Monday, July 11, 2011
വൈ ടു കെ
ചാരുവിനൊപ്പം കോടതിയിലെ ടൈല്‍ പതിച്ച നിലത്തൂടെ നടക്കുമ്പോള്‍ പതിവില്ലാത്ത ഒരു അസ്വസ്തത ഹരിഹരിനെ ഗ്രസിച്ചു. കേസ് വിളിക്കുന്ന മുറിക്കപ്പുറം റോഡിലേക്ക് നോക്കി തിരിഞ്ഞു നില്‍ക്കുന്ന, ചുവന്ന ചായം തേച്ച പാറി പറക്കുന്ന മുടിയുടെ ഉടമ അനാമികയാണെന്ന് തിരിച്ചറിയാന്‍ ഹരിഹരിനു പെട്ടെന്ന് കഴിഞ്ഞു. യാഥാര്‍ത്യങ്ങള്‍ക്കു മുന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവന് മനസിലായി.
ചാരുവിനെ ഒന്ന് നോക്കിയ ശേഷം ഹരിഹര്‍ അനാമികയുടെ അടുത്തേക്ക് നടന്നു. കോടതി വരാന്തയിലെ തിരക്കുകള്‍ക്കിടയിലൂടെ ചാരു ഹരിഹരിനെ അനുഗമിച്ചു. അനാമികയുടെ അടുത്തെത്തിയപ്പോള്‍ ഹരിഹര്‍ അവള്‍ക്കെതിരെയുള്ള ചുവരില്‍ ചാരി നിന്നു. അവന്റെ പാദസ്പര്‍ശം തിരിച്ചറിഞ്ഞ പോലെ അനാമിക തല ചരിച്ചു അയാളെ നോക്കി. ഇതാണോ എന്ന അര്‍ത്ഥത്തില്‍ ചാരു കണ്ണുകള്‍ കൊണ്ട് ചോദിച്ച ചോദ്യത്തിനു ഹരിഹര്‍ ഉത്തരം നല്‍കിയില്ല. എങ്കിലും ഹരിഹരിന്റെ കണ്ണുകളിലെ വെപ്രാളം ചാരുവിനു ഉത്തരം നല്കുന്നുണ്ടായിരുന്നു.
അനാമികയുടെ മുഖത്തെ ചായം അവളുടെ കണ്തടങ്ങളിലെ കറുപ്പ് മായ്ക്കുന്നിലെന്നു അയാള്‍ക്ക് തോന്നി. സദാ കണ്ണാടി നോക്കുന്ന അവളുടെ ശീലത്തെ കുറച്ചു നേരത്തേക്കെങ്കിലും അവള്‍ക്കെങ്ങനെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് അതിശയം തോന്നി.
പരസ്പരം മിണ്ടാതെ നില്‍ക്കുന്ന അനാമികയുടെയും ഹരിഹരിന്റെയും മൌനത്തിന്റെ പുറന്തോടിനുള്ളില്‍ നിന്നു ചാരു ഇറങ്ങി കോടതി വരാന്തയിലൂടെ നടന്നു.
അമ്മയുടെ ഒക്കത്തിരുന്നു അച്ഛന്റെ നേര്‍ക്ക് കള്ള നോട്ടം എറിയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ചാരുവിന്റെ ഉള്ളില്‍ മുള്ള് കൊണ്ട വേദന തോന്നി. കോടതി മുറിയില്‍ കൂട്ടം കൂടി നിന്ന വക്കീലന്മാര്‍ കാക്കക്കൂട്ടത്തെ അനുസ്മരിപ്പിച്ചു. ചാരു വാതില്‍ക്കല്‍ നിന്നു കേസ് വാദം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എച്ചില്‍ പൊതിക്ക് വേണ്ടി അടികൂടുന്ന കാക്കകളുടെ പ്രശ്നങ്ങള്‍ക്ക് കാക്ക രാജാവ് തീര്‍പ്പ് കല്‍പ്പിക്കുന്നതായി അവള്‍ സങ്കല്‍പ്പിച്ചു. ഓര്‍ത്തപ്പോള്‍ ചാരുവിനു ചിരി വന്നു. സിന്ദൂര കുറിയിട്ട ഒരു വക്കീലിന്റെ സൂചിമുന പോലുള്ള കണ്ണുകള്‍ തന്നിലാണെന്നു മനസിലായപ്പോള്‍ ചാരു അവിടെ നിന്നു മാറി.
"റിയലി എമ്പാരസ്സിംഗ് "
എന്ന രണ്ട് വാക്കുകള്‍ അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞു.
കോടതി വരാന്തയിലെ വെറും നിലത്തു കാലന്‍ കുടയും പിടിച്ചിരുന്ന ഒരു അമ്മാവനെ ഒരു വക്കീല്‍ പെങ്കൊച്ചു നിര്‍ദാക്ഷണ്യം തട്ടി വിളിക്കുന്നത് കണ്ടപ്പോള്‍ ചാരുവിനു അസ്വസ്ഥത തോന്നി. ഒരു കുടുംബ ജീവിതം ഉണ്ടെങ്കില്‍ അത് ലിവിംഗ് ടുഗേതര്‍ മതി കല്യാണം ആവണ്ടാന്നു ചാരു അപ്പോള്‍ തീരുമാനമെടുത്തു.
ഹരിഹര്‍ ജെ
അനാമിക വിശ്വേശ്വര്‍
കോടതിയിലെ ബഹളങ്ങള്‍ക്കിടയില്‍ ആ വിളി കേട്ടപ്പോള്‍ ഹരിഹരും അനാമികയും ധൃതിയില്‍ അകത്തേക്ക് നടന്നു. പോയ വേഗത്തില്‍ തിരിച്ചിറങ്ങിയ ഹരിഹരിനെ ചാരു അമ്പരപ്പോടെ നോക്കി. ഇത്രയേ ഉള്ളു എന്ന മട്ടില്‍ അനാമിക വേഗത്തില്‍ നടന്നു പോകുന്നത് നോക്കി ചാരു വിങ്ങലോടെ നിന്നു.
എത്ര പെട്ടെന്നാണ് ബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നതെന്ന് അവള്‍ ഓര്‍ത്തു. കൈയില്‍ ഇരുന്ന താക്കോല്‍ കറക്കി നടന്ന ഹരിഹരിന്റെ പിന്നാലെ നടക്കുമ്പോള്‍ ചൂണ്ടുവിരലിന്റെ വിറയലിനോപ്പം അവന്റെ ഹൃദയവും വിറക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.
"നീ എവിടെക്കാ?"
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഹരിഹര്‍ ചോദിച്ചു.
"ഞാന്‍ രണ്ട് ദിവസം ലീവ് എടുത്തു നിന്നെ കാണാന്‍ വന്നതാ. അതോണ്ട് നിന്റെ ഫ്ലാറ്റിലേക്ക് വിട്ടോ.എനിക്ക് പോകാന്‍ വേറെ സ്ഥലമൊന്നുമില്ല"
ഹരിഹര്‍ ഉത്തരം പറയാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ചലിച്ചു തുടങ്ങിയ കാറില്‍ എ സിയുടെ കുളിര്‍മക്കും സി ഡി പ്ലെയറില്‍ നിന്നു ഒഴുകി വരുന്ന ഉപകരണ സംഗീതത്തിനുമൊപ്പം പരന്ന ഹരിഹരിന്റെ മൌനം ചാരുവിനു അരോചകമായി തോന്നി.
രണ്ട് വിദൂര നഗരങ്ങളില്‍ ഇരുന്നു ഓണ്‍ ലൈനിലൂടെ വഴക്കുണ്ടാക്കിയ കൂട്ട് കൂടിയ ഹരിഹരിനെ ആദ്യമായാണ് കാണുന്നതെന്ന് പോലും ചാരുവിനു വിശ്വസിക്കാനായില്ല.
പിന്നീടൊരിക്കല്‍ ചാറ്റ് ബോക്സിലെ അവന്റെ അക്ഷരങ്ങളില്‍ ആദ്യമായി നിരാശയുടെ നിറം കലര്‍ന്നപ്പോള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ക്കപ്പുറം ആണ് ഓരോ മനസും എന്ന അവളുടെ വിശ്വാസത്തിനു ആക്കം കൂടുകയായിരുന്നു.
ഉണക്കമീന്‍ വറക്കുന്നതിനിടയില്‍ കോടതിയില്‍ കൂടെ വരുന്നുണ്ടെന്നു ചാരു ഹരിഹരിനു എസ് എം എസ് അയച്ചത്. ഉണക്കമീന്‍ കരിഞ്ഞു പോയെങ്കിലും എസ് എം എസ് ഭംഗിയായി ഡെലിവേര്‍ഡ് ആയി.
ചാരു ഹരിഹരിനെ നോക്കി. അവന്റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ തന്നെ. അവള്‍ കൈ നീട്ടി സി ഡി പ്ലെയര്‍ ഓഫ് ചെയ്തു.
"നിങ്ങള്‍ തമ്മില്‍ പിരിയാന്‍ എന്താ കാരണം?"
ചാരുവിന്റെ ഒച്ച നേര്ത്തിരുന്നു.
"ഞാന്‍ ഒരു പഴഞ്ചന്‍ ആണെന്നാ അനാമികയുടെ അഭിപ്രായം. "
ഹരിഹരിന്റെ വാക്കുകള്‍ ഇടറിയിരുന്നു.
"അത് ഞാനും പറയുന്നു, നീ ഒരു പഴഞ്ചന്‍ ആണ്."
എന്താ എന്നര്‍ത്ഥത്തില്‍ നോക്കിയ ഹരിഹരിനോട് അവള്‍ പറഞ്ഞു.
"ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഒറ്റയ്ക്ക് ഒരു എ സി കാറില്‍ കിട്ടിയിട്ടും ഒരു ഉമ്മ പോലും വയ്ക്കാത്ത നീ പഴഞ്ചന്‍ ആണ്."
പറഞ്ഞു തീര്‍ന്നതും അവള്‍ പൊട്ടിച്ചിരിച്ചു. ഹരിഹര്‍ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഇത്ര ലാഘവത്തോടെ ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയെന്നു അയാള്‍ ഓര്‍ത്തു. ആ ലാഘവം ഫ്ലാറ്റിന്റെ പടികള്‍ ഓടി കേറുന്ന തിലും കാണാമായിരുന്നു.
ഫ്ലാറ്റിലെ അടുക്കും ചിട്ടയും നോക്കി ചാരു നടന്നു. അടുക്കളയില്‍ നിന്നു ഹരിഹര്‍ രണ്ട് ഗ്ലാസില്‍ ജ്യുസുമായി വന്നപ്പോള്‍ ചാരു ഒരു കസേരയില്‍ ഇരുന്നു മറ്റേതില്‍ കാല്‍ കയറ്റി വച്ചിരിക്കുകയായിരുന്നു. അവളുടെ കൈയിലെ പുസ്തകത്തില്‍ പരതുന്ന കൃഷ്ണമണികളിലേക്കും കാലിലെ ക്രിസ്റ്റല്‍ പാദസരത്തിന്റെ മുത്തുകളിലെക്കും അയാള്‍ നോക്കിയിരുന്നു.
ഞാന്‍ ഈ പുസ്തകം നോക്കുവായിരുന്നു, വായിക്കാനൊന്നുമല്ല പേര് കണ്ടപ്പോള്‍ ജെസ്റ്റ് ഒരു കുരിയോസിടി. ഹരിഹര്‍ അവളുടെ കൈയിലെ പുസ്തകം കൈ നീട്ടി വാങ്ങി. വൈ ടു കെ,
"എന്നെ ജീവിതത്തില്‍ ഏറെ പേടിപ്പിച്ച വാക്കാണ് ഇത്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്. ലോകം അവസാനിക്കും എന്ന് വരെ കഥകള്‍ കേട്ടിരുന്നു. എന്‍ജിനിയറിങ്ങനു ചേര്‍ന്നപ്പോള്‍ ആണ് മനസ്സിലായത് ഇതൊരു സോഫ്റ്റ് വെയര്‍ പ്രശ്നം മാത്രമാണെന്ന്. പക്ഷേ എന്നെ സംബന്ധിച്ച് വൈ ടു കെ ലൈഫിലെ ചില ചെയിന്ജസ് ആണ്. അച്ഛന്റെ മരണം സ്നേഹിച്ചു മറന്ന കൂട്ടുകാരന്‍ ഒക്കെ ഓരോ വൈ ടു കെ. ജീവിതത്തിലെ ഓരോ മോമെന്ടിലും വന്നു ചേരുന്ന അപ്രക്തീക്ഷിതമായ കുറെ വൈ ടു കെകള്‍."
ചാരുവിന്റെ വാക്കുകളുടെ താളം മാറുന്നത് ഹരിഹര്‍ അറിയുന്നുണ്ടായിരുന്നു.
വയലിനോ അത് ആരുടെയ? എന്ന ചോദ്യത്തിനൊപ്പം അവള്‍ എഴുനേറ്റു കഴിഞ്ഞിരുന്നു. അവള്‍ അതിനരികില്‍ എത്തുമ്പോള്‍ ബാക്ഗ്രൌണ്ട് ആയി ഹരിഹരിന്റെ ശബ്ദം പിന്തുടര്‍ന്നു.
"എന്‍റെ അച്ഛന് മ്യുസിക് വല്യ ഇഷ്ടായിരുന്നു. ഞാന്‍ എല്‍ സുബ്രമണ്യത്തെ പോലെ വല്യ വയലിനിസ്റ്റ് ആകുമെന്ന് അദേഹം ഇടയ്ക്കു പറയുമായിരുന്നു. "
ചാരു ഉറക്കെ ചിരിച്ചു.
"......'പോലെ', എന്നോ ഇതാണ് നിന്റെ കുഴപ്പം. ആരും ആരെ പോലെ ആകുന്നില്ല. എത്ര ശ്രമിച്ചാലും.നീ എത്ര നാള്‍ അനാമികയുടെ ഒപ്പം താമസിച്ചു? "
" ഏകദേശം ഒരു വര്‍ഷം പിരിഞ്ഞിട്ടു ഇപ്പോള്‍ ഒരു വര്‍ഷം"
മുന്നിലിരുന്ന ലാപ്ടോപ് തുറക്കുന്നതിനിടയില്‍ അവന്‍ അലസമായി മറുപടി പറഞ്ഞു.
"ഹോ.എനിക്കവളോട് സഹതാപം തോന്നുന്നു, നീ ഒരു ഒബ്സേസീവ് നെഗോഷിയെട്ടര്‍ ആണ്.തനി മാര്‍ക്കെറ്റിംഗ് വിദഗ്ദ്ധന്‍."
" ഒബ്സേസീവ് നെഗോഷിയെട്ടര്‍, എന്ന് വച്ചാല്‍ എന്താ?"
അവന്‍ തലയുയര്‍ത്തി അവളെ നോക്കി.
ആവോ എനിക്കറിയില്ല എന്ന മട്ടില്‍ അവള്‍ ചുമല്‍ കുലുക്കി.
ലാപിലെ കീകളില്‍ അവന്റെ കൈവിരലുകള്‍ അതിവേഗം ചലിച്ചു.
ഒബ്സേസീവ് നെഗോഷിയെട്ടര്‍ : ശല്യപ്പെടുത്തുന്ന മധ്യസ്ഥന്‍. നിന്റെ കണ്ടെത്തല്‍ കൊള്ളാം.
ചാരുവിന്റെ വാക്കുകള്‍ തന്നെ മുറിപ്പെടുതുന്നില്ല എന്ന തിരിച്ചറിവ് ഹരിഹരില്‍ അത്ഭുതം സൃഷ്ടിച്ചു. അനാമിക ആണ് ഇത് പറഞ്ഞതെങ്കില്‍ ശക്തമായ ഒരു വഴക്കിനു ഉണ്ടാകുമായിരുന്നു എന്നയാള്‍ ഓര്‍ത്തു. വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം എന്ന തത്വം ഹരിഹരിന്റെ ഉള്ളില്‍ വേരൂന്നി.
ലാപ്ടോപിലെ പ്രകാശം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
"നീ എന്താ പണി"
അവള്‍ ചോദിച്ചു.
"ഓ ഞാന്‍ വെറുതെ ഓണ്‍ലൈനില്‍"
ചാരു അവന്റെ പുറകില്‍ വന്നു ലാപ്പിലേക്ക് നോക്കി. ഹരിഹരിന്റെ കഴുത്തില്‍ ചുറ്റി പിടിച്ചു ചെവിയില്‍ കടിച്ചു പറഞ്ഞു
"നീ ഈ പെണ്ണിന്റെ ഗൂഗിള്‍ ബസില്‍ കിടന്നു കറങ്ങുന്നത് എനിക്കത്ര പിടിക്കനില്ലാട്ടോ.."
ഹരിഹരിന്റെ കണ്ണില്‍ അവിശ്വസനീയത താങ്ങി നിന്നു.
"എന്ത് പറ്റി നിനക്ക്, നീയും പഴഞ്ചന്‍ ആയോ?"
ചാരു ചിരിച്ചു. ഹരിഹരിന്റെ കവിളില്‍ കവിള്‍ ഉരസി അവള്‍ പറഞ്ഞു.
"അല്ല മറ്റൊരു വൈ ടു കെ"
Friday, November 5, 2010
വിനീത വിജയ് പറയുന്നു

നിര്‍ബന്ധത്തിനു വഴങ്ങി വിനീതയെ ആദ്യമായി കാണാന്‍ പോയ നിമിഷം വിജയിക്ക് ഓര്‍മ്മ വന്നു. കുഞ്ഞുങ്ങളുടെ പടം ഒട്ടിച്ച മുറിയിലെ മേശയില്‍ ചാരി നിന്ന വിനീതയ്ക്കും കുട്ടികളുടെ മുഖമാണെന്ന് അപ്പോള്‍ തോന്നിയിരുന്നു . 'കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണല്ലേ ' , എന്നു ചോദിച്ചപ്പോള്‍ നിഷ്‌കളങ്കതയോടെ തലയാട്ടിയ വിനീതയുടെ മുഖം വിജയുടെ മനസ്‌സില്‍ തെളിഞ്ഞു വന്നു. അതാണ് താന്‍ അവളോട് സംസാരിച്ച ആദ്യ വാക്യമെന്ന് ഓര്‍ത്തപ്പോള്‍ വിജയുടെ മനസ്‌സ് ആര്‍ദ്രമായി.
സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസംഗിക്കാന്‍ വാക്കുകള്‍ കാണാതെ പഠിക്കുന്ന കുട്ടിയെ പോലെ വിനീതയോട് സംസാരിക്കാന്‍ മനസ്‌സില്‍ വാക്കുകള്‍ പെറുക്കി കൂട്ടി. വീണ്ടും വീണ്ടും ആ വാക്കുകള്‍ ഉരുവിട്ട് ആശങ്കയോടെ വിജയ് വിനീതയുടെ അടുത്തിരുന്നു.
തന്റെ പേര് മനോഹരമായി കൊത്തിയ മോതിരമിട്ട അവളുടെ വിരലില്‍ അയാള്‍ തൊട്ടപ്പോള്‍ അവള്‍ അതു ശ്രദ്ധിക്കാതെ അനിമല്‍ പ്‌ളാനറ്റില്‍ ആഫ്രിക്കന്‍ ആന സിംഹത്തെ ഓടിക്കുന്ന ദൃശ്യം കൗതുകത്തോടെ നോക്കിയിരുന്നു. തന്റെ സ്പര്‍ശത്തിന്റെ അര്‍ത്ഥം പോലും വിനീതയ്ക്ക് ഇപ്പോള്‍ തിരിച്ചറിയാമെന്ന് വിജയ് ഭീതിയോടെ മനസ്‌സിലാക്കി.
നീണ്ട പുരുഷാരത്തെ അഭിമുഖീകരിക്കാന്‍ പാടുപെട്ട് വേദിയില്‍ നില്‍ക്കുന്ന കുട്ടിയുടെ പതര്‍ച്ച വിജയില്‍ പ്രകടമായി തുടങ്ങി. അയാളുടെ അസ്വസ്ഥത കണ്ട് സഹതാപം തോന്നിയിട്ടെന്ന വണ്ണം വിനീത ചോദിച്ചു'എന്താ പറയൂ'
ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഫെര്‍ട്ടിലൈസേഷന്‍ എന്ന വാക്ക് വിജയുടെ നാവില്‍ നിന്ന് വീണത് നിസ്‌സംഗതയോടെയാണ് വിനീത കേട്ടത്. ......
'വിനീതാ വിജയ്, 27 വയസ്‌സ്'
കുപ്പായമിട്ട അറ്റന്‍ഡറുടെ ഒച്ച കേട്ടപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായ കുട്ടിയെ പോലെ വിജയ് വിനീതയുടെ വിരലുകളില്‍ മുറുക്കെ പിടിച്ചു. അപ്പോള്‍ അവളുടെ വിരലില്‍ കിടന്ന തന്റെ പേരെഴുതിയ മോതിരം അസ്വസ്ഥതയോടെ ഞെരുങ്ങുന്നതായി അയാള്‍ക്ക് തോന്നി.
കുഞ്ഞുണ്ടാവാന്‍ വേണ്ട ക്രോമോസോം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കേണ്ടി വരുമെന്ന കാര്യം വിജയുടെ ശേഷിക്കുറവിനെ ചൂണ്ടിക്കാട്ടി നയതന്ത്രജ്ഞതയോടെ ഡോക്ടര്‍ അവതരിപ്പിച്ചപ്പോള്‍ തന്റെ പാതിവ്രത്യത്തിന് മുറിവേറ്റതു പോലെ വിനീതയ്ക്കു തോന്നി. അവളുടെ കണ്ണുകളിലെ ഭാവമെന്താണെന്ന് വിജയ്ക്ക് അപ്പോഴും മനസ്‌സിലായില്ല.
'വിജയ്, നമ്മുടെ വാവ വിജയെ പോലെ ഇരിക്കണം. ഈ കണ്ണുകള്‍, മൂക്ക്, എന്തിന് സ്വഭാവം പോലും ഇതു പോലെ വേണം.'
അത് വരെയാര്‍ജ്ജിച്ചു വച്ച ശക്തി ഒഴുകി പോകുന്ന പോലെ വിജയ്ക്ക് തോന്നി.വിനീത ഡോക്ടറുടെ മുഖത്ത് ദൃഢമായി നോക്കി പറഞ്ഞു.
'ഡോക്ടര്‍, എന്റെ ഗര്‍ഭപാത്രം എടുത്തു കളയണം. എനിക്കത് ആവശ്യമില്ല.'
വിനീതയുടെ മുഖം ശാന്തമായിരുന്നു.
'അതെ, ഇനി വിനീതാ വിജയ് പറയട്ടെ........
Tuesday, October 5, 2010
ദശാസന്ധി

'108' ആബുലന്‍സിന്റെ ഭയാനക ശബ്ദം ചെവിയില്‍ നിറഞ്ഞു നില്ക്കുന്നതു പോലെ ശാലുവിന് തോന്നി. വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞ ആ ആബുലന്‍സിന്റെ ഉള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് താനാണെന്നതിരിച്ചറിവില്‍ ശാലുവിന്റെ ശരീരം ഒന്നു വിറച്ചു. ആ വിറയലില്‍ അവളുടെ കണ്ണുകള്‍ തുറന്നു. ഞെട്ടിയുണര്‍ന്ന ശാലു ലൈറ്റ് തെളിയിച്ചു.
കിടയ്ക്കക്കരികിലിരുന്ന വലിയ കണ്ണാടിയില്‍ കാണുന്ന രൂപം തന്റേതല്ലെന്നവള്‍ക്ക് തോന്നി. കറുത്തചുരിദാറും തോള്‍ വരെ മുറിച്ചിട്ട മുടിയും ഷേപ്പ് ചെയ്ത പുരികങ്ങളും ഫെയര്‍നെസ് ക്രീമിന്റെഉപയോഗത്തില്‍ മിനുസപ്പെട്ട മുഖവും ശാലുവില്‍ അപരിചിതത്വം സൃഷ്ടിച്ചു. നിറയെ ഞൊറിയിട്ടുടുക്കുന്നകസവുപുടവയും മുടിക്കെട്ടില്‍ കനകാംബര മാലയും ഇല്ലാത്ത തന്റെ രൂപം സങ്കല്‍പ്പിക്കാനേഅവള്‍ക്ക് അപ്പോള്‍ കഴിയുമായിരുന്നില്ല.
രാവിലെ ഡൈനിംഗ് ടേബിളില്‍ പ്രാതലിനു വന്നിരുന്ന അനിലിന്റെയും ദീപുവിന്റെയും കണ്ണുകള്‍അതിശയത്തില്‍ വിടര്‍ന്നു. ആവി പറക്കുന്ന കഞ്ഞിയും പയറുതോരനും കാന്താരിമുളക് ചമ്മന്തിയുംചുട്ടപപ്പടവും.
'അച്ഛാ, സത്യത്തില്‍ ഈ അമ്മയ്ക്ക് എന്താ പറ്റിയേ?'
ദീപുവിന്റെ വാക്കുകളില്‍ കുസൃതി തുളുമ്പി. അനില്‍ കൗതുകത്തോടെ ശാലുവിനെ നോക്കി. ഇത്തിരിയുള്ളമുടിയില്‍ മുല്ലപ്പൂവ് തിരുകി പുളിയിലക്കര പുടവ ചുറ്റി ചന്ദനക്കുറിയണിഞ്ഞ് മുന്നില്‍ നില്ക്കുന്ന ഭാര്യയില്‍വന്ന മാറ്റം അനിലിനു വിശ്വസിക്കാനായില്ല.
രാത്രി ഉറങ്ങാതെ അസ്വസ്ഥയായി കിടക്കുന്ന ശാലുവിനോട് അനില്‍ ചോദിച്ചു.
'എന്താ നിനക്കു പറ്റിയേ? ഹോസ്പിറ്റലില്‍ പോകണോ?'
പെട്ടെന്നവള്‍ക്ക് 108 ആബുലന്‍സ് ഓര്‍മ വന്നു. രക്തത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവള്‍ക്ക്അനുഭവപ്പെട്ടു. വയറിലെ ആഴമുള്ള മുറിവില്‍ ഇപ്പോഴും സ്വര്‍ണ്ണപിടിയുള്ള തിളങ്ങുന്ന വാള്‍വിശ്രമിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.
'നിനക്കെന്താ പറ്റിയേ?'
ഇടറുന്ന ശബ്ദത്തില്‍ അനില്‍ ചോദിച്ചു.
ആ ശബ്ദത്തിനും തനിക്കുമിടയില്‍ കാലങ്ങളുടെ ദൂരമുണ്ടെന്ന് ശാലുവിന് തോന്നി.പിറ്റേന്ന് കണ്ണാടിയുടെമുന്നില്‍ നിന്ന് ശാലു വാലിട്ട് കണ്ണെഴുതുന്നത് ദീപുവാണ് അനിലിനു കാട്ടിക്കൊടുത്തത്. ദീപുതമാശയോടെ ആ രംഗം നോക്കി നിന്നപ്പോള്‍ അനിലിന്റെ നെഞ്ചില്‍ വേദനയുടെ മുള പൊട്ടി. 'എന്തര്‌ടേ നോക്കണത്?'
ശാലു തിരിഞ്ഞു നോക്കി ചോദിച്ചു. ദീപു അതു കേട്ട് പൊട്ടിച്ചിരിച്ചു.
'നിന്റെ സംസാരത്തിനെന്താ ഒരു തിരുവനന്തപുരം ചുവ.'
അനിലിന്റെ സ്വരം അവനരിയാതെ കടുത്തു.
'അതേയ്, ഞാന്‍ ശുദ്ധ തിരുവനന്തപുരത്തുകാരിയാ. ദ് റോയല്‍ ട്രാവന്‍കൂര്‍!'
അനില്‍ വേദനയോടെ ശാലുവിന്റെ ചുമലില്‍ തൊട്ടു പറഞ്ഞു.
'നിന്റെ ഇപ്പോഴത്തെ പെരുമാറ്റം കണ്ട് പേടിയാകുന്നു. നമുക്കൊരു സൈക്യാട്രിസ്റ്റിനെ കണ്ടാലോ?'
ശാലു വിടര്‍ന്ന കണ്ണുകളോടെ അനിലിന്റെ മുഖത്തേക്കുറ്റു നോക്കിയിരുന്നു. ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ്മുറിയിലെ ഗണപതിയുടെ ചിത്രങ്ങളെ നോക്കി ശാലു ഇരുന്നു. അനില്‍ അപ്പോള്‍ ശാലുവിന്റെമാറ്റത്തെക്കുറിച്ച് ഡോക്ടറോട് വാചാലനാകുകയായിരുന്നു. ഇതൊന്നും തന്നെപ്പറ്റിയല്ല എന്ന മട്ടില്‍അവള്‍ മേശപ്പുറത്തിരുന്ന സ്ഫടികരൂപത്തിലുള്ള കുഞ്ഞുഗണപതിയെ കൈയിലെടുത്തു താലോലിച്ചുകൊണ്ടിരുന്നു.
അനിലിനെ പുറത്തിറക്കി ശാലുവിനോട് വാത്സല്യത്തോടെ ചോദിച്ചു.
'എന്താ ശാലുവിന്റെ പ്രശ്്‌നം?'
വിടര്‍ന്ന ചിരിയോടെ പതറാതെ ശാലു പറഞ്ഞു.
'എന്താ ഡോക്ടര്‍ ഞാന്‍ പറയുക? എനിക്കു എന്നെ കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞാല്‍ഡോക്ടര്‍ വിശ്വസിക്കുമോ? ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്നോട് ആരോ വന്നു സംസാരിക്കുന്നതുപോലെ തോന്നുന്നുവെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിചാരിക്കും, ഓഡിറ്ററി ഹാലൂസിനേഷന്‍, സ്‌കിസോഫ്രീനിയയുടെ ലക്ഷണം; ഡോക്ടര്‍ അപ്പോള്‍ എനിക്ക് ആന്റി സൈക്കോട്ടിക്‌സ് കുറിക്കും. ഇനിയിപ്പോള്‍ ഞാന്‍ എന്റെ മൂഡ് പെട്ടെന്ന് മാറുന്നുവെന്ന് പറഞ്ഞാല്‍ , മൂഡ് സ്‌റ്റെബിലൈസര്‍ കുറിച്ച് അസുഖത്തെ ബൈപോളാര്‍ എന്നു വിളിക്കും. ഡോക്ടര്‍ ഞാനും കുറേകാലം മനശ്ശാസ്ത്രം പഠിച്ചതാണ്. ഇപ്പോഴും അഞ്ച് ലക്ഷണങ്ങള്‍ കേട്ടാല്‍ കൃത്യമായി രോഗം നിര്‍ണ്ണയിക്കാന്‍ എനിക്ക് കഴിയുമെന്ന്അഭിമാനത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും ഞാന്‍ പറയട്ടെ.
എനിക്കതൊന്നുമല്ല പ്രശ്‌നം, കുറെനാളുകളായി എന്റെ മനസ്‌സിനെ അതോ തലച്ചോറിനോ അവള്‍കീഴടക്കിയിരിക്കുന്നു. എന്റെ ഭര്‍ത്താവിനെക്കാള്‍, മകനെക്കാള്‍ എന്റെ മനസ്‌സിനെ ഇപ്പോള്‍ അവള്‍സ്വാധീനിച്ചിരിക്കുന്നു.'
''ആര്?'
ഡോക്ടറുടെ വാക്കുകളില്‍ ജിജ്ഞാസ കലര്‍ന്നിരുന്നു.
'അവള്‍ സുഭദ്ര, ഡോക്ടര്‍ക്ക് അറിയില്ലേ? തിരുവിതാംകൂറിനെ തന്റെ ബുദ്ധി കൊണ്ട് രക്ഷിച്ച്, ഒടുവില്‍അതിനു വേണ്ടി അമ്മാവന്റെ വാള്‍ത്തുമ്പില്‍ ജീവന്‍ നഷ്ടപ്പെട്ട സ്ത്രീ. തിരുവിതാംകൂറിലെ പുഴയ്ക്കും മഴയ്ക്കുംഎന്തിന് യക്ഷിക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണെന്ന് ഡോക്ടര്‍ കേട്ടിട്ടില്ലേ?
അവളെക്കുറിച്ച്എഴുതാന്‍ കുറെ നാളായി ശ്രമിക്കുന്നു. പക്ഷേ, എനിക്കു പിടി തരാതെ എന്നെ മോഹിപ്പിച്ചു കൊണ്ട്അവളുടെ വിഷമങ്ങള്‍ സന്തോഷങ്ങള്‍ ചലനങ്ങള്‍ ഭാവങ്ങള്‍ ഒക്കെ ഒളിച്ചു കളിക്കുന്നു.
ഒരു ദശാസന്ധി, റൈറ്റേഴ്‌സ് ബേ്‌ളാക്ക് എന്നു പറയാം. അവളെ അറിയാന്‍ വേണ്ടി, അവളുടെഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാന്‍ വേണ്ടി ഞാന്‍ പലപ്പോഴും അവളാകാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴുണ്ടാകുന്ന ഒരു അസ്വസ്ഥത അത്രയേയുള്ളൂ. റൊഷാര്‍ക്കോ ടി എ ടിയോ ഏതു ടെസ്റ്റ്വേണമെങ്കിലും ചെയ്‌തോളൂ, ഇതിലപ്പുറം ഒരുത്തരം നല്കാന്‍ എനിക്കാവില്ല ഡോക്ടര്‍.'
ആത്മവിശ്വാസത്തോടെ തന്റെ മുന്നിലിരിക്കുന്ന ശാലുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ഡോക്ടര്‍ അനിലിനെ അകത്തേക്ക് വിളിപ്പിച്ചു.
ഷി ഈസ് പെര്‍ഫെക്ട്‌ലി ഓള്‍റൈറ്റ് എന്ന ഡോക്ടറുടെ വാക്കുകളെ സംശയത്തോടെയാണ് അനില്‍സ്വീകരിച്ചത്.പുറത്തിറങ്ങിയപ്പോള്‍ അനിലിന്റെ വിരലുകളില്‍ മുറുക്കെ പിടിച്ച് ശാലു ചോദിച്ചു.
'എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നോ?'
അനില്‍ പതര്‍ച്ചയോടെ അവളെ നോക്കി. ശാലു വല്ലാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.
'എല്ലാ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സംശയങ്ങളുമൊക്കെ തീരും. അവള്‍ വരട്ടെ, അവള്‍ വരും; ഉടന്‍ തന്നെ വരും.....'
ആര്? എന്ന ചോദ്യം അനിലിന്റെ മുഖത്ത് തെളിയുന്നത് ശാലു കണ്ടില്ലെന്ന് നടിച്ചു.
Sunday, September 12, 2010
പാവക്കുട്ടി

അപ്പോള്‍ മീനുവിന്റെ നാല് വര്ഷം മാത്രം പ്രായമുള്ള തലച്ചോറ് പാവക്കുട്ടിക്ക് ഒരു പേര് തിരയുകയായിരുന്നു . മീനുവിനെ കണ്ടതും സ്വതവേ കറുത്ത അച്ഛന്റെ മുഖം ഒന്നുകുടി കറക്കുന്നത് മീനു കണ്ടു . അച്ഛന്റെ അടുത്ത് പോകാതിരികാനാവണം അമ്മ മീനുവിന്റെ കൈയില്‍ മുറുകെ പിടിച്ചു. അമ്മയുടെ കൈ തട്ടിമാറ്റി മീനു വീണ്ടും പവകുട്ടിക്കു പറ്റിയ ഒരു പേര് ആലോചിച്ചുകൊണ്ടിരുന്നു .
കറുത്ത ഉടുപ്പിട്ട ആന്റി ചോദിച്ചു
"മോള്‍ക്ക് ആരുടെകുടെ പോകനാനിഷ്ടം?
അച്ഛന്റെ കുടെയോ അമ്മയുടെ കുടെയോ ?"
"എനിക്ക് മായച്ചേച്ചിയുടെ വീട്ടില്‍ പോയാല്‍ മതി "
മീനു പറഞ്ഞു .,
"വീട്ടില്‍ ജോലിക്ക് നില്‍കുന്ന കുട്ടിയാ "
കല്യാണത്തിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടത്തെ അമ്മ വായില്‍ വച്ചു തന്ന ആഹാരത്തിനും അതേ രുചിയായിരുന്നു .
നിലാവുള്ള ഒരു രാത്രി മീനു ആകാശം നോക്കിയിരികുമ്പോഴാണ് അവളുടെ പാവക്കുട്ടിക്ക് ഒരു പേര് കിട്ടിയത് "ഇന്ദുലേഖ ".
പിന്നീട് ഒരിക്കലും ഒരു പേര് കണ്ടെത്താന്‍ അവള്‍ ബുദ്ധിമുട്ടിയിട്ടില്ല. അയല്‍ വീട്ടിലെ കുട്ടിക്ക് " ഋഷികേശ് " എന്നും തന്റെ മൊബൈല്‍ ഫോണിന് " ഋതു " എന്നും കമ്പ്യൂട്ടറിന് " വൈദേഹി " എന്നും പേരിട്ടത് അവളായിരുന്നു . എന്നാലും അവള്‍ക്ക് ഏറെ ഇഷ്ടം തന്റെ ഇന്ദുലേഖയോട് ആയിരുന്നു . അവള്‍ക്ക് ജീവനുണ്ടയിരുന്നെങ്കില്‍ എന്ന് അവള്‍ ഒരുപാട് ആശിച്ചിരുന്നു . .
മഴ പെയുന്ന ഒരു ദിവസം കോടതി വരാന്തയില്‍ നിന്നപ്പോള്‍ അവളുടെ തോളില്‍ മയങ്ങി കിടക്കുന്ന പാവക്കുട്ടിക്ക് ജീവനില്ലായിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചുപോയി .
Saturday, June 12, 2010
കഥയിലായ്മ

Monday, April 19, 2010
തരൂരും പാപ്പിയും പിന്നെ സനിലേട്ടനും.........

ശശി തരൂര്‍ രാജി വച്ചതിന്റെ പിറ്റേ ദിവസം, സ്വതവേ ബഹളമയമായ ഞങ്ങളുടെ ഓഫീസ്റൂം അന്ന് ശാന്തമായിരുന്നു. അത് തരൂര്‍ രാജി വച്ചതിന്റെ വിഷമം കൊണ്ടല്ല, അവിടെ സ്ഥിരം ബഹളം വയ്ക്കുന്ന എനിക്ക് അന്ന് വയ്യാതിരുന്നത് കൊണ്ടാണ്. എന്റെ സഹപ്രവര്‍ത്തകരില്‍ പാപ്പി എന്ന് അറിയപ്പെടുന്ന പ്രവീണിന് ശശി തരൂരിനോട് കടുത്ത ആരാധനയാണ്. അത് കൊണ്ട് തന്നെ തരൂര്‍ പോകുന്നതിന്റെ വിഷമം അവന്റെ മുഖത്ത്കാണാമായിരുന്നു. രാജകീയമായി വിളിച്ചു വരുത്തിയിട്ട് അപമാനിച്ചു വിട്ടു എന്നൊക്കെപറഞ്ഞു ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ (പ്രകോപിപ്പിക്കാന്‍) ശ്രമിച്ചു. അങ്ങനെ ഇരിക്കെ ഞങ്ങളുടെ എല്ലാം സഹോദരനും വഴികാട്ടിയുമായ സനിലേട്ടന്‍ എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന സനില്‍ ഷാ കടന്നു വന്നു. ശശി തരൂരിനെ പറഞ്ഞു വിട്ടപ്പോള്‍ നിങ്ങള്‍ക്കൊക്കെ തൃപ്തിയായല്ലോ എന്ന് സനിലേട്ടന്‍ വന്നപാടെ ചോദിച്ചു. സനിലേട്ടാ, തരൂര്‍ പോയതില്‍ പ്രവീണ്‍ വലിയ വിഷമത്തിലാ; ഞാന്‍ തമാശ രൂപേണ പറഞ്ഞു. ആ വാക്കുകള്‍ ഒരു വെടിക്കെട്ടിന് തിരി കൊളുത്തുകയാണെന്നു ഞാന്‍ അറിഞ്ഞില്ല. സനിലേട്ടന്‍ തരൂരിനെഎതിര്‍ത്ത് എന്തൊക്കെയോ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ ശ്രദ്ധിച്ചില്ല. പാപ്പി ഏറ്റു പിടിച്ചു, പിന്നെ ഞങ്ങള്‍ക്ക് അതൊരു കാഴ്ചയായിരുന്നു.
"സനിലേട്ടാ, ശശിജിക്ക് ക്രിക്കറ്റിനോട് ഭയങ്കര ക്രൈസാണ് അപ്പോള്‍ കേരളത്തിന് സ്വന്തമായി ഒരു ടീം വേണമെന്ന്ആഗ്രഹം തോന്നി അത് തെറ്റാണോ? " പാപ്പിയുടെ നിര്‍ദോഷമായ സംശയം ഇതായിരുന്നു.
"അതിനു സുനന്ദയുടെ പേരില്‍ എഴുപതു കോടിയുടെ ഷെയര്‍ എന്തിനാ? " സനിലേട്ടന്റെ ചോദ്യത്തില്‍ പക്ഷെപാപ്പി പതറിയില്ല.
" അത് സനിലേട്ടാ, നമ്മുടെ അമ്പലത്തില്‍ ഒരു ആനയെ വാങ്ങുന്നു അല്ലെങ്കില്‍ അന്നദാനം നടത്തുന്നു അപ്പോള്‍നമ്മള്‍ ഒരു പങ്കു അച്ഛന്റെ പേരില്‍ കൊടുക്കുന്നു. അത് പോലെ അല്ലെ ഇതും, അദ്ദേഹം കാമുകിയുടെ പേരില്‍ഷെയര്‍ ഇട്ടു അത്രയേയുള്ളൂ ." പാപ്പി ആവേശത്തോടെ പറഞ്ഞു നിര്‍ത്തി.
കാമുകി അല്ല സുഹൃത്ത്, ഇടയ്ക്കു ഞാന്‍ ഓര്‍മിപ്പിക്കാന്‍ മറന്നില്ല.
" എനിക്കും നിനക്കുമൊക്കെ നിക്ഷേപിക്കാന്‍ അവകാശമുണ്ട് പക്ഷെ മന്‍മോഹന്‍ സിങ്ങിനും ശശിതരൂരിനുമൊന്നും അവകാശമില്ല. അവരൊക്കെ ജന പ്രതിനിധികളാണ്. അവര്‍ അതൊക്കെ ചെയ്യുമ്പോള്‍ അഴിമതി, കുംഭകോണം എന്നൊക്കെ പേരിടാം. " സനിലേട്ടന്‍ പറഞ്ഞു.
തര്‍ക്കം മുറുകി തുടങ്ങി (വിശധീകരിക്കുന്നില്ല, എനിക്ക് ഇനിയും ഓഫീസില്‍ പോകണം എന്നുണ്ട് ). ഞാന്‍നോക്കിയപ്പോള്‍ എന്റെ സുഹൃത്ത് മൃദുല കസേരയില്‍ ചാരി കിടന്നു ചിരിക്കുന്നു. സ്വതവേ ചിരിക്കാന്‍ബുദ്ധിമുട്ടുള്ള അനുരാജിന്റെ മുഖത്തും ചിരി പടരുന്നു.
" യു എന്നില്‍ ആയിരുന്നപ്പോള്‍ ശശിജി എന്തൊക്കെ ചെയ്തു, അദ്ദേഹം ഇല്ലായിരുന്നെങ്ങില്‍ സോമാലിയക്ക് എന്ത്സംഭവിക്കുമായിരുന്നു.......??" പാപ്പിയുടെ ആവേശത്തിന് യാതൊരു കുറവുമില്ലായിരുന്നു.
"സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ ഇരിക്കുന്നു, പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത്എനിക്കത് ഇഷ്ടമല്ല........." എന്റെ ആത്മഗതം അല്പം ഉച്ചത്തില്‍ ആയി പോയോ, എനിക്കറിയില്ല......
Tuesday, February 23, 2010
ഹൈമവതി

കാര്യവട്ടം ക്യാമ്പസിലെ കുളത്തില്‍ മുങ്ങി മരിച്ച ഹൈമവതിയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഹൈമവതി കുളം ഒന്ന് കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയത്. നമുക്കൊരിക്കല്‍ അവിടെ പോകണം എന്ന് ഓഫീസിലിരുന്നു ഞാന്‍ സ്ഥിരമായി പറഞ്ഞു തുടങ്ങി. ഈ നിമിഷം വരെ ആരും എന്റെ പ്രലോഭനത്തില്‍ അടിമപ്പെടാത്തത് കൊണ്ട് എനിക്ക് ആ കുളം കാണാന്‍ സാധിച്ചില്ല. അങ്ങനെ ഇരിക്കെയാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത് . എന്റെ ഒരു സഹപ്രവര്‍ത്തകന്‍ രാത്രി കൃത്യം പന്ത്രണ്ടു മണിക്ക് ജോലി കഴിഞ്ഞു വാസസ്ഥലത്തേക്ക് യാത്രയാകും. ഹൈമവതി കുളം സ്ഥിതി ചെയ്യുന്ന കാടിനരികിലൂടെയാണ് സഹൃദയനായ എന്റെ സുഹൃത്ത് ടോം എന്നും പോകുന്നത്. ഹൈമാവതിയുമായി ടോം പ്രണയത്തിലാണെന്നും അവളെ കാണാന്‍ വേണ്ടിയാണ് കൃത്യ സമയത്ത് ഇറങ്ങുന്നതെന്നും ഞാന്‍ പ്രചരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരായത് കൊണ്ടാവാം മറ്റുള്ളവരും ഇത് ഏറ്റു പിടിച്ചു. പറ്റിയാല്‍ ഹൈമവതിയുമായി ഒരു ഇന്റര്‍വ്യൂ സംഘടിപ്പിക്കണമെന്നു ഞങ്ങള്‍ ടോമിനോട് പറഞ്ഞു. ഹൈമവതിയെ കുറിച്ച് ഞാന്‍ നിത്യവും പറയുന്നത് കേട്ട് എന്റെ സഹപ്രവര്‍ത്തക മൃദുല ഒരിക്കല്‍ പറഞ്ഞു, നീ ഹൈമവതിയെ കുറിച്ച് പറയുമ്പോള്‍ ഒരു തരം വൈബ്രേഷനനുഭവപ്പെടും.....അവളോട് തോന്നിയ സിമ്പതി നിനക്ക് എമ്പതിയായി മാറി ഒരു തരം തന്മയിഭാവം....(ഇതൊരു സിനിമ ഡയലോഗ് ആയി തോന്നാം , സംശയിക്കണ്ട ഇതൊരു സിനിമ ഡയലോഗ് തന്നെ ആണ്). നൈറ്റ് ഡ്യൂട്ടികഴിഞ്ഞ ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ മൃദുല വളരെ സീരിയസ് ആയി എന്നോട് ചോദിച്ചു അല്ലെടാ ശരിക്കും ഈ ഹൈമവതി വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും.....

