്തു നായർ said...

അതെ രമേശ്,....ബൂലോകത്തെ പെണ്‍കുട്ടികള്‍ സീതയും അഞ്ജുവും ..ഭാരത പുരാണങ്ങളെയും ഇതിഹാസങ്ങളെയും അകം പുറം തിരിക്കാനുള്ള പുറപ്പാടില്‍ ആണല്ലോ !!.. മനോഹരമായിരിക്കുന്നു അഞ്ജു..പ്ക്ഷേ,അംഗദന്റെ, അംഗദൻ എന്നുള്ള ആവർത്തനം വിരസമാകുന്നൂ..പഞ്ചചാമരം എന്നവാക്കും എത്ര ആവർത്തിച്ചിരിക്കൂന്നൂ... കഥ അറിഞ്ഞുകൂടാത്തവർക്ക് ഇത് മനസ്സിലാക്കാൻ വിഷമമായിരിക്കും.. ഞാൻ ഇതിന്റെ കഥ വിവരിച്ചാൽ പിന്നെ മനോരാജനിയനും മറ്റും ഖഡ്ഗം എടുക്കും. സീതയുടെ ഒരു കവിതയിൽ ഇങ്ങനെ കുറേ ചർച്ചകൾ വേണ്ടി വന്നൂ..അതുകൊണ്ട് ആക്കാര്യങ്ങൾ (പുരാണം) പിന്നെ പറയാം.. കഥാബീജം കണ്ടെത്തുന്ന്തിലെ പാടവത്തിന് ആദ്യ നമസ്കാരം.. അവതർണത്തിലെ പോരായ്മകൾ ഞാൻ പിന്നെ ചൂണ്ടിക്കാണിക്കാം... എന്തായാലും.. ഈ നല്ല കഥക്ക് എന്റെ ഭാവുകങ്ങൾ...ഞാൻ വീണ്ടും വരാം

ചെറുത്* said...

:( പഞ്ചചാമരം എന്നൊരു വൃത്തം ഉണ്ടെന്നല്ലാതെ, പുരാണ കഥകള്‍ അത്ര പിടിയില്ലാത്തതുകൊണ്ടാകും സംഭവം എന്താന്ന് ചെറുതിനത്ര മനസ്സിലായില്ല.

പക്ഷേ..... (ഇത് മനോരാജിന്‍‍റെ പക്ഷേ അല്ല) ;)

നല്ലൊരു കഥ വായിക്കുന്ന അനുഭവം ഉണ്ടായിരുന്നു. കഥയുടെ തീം കണ്ടപ്പൊ കഥാകാരി അല്പം “മുറ്റാ”ണെന്നും തോന്നി

അപ്പൊ വീണ്ടും കാണാം, ആശംസകള്‍!

പട്ടേപ്പാടം റാംജി said...

നല്ല വായന എന്നല്ലാതെ ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ അറിയില്ല. അത്രയാണെ പുരാണത്തെകുറിച്ച അറിവ്....

Manoraj said...

@ചന്തു നായര്‍ : മാഷേ , എന്താ ഇത്.. അങ്ങിനെയൊന്നുമില്ലാട്ടോ.. :)

Ajith said...

ഞാന്‍ ഇനിയും അറിയേണ്ട ഒരുപാടു കാര്യങ്ങള്‍ പുരാണങ്ങളില്‍ ഉണ്ടെന്ന തിരിച്ചറിവാണ് എനിക്കിത് നല്‍കിയത് . പാത്ര സൃഷ്ടിയിലെ ഈ പുതിയ വീക്ഷണത്തിന് എന്റെ എല്ലാ ഭാവുകങ്ങളും

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിഹാസങ്ങളിലെ അനേകം പേരുടെ കുറ്റബോധങ്ങൾ കഴുകിക്കളഞ്ഞ സരയൂവിന് ഇതുപോലെ അനേകം കഥകൾ ചൊല്ലാനുണ്ടാവും അല്ലേ...
നന്നായിട്ടുണ്ട് കേട്ടൊ അഞ്ജു

ചന്തു നായർ said...
This comment has been removed by the author.
ചെറുത്* said...

ചന്തു നായര്‍ said...
@ ചെറുത്.... പഞ്ചചാമരം = രാമായണം... കഥാകാരിയുടെ മറുപടി കാണാഞ്ഞെഴുതി എന്ന് മാത്രം

മെയിലിലിത് കണ്ട് ഇവ്ടെ വന്നപ്പൊ ഇട്ടകമന്‍‍റും കൊണ്ട് മുതലാളി മുങ്ങി. അതെന്തേ ഡിലീറ്റീത്?

പഞ്ചചാമരത്തിന് അങ്ങനേം ഒരര്‍ത്ഥം ഉണ്ടാരുന്നോ! അറിയില്ലാരുന്നു. നന്ദി.
((((മ്മ്ടെ അനുമാന്‍ ബ്രൂസിലീന്‍‍റെ ആരാന്ന് ചോയ്ച്ചപോലായാ))) :(

Sunith Somasekharan said...

കൊള്ളാം , കഥ ആസ്വദിച്ചു വായിക്കാന്‍ പറ്റി, കഥയില്‍ ചില ഓര്മപ്പെടുതലുകള്‍ ഉണ്ട് ... പരിചയപ്പെട്ടതില്‍ സന്തോഷം

priyag said...

സാറ ജോസെഫിന്റെ ഊര് കാവല്‍ ഓര്‍മ്മയിലേക്ക് കൊണ്ട് വന്നു.

കുഞ്ഞൂസ് (Kunjuss) said...

ഈ വേറിട്ട കാഴ്ച വളരെ ഹൃദ്യമായി...

പാച്ചു said...

ഈ അംഗദണ്റ്റെ അച്ഛന്‍ ബാലിയുമായി പണ്ടു രാവണന്‍ ഏറ്റു മുട്ടിയിട്ടുണ്ട്‌.

ബാലി ചുമ്മാ നാണം കെടുത്തി വിട്ടു....
യുദ്ധം ചെയ്യാന്‍ വന്ന രാവണനെ വാലിണ്റ്റെ തുമ്പില്‍ തോണ്ടിയെടുത്തു കൂറെ ദൂരം പോയി ഒടുവില്‍ പറഞ്ഞു "അയ്യോ അങ്ങിവിടെ ഉണ്ടായിരുന്നോ മഹാനായ രാവണനെക്കുറിച്ചു ഞാന്‍ ഒത്തിരി കേട്ടിരിക്കുന്നു"....

പാവം രാവണന്‍....കരയണോ ചിരിയ്ക്കണോ എന്നറിയാണ്ടായിപ്പോയി..... എന്തായാലും കഥയുടെ മാനം കൊള്ളാം .... നാണം കെട്ട പൊളിറ്റിക്സ്‌ പണ്ടും ഉണ്ടായിരുന്നു എന്നു ചുരുക്കം!

anju minesh said...

@രമേഷേട്ടാ : ശൂര്‍പണഖയെ പറ്റി എഴുതിയത് 16 വയസ്സുള്ളപ്പോലാണ് ഇപ്പോള്‍ 10 വര്‍ഷത്തോളമായി...അപ്പോള്‍ ഇപ്പോഴും ശങ്കരന്‍ തെങ്ങില്‍ നിന്നു ഇറങ്ങിയില്ല അല്ലെ..?
@ഷബീര്‍ ജയരാജ്‌ ജയിംസ് : നന്ദി
@മനുവേട്ടാ : മനുവേട്ടന്‍ എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യെക്തിയാണ്. നിലവാരം കുറഞ്ഞാല്‍ വഴക്കും പറയാറുണ്ട്‌. ഞാന്‍ ഒരിക്കലും ഗ്രീഷ്മത്തിന്റെ ചട്ടകൂടില്‍ നിന്നല്ല ഇത് എഴുതിയെ..ഇഷ്ടപ്പെട്ടതില്‍ സന്തോഷം
@ അജിത്തെട്ട : നന്ദി
@ ശ്രീനാഥന്‍ : അറിയാതെ വന്നതാണ് അംഗദന്‍...ആദ്യം മണ്ടോതരിയുടെ കാഴ്ചപാടില്‍ എഴുതാം എന്നാണ് കരുതിയത്‌..പിന്നെ തീരുമാനം മാറ്റി
@ലിപി ഹട്ഡോക് കിങ്ങിണി സീത സൂര്യ സിജോ മിനി ടീച്ചര്‍ : വന്നതിലും വായിച്ചതിലും നന്ദി
@ചന്തുവേട്ടാ ; തെറ്റുകള്‍ ക്ഷമിക്കു ....പഞ്ചചാമരം എന്നാല്‍ രാമായണം എന്നല്ലേ അര്‍ഥം..അത് മാത്രമല്ല ഉദേശിച്ചത്‌. രാവണന്‍ എഴുതിയ ശിവ സ്തുതിയാണ് പഞ്ചചാമരം. അത് പാടി കേട്ടപ്പോള്‍ പ്രീതിപ്പെട്ടാണ് രാവണന് ശിവന്‍ ചന്ദ്രഹാസം നല്‍കിയത്. കഥ തുടങ്ങുമ്പോള്‍ പറയുന്ന സ്തോത്രം അതാണ്‌.
@ചെറുത്‌ : വന്നതിലും വിലയിരുതിയത്തിലും സന്തോഷം
@ റാംജിയെട്ട മുരളിയേട്ടാ: നിങ്ങളോട് എന്ത് പറയാന്‍ നന്ദി പോലും പറ്റില്ല. എന്‍റെ എല്ലാ കഥകള്‍ക്കും അഭിപ്രായം പറയുന്നവര്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഞാന്‍ വന്നോ വന്നോ എന്ന്‌ സേര്‍ച്ച്‌ ചെയ്യുന്ന 2 കമ്മെന്റ്
@അജിത്‌ : നന്ദി
@ My......C..R..A..C..K........വോര്‍ദ്സ്‌ ; എന്താ വിളിക്കുക്ക എന്നറിയില്ല....നന്ദി വായിക്കാന്‍ എത്തിയതിനു
@ പ്രിയഗ് : നന്ദി
@ കുഞ്ഞൂസ് ചേച്ചി : ചേച്ചി എന്‍റെ ചേച്ചിയല്ലേ...നന്ദി വേണോ?
@ പാച്ചു : കേട്ടിട്ടുണ്ട് പണ്ടെങ്ങോ ഈ കഥ

സമര്‍പ്പണം : “സദാശിവം ഭജാമിഹം” എന്ന പഞ്ചചാമരത്തിലെ വരിയില്‍ നിന്ന് എന്റെ അപ്പൂപ്പന് സദാശിവന്‍ എന്ന പേരു അടര്‍ത്തി നല്കിയ അപ്പൂപ്പന്റെ അച്ഛന്……എന്നെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയില്‍ പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും പഠിപ്പിക്കാന്‍ ശ്രമിച്ച എന്റെ അപ്പൂപ്പന്‍ സദാശിവന്‍ നായര്‍ക്ക്…..അപ്പൂപ്പന്‍ പകര്‍ന്നു തന്ന ചിന്തകളെയും പഴങ്കഥകളെയും പാട്ടുകളെയും കുറച്ചെങ്കിലും സൂക്ഷിച്ചു വച്ച 129 ഐ ക്യു ഉള്ള എന്റെ തലച്ചോറിന്……(((അത്... ആ അവസാനം പറഞ്ഞത്...അഹങ്കാരം അല്പം കൂടി പോയി അല്ലെ..??? നിങ്ങള്‍ എല്ലാം എന്‍റെ പ്രിയപ്പെട്ടവര്‍ അല്ലെ സഹിച്ചേക്കും അല്ലെ...?)))

Pongummoodan said...

നന്നായിരിക്കുന്നു.

എന്നെ ഓർമ്മയുണ്ടോ അഞ്ജു?

ഷെരീഫ് കൊട്ടാരക്കര said...

ഞാന്‍ അല്‍പ്പം വൈകിപ്പോയീ അഞ്ജൂ എങ്കിലും രണ്ട് വാക്ക് കുറിക്കാതെ മടങ്ങാന്‍ സധിക്കുന്നില്ല.
ബ്ലോഗ് മീറ്റില്‍ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. സാറാ ടീച്ചറുടെ അംഗദന് ശേഷം ഇത്രയും നല്ലൊരു അംഗദനെ ഞാന്‍ കണ്ടിട്ടില്ല.സാറാ ടീച്ചര്‍ തന്റെ നോവലില്‍ അംഗദന്റെ മനോവ്യാപാരം വിവരിച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമാണ് ഈ അംഗദന്‍ . പുരാണങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് മറ്റൊരു കാഴ്ചപ്പാടിലൂടെ കഥാപാത്രങ്ങളെ കാണുന്ന രീതിയും ഇഷ്ടമാണ്.(രണ്ടാം ഊഴം ഉദാഹരണം) അഭിനന്ദനങ്ങള്‍.

Unknown said...

പുരാണ കഥകള്‍ വളരെ ഇഷ്ട്ടമാണ്. ചെറുപ്പത്തില്‍ ടി വിയില്‍ രാമായണവും മഹാഭാരതവും ഒക്കെ മുടങ്ങാതെ കാണുമായിരുന്നു.പുരാണ കഥകളില്‍ താങ്കള്‍ക്കുള്ള അറിവ് പ്രശംസനീയമാണ്.അഭിനന്ദനങള്‍...

Sandeep said...

അഞ്ജു നായര്‍,
താങ്കളുടെ 'പഞ്ചചാമര' എന്ന കഥ വായിച്ചു.
പഞ്ചചാമരത്തില് എന്ന കഥയില് പുതുമ ഉന്ടോ എന്ന ഒരു സംശയം ഉന്ട്.

ഇതിലെ 'രാമ' നിന്ദയും 'രാവണ' സ്തുതിയും അത്ര പുതുമ നിറഞതു എന്ന് കരുതുവാന്‍ പറ്റില്ല,

കാരണം ഇത് എകദേശം ഇരുനൂറ് കൊല്ലമായി തുടങ്ങി വരുന്ന ഒരു ഏര്‍പ്പാട് ആണ്.
ഒരു പക്ഷെ, മധുസൂദന് ദത്ത് (മൈക്കല്‍ മധുസൂദന് ദത്ത് ആയ ശേഷം) തുടങ്ങി വെച്ചത്.

പിന്നെ അറുപതുകളില് വെറെ ഒരു മലയാളി നാടകക്കാരന്‍ ഇതേ വിഷയം എടുത്ത് പേരും പെരുമയും നേടിയിട്ടുണ്ട്.

പിന്നെ അറുപതിയന്ചിനു ശേഷം , ഈ ഒരു പ്രവണതയില് ഒരു വ്യതിയാസം വന്നു 'രാമനെ' ഒറ്റപെടുത്താതെ കൃഷ്ണ്നേയും കൂടി ഇതില് ഉള്പ്പെടുത്തി.
ഒരു ഭാരതീയ മഹിളാ രത്നം (അമേരിക്കയില് നിന്നും) ഒരു 'കൃതി' രചിച്ചു; അതു ഒരു 'രണ്ടാമൂഴകാരന്‍' വീണ്ടും എടുത്ത് രചിച്ചു; രണ്ടിനും കിട്ടി പേരും പ്രശസ്തിയും.

പറഞു വന്നത് അവാര്‍ഡ് ആണ് മോഹമെങ്കില് ഈ ഒരു "ലൈന്" ഇല് തന്നെയാണ് പോകെണ്ടത്, അതല്ല എങ്കില് സൃഷ്ടിക്കളില് പുതുമ വരുതുവാന്‍ മാര്‍ഗ്ഗം ഞാന്‍ പറഞുതരാം.

- ഇതേ രീതിയില് (രാമന്‍ കള്ളന്‍, ശ്രീ കൃഷ്ണ്ന്‍ പെരുങ്കള്ളന്‍ എന്ന് രീതിയില്) , ഇതര മത ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്താല് മാത്രം മതി.
ഇതു കൊണ്ട് രണ്ട് ഗുണം ഉണ്ടാകും.
ഒന്ന്: ആത്മ നിഷ്ഠ ഉണ്ടോ എന്ന് സ്വയം ബോധ്യപെടുത്താം.
രണ്ട്: ഇപ്പൊഴത്തെ ആസ്വാദക വൃന്ദത്തിന്റെ അപ്പോഴത്തെ ആസ്വാദന ശൈലി മനസ്സിലാക്കുകയും ചെയ്യാം.

നന്ദി
സന്ദീപ്

t.a.sasi said...

കഥയിലെ ഭാഷ നല്ല ഒതുക്കമുണ്ട്.
ഇതുപോലുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് കഥയാക്കുന്നതെല്ലാം
അപൂർവ്വമാണിപ്പോൾ.അതിനാൽ
ഇനിയും ഈ കഥ വായിക്കും. നന്ദി.

jayanEvoor said...

നന്നായിട്ടുണ്ട് അഞ്ജൂ‍.
അഭിനന്ദനങ്ങൾ!

Geethakumari said...

കഥ ഇഷ്ടപ്പെട്ടു.നല്ല എഴുത്ത് എനിക്കിഷ്ടായി.
ആശംസകൾ