Thursday, December 2, 2010

കൃഷ്ണേന്ദു ഇങ്ങനെയാണ്......


ഞാനിപ്പോള്‍ ഇങ്ങനെ ഒരു കത്തെഴുതാന്‍ എന്താ കാരണമെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഒരു പക്ഷേ ഞാനിപ്പോള്‍ അനുഭവിക്കുന്ന മാനസികവ്യഥ നിങ്ങള്‍ക്ക് തമാശയായി തോന്നുന്നത് കൊണ്ടാവാം അത്. എനിക്ക് വട്ടാണെന്ന് ഓര്‍ത്ത് നിങ്ങള്‍ ചിരിക്കുകയാണോ? അല്ല.....


കൃഷ്‌ണേന്ദു ഇങ്ങനെയാണ്.


ഈ ഒരു അവസരത്തില്‍ കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം എഴുതേണ്ടതാണ്. പക്ഷേ ജന്മനാല്‍ കിട്ടിയ മടി എന്നെ അതില്‍ നിന്ന് വിലക്കുകയാണ്. എന്നെ മാത്രം സ്വപ്നം കണ്ടുറങ്ങുന്ന ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ തനിസ്വരൂപമായ മൂത്തമകളെയും എന്റെ വാശിയും ദേഷ്യവും അപ്പാടെ പകര്‍ത്തിവച്ച ഇളയമകനെയും ബുദ്ധിമുട്ടിക്കാതെ അവര്‍ക്കരികിലിരുന്ന് ഒരു മെഴുകുതിരിയുടെ പ്രകാശത്തിലാണ് ഞാനിത് എഴുതുന്നത്.


എങ്ങനെ തുടങ്ങണമെന്നറിയാതെ കുറേ നേരം ഉരുകിയൊലിക്കുന്ന മെഴുകില്‍ തൊട്ട് കളിച്ചുകൊണ്ടിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും എന്നാണ് സംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ എന്ന പ്രയോഗത്തിന്റെ തീവ്രത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ക്ക്...എന്നു മാത്രമാക്കാന്നു കരുതി.

അതില്‍ എല്ലാരും പെടുമല്ലോ?എനിക്കപ്പോള്‍ സമയമാം രഥത്തില്‍... എന്ന പാട്ട് കേള്‍ക്കണമെന്ന് തോന്നിയെങ്കിലും ഉറങ്ങിക്കിടക്കുന്ന എന്റെ മൂന്നു വാവകളെ ഓര്‍ത്ത് ഞാന്‍ ആ മോഹം വേണ്ടാന്നു വച്ചു.


ഇടയ്‌ക്കെപ്പോഴോ ഉറക്കത്തില്‍ കിടക്കയില്‍ എന്നെ പരതിയ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയില്‍ ഞാന്‍ തലയിണ വച്ചപ്പോള്‍ എന്തു കൊണ്ടോ എന്റെ മനസ് ആര്‍ദ്രമായില്ല. മോനുണര്‍ന്നു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ കൈകള്‍ നൈറ്റിയുടെ ഹുക്ക് അഴിച്ചെങ്കിലും പെട്ടെന്ന് ബോധോദയം വന്നതു പോലെ ഞാന്‍ പാല്‍ക്കുപ്പിയെടുത്ത് ആ ഇളം ചുണ്ടുകള്‍ക്കിടയില്‍ തിരുകിവച്ചു. ചൂടും രുചിയും നഷ്ടപ്പെട്ടത് ഉറക്കത്തിലായത് കൊണ്ടാവാം അവന്‍ അറിഞ്ഞില്ല.


നിങ്ങള്‍ക്കിപ്പോള്‍ അതിശയം തോന്നുന്നില്ലേ കൃഷ്‌ണേന്ദു എന്തേ ഇങ്ങനെയാവാനെന്ന്?


സമയം കടന്നു പോകുന്നു. എന്തൊക്കെയോ പറയാനുണ്ട്. പണ്ടേ എനിക്കു വലിച്ചു നീട്ടി എഴുതുന്നത് ഇഷ്ടമല്ല. ആറ്റിക്കുറുക്കി എഴുതി റാങ്ക് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അലമാരക്കുള്ളില്‍ ഭദ്ര്മായി ഇരിപ്പുണ്ടാവുമെന്ന് ഞാനോര്‍ത്തു. ഡിഗ്രിക്‌ളാസില്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാങ്ങിയ മാര്‍ക്ക് ഇതു വരെ ആരും തിരുത്തിയിട്ടില്ലെന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്.


എങ്കിലും ഞാനൊന്നുമായില്ല, എനിക്കു പിമ്പേ കടന്നു വന്നവര്‍ക്കു വഴിമാറി ഞാന്‍ ഓരത്ത് കിട്ടാത്തതെന്തിനോ വേണ്ടി കാത്തിരുന്നു.


കിട്ടാത്തതൊന്നും നമുക്കുള്ളതല്ലെന്ന് ഭഗവത് ഗീത വായിച്ച് മനപ്പാഠമാക്കിയെങ്കിലും പലപ്പോഴും ആ വാക്കുകള്‍ക്ക് മുന്നില്‍ മനസ് പിണങ്ങി നിന്നു. ചുമരില്‍ തറച്ചിരുന്ന ഗീതോപദേശ രൂപത്തില്‍ ചമ്മട്ടിയും പിടിച്ചിരുന്ന കൃഷ്ണന്‍ ഇടയ്ക്ക് കണ്ണുരുട്ടി കാണിച്ചതൊക്കെ കണ്ടില്ലെന്ന് നടിച്ചു.


ഗ്രാനൈറ്റ് പതിച്ച വെറും നിലത്ത് കറങ്ങുന്ന ഫാനിനെ നോക്കി കിടന്നപ്പോള്‍ കടന്നു വന്ന വഴിത്താരകളുടെ അവ്യക്തമായ രേഖാചിത്രം മനസിലൂടെ കടന്നു പോയി. സ്‌കൂള്‍, കോളേജ്, സുഹൃത്തുക്കള്‍, നാട് ഒക്കെ ഒന്നുകൂടി കാണണമെന്ന് തോന്നിയപ്പോള്‍ അവയുടെയൊന്നും പടം എടുത്തു സൂക്ഷിക്കാത്തതില്‍ ആദ്യമായി ഇച്ഛാഭംഗം തോന്നി.


ചുമര്‍കേ്‌ളാക്കിലെ കിളി നാല് പ്രാവശ്യം ചിലച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തിയോടെ ചാടിയെഴുന്നേറ്റു. കൈയില്‍ കിട്ടിയ ഗുളികകള്‍ എണ്ണം പോലും നോക്കാതെ വാരി വിഴുങ്ങി വെള്ളം കുടിച്ചിട്ട് ഈ ലോകത്തെ എന്റെ ഏക സമ്പാദ്യങ്ങളായ മൂന്ന് പേരുടെ അടുക്കല്‍


ചെന്നു കിടന്നപ്പോള്‍ മേശപ്പുറത്ത് അപൂര്‍ണ്ണമായ കത്ത് കണ്ടു. പക്ഷേ അപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിധം എന്റെ വിരലുകള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.


ഇപ്പോള്‍ എന്തേ ഇങ്ങനെ ചിന്തിക്കാനെന്ന് നിങ്ങള്‍ ചോദിക്കരുത്.


എനിക്കതിന് ഒരുത്തരമേയുള്ളൂ;


കൃഷ്‌ണേന്ദു ഇങ്ങനെയാണ്്......

Sunday, November 28, 2010

അമ്മയുടെ മരണാഭിലാഷം


നവാബ് രാജേന്ദ്രന്‍ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നു എന്ന വാര്‍ത്ത കണ്ടതിനു ശേഷം എന്റെ അമ്മയ്ക്കും ഒരു മോഹം തോന്നി. സ്വന്തം ശരീരം മെഡിക്കല്‍ കോളേജിലെ ഭാവി ഡോക്ടര്‍മാര്‍ക്ക് കീറി പഠിക്കാന്‍ കൊടുക്കണം.


52ാം വയസ്‌സിലും ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവയുടെ പരാധീനതകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നാം ക്‌ളാസില്‍ പഠിക്കുന്ന കുരുന്നുകള്‍ക്കു പോലും ആ ശരീരം കീറാം എന്ന വ്യാമോഹം വേണ്ട. (എന്നാലും എന്തോ മാരകമായ രോഗമുണ്ടെന്ന വിശ്വാസം അമ്മയ്ക്കുണ്ട്).


സന്തതിപരമ്പരയില്‍ ഒറ്റ പെണ്‍തരി മാത്രമേ ഉള്ളതു കൊണ്ടും ആ പെണ്‍തരിക്ക് ജനിക്കുന്നത് ഇരട്ട പെണ്‍കുട്ടികളായിരിക്കുമെന്ന് ഒരു കാക്കാത്തി കൈ നോക്കി പറഞ്ഞിട്ടുള്ളതു കൊണ്ടും ചിത, കൊള്ളി, കുടം എന്നീ ആചാരങ്ങള്‍ നടക്കില്ല എന്നമ്മയ്ക്ക് ഉറപ്പുണ്ട്. പിന്നെ ആ പെണ്‍തരിയും ഇത്തരം ആചാരങ്ങള്‍ക്ക് എതിരാണ് (അത് പിശുക്ക് കൊണ്ടാണെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ട്, ചെവി കൊടുക്കണ്ട!)


രണ്ടാണും രണ്ടു പെണ്ണും, അങ്ങനെ നാലു മക്കള്‍ സ്വന്തമായുള്ള അമ്മയുടെ അച്ഛനും അമ്മയ്ക്കും പോലും മരണാനന്തര ചടങ്ങുകള്‍ ഉണ്ടായിട്ടില്ല. അമ്മയുടെ അച്ഛന്റെ (ആള്‍ തിരുവിതാംകൂര്‍ ദൈവങ്ങളുടെ സ്വന്തം എഞ്ചിനീയറാണ്) ഏറ്റവും വലിയ ആഗ്രഹം മരിച്ച ശേഷം ശരീരം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നതായിരുന്നു. അതു പോലെ മരണാനന്തര ചടങ്ങുകള്‍ ഒന്നും നടത്തരുതെന്ന് എഴുതി വച്ചിരുന്നു. ഇതില്‍ നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അമ്മ ഒരു പടി കടന്നു ചിന്തിച്ചത്.


അമ്മയുടെ ഈ ചിന്തയുടെ സ്വാധീനവലയത്തില്‍പ്പെട്ട് എന്റെ ഡിഗ്രിക്കാരി ശിഷ്യ ശ്രീക്കുട്ടി പോലും മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് നല്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. എന്തു കൊണ്ടോ എനിക്കു മാത്രം ഇതു വരെ ആ മോഹം ഉദിച്ചില്ല.


അങ്ങനെയിരിക്കെ ഞാനും അമ്മയും കൂടി ശാന്തികവാടത്തിന്റെ മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു (ശാന്തികവാടമെന്നാല്‍ തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മനോഹരമായ പേരാണ്).


അവിടേക്ക് വിരല്‍ ചൂണ്ടി ഞാന്‍ അമ്മയോട് പറഞ്ഞു.


'നോക്കമ്മാ, അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. വേണമെങ്കില്‍ പോയി കാണാം. എന്തായാലും അമ്മ അവിടെയാവിലല്ലോ പോകുന്നോ, മെഡിക്കല്‍ കോളേജിലെ അനാറ്റമി ലാബിലേക്കല്ലേ?'


ഓട്ടോറിക്ഷ ഡ്രൈവര്‍ സംശയത്തോടെ തിരിഞ്ഞു നോക്കി ചോദിച്ചു.


'എന്താ, ചേച്ചീ സത്യാണോ?'


ഞാന്‍ പറഞ്ഞു


'അമ്മ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാനായി എഴുതി വച്ചിരിക്കികയാണ്.'


ഓട്ടോറിക്ഷ ഡ്രൈവര്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് അമ്മയെ തിരിഞ്ഞു നോക്കി വികാരനിര്‍ഭരമായി ഇരുകൈകളും കൂപ്പി പറഞ്ഞു.


'ചേച്ചിക്ക് വല്യ മനസ്‌സാ, ഇപ്പോള്‍ ആര്‍ക്കും ഇങ്ങനെ വല്യമനസ്‌സുണ്ടാകില്ല.'


ഞാനാണ് അതിന് മറുപടി കൊടുത്തത്.


'ഇങ്ങനെ പോയാല്‍ ഞാന്‍ ശാന്തികവാടത്തിലെത്തും, നേരെ നോക്കി ഓടിക്ക് മാഷേ!'

Saturday, November 6, 2010

ബ്ലോഗുലകം


കേരള കൌമുദി വാരികയില്‍ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന പംക്തിയില്‍ (ബ്ലോഗുലകം) ശ്രീലത പിള്ള ഈ ബ്ളോഗ് പരിചയപ്പെടുത്തിയിരിക്കുന്നു ......

ബൂലോക സഞ്ചാരം

നമ്മുടെ ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ ബൂലോക സഞ്ചാരം എന്ന പംക്തിയില്‍ മനോരാജ് ഈ ബ്ലോഗിനെ പരിചയപ്പെടുത്തിയിരിക്കുന്നു...........
സ്വര്‍ഗ്ഗത്തില്‍ നിന്നും എന്തിനേയും ചാമ്പലാക്കാന്‍ കഴിവുള്ള തീക്ഷ്ണമായ ഭാഷ സ്വായത്തമ്മാക്കിയ ഒരു ചെറുപ്പക്കാരിയിലേക്ക് നിങ്ങളെ നയിക്കട്ടെ. കഥകളുടെ വസന്തമായ ഋതുവില്‍ വല്ലാതെ മനസ്സിനെ ആകര്‍ഷിച്ച 'ഗ്രീഷ്മം തണുക്കുമ്പോള്‍' എന്ന കഥയിലൂടെയാണ്‌ അഞ്ജു നായരുടെ ചാമ്പലിലേക്ക് കടന്നുചെന്നത്. (കനല്‍ എന്ന മറ്റൊരു ബ്ലോഗ് കൂടി അഞ്ജുവിന്‌ സ്വന്തം).രാമനുപേക്ഷിച്ച സീതയെ വാല്‍മീകിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ വനവീഥികളിലൂടെ സീതയുടെ കൈപിടിച്ചുകൊണ്ട് ശൂര്‍പ്പണഖ!! ഒരു നിമിഷം എം.ടിയുടെ രണ്ടാമൂഴക്കാരനെ ഓര്‍ത്തു. പിന്നീട് അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി രണ്ടാമൂഴക്കാരനെ 25 ഓളം വട്ടം ഒരു ഭ്രാന്ത് പോലെ വായിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ആ ഒരു ഒറ്റ കഥ മതിയായിരുന്നു അഞ്ജുവിലെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. വായിച്ചിട്ടുള്ളവര്‍ സാക്ഷ്യം!!ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. അച്ചനും, കഥയില്ലായ്മയും, പിറക്കാതെ പോയ മകളും, കൃഷ്ണാ നീയും എല്ലാം.. എല്ലാം. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത.. പലതും നേരിട്ട് ചോദിച്ചറിഞ്ഞ ഞാന്‍, ഇത്ര ചെറുപ്രായത്തിലേ ഒത്തിരി ജീവിതാനുഭവങ്ങള്‍ ഉള്ള ഒരു കുട്ടിയെ കണ്ട് വല്ലാതെ പകച്ചുപോയി. ഒരു പക്ഷെ ആ ജീവിതാനുഭവങ്ങളാവാം അഞ്ജു നായര്‍ എന്ന "അപ്പൂപ്പന്റെ കഥകളി പദങ്ങളും കവിതയും പഴം കഥകളും കേട്ട് വളര്‍ന്ന ബാലികക്ക്.. കറുത്ത കുപ്പിവളകളിഷ്ടപ്പെടുന്ന, വെള്ളിക്കൊലുസിന്റെ കിലുക്കം നടപ്പില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിക്ക്.. ഭഗവാന്‍ കൃഷ്ണന്റെ ആരാധികക്ക് .. പ്രകടിപ്പിക്കാത്ത സ്നേഹം ഒരു പാട് മനസ്സില്‍ സൂക്ഷിച്ച ഒരമ്മയുടെ ഏകമകള്‍ക്ക് .. ഗുരുക്കന്മാരുടെ സ്നേഹം മനസ്സില്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ശിക്ഷ്യക്ക്.." ഇത്ര മനോഹമയായി എഴുതാന്‍ കഴിയുന്നത്. രണ്ടു പുഴകള്‍ക്കിടയില്‍ തേജസ്വിനി എന്ന കെട്ടിടത്തിലെ വൈഗ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററുടെ ജോലിയും ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ഈ ജീവിതം എന്ന് പറയുമ്പോളും ആ തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..

http://boolokasancharam.blogspot.com/2010/07/blog-post.html

Friday, November 5, 2010

വിനീത വിജയ്‌ പറയുന്നു


റിസോര്‍ട്ടു പോലെ തോന്നിക്കുന്ന ഇളം പച്ച പെയിന്റടിച്ച ആശുപത്രിയില്‍ ചുവപ്പ് കുഷ്യന്‍ കസേരയില്‍ വിനീതയും വിജയും തങ്ങളുടെ ഊഴവും കാത്തിരുന്നു. വിജയുടെ കണ്ണുകള്‍ ആശുപത്രിയിലെ ചുവരിലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിനീതയുടെ നോട്ടം അവനെ പിന്തുടര്‍ന്നു. 'ചില്‍ഡ്രന്‍ ആര്‍ ദ് ഗിഫ്റ്റ് ഒഫ് ഗോഡ്' എന്നെഴുതിയ വലിയ പടത്തില്‍ നീലക്കുപ്പായമിട്ട് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന രണ്ട് കുരുന്നുകള്‍. വിജയുടെ ശ്രദ്ധ മാറ്റാന്‍ അപ്പോള്‍ വിനീത അവനോട് പലതും ചോദിച്ചു, ആഗ്രഹിക്കാത്ത ചോദ്യവും അര്‍ത്ഥമില്ലാത്ത ഉത്തരങ്ങളും . വിനീതയുടെ മനസ്‌സിലപ്പോള്‍ എന്താണെന്നറിയാന്‍ വിജയ് ആഗ്രഹിച്ചു.


നിര്‍ബന്ധത്തിനു വഴങ്ങി വിനീതയെ ആദ്യമായി കാണാന്‍ പോയ നിമിഷം വിജയിക്ക് ഓര്‍മ്മ വന്നു. കുഞ്ഞുങ്ങളുടെ പടം ഒട്ടിച്ച മുറിയിലെ മേശയില്‍ ചാരി നിന്ന വിനീതയ്ക്കും കുട്ടികളുടെ മുഖമാണെന്ന് അപ്പോള്‍ തോന്നിയിരുന്നു . 'കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണല്ലേ ' , എന്നു ചോദിച്ചപ്പോള്‍ നിഷ്‌കളങ്കതയോടെ തലയാട്ടിയ വിനീതയുടെ മുഖം വിജയുടെ മനസ്‌സില്‍ തെളിഞ്ഞു വന്നു. അതാണ് താന്‍ അവളോട് സംസാരിച്ച ആദ്യ വാക്യമെന്ന് ഓര്‍ത്തപ്പോള്‍ വിജയുടെ മനസ്‌സ് ആര്‍ദ്രമായി.


പിന്നീടുള്ള നാല് വര്‍ഷങ്ങളില്‍ വിനീതാ വിശ്വനാഥന്‍ എന്തു കാര്യത്തിനും വിജയ് പറയൂ എന്ന് ഉരുവിടുന്ന വിനീതാ വിജയ് ആയിയെന്നതല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. ഒരു കുഞ്ഞിന്റെ ആവശ്യം തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് ആണെന്ന് വിജയ് ഓര്‍ത്തു. വിജയിക്ക് ഒരിക്കലും അച്ഛനാകാന്‍ കഴിയില്ല എന്ന്‌ പറഞ്ഞ ഡോക്ടറുടെ കണ്ണട വച്ച പൗരുഷമില്ലാത്ത നീണ്ട മുഖം എത്രയോ രാത്രികളില്‍ സ്വപനം കണ്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട്.


നിനക്കൊരു കുഞ്ഞ് വേണമെന്ന് തോന്നുന്നില്ലേയെന്ന് ചോദിക്കുമ്പോഴൊക്കെ തന്റെ നെറ്റിയില്‍ മൃദുവായി ഉമ്മ വച്ച് 'യൂ ആര്‍ മൈ ബേബി' എന്നു പറയുന്ന വിനീതയുടെ മനസ്‌സിലെ വികാരമെന്താണെന്ന് അറിയാന്‍ താന്‍ ആഗ്രഹിച്ചിട്ടുണ്ട്. ബന്ധുക്കളുടെ ചോദ്യത്തിന് മൂര്‍ച്ചയേറിയപ്പോഴോ അതോ സുഹൃത്തുക്കളുടെ സംശയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ടപ്പോഴോ അങ്ങനെ ഏതോ ഒരു നിമിഷത്തിലാണ് വിജയുടെ മനസ്‌സില്‍ ആ ഒരു ആശയം വന്നത്.


സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസംഗിക്കാന്‍ വാക്കുകള്‍ കാണാതെ പഠിക്കുന്ന കുട്ടിയെ പോലെ വിനീതയോട് സംസാരിക്കാന്‍ മനസ്‌സില്‍ വാക്കുകള്‍ പെറുക്കി കൂട്ടി. വീണ്ടും വീണ്ടും ആ വാക്കുകള്‍ ഉരുവിട്ട് ആശങ്കയോടെ വിജയ് വിനീതയുടെ അടുത്തിരുന്നു.
തന്റെ പേര് മനോഹരമായി കൊത്തിയ മോതിരമിട്ട അവളുടെ വിരലില്‍ അയാള്‍ തൊട്ടപ്പോള്‍ അവള്‍ അതു ശ്രദ്ധിക്കാതെ അനിമല്‍ പ്‌ളാനറ്റില്‍ ആഫ്രിക്കന്‍ ആന സിംഹത്തെ ഓടിക്കുന്ന ദൃശ്യം കൗതുകത്തോടെ നോക്കിയിരുന്നു. തന്റെ സ്പര്‍ശത്തിന്റെ അര്‍ത്ഥം പോലും വിനീതയ്ക്ക് ഇപ്പോള്‍ തിരിച്ചറിയാമെന്ന് വിജയ് ഭീതിയോടെ മനസ്‌സിലാക്കി.


നീണ്ട പുരുഷാരത്തെ അഭിമുഖീകരിക്കാന്‍ പാടുപെട്ട് വേദിയില്‍ നില്‍ക്കുന്ന കുട്ടിയുടെ പതര്‍ച്ച വിജയില്‍ പ്രകടമായി തുടങ്ങി. അയാളുടെ അസ്വസ്ഥത കണ്ട് സഹതാപം തോന്നിയിട്ടെന്ന വണ്ണം വിനീത ചോദിച്ചു'എന്താ പറയൂ'


അവളുടെ വാക്കുകളില്‍ തന്റെ പേര് ഒഴിവാക്കിയത് ബോധപൂര്‍വ്വമാണെന്ന് അയാള്‍ക്ക് തോന്നി. തന്നെ പേരെടുത്ത് വിളിക്കുന്നതിനെ വിനീതയുടെ അമ്മ ശാസിച്ചപ്പോള്‍ 1889ല്‍ ഇന്ദുലേഖയ്ക്ക് മാധവനെ പേര് വിളിക്കാമെങ്കില്‍ 2010ല്‍ വിനീതയ്ക്ക് ഭര്‍ത്താവിനെ വിജയ് എന്നു വിളിക്കാമെന്ന് അവള്‍ കുസൃതിയോടെ പറഞ്ഞതോര്‍ത്തപ്പോള്‍ വിജയുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞു. പറയൂ, എന്നവള്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കാണാതെ പഠിച്ച പ്രസംഗം പെട്ടെന്ന് പറഞ്ഞു തീര്‍ത്ത് വേദിയില്‍ നിന്ന് തിരക്കിട്ട് ഇറങ്ങാന്‍ ശ്രമിക്കുന്ന കുട്ടിയെ പോലെ വിജയ് ശ്വാസം വിടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.


ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഫെര്‍ട്ടിലൈസേഷന്‍ എന്ന വാക്ക് വിജയുടെ നാവില്‍ നിന്ന് വീണത് നിസ്‌സംഗതയോടെയാണ് വിനീത കേട്ടത്. ......


'വിനീതാ വിജയ്, 27 വയസ്‌സ്'


കുപ്പായമിട്ട അറ്റന്‍ഡറുടെ ഒച്ച കേട്ടപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായ കുട്ടിയെ പോലെ വിജയ് വിനീതയുടെ വിരലുകളില്‍ മുറുക്കെ പിടിച്ചു. അപ്പോള്‍ അവളുടെ വിരലില്‍ കിടന്ന തന്റെ പേരെഴുതിയ മോതിരം അസ്വസ്ഥതയോടെ ഞെരുങ്ങുന്നതായി അയാള്‍ക്ക് തോന്നി.


ഡോക്ടറുടെ മുറിയിലിരുന്ന വിനീതയെയും വിജയെയും കൗതുകത്തോടെയാണ് ഡോക്ടര്‍ നോക്കിയത്. ആകാശനീല നിറമുള്ള സാരി മനോഹരമായി ഞൊറിഞ്ഞുടുത്ത ഡോക്ടറുടെ കണ്ണുകളില്‍ പോലും നീല നിറം പ്രതിഫലിക്കുന്നുണ്ടെന്ന് വിജയ്ക്ക് തോന്നി. കൃത്രിമ ഗര്‍ഭധാരണത്തെക്കുറിച്ച് ഡോക്ടര്‍ വാചാലയായപ്പോള്‍ മുഖം കുനിച്ച് യാന്ത്രികമായി വിനീത അതൊക്കെ കേട്ടിരുന്നു.


കുഞ്ഞുണ്ടാവാന്‍ വേണ്ട ക്രോമോസോം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കേണ്ടി വരുമെന്ന കാര്യം വിജയുടെ ശേഷിക്കുറവിനെ ചൂണ്ടിക്കാട്ടി നയതന്ത്രജ്ഞതയോടെ ഡോക്ടര്‍ അവതരിപ്പിച്ചപ്പോള്‍ തന്റെ പാതിവ്രത്യത്തിന് മുറിവേറ്റതു പോലെ വിനീതയ്ക്കു തോന്നി. അവളുടെ കണ്ണുകളിലെ ഭാവമെന്താണെന്ന് വിജയ്ക്ക് അപ്പോഴും മനസ്‌സിലായില്ല.


എന്നാലും അയാളുടെ മനസ്‌സില്‍ പണ്ടെപ്പോഴോ അവള്‍ പറഞ്ഞ വാക്കുകള്‍ ഇരച്ചു കയറി.


'വിജയ്, നമ്മുടെ വാവ വിജയെ പോലെ ഇരിക്കണം. ഈ കണ്ണുകള്‍, മൂക്ക്, എന്തിന് സ്വഭാവം പോലും ഇതു പോലെ വേണം.'


അത് വരെയാര്‍ജ്ജിച്ചു വച്ച ശക്തി ഒഴുകി പോകുന്ന പോലെ വിജയ്ക്ക് തോന്നി.വിനീത ഡോക്ടറുടെ മുഖത്ത് ദൃഢമായി നോക്കി പറഞ്ഞു.


'ഡോക്ടര്‍, എന്റെ ഗര്‍ഭപാത്രം എടുത്തു കളയണം. എനിക്കത് ആവശ്യമില്ല.'


ഡോക്ടര്‍ അതിശയത്തോടെ, വല്ലായ്മയോടെ ഇരുവരെയും മാറി മാറി നോക്കി.


വിനീതയുടെ മുഖം ശാന്തമായിരുന്നു.

വിജയ് തളര്‍ച്ചയോടെ കണ്ണുകളടച്ച് കസേരയില്‍ ചാരിയിരുന്നു. വിജയുടെ മനസ്‌സ് മന്ത്രിച്ചു;


'അതെ, ഇനി വിനീതാ വിജയ് പറയട്ടെ........

Tuesday, October 5, 2010

ദശാസന്ധി






'108' ആബുലന്‍സിന്റെ ഭയാനക ശബ്ദം ചെവിയില്‍ നിറഞ്ഞു നില്ക്കുന്നതു പോലെ ശാലുവിന് തോന്നി. വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞ ആ ആബുലന്‍സിന്റെ ഉള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് താനാണെന്നതിരിച്ചറിവില്‍ ശാലുവിന്റെ ശരീരം ഒന്നു വിറച്ചു. ആ വിറയലില്‍ അവളുടെ കണ്ണുകള്‍ തുറന്നു. ഞെട്ടിയുണര്‍ന്ന ശാലു ലൈറ്റ് തെളിയിച്ചു.



കിടയ്ക്കക്കരികിലിരുന്ന വലിയ കണ്ണാടിയില്‍ കാണുന്ന രൂപം തന്റേതല്ലെന്നവള്‍ക്ക് തോന്നി. കറുത്തചുരിദാറും തോള്‍ വരെ മുറിച്ചിട്ട മുടിയും ഷേപ്പ് ചെയ്ത പുരികങ്ങളും ഫെയര്‍നെസ് ക്രീമിന്റെഉപയോഗത്തില്‍ മിനുസപ്പെട്ട മുഖവും ശാലുവില്‍ അപരിചിതത്വം സൃഷ്ടിച്ചു. നിറയെ ഞൊറിയിട്ടുടുക്കുന്നകസവുപുടവയും മുടിക്കെട്ടില്‍ കനകാംബര മാലയും ഇല്ലാത്ത തന്റെ രൂപം സങ്കല്‍പ്പിക്കാനേഅവള്‍ക്ക് അപ്പോള്‍ കഴിയുമായിരുന്നില്ല.



രാവിലെ ഡൈനിംഗ് ടേബിളില്‍ പ്രാതലിനു വന്നിരുന്ന അനിലിന്റെയും ദീപുവിന്റെയും കണ്ണുകള്‍അതിശയത്തില്‍ വിടര്‍ന്നു. ആവി പറക്കുന്ന കഞ്ഞിയും പയറുതോരനും കാന്താരിമുളക് ചമ്മന്തിയുംചുട്ടപപ്പടവും.



'അച്ഛാ, സത്യത്തില്‍ ഈ അമ്മയ്ക്ക് എന്താ പറ്റിയേ?'



ദീപുവിന്റെ വാക്കുകളില്‍ കുസൃതി തുളുമ്പി. അനില്‍ കൗതുകത്തോടെ ശാലുവിനെ നോക്കി. ഇത്തിരിയുള്ളമുടിയില്‍ മുല്ലപ്പൂവ് തിരുകി പുളിയിലക്കര പുടവ ചുറ്റി ചന്ദനക്കുറിയണിഞ്ഞ് മുന്നില്‍ നില്ക്കുന്ന ഭാര്യയില്‍വന്ന മാറ്റം അനിലിനു വിശ്വസിക്കാനായില്ല.



രാത്രി ഉറങ്ങാതെ അസ്വസ്ഥയായി കിടക്കുന്ന ശാലുവിനോട് അനില്‍ ചോദിച്ചു.



'എന്താ നിനക്കു പറ്റിയേ? ഹോസ്പിറ്റലില്‍ പോകണോ?'



പെട്ടെന്നവള്‍ക്ക് 108 ആബുലന്‍സ് ഓര്‍മ വന്നു. രക്തത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവള്‍ക്ക്അനുഭവപ്പെട്ടു. വയറിലെ ആഴമുള്ള മുറിവില്‍ ഇപ്പോഴും സ്വര്‍ണ്ണപിടിയുള്ള തിളങ്ങുന്ന വാള്‍വിശ്രമിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.



'നിനക്കെന്താ പറ്റിയേ?'



ഇടറുന്ന ശബ്ദത്തില്‍ അനില്‍ ചോദിച്ചു.



ആ ശബ്ദത്തിനും തനിക്കുമിടയില്‍ കാലങ്ങളുടെ ദൂരമുണ്ടെന്ന് ശാലുവിന് തോന്നി.പിറ്റേന്ന് കണ്ണാടിയുടെമുന്നില്‍ നിന്ന് ശാലു വാലിട്ട് കണ്ണെഴുതുന്നത് ദീപുവാണ് അനിലിനു കാട്ടിക്കൊടുത്തത്. ദീപുതമാശയോടെ ആ രംഗം നോക്കി നിന്നപ്പോള്‍ അനിലിന്റെ നെഞ്ചില്‍ വേദനയുടെ മുള പൊട്ടി. 'എന്തര്‌ടേ നോക്കണത്?'



ശാലു തിരിഞ്ഞു നോക്കി ചോദിച്ചു. ദീപു അതു കേട്ട് പൊട്ടിച്ചിരിച്ചു.



'നിന്റെ സംസാരത്തിനെന്താ ഒരു തിരുവനന്തപുരം ചുവ.'



അനിലിന്റെ സ്വരം അവനരിയാതെ കടുത്തു.



'അതേയ്, ഞാന്‍ ശുദ്ധ തിരുവനന്തപുരത്തുകാരിയാ. ദ് റോയല്‍ ട്രാവന്‍കൂര്‍!'



അനില്‍ വേദനയോടെ ശാലുവിന്റെ ചുമലില്‍ തൊട്ടു പറഞ്ഞു.
'നിന്റെ ഇപ്പോഴത്തെ പെരുമാറ്റം കണ്ട് പേടിയാകുന്നു. നമുക്കൊരു സൈക്യാട്രിസ്റ്റിനെ കണ്ടാലോ?'



ശാലു വിടര്‍ന്ന കണ്ണുകളോടെ അനിലിന്റെ മുഖത്തേക്കുറ്റു നോക്കിയിരുന്നു. ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ്മുറിയിലെ ഗണപതിയുടെ ചിത്രങ്ങളെ നോക്കി ശാലു ഇരുന്നു. അനില്‍ അപ്പോള്‍ ശാലുവിന്റെമാറ്റത്തെക്കുറിച്ച് ഡോക്ടറോട് വാചാലനാകുകയായിരുന്നു. ഇതൊന്നും തന്നെപ്പറ്റിയല്ല എന്ന മട്ടില്‍അവള്‍ മേശപ്പുറത്തിരുന്ന സ്ഫടികരൂപത്തിലുള്ള കുഞ്ഞുഗണപതിയെ കൈയിലെടുത്തു താലോലിച്ചുകൊണ്ടിരുന്നു.



അനിലിനെ പുറത്തിറക്കി ശാലുവിനോട് വാത്സല്യത്തോടെ ചോദിച്ചു.



'എന്താ ശാലുവിന്റെ പ്രശ്്‌നം?'



വിടര്‍ന്ന ചിരിയോടെ പതറാതെ ശാലു പറഞ്ഞു.



'എന്താ ഡോക്ടര്‍ ഞാന്‍ പറയുക? എനിക്കു എന്നെ കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞാല്‍ഡോക്ടര്‍ വിശ്വസിക്കുമോ? ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്നോട് ആരോ വന്നു സംസാരിക്കുന്നതുപോലെ തോന്നുന്നുവെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിചാരിക്കും, ഓഡിറ്ററി ഹാലൂസിനേഷന്‍, സ്‌കിസോഫ്രീനിയയുടെ ലക്ഷണം; ഡോക്ടര്‍ അപ്പോള്‍ എനിക്ക് ആന്റി സൈക്കോട്ടിക്‌സ് കുറിക്കും. ഇനിയിപ്പോള്‍ ഞാന്‍ എന്റെ മൂഡ് പെട്ടെന്ന് മാറുന്നുവെന്ന് പറഞ്ഞാല്‍ , മൂഡ് സ്‌റ്റെബിലൈസര്‍ കുറിച്ച് അസുഖത്തെ ബൈപോളാര്‍ എന്നു വിളിക്കും. ഡോക്ടര്‍ ഞാനും കുറേകാലം മനശ്ശാസ്ത്രം പഠിച്ചതാണ്. ഇപ്പോഴും അഞ്ച് ലക്ഷണങ്ങള്‍ കേട്ടാല്‍ കൃത്യമായി രോഗം നിര്‍ണ്ണയിക്കാന്‍ എനിക്ക് കഴിയുമെന്ന്അഭിമാനത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും ഞാന്‍ പറയട്ടെ.



എനിക്കതൊന്നുമല്ല പ്രശ്‌നം, കുറെനാളുകളായി എന്റെ മനസ്‌സിനെ അതോ തലച്ചോറിനോ അവള്‍കീഴടക്കിയിരിക്കുന്നു. എന്റെ ഭര്‍ത്താവിനെക്കാള്‍, മകനെക്കാള്‍ എന്റെ മനസ്‌സിനെ ഇപ്പോള്‍ അവള്‍സ്വാധീനിച്ചിരിക്കുന്നു.'



''ആര്?'



ഡോക്ടറുടെ വാക്കുകളില്‍ ജിജ്ഞാസ കലര്‍ന്നിരുന്നു.



'അവള്‍ സുഭദ്ര, ഡോക്ടര്‍ക്ക് അറിയില്ലേ? തിരുവിതാംകൂറിനെ തന്റെ ബുദ്ധി കൊണ്ട് രക്ഷിച്ച്, ഒടുവില്‍അതിനു വേണ്ടി അമ്മാവന്റെ വാള്‍ത്തുമ്പില്‍ ജീവന്‍ നഷ്ടപ്പെട്ട സ്ത്രീ. തിരുവിതാംകൂറിലെ പുഴയ്ക്കും മഴയ്ക്കുംഎന്തിന് യക്ഷിക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണെന്ന് ഡോക്ടര്‍ കേട്ടിട്ടില്ലേ?


അവളെക്കുറിച്ച്എഴുതാന്‍ കുറെ നാളായി ശ്രമിക്കുന്നു. പക്ഷേ, എനിക്കു പിടി തരാതെ എന്നെ മോഹിപ്പിച്ചു കൊണ്ട്അവളുടെ വിഷമങ്ങള്‍ സന്തോഷങ്ങള്‍ ചലനങ്ങള്‍ ഭാവങ്ങള്‍ ഒക്കെ ഒളിച്ചു കളിക്കുന്നു.



ഒരു ദശാസന്ധി, റൈറ്റേഴ്‌സ് ബേ്‌ളാക്ക് എന്നു പറയാം. അവളെ അറിയാന്‍ വേണ്ടി, അവളുടെഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാന്‍ വേണ്ടി ഞാന്‍ പലപ്പോഴും അവളാകാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴുണ്ടാകുന്ന ഒരു അസ്വസ്ഥത അത്രയേയുള്ളൂ. റൊഷാര്‍ക്കോ ടി എ ടിയോ ഏതു ടെസ്റ്റ്വേണമെങ്കിലും ചെയ്‌തോളൂ, ഇതിലപ്പുറം ഒരുത്തരം നല്കാന്‍ എനിക്കാവില്ല ഡോക്ടര്‍.'



ആത്മവിശ്വാസത്തോടെ തന്റെ മുന്നിലിരിക്കുന്ന ശാലുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ഡോക്ടര്‍ അനിലിനെ അകത്തേക്ക് വിളിപ്പിച്ചു.



ഷി ഈസ് പെര്‍ഫെക്ട്‌ലി ഓള്‍റൈറ്റ് എന്ന ഡോക്ടറുടെ വാക്കുകളെ സംശയത്തോടെയാണ് അനില്‍സ്വീകരിച്ചത്.പുറത്തിറങ്ങിയപ്പോള്‍ അനിലിന്റെ വിരലുകളില്‍ മുറുക്കെ പിടിച്ച് ശാലു ചോദിച്ചു.



'എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നോ?'



അനില്‍ പതര്‍ച്ചയോടെ അവളെ നോക്കി. ശാലു വല്ലാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.



'എല്ലാ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സംശയങ്ങളുമൊക്കെ തീരും. അവള്‍ വരട്ടെ, അവള്‍ വരും; ഉടന്‍ തന്നെ വരും.....'



ആര്? എന്ന ചോദ്യം അനിലിന്റെ മുഖത്ത് തെളിയുന്നത് ശാലു കണ്ടില്ലെന്ന് നടിച്ചു.



Sunday, September 12, 2010

പാവക്കുട്ടി


കൈലിരുന്ന പാവക്കുട്ടിയെ നെഞ്ചോടു ചെര്‍ത്തുപ്പിടിച്ചുകൊണ്ട്‌ മീനു കോടതി വരാന്തയില്‍ നിന്നു .
അപ്പോള്‍ മീനുവിന്റെ നാല് വര്ഷം മാത്രം പ്രായമുള്ള തലച്ചോറ് പാവക്കുട്ടിക്ക്‌ ഒരു പേര് തിരയുകയായിരുന്നു . മീനുവിനെ കണ്ടതും സ്വതവേ കറുത്ത അച്ഛന്റെ മുഖം ഒന്നുകുടി കറക്കുന്നത് മീനു കണ്ടു . അച്ഛന്റെ അടുത്ത് പോകാതിരികാനാവണം അമ്മ മീനുവിന്റെ കൈയില്‍ മുറുകെ പിടിച്ചു. അമ്മയുടെ കൈ തട്ടിമാറ്റി മീനു വീണ്ടും പവകുട്ടിക്കു പറ്റിയ ഒരു പേര് ആലോചിച്ചുകൊണ്ടിരുന്നു .

കറുത്ത ഉടുപ്പിട്ട ആന്റി ചോദിച്ചു

"മോള്‍ക്ക്‌ ആരുടെകുടെ പോകനാനിഷ്ടം?
അച്ഛന്റെ കുടെയോ അമ്മയുടെ കുടെയോ ?"

"എനിക്ക് മായച്ചേച്ചിയുടെ വീട്ടില്‍ പോയാല്‍ മതി "
മീനു പറഞ്ഞു .,

"ആരാ മായച്ചേച്ചി ?"

"വീട്ടില്‍ ജോലിക്ക് നില്‍കുന്ന കുട്ടിയാ "
ഉത്തരം പറഞ്ഞത് അമ്മയാണ് ..

അമ്മ അറിയാതെ എത്രയോ ദിവസം മായച്ചേച്ചിയുടെ അമ്മയുടെ കൈല്‍ നിന്നും ചോറുരുള വാങ്ങി കഴിച്ചിട്ടുണ്ട് . . ആ രുചിക്ക് സ്നേഹമെന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് മീനുവിനു മനസ്സിലായത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് .

കല്യാണത്തിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടത്തെ അമ്മ വായില്‍ വച്ചു തന്ന ആഹാരത്തിനും അതേ രുചിയായിരുന്നു .

നിലാവുള്ള ഒരു രാത്രി മീനു ആകാശം നോക്കിയിരികുമ്പോഴാണ് അവളുടെ പാവക്കുട്ടിക്ക്‌ ഒരു പേര് കിട്ടിയത് "ഇന്ദുലേഖ ".

പിന്നീട് ഒരിക്കലും ഒരു പേര് കണ്ടെത്താന്‍ അവള്‍ ബുദ്ധിമുട്ടിയിട്ടില്ല. അയല്‍ വീട്ടിലെ കുട്ടിക്ക് " ഋഷികേശ് " എന്നും തന്റെ മൊബൈല്‍ ഫോണിന് " ഋതു " എന്നും കമ്പ്യൂട്ടറിന് " വൈദേഹി " എന്നും പേരിട്ടത് അവളായിരുന്നു . എന്നാലും അവള്‍ക്ക് ഏറെ ഇഷ്ടം തന്റെ ഇന്ദുലേഖയോട് ആയിരുന്നു . അവള്‍ക്ക് ജീവനുണ്ടയിരുന്നെങ്കില്‍ എന്ന്‌ അവള്‍ ഒരുപാട് ആശിച്ചിരുന്നു . .

മഴ പെയുന്ന ഒരു ദിവസം കോടതി വരാന്തയില്‍ നിന്നപ്പോള്‍ അവളുടെ തോളില്‍ മയങ്ങി കിടക്കുന്ന പാവക്കുട്ടിക്ക്‌ ജീവനില്ലായിരുന്നെങ്കില്‍ എന്ന്‌ അവള്‍ ആശിച്ചുപോയി .

Thursday, August 19, 2010

ഒറ്റ കോളത്തിലെ അനുഭവങ്ങള്‍


" ഞങ്ങള്‍ ഒരുമിച്ചു നഷത്രങ്ങളെ ഉന്നം വച്ചു , ഗോളങ്ങളെ വലം വക്കുന്നത് സ്വപ്നം കണ്ടു ഒരു മേശക്കു ചുറ്റുമിരുന്ന് സ്നേഹം പങ്കുവച്ചു .{ ആ സ്നേഹത്തിനു ചിലപ്പോഴൊക്കെ അടുത്ത കടയിലെ ചുടുള്ള ഉണിയപ്പത്തിന്റെ രുചിയായിരുന്നു } സന്തോഷിച്ചു തര്‍ക്കിച്ചു കലഹിച്ചു .


" എഴുതികഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി . "{{അതോ സന്തോഷമോ അറിയില്ല "}



അലുമിനി മീറ്റിങ്ങിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് എഴുതാന്‍ ഒരു മണിക്കൂര്‍ ആയി ശ്രമിക്കുന്നു. ഇത്രയെങ്കിലും ഒപ്പിക്കാന്‍ പറ്റി ., അതും പത്മനാഭനും എം.ടി.യും ആനന്ദും സഹായിച്ചത് കൊണ്ട് മാത്രം.. ഇപ്പോള്‍ ദിവ്യയും അനിലയും സീതയുമൊക്കെ തകര്‍ത്തുവച്ചു എഴുതുകയയിരിക്കും . ആര് ആദ്യം എഴുതുമെന്നു കാണാമല്ലോ എന്ന്‌ പിരിയുമ്പോള്‍ പറഞ്ഞിരുന്നു. അവരാരെങ്കിലും തങ്ങളുടെ അനുഭവങ്ങള്‍ പോസ്റ്റ്‌ ചെയ്തോ എന്നറിയാന്‍ ഇടയ്ക്കിടയ്ക്ക് അവരുടെ ബ്ലോഗുകള്‍ പരതി നോക്കികൊണ്ടിരുന്നു " ഹാവൂ :ഇതുവരെയും ഒന്നും ഇട്ടിട്ടില്ല .



ഈയിടെയായി വാക്കുകള്‍ക്ക് അല്പം .ദാരിദ്രം അനുഭവിക്കുന്നുണ്ടോ എന്നൊരു സംശയം .{ പറയുന്നത് കേട്ടാല്‍ തോന്നും പണ്ട് വാക്കുകള്‍ അനര്‍ഗള നിര്‍ഗളമായി ഒഴുകുമെന്ന് } :

എവിടെ? ആധുനിക സാഹിത്യകാരന്മാരെ കുട്ടുപ്പിടിച്ചിട്ടു രക്ഷയില്ല .... അതുകൊണ്ട് രാമായണം തന്നെ കൈവച്ചു. { കര്‍ക്കിടകമാസം അല്ലെ ചിലപ്പോള്‍ അല്പം പുണ്യം ബോണസായി കിട്ടിയാലോ എന്ന സ്വാര്‍ത്ഥ താല്‍പര്യവും ഇതിനു പിന്നിലുണ്ട് }.

തപ്പിത്തടഞ്ഞു വായിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ഇത് നമുക്ക്‌ പറ്റിയ പണി യല്ലെന്ന് ,,എഴുത്തച്ഛന്‍റെ കിളിയെ സമ്മതിക്കണം ഡിഗ്രിക്ക് മലയാളം സെക്കന്റ് ലങ്ഗ്വാജ് പഠിച്ച എനിക്ക് പോലും വായിക്കാന്‍ പറ്റുന്നില്ല. ,,,യു കിളി ദ് ഗ്രേറ്റ് ... :.



അസ്വസ്ഥതയോടെ ഞാന്‍ കസേരയില്‍ ചാരികിടന്നു.. സത്യത്തില്‍ ഇ അലുമിനി മീറ്റിനെക്കുറിച്ച്‌ എന്താ എഴുതുക ? നമ്മളൊന്നും മാറിയിട്ടില്ല എന്ന്‌ സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ചില പ്രഹസനങ്ങള്‍ ... കഴിഞ്ഞ കാലത്തേ വേദനയോടെ ഓര്‍ക്കുന്നുവെന്നും അക്കലമായിരുന്നു സുന്ദരമെന്നും ഓരോരുത്തരും വികാരഭരിതമായി സംസാരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു. സത്യത്തില്‍ ഈ കാലത്തെ അല്ലെ നമ്മള്‍ കുടുതല്‍ ഇഷ്ടപ്പെടുന്നത്. ജോലി, വരുമാനം, കുടുംബം, കുട്ടികള്‍ ഇവയെയോക്കെയല്ലേ നാം സ്നേഹിക്കുന്നത് അതോ "ഒരു രൂപ എസ്, ടി ടിക്കറ്റില്‍ കോളേജില്‍ പോയിരുന്ന അച്ഛന്‍റെ പോക്കറ്റ് മണി കൊണ്ട് വല്ലപ്പോഴും പരിപ്പുവട കഴിച്ചിരുന്ന ആ കാലത്തെയാണോ ? "



അന്താരഷ്ട്ര ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ പോയത് ഈ അലുമിനി മീറ്റിനെക്കള്‍ സുഖകരമായ ഓര്‍മ്മയായിരുന്നു. ബുക്കുലെട്റ്റ് വായിച്ച് സിനിമ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടുകാര്‍ എനിക്ക് തന്നിരുന്നു { കൂട്ടത്തില്‍ അല്പം ബുദ്ധി എനിക്കാണെന്ന തെറ്റിധാരണ അവര്‍ക്കുണ്ടായിരുന്നു }. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാന്‍ ആ സിനിമ കണ്ടെത്തി , "" ഹാഫീസ് "". ഇന്ത്യന്‍ കോഫീ ഹൗസിന്‍റെ മേശക്കു ചുറ്റം ഞങ്ങളിരുന്നപ്പോള്‍, ഞാന്‍ ഒരു സിനിമയെ പറ്റി പറഞ്ഞ്‌ അവരെ ബോധവല്‍ക്കരിച്ചു ..."ഒരു ചുവരിന് അപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം കാണാതെ പ്രണയിച്ച രണ്ടുപേരുടെ കഥ ". പൊതുവേ ലോലഹ്രദയയായ സീത അതില്‍ വീണു. എന്നാലതു കാണാം ഞങള്‍ ആവേശത്തോടെ തീരുമാനിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ അര്‍ച്ചന പറഞ്ഞു " നല്ല സിനിമയാണെന്ന് തോന്നുന്നു , നല്ല ആള്‍ തിരക്ക്. " സിനിമ തുടങ്ങി. ഒന്നും മനസിലാകുന്നില്ല. ദിവ്യ എന്നെ ഇടക്ക് ഒന്ന് രൂക്ഷമായി നോക്കി. ഞാന്‍ അത് കണ്ടില്ലെന്നു നടിച്ച് സ്ക്രിനിലേക്ക് നോക്കി ബലം പിടിച്ചിരുന്നു. ഇടയ്ക്ക് ഏറുകണ്ണിട്ടു നോക്കിയപ്പോള്‍ എന്റെ കൂടെ വന്ന നാലു തരുണീമണികളും സുഖനിദ്രയില്‍. അന്നാദ്യമായി എനിക്കവരോട് അസുയ തോന്നി . സിനിമ തീര്‍ന്ന ഉടന്‍ ഞാന്‍ എല്ലാവരെയും തട്ടി ഉണര്‍ത്തി. അനില ആശ്വാസത്തോടെ പറഞ്ഞു . "ഹോസ്റ്റലിലെ കൊതുക് കടി ഏല്‍ക്കാതെ ഇന്നാണ് ഒന്ന് സുഖമായി ഉറങ്ങാന്‍ പറ്റിയത് "........."ഹഫീസ് ,ഒരു ചുവരിനിരുവശത്തു നിന്നുള്ള വിശുദ്ധ പ്രണയം" .



സീത " റ്റെഡി സിറ്റി " എന്ന പേരില്‍ നഗരത്തെ വൃത്തിയാക്കാന്‍ നടന്ന സീതയുടെ മനസ്സ് റ്റെഡി ആയതുകൊണ്ട് എന്റെ ആരോഗ്യം രക്ഷപ്പെട്ടു .. "അല്ലാ , ഞാന്‍ വിചാരിച്ചു നമ്മുടെ മതിലുകള്‍ പോലൊരു സിനിമയായിരിക്കും എന്ന്‌. " ദിവ്യക്ക് അത് പിടിച്ചില്ല. ബഷീര്‍ പണ്ടേ അവളുടെ വീക്ക്നെസ്സാണ്..



'"ബഷീര്‍ കേള്‍ക്കരുത്। നിന്‍റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും ".



ആയിടക്കാണ്‌ സീത തന്‍റെ പേര് മാറ്റി "ക്രിസ്" " എന്നാക്കിയത്. അത് ഞങ്ങള്‍ക്ക് വല്ലാത്ത ഒരു അടിയായിരുന്നു. പ്രത്യേകിച്ച് എനിക്ക്. വല്ല ജനകിയെന്നോ കല്യാണി എന്നോ പേരിട്ടിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് എവിടെ നിന്നു കിട്ടിയ പേരാണോ എന്തോ "? അല്ലെങ്കില്‍ തന്നെ ഒരു മാതിരിപ്പെട്ട പേരുകളൊന്നും എന്റെ നാവില്‍ വഴങ്ങാറില്ല. അതുകൊണ്ട് ഞാന്‍ സീത എന്ന്‌ തനെ വിളിച്ചു. എന്നാല്‍ ഓരോ തവണ വിളിക്കുമ്പോഴും സീതയല്ല, ,."ക്രിസ് " എന്നവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ ഞാന്‍ പറഞ്ഞു "എന്‍റെ സീതേ, 'ക്രിസ്' എന്നൊന്നും വിളിക്കാന്‍ എന്‍റെ നാവ് വഴങ്ങില്ല ". "ഞാന്‍ കഷ്ടപ്പെട്ടു കാശ് കൊടുത്തിട്ട പേരല്ലേ, അതൊന്നു വിളിക്ക് ".



സീതയുടെ ദയനീയ സ്ഥിതികണ്ട് പിറ്റേന്ന് മുതല്‍ ഞാന്‍ സീതയെ ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്നതുപോലെ "അതേയ്" ശൂ,,,,,,,,,, പിന്നേയ്..." എന്നൊക്കെ വിളിച്ചു തുടങ്ങി .



ഒരു വൈകുനേരം ക്ലാസിന്‍റെ വരാന്തയില്‍ ഇരുന്ന് ഞാനും സീതയും {ക്ഷമിക്കണം ക്രിസ് } ദിവ്യയും അര്‍ച്ചനയും കുടി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഗൗരവത്തോടെ അനില കയറി വന്നു കൈയില്‍ നാലായി മടക്കിയ വെള്ള കടലാസ്സും.



"എന്താ ഇത്?" എന്ന്‌ സീത ഒരാള്‍ തന്ന കവിതയാണെന്ന് ഗൗരവം വിടാതെ തന്നെ അനില ഉത്തരം പറഞ്ഞു ..



"പ്രണയഭ്യര്തന പുതിയ ഫോര്‍മാറ്റില്‍ ആണോ?" എന്ന്‌ ദിവ്യ കളിയാക്കി ചോദിച്ചു.



"നീ വായിച്ച് അര്‍ഥം പറഞ്ഞു കൊടുക്കു" എന്ന്‌ പറഞ്ഞു അനില എന്‍റെ നേര്‍ക്ക്‌ കവിത നീട്ടി .



"നിന്‍റെ കണ്ണുകളില്‍ റോസാപ്പുക്കളോ നിന്റെ ചിരിയില്‍ മുല്ലപ്പുക്കളോ ന്‍റെ എന്‍റെ ഹൃദയത്തില്‍ നീ മഴവില്ലിന്‍റെ ഏഴു നിറം പരത്തി "



വായിച്ച് കഴിഞ്ഞു നോക്കിയപ്പോള്‍ അനിലയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു ഞാന്‍ അവളുടെ തോളില്‍ തട്ടി സമാധാനിപ്പിച്ചു

"പോട്ടെ സാരമില്ല ജീവിതത്തില്‍ ഒരു പ്രേമലേഖനമെങ്കിലും കിട്ടിയിരിക്കണം എന്ന്‌ തുടങ്ങി ഞാന്‍ അഞ്ചു മിനിറ്റ് പ്രേമലേഖനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു .



അനില ഗദ്ഗദകണ്ടയായി പറഞ്ഞു



"എനിക്കതല്ല വിഷമം വല്ല ഗുണ്ടകളെയും പരിച്ചയമുണ്ടയിരുന്നെങ്കില്‍ ഞാന്‍ ലോണെടുത്ത് ക്വട്ടേഷന്‍ നല്‍കി അവന്‍റെ കൈ വെട്ടിയേനെ മേലാല്‍ അവന്‍ കവിത എഴുതരുത് "



ഓര്‍മകളുടെ മലര്‍വാടിയില്‍ കരിഞ്ഞുപോയ ചില പൂക്കള്‍ പിന്നെയും സുഗന്ധം പൊഴിക്കുന്നു. ചില വസന്തങ്ങളെകുറിചുള്ള നൊമ്പരപ്പെടുത്തുന്ന വേവലാതികള്‍ മനസിലേക്ക് കയറാന്‍ അനുവാദം തേടി ക്യു നില്‍ക്കവേ നനുത്ത സ്വരത്തില്‍ ഫോണ്‍ ചിണുങ്ങാന്‍ തുടങ്ങി.



നോക്കിയപ്പോള്‍ അനിലയാണ് .



"എന്താ നീ പോസ്റ്റ്‌ ചെയ്തോ?"



ഞാന്‍ ചോദിച്ചു "ഇല്ല ഒന്നും എഴുതാന്‍ തോന്നുന്നില്ല. ക്രിസും ദിവ്യയും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. "നീ വല്ലതും എഴുതിയോ?"


ഞാന്‍ നിസംഗതയോടെ പറഞ്ഞു . "ഇല്ല, ഒറ്റ കോളത്തില്‍ ഒതുക്കവുന്നതല്ലല്ലോ നമ്മുടെ അനുഭവങ്ങള്‍?"

Friday, August 6, 2010

കാലിഡോസ്കോപ്


തൃക്കരിപ്പൂര്‍ റെയില്‍വേ സ്റെഷനില്‍ എത്തുമ്പോള്‍ വീണയ്ക്ക്‌ ലേശം പരിഭ്രമം തോന്നാതിരുന്നില്ല. .. ഇരുട്ട് നിറഞ്ഞ സ്റെഷനിലെ സിമന്റ് ബെഞ്ചില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ മലബാര്‍ എക്സ്പ്രസ്സും കാത്തിരിക്കുമ്പോള്‍ താന്‍ കാലഘട്ടങ്ങള്‍ക്കു പുറകിലാണെന്ന് വീണയ്ക്ക്‌ തോന്നി.
കാട്ടിന്നുള്ളില്‍ മഞ്ഞ ചുമരുള്ള ഒറ്റമുറി സ്റെഷനും ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള മണി ശബ്ദവും അവള്‍ക്ക് അപരിചിതമായിരുന്നു. . സമയം കഴിയുംതോറും വീണയ്ക്ക്‌ ആശങ്ക വര്‍ദ്ധിച്ചു. ബാഗില്‍ നിന്നും ഐ ഡി കാര്‍ഡ് എടുത്തു അവള്‍ കഴുത്തില്‍ തൂക്കി. അതിലെ 'പ്രസ്‌' എന്ന നാലക്ഷരം അവള്‍ക്ക് ധൈര്യം നല്‍കി, കൂടെ ആരോ ഉണ്ടെന്ന ധൈര്യം.

തോളിലെ സഞ്ചിയില്‍ കുറെ കാലിഡോസ്കോപ്പുകളുമായി ഒരു പയ്യന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുന്നത് അവള്‍ കണ്ടു.

അതിലൊരെണ്ണം വാങ്ങി കാശു കൊടുക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു, അപ്പോള്‍ അവള്‍ക്ക് ശ്രീകൃഷ്ണന്റെ വേഷമിട്ട നിതീഷ് ഭരദ്വാജിനെ ഓര്‍മ വന്നു. കൈയിലിരുന്ന കാലിഡോസ്കോപ്പിലൂടെ വര്‍ണ്ണക്കൂട്ടുകള്‍ നോക്കിയിരിക്കുമ്പോള്‍, അമ്മ ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫിസിക്സ് പറഞ്ഞു ബോറടിപ്പിചേനെ എന്നവള്‍ ഓര്‍ത്തു. രണ്ടക്ക സംഖ്യ പോലും കൂട്ടാനറിയാത്ത വീണയെ കണക്കിലെ ഇന്ദ്രജാലം കൊണ്ടു അമ്പരിപ്പിക്കാന്‍ അമ്മ ശ്രമിക്കുമ്പോള്‍ അവള്‍ക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ട്. ക്ലാസ്സില്‍ സയന്‍സിനും കണക്കിനും എന്നും ഒന്നാമതായിരുന്ന അമ്മയെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ അസ്കിത അമ്മയില്‍ പ്രകടമായിരുന്നു.

ഇരുട്ടിന്റെ നിശബ്ദതയെ മെല്ലെ നോവിച്ചു കൊണ്ടു ഏറനാടിന്റെ ഗാംഭീര്യം വിളിച്ചോതി മലബാര്‍ എക്സ്പ്രെസ്സ് അവള്‍ക്ക് മുന്നില്‍ വന്നു കിതച്ചു. നിന്നു. ധൃതിയില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ച് ഇരുന്നപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. എതിരെ ഇരുന്ന സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചു. അവര്‍ക്ക് എം ടി കഥകളിലെ അമ്മയുടെ മുഖമാണെന്ന് അവള്‍ക്ക് തോന്നി. പുഞ്ചിരി മടക്കി നല്‍കിയിട്ട് അവള്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു, മലബാറിന്റെ സൌന്ദര്യം ആസ്വദിക്കാന്‍.....

ഇരുട്ടിനെ കീറി മുറിച്ചു ട്രെയിന്‍ ഒരു സ്റെഷനില്‍ നിര്‍ത്തി. നിയോണ്‍ വിളക്കുകളുടെ പ്രകാശത്തില്‍ അവള്‍ ആ സ്റെഷന്റെ പേര് വായിച്ചു, 'ബെര്‍ലിന്‍'. ഒരു ഉള്‍വിളി എന്ന പോലെ അവള്‍ ട്രെയിനില്‍ നിന്നും പെട്ടെന്ന് ഇറങ്ങി. പ്ലാറ്റ്ഫോമിലെ കല്‍ബെഞ്ചില്‍ ഇരിക്കുന്ന, പാദം വരെ എത്തുന്ന കറുത്ത ഗൌണും തലയില്‍ കറുത്ത തൊപ്പിയും അണിഞ്ഞ വെളുത്തു മെലിഞ്ഞ സുന്ദരിയെ വീണ കണ്ടു. ആ മുഖം എവിടെയാണ് കണ്ടിട്ടുള്ളതെന്നു ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ അവള്‍ തിരിച്ചറിഞ്ഞു, എന്നോ ഗൂഗിള്‍ ഇമേജില്‍ കണ്ട മുഖം, ഈവ ബ്രൌണ്‍! ഒരിക്കല്‍ ലോകം വിറപ്പിച്ച ഹിറ്റ്ലറുടെ മനസ് വിറപ്പിച്ച ഈവ.


വീണയുടെ മനസ്സില്‍ ഒരു തീപൊരി വീണു, 'എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ'. വീണ അവരുടെ അടുത്ത് ചെന്നിരുന്നു. ഈവ അവളെ ശ്രദ്ധിക്കാതെ നിലത്തു നോക്കിയിരുന്നു. ഒരുപാടു പേരെ ചോദ്യശരങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ച അവള്‍ക്ക് ആദ്യമായി അസ്വസ്ഥത തോന്നി . വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് വീണ ഈവയുടെ കൈയില്‍ തൊട്ടു . ഈവ അവളുടെ നേരെ നോക്കി , തണുത്ത ശബ്ദത്തില്‍ ചോദിച്ചു ;

"എന്താ വീണാ ? "

വീണ അമ്പരന്നു .... അല്പസമയത്തെ ഞെട്ടലില്‍ നിന്നു മോചിതയായി വീണ ചോദിച്ചു ,

"എന്റെ പേര് എങ്ങനെ അറിയാം ?"

കുപ്പിവളകള്‍ കിലുങ്ങുംപോലെ ഈവ പൊട്ടിച്ചിരിച്ചു

"ഹിറ്റ്ലറുടെ അപകര്‍ഷതാബോധത്തെ കുറിച്ച് റിസര്‍ച് ചെയുന്ന നിന്നെ ഞാന്‍ അറിയണ്ടേ ? "

ജോലിത്തിരക്കുകള്‍ക്കിടയില്‍പ്പെട്ട് പലപ്പോഴും താന്‍ മറന്നു പോകുന്ന ഒരു കാര്യമാണ് ഈവ ഓര്‍മ്മിപ്പിച്ചതെന്നു വീണക്ക് തോന്നി .വഴിയോരകച്ചവടക്കാരില്‍ നിന്ന് ഒരു പൊതി പോപ്പ്കോണ്‍ . വാങ്ങി കൊറിച്ചു കൊണ്ട് ഈവയും വീണയും ബെര്‍ലിന്‍ വീഥിയിലുടെ നടന്നു .ഈവയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന്‌ വീണ ആലോചിച്ചു . നികേഷ് കുമാറിന്റെയും ജോണി ലുക്കൊസിന്റെയും ജോണ്‍ ബ്രിട്ടസിന്റെയും എന്തിനധികം കരന്‍ താപറിന്റെ പോലും ഇന്റര്‍വ്യൂ രീതികള്‍ അവളുടെ മനസ്സിലുടെ പാഞ്ഞു പോയി . വീണയെ അധികം ചിന്തിപ്പിച്ചു ബുദ്ധിമുട്ടിക്കാതെ ഈവ സംസാരിച്ചു തുടങ്ങി .

" എങ്ങനെയുണ്ട് ബെര്‍ലിന്‍ ?"

" കേട്ടതിനെക്കാള്‍ മനോഹരം "

വീണ ഉത്സാഹത്തോടെ പറഞ്ഞു

"കണ്ടോ , ബെര്‍ലിന്‍ എന്ത് സുന്ദരിയാണ് .അവള്‍ എപ്പോഴും സന്തോഷവതിയാണ് .എത്ര വലിയ ദുഖത്തെയും സന്തോഷം കൊണ്ടു നേരിടാന്‍ അവള്‍ക്ക് അറിയാം .സന്തോഷം നിറഞ്ഞു നിന്നാല്‍ സൌന്ദര്യം വര്‍ദ്ധിക്കും . നിനക്ക് മാതാഹരിയെ അറിയില്ലേ? "

ഈവയുടെ വാക്കുകളില്‍ ലയിച്ചിരുന്ന വീണ പറഞ്ഞു .

"അറിയാം രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട ചാരവനിത" .

"ആ മാതാഹരി നൃത്തം ചെയ്തു നിറഞ്ഞ സന്തോഷത്തോടെയാണ് മരണത്തിലേക്ക് നടന്നു പോയത് . എത്ര പേരുടെ സിരകളില്‍ അഗ്നിയായി ജ്വലിച്ചവളാണ് അവള്‍ . ആ മാതാഹരിയുടെ മനസ്സാണ് ബെര്‍ലിന്‍ മണ്ണിനും .ആര് വന്നാലും സന്തോഷത്തോടെ സ്വീകരിക്കും എത്ര വലിയ ദുരന്തവും സന്തോഷത്തോടെ ഏറ്റുവാങ്ങും "

പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈവയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

" അതെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ "

വീണ സംശയത്തോടെ പാതി വഴിയില്‍ നിര്‍ത്തി . നടത്തത്തിന്റെ വേഗം കുറച്ചു അവളുടെ കണ്ണുകളില്‍ നോക്കി ഈവ പറഞ്ഞു .

"കുട്ടി ചോദിച്ചോളു"

"അല്ല, ഈവക്ക് എങ്ങനെയാണ് . ഹിറ്റ്ലരോട് ഇഷ്ടം തോന്നിയത് ?അങ്ങനെയുള്ള ഒരു മനുഷ്യനോടു ഏതെങ്കിലും പെണ്ണിന് ഇഷ്ടം തോന്നുമോ?"

വീണ്ടും കുപ്പിവളകള്‍ കിലുങ്ങി . ഈവ ചിരിക്കുകയാണ് എന്ന്‌ വീണക്ക് മനസ്സിലായി .വീണയുടെ കൈയിലിരുന്ന കാലിഡോസ്കോപ്പില്‍ തൊട്ടു കൊണ്ടു ഈവ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .

"കുട്ടി പ്രണയം ഒരു "കാലിഡോസ്കോപ്പ് " പോലെയാണ് . ഏത് ആങ്കിളില്‍ നിന്ന് നോക്കിയാലും വര്‍ണ്ണക്കുട്ടുകള്‍ മാത്രമേ കാണാന്‍ കഴിയു ".

വീണയുടെ കവിളില്‍ ചെറുതായി തട്ടി നിയോണ്‍ വിളക്കുകളുടെ വെളിച്ചം നിറഞ്ഞ വീഥിയിലുടെ ഈവ ബ്രൌണ്‍ ധൃതിയില്‍ ഓടിയകന്നു ..ആലിസിന്റെ അല്ഭുതലോകത്തിലെ മുയലിനെപ്പോലെ ...

വീണ കണ്ണുകള്‍ തുറന്നു ചുറ്റുപാടും പകച്ചു നോക്കി .എതിരെയിരുന്ന എം. ടി കഥയിലെ അമ്മയുടെ മുഖമുള്ള സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .

"എന്താ ഉറങ്ങിപ്പോയോ ?"

അതെ , എന്നര്‍ത്ഥത്തില്‍ തലയാട്ടുമ്പോഴും വീണയുടെ ഉള്ളിലെ സംശയം വിട്ടു മാറിയില്ല..

ട്രെയിനിലെ ജനലിലുടെ വീണ പുറത്തേക്ക് നോക്കി, അപ്പോള്‍ ട്രെയിന്‍ പേരറിയാത്ത ഏതോ ഒരു പുഴയുടെ മുകളിലുടെ പായുകയായിരുന്നു .


സമര്‍പ്പണം : സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തിന്........

Sunday, July 11, 2010

ആകാശത്തിലെത്ര നക്ഷത്രങ്ങള്‍?


നല്ല തെളിഞ്ഞ ആകാശം, നിറയെ നക്ഷത്രങ്ങള്‍;

വീടിന്റെ അര ഭിത്തിമേലിരുന്നു കുട്ടിമാളു നക്ഷത്രങ്ങളെണ്ണി ഒന്ന്....രണ്ട്.....മൂന്ന്...

"ഇതെന്താമ്മേ ഇത്രയും നക്ഷത്രങ്ങള്‍. എണ്ണീട്ടും എണ്ണീട്ടും തീരണില്ല."
കുട്ടിമാളുവിന്റെ ചോദ്യം കേട്ട അവള്‍ ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നു.
"എന്താ മോളെ?"

"ആകാശത്തിലെത്ര നക്ഷത്രങ്ങള്‍ ഉണ്ടമ്മേ?"

അവള്‍ കുട്ടിമാളുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഒരു അഞ്ച് വയസുകാരിയുടെ നിഷ്കളങ്കതക്കപ്പുറം തന്റെ മകളുടെ കണ്ണില്‍ പ്രതിഫലിക്കുന്ന ജിജ്ഞാസ അവള്‍ നോക്കി നിന്നു. ഉത്തരം പറയാതെ അവള്‍ ഭിത്തിയില്‍ തല ചായ്ച്ചു ഇരുന്നു.മനസ് വര്‍ഷങ്ങള്‍ക്ക് മുന്പിലേക്ക് പാഞ്ഞു. പാവാട ഒതുക്കി പിടിച്ച് മുറ്റത്ത്‌ നിന്ന് നക്ഷത്രങ്ങള്‍ എണ്ണവെ അമ്മ വിളിച്ചു.

"രോഹിണീ, രാത്രീലെന്താ മുറ്റത്ത്‌, പെണ്കുട്ടിയാന്നു വല്ല വിചാരവുമുണ്ടോ?"

"അമ്മേ, ഞാന്‍ നക്ഷത്രങ്ങളെ നോക്കുവാ?"

പൂമുഖത്ത് കയറി അമ്മയുടെ കഴുത്തില്‍ കൈ ചുറ്റി സംസാരിക്കുന്നതു ഇന്നലത്തേത് പോലെ തോന്നി അവള്‍ക്ക്.അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോള്‍ അവള്‍ ഓര്‍ത്തത് നക്ഷത്രങ്ങളെക്കുറിച്ചാണ്. നക്ഷത്രങ്ങള്‍ കത്തുന്ന ഗോളങ്ങള്‍ ആണെന്ന് ഫിസിക്സ് ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര നക്ഷത്രങ്ങള്‍ നമ്മുടെ നേത്രങ്ങള്‍ക്ക് ദൃശ്യവും അദൃശ്യവുമായി ഈ പ്രപഞ്ചത്തിലുന്ടെത്രേ.അമ്മയുടെ മടിയില്‍ നിന്നെഴുന്നേറ്റു അവള്‍ മുറ്റത്തേക്ക് ഓടി. ഇമ വെട്ടാതെ ആകാശത്തേക്ക് നോക്കി നില്‍ക്കെ പുറകിലെത്തിയ അമ്മ ചോദിച്ചു.

"എന്താ മോളെ? "

കുട്ടിക്കാലത്ത് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി അമ്മ ധ്രുവ നക്ഷത്രത്തിനെയും അരുന്ധതി നക്ഷത്രത്തെയും കാണിച്ചു തരുമായിരുന്നു. അമ്മ ഉത്തരം പറയാതെ അവളെത്തന്നെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു. "അപ്പോള്‍ 27 നക്ഷത്രങ്ങള്‍ മാത്രമല്ലല്ലോ ആകാശത്ത്?"

അവളെ ചേര്‍ത്തു പിടിച്ച് കൊണ്ടു അമ്മ ഉത്തരം പറഞ്ഞു.

"27 നക്ഷത്രങ്ങളെ 12 രാശികളായി തിരിക്കുന്നു. ഓരോ രാശിയും മൂന്നു നക്ഷത്രങ്ങളുടെ ഗണമാണ്‌. "
അവള്‍ വീണ്ടും ചോദിച്ചു.

"അപ്പോള്‍ രോഹിണിയോ?"

അരികില്‍ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ തലോടികൊണ്ട് അമ്മ പറഞ്ഞു.

"ആകാശ വീഥിയില്‍ ഒറ്റാലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നാല്‍പ്പത്തിരണ്ട് നക്ഷത്രങ്ങളുടെ കുട്ടമായ രോഹിണി ഇടവം രാശി യുടെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയുന്നു."

ഒരു ജ്യോതിഷിയെ പോലെ പറഞ്ഞു നിര്‍ത്തവെ അത്ഭുത സ്തബ്ധയായി അവള്‍ അമ്മയെ തന്നെ നോക്കി നിന്നു. വാത്സല്യത്തോടെ അമ്മ തുടര്ന്നു.

"രോഹിണി ഐശ്വര്യമുള്ള നക്ഷത്രമാണ്. ചന്ദ്രന്റെ പ്രിയ ഭാര്യയല്ലേ? മറ്റു നക്ഷത്രങ്ങളെക്കാള്‍ രോഹിണിയെ കൂടുതല്‍ സ്നേഹിച്ചത് കൊണ്ടല്ലേ ചന്ദ്രന് ദക്ഷന്റെ ശാപമേല്‍ക്കേണ്ടി വന്നത്."
ഒരു കള്ളച്ചിരിയോടെ അവള്‍ ചോദിച്ചു.

"അപ്പോള്‍ രോഹിണി ഐശ്വര്യമുള്ളവരായിരിക്കും അല്ലെ അമ്മേ? "അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിതുമ്പി. വിതുമ്പല്‍ കടിച്ചമര്‍ത്തി അമ്മ പറഞ്ഞു.

"ചേറില്‍ വളര്‍ന്നുപൊങ്ങി പരിലസിക്കുന്ന താമരപ്പൂവ് പോലെ സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നു ഉയര്‍ന്നു ഉന്നതസ്ഥാനം കൈവരിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍."

"പറ അമ്മേ, ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട്?"

കുട്ടിമാളുവിന്റെ ശബ്ദം അവളെ ഓര്‍മകളില്‍ നിന്നു ഉണര്‍ത്തി. കുട്ടിമാളുവിനെ പിടിച്ച് മടിയില്‍ കാലുകളില്‍ താളം തട്ടി അവള്‍ പറഞ്ഞു."മോളു ഉറങ്ങിക്കോ, നേരം ഒരുപാടായി."

കുട്ടിമാളു മിഴിപൂട്ടവേ അസ്വസ്ഥതയോടെ അവള്‍ ഓര്‍ത്തു, കുട്ടിമാളുവും രോഹിണി നക്ഷത്രമാണ്. പടി കടന്നെത്തുന്ന പതിവുകാരനെ കണ്ടു കുട്ടിമാളുവിനെ നിലത്തു കിടത്തി അവള്‍ മെല്ലെ എഴുന്നേറ്റു.

പൂമുഖത്ത് അവളെ ഒറ്റയ്ക്ക് കിടത്തി അവള്‍ അയാള്‍ക്ക് പുറകെ അകത്തേക്ക് നടന്നു. പൂമുഖഭിത്തിയില്‍ ഫ്രെയിം ചെയ്തു മാലയിട്ട, കുട്ടിമാളുവിന്റെ മുഖമുള്ള മനുഷ്യനില്‍ അവളുടെ കണ്ണുകള്‍ തങ്ങി. അനുവാദം ചോദിയ്ക്കാന്‍ എന്ന പോലെ അവളുടെ ചുണ്ടുകള്‍ അനങ്ങി. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു കഴിഞ്ഞിരുന്നു.വാതില്‍ കുറ്റിയിട്ടപ്പോള്‍ ഉറക്കത്തില്‍ കുട്ടിമാളു അവ്യെക്തമായി സംസാരിക്കുന്നതു അവള്‍ കേട്ടു.

"പറ, അമ്മേ, ആകാശത്തിലെത്ര നക്ഷത്രങ്ങള്‍ ഉണ്ട്?"

Monday, June 21, 2010

ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി ....


വെയിലിന്റെ ചൂട് രോമകൂപങ്ങള്‍ക്ക് ഇടയിലേക്ക് അരിചിരങ്ങിയപ്പോള്‍ വെയിലിനു വല്ലാത്ത തണുപ്പാണെന്ന് ശ്രീപ്രിയക്ക്‌ തോന്നി. അല്ലെങ്കിലും അഗ്നിയോടും ചൂടിനോടുമൊക്കെ ശ്രീപ്രിയക്ക്‌ പണ്ട് മുതലേ വല്ലാത്ത അഭിനിവേശമാണ്. അവളുടെ ശരീരത്തിന് വല്ലാത്ത തണുപ്പാണെന്ന് ആദ്യം ആരാണ് പറഞ്ഞതെന്ന് അവള്‍ക്കു ഓര്‍മയില്ല. പാമ്പിന്റെ രക്തമായിരിക്കും അതാ ഈ തണുപ്പെന്നു അവളെ എല്ലാരും കളിയാക്കിയിരുന്നു.

അതില്‍ പിന്നെ ശ്രീപ്രിയ തന്നെ തൊടാന്‍ ആരെയും സമ്മതിച്ചിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രിയതമന്‍ അവളെ ചേര്‍ത്തു പിടിച്ച് നിന്റെ ശരീരത്തിന് ചന്ദനത്തിന്റെ തണുപ്പാണെന്ന് പറഞ്ഞപ്പോഴാണ് ശ്രീപ്രിയ തന്റെ ശരീരത്തിന്റെ തണുപ്പിനെ ആദ്യമായി ഇഷ്ടപ്പെട്ടത്.

അത് കൊണ്ടു തന്നെ അവന്‍ അവളുടെ അഗ്നിയായിരുന്നു. നെയ്ത്തിരി പോലെ ചെറുതായി എരിഞ്ഞ് ഒടുവില്‍ കാട്ടുതീ പോലെ അവളില്‍ പടര്‍ന്നു കയറുന്ന അവനാണ് തീക്കു പോലും തണുപ്പുന്ടെന്നു അവള്‍ക്കു പറഞ്ഞു കൊടുത്തത്. പലപ്പോഴും ആ അഗ്നിയുടെ തണുപ്പ് അറിഞ്ഞു കിടക്കുമ്പോള്‍ ശ്രീപ്രിയ ഓര്‍ക്കുന്നത് സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്.

സ്കൂള്‍ ബസില്‍ രാകേഷിന്റെ അടുത്ത് ഇരിക്കുമ്പോഴും കോളേജില്‍ ചോറുപൊതി സതീഷും ഷിജുവുമായി പങ്കിട്ടു കഴിച്ചപ്പോഴും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് അവള്‍ക്കു തോന്നിയിട്ടില്ല.

പിന്നീടൊരിക്കല്‍ കോളേജില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനെ കുറിച്ച് സംസാരിക്കാന്‍ വന്ന ഒരു മഹതി സ്ത്രീകളുടെ അവകാശത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും സംസാരിച്ചപ്പോള്‍ ശ്രീപ്രിയക്കും സ്വാതന്ത്ര്യം വേണമെന്ന് ആദ്യമായി തോന്നി. എന്നാല്‍ തന്റെ പ്രസംഗത്തിന് ശേഷം മൊബൈലില്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് സമയം താമസിച്ചു കൂട്ടികൊണ്ട് പോകാന്‍ വരണെ എന്നവര്‍ പറയുന്നത് കേട്ടപ്പോള്‍ ശ്രീപ്രിയയുടെ ആഗ്രഹം ആവിയായി പോയി.

സ്ത്രീ സ്വാതന്ത്ര്യത്തിനു സ്നേഹമെന്നാണ് അര്‍ത്ഥമെന്നു അവള്‍ മനസിലാക്കിയത് നന്ദിനിയുടെയും ഹരിയുടെയും ജീവിതം കണ്ടാണ്‌. ആ സുഹൃത്തുക്കളുടെ സൌഹൃദവും പ്രണയവും അവള്‍ പലപ്പോഴും കൊതിയോടെയാണ് കണ്ടു നിന്നത്. നിനക്ക് എങ്ങനെ ഉള്ള ആളെ വേണമെന്ന് ആരേലും ചോദിക്കുമ്പോള്‍ അവള്‍ ഓര്‍ക്കും ഹരിയേട്ടനെ പോലെ ഒരാള്‍. പെട്ടെന്ന് തന്നെ അവള്‍ തിരുത്തും,

പക്ഷെ തനിക്ക് ഒരിക്കലും നന്ദിനി ആകാന്‍ കഴിയില്ലല്ലോ?

മനസിന്റെയും മനോരോഗങ്ങളുടെയും പുറകെ നടന്ന കാലങ്ങളില്‍ വര്‍ണ അന്ധത സ്ത്രീകള്‍ക്ക് വരില്ലെന്ന് പഠിച്ചപ്പോള്‍, കണ്ടോ? ദൈവം സ്ത്രീകളുടെ മിഴികള്‍ക്ക് തന്ന സ്വാതന്ത്ര്യം എന്നവള്‍ അഭിമാനത്തോടെ ഓര്‍ത്തു.

എങ്കിലും ഒറ്റയ്ക്ക് രാത്രിയില്‍ കടപ്പുറത്ത് ഇരിക്കാനും തട്ടുകടയില്‍ നിന്നു ചൂട് ദോശ കഴിക്കാനും ആഗ്രഹിച്ചപ്പോള്‍ ശ്രീപ്രിയക്ക്‌ തോന്നി ചിലപ്പോള്‍ സ്വാതന്ത്ര്യം ഒരു ലഹരിയാണെന്ന്. എന്നാല്‍ കൂട്ടുകാരോടൊപ്പം പോയി തട്ടുകടയില്‍ നിന്നു ആഹാരം കഴിച്ചും നൈറ്റ്‌ ഡ്യുട്ടിയുടെ ഇടവേളയില്‍ പതിനൊന്നാം നിലയില്‍ പോയി നിന്നു ഒറ്റയ്ക്ക് അകലെയുള്ള കടല്‍ കണ്ടും അവള്‍ ആ സ്വാതന്ത്ര്യം നേടി എടുത്തു.

എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ വേദന അവളുടെ പല സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയായി. എങ്കിലും ആ പാരതന്ത്ര്യത്തെ ശ്രീപ്രിയ ഇഷ്ടപെട്ടു. അല്ലെങ്കിലും ആ പാരതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമല്ലേ?

ആ പാരതന്ത്യതിന്റെ സമ്മാനം എന്നവണ്ണം ഒരു നാള്‍ ആദ്യം അഗ്നിയായും പിന്നീടു പെരുമഴയായും ഒരുവള്‍ ശ്രീപ്രിയയെ തേടി എത്തി.

അവള്‍ ശ്രീപ്രിയയുടെ ഉദരത്തിന്റെ ഇളം ചൂടില്‍ മയങ്ങി കിടന്നു അവളോട്‌ പറഞ്ഞു, " ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി...."

Saturday, June 12, 2010

അച്ഛന്‍


ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്കാദ്യമായി അച്ഛന്‍ വേണമെന്നു ആഗ്രഹം തോന്നുന്നത് .
ഗീതുവിന്റെ കൈ പിടിച്ചു അവളുടെ അച്ഛന്‍ നടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു നഷ്ടബോധം എനിക്ക് തോന്നി അഞ്ചു വയസുള്ളപ്പോള്‍ തോന്നിയ ആ നഷ്ടബോധം പിന്നെ ജീവിതത്തിലൊരിക്കലും മാറിയിട്ടില്ല അന്നൊക്കെ സ്കൂളിനോട് ചേര്‍ന്നുള്ള പള്ളി വരാന്തയില്‍ അച്ഛന്‍ വരുന്നതും കാത്തു ഞാനിരുന്നിട്ടുണ്ട്. നാലാംക്ലാസ് മുതല്‍ അയല്‍വീട്ടിലെ ലക്ഷ്മിയുടെ കൂടെ സ്കൂളില്‍ പോയി തുടങ്ങി എനിക്ക് മുന്നില്‍ അച്ഛന്റെ കൈ പിടിച്ചു അവള്‍ നടക്കും. അവരുടെ പുറകില്‍ നടന്ന എന്റെ മനസിലെ വികാരം അന്ന്‍ എന്തായിരുന്നു ?പകയോ അതോ അസൂയയോ എനിക്കതിന്നും അറിയില്ല.

പിന്നീടെപ്പോഴോ മനസിലായി അച്ഛന്‍ ഒരു കോണ്‍സെപ്റ്റ് ആണെന്ന് .ഏഴ് ഭാഷ സംസാരിക്കാന്‍ അറിയാവുന്ന അച്ഛന്‍, മനോഹരമായ ഭാഷയില്‍ മനോഹരമായ അക്ഷരത്തില്‍ കത്തുകള്‍ എഴുതുന്ന അച്ഛന്‍; കേട്ടറിവുകളില്‍ അച്ഛന്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഡയറി മില്‍ക്ക് ചോക്കലേറ്റും കൊണ്ടു അച്ഛന്‍ വരുമെന്ന് ഞാനൊരുപാട് സ്വപ്നം കണ്ടിട്ടുണ്ട് .അച്ഛന്‍ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അച്ഛന്റെ രൂപം മനസിലാക്കാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്ന് പണ്ടു അമ്മുമ്മ പറഞ്ഞിട്ടുണ്ട് അങ്ങനെ കണ്ണാടിക്കു മുന്നില്‍ നിന്നു ആ രൂപം മനസ്സില്‍ ആവാഹിചെടുക്കാന്‍ ഞാനൊരുപാട് ശ്രമിച്ചിട്ടുണ്ട് പക്ഷെ എനിക്കതിനു കഴിഞ്ഞിട്ടില്ല വരച്ചെടുക്കാന്‍ ആകാത്ത രേഖാചിത്രം പോലെ ആ രൂപം എന്റെ ഉള്ളില്‍ ഒരു നീറ്റലായി നിന്നു,എന്നും.നന്നായി പഠിച്ചപ്പോഴും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോഴും ഞാന്‍ പ്രതീക്ഷിച്ചു അച്ഛന്‍ വരും എന്റെ കവിളില്‍ തട്ടി എന്റെ മോള്‍ മിടുക്കിയാണെന്ന് പറയും.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചതിനെ പറ്റി വയലാര്‍ എഴുതിയ ആത്മാവില്‍ ഒരു ചിത ഞാന്‍ ആദ്യമായി കേട്ടത്.അച്ഛന്‍ മരിക്കുന്നത് അത്ര കുഴപ്പമില്ലാത്ത സംഗതിയാണെന്ന് എനിക്ക് മനസിലായത് അപ്പോഴാണ്.

അച്ഛന്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് 'ഹി ഈസ് നോ മോര്‍' എന്ന് ലാഹവത്തോടെ പറയാന്‍ ഞാന്‍ പഠിച്ചു അത് കേട്ടു പലരും ആം സോറി എന്ന് പറയുമ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു.എനിക്കപ്പോഴും ഉറപ്പുണ്ടായിരുന്നു ഒരു നാള്‍ വരും........അല്ലെങ്കില്‍ 'മകള്‍ക്ക്' എന്നെഴുതിയ ഒരു കത്ത് വരും. അച്ഛനില്ലാത്ത കുട്ടികളുടെ കഥകള്‍ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. അതിലെവിടെയെങ്കിലും അച്ഛന്‍ കുട്ടിയെ കാണാന്‍ വരുമോ എന്ന് ഞാന്‍ നോക്കി. പക്ഷെ എന്നെ വീര്‍പ്പുമുട്ടിച്ചു കൊണ്ടു എല്ലാ കഥകളും പ്രതീഷയില്‍ അവസാനിച്ചു.എന്റെ കോണ്‍സെപ്റ്റ് മെല്ലെ ഫാന്ടസിയിലേക്ക് വഴിമാറി.ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ഒരാളോട് അച്ഛന്‍ എന്ന് വരുമെന്ന് ചോദിച്ചുള്ളൂ അന്ന് അമ്മുമ്മ പറഞ്ഞു നിന്റെ അച്ഛന്‍ നിന്റെ കല്യാണത്തിന് വരും;നിന്റെ കൈ പിടിച്ചു നിന്റെ ചെറുക്കനു കൊടുക്കണ്ടേ അതവന്റെ അവകാശമാണ് .നീ നോക്കിക്കോ അവന്‍ വരും.ആ വാക്കുകള്‍ അതെന്റെ സ്വപ്നമായി മാറി. സ്വപ്നമോ അതോ ആഗ്രഹമോ?അല്ല അതെന്റെ മനസ്സില്‍ ആരുമറിയാതെ കൊണ്ടു നടന്ന അഭിലാഷമായിരുന്നു.

താലി കഴുത്തില്‍ വീണപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.ഞാനന്ന് എന്റെ അച്ഛനെ പ്രതീക്ഷിച്ചിരുന്നുവോ എന്തോ എനിക്കറിയില്ല.

അച്ഛനില്ലാത്ത കുറവ് എനിക്ക് ശരിക്കും മനസിലായത് എന്റെ കല്യാണത്തിന് ശേഷമാണ്. നിസ്സാര വഴക്കുകള്‍ക്കിടയില്‍ പോലും കുടുംബപശ്‌ചാത്തലം ഭര്‍ത്താവ് വലിചിഴക്കുമ്പോള്‍ ,പല രാത്രികളിലും ആരും കാണാതെ ഞാന്‍ കരയാറുണ്ട്.അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ പറയും, അച്ഛന്‍ അറിയുന്നുണ്ടോ എന്റെ മനസ്,അച്ഛന്റെ മകളായി പിറന്നത്‌ കൊണ്ടു മാത്രം ഞാന്‍ അനുഭവിക്കേണ്ടി വന്ന വേദന.

ഡിഗ്രി ക്ലാസ്സുകളില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു ടീച്ചര്‍ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞ വാക്കുകള്‍ അപ്പോള്‍ ഞാന്‍ ഓര്‍ക്കും,"മഹാന്മാരുടെയും മഹാനദികളുടെയും ഉത്ഭവസ്ഥാനം അന്വേക്ഷിക്കരുത്."

ഒരിക്കല്‍ പനിയുടെ ആധിക്യത്തില്‍ തളര്‍ന്നു കിടന്ന ഒരു ദിവസം എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വന്നു...തലമുടി മാടിയൊതുക്കി നെറുകയില്‍ തലോടി ആ ആള്‍ എന്നോട് പറഞ്ഞു...മോള്‍ക്ക്‌ പെട്ടെന്ന് സുഖമാവും....ടീവിയില്‍ നന്ദനം സിനിമയുടെ ക്ലൈമാക്സ് :നവ്യ നായര്‍ പറയുന്നു ഞാനെ കണ്ടുള്ളൂ ഞാന്‍ മാത്രമെ കണ്ടുള്ളൂ.......എനിക്കപ്പോള്‍ എന്ത് കൊണ്ടോ കരച്ചില്‍ വന്നു..........

കഥയിലായ്മ


അവളുടെ കഥകള്‍ക്ക് എല്ലാം കഥയിലായ്മയുടെ പ്രശ്നമുണ്ടെന്നു എല്ലാവരും അവളോട്‌ പറഞ്ഞു ഒരു വാരികയില്‍ അയച്ച കഥ ഇതേ അഭിപ്രായത്തോടെ മടങ്ങി വന്നപ്പോഴാണ് അവള്‍ അതെ കുറിച്ചു ബോധാവതിയായത് . അത് കൊണ്ടു എഴുതിയ കഥകള്‍ക്കെല്ലാം കടലാസ് കഷണങ്ങളുടെ മൂല്യമിട്ടു അക്രികാരന് നല്കി അവള്‍ കഥയിലായ്മയുടെ ഭാരം കുറച്ചു സ്വാതന്ത്ര്യം അനുഭവിച്ചു. ദിവസങ്ങള്‍ക്കു ശേഷം മറ്റാരുടെയോ പേരില്‍ അതെ വാരികയില്‍ അച്ചടിച്ചു വന്ന അവളുടെ നഷ്ടപ്പെട്ട കഥ അവളെ നോക്കി ചിരിച്ചപ്പോള്‍ അവള്‍ കഥയുടെ കഥയിലായ്മയെ കുറിച്ചു ഓര്ത്തു പോയി

Friday, June 4, 2010

രാധിക തിരക്കിലാണ്......




കരിഞ്ഞു പോയ പപ്പടം പൊട്ടിച്ചു വായിലിട്ടു കൊണ്ടു രാധിക ഗ്യാസിന്റെ തീ കുറച്ചു.

"ഇല്ല! അമ്മ കണ്ടില്ലആശ്വാസം".

അല്ലെങ്കില്‍ തന്നെ ശ്രദ്ധ കുറവാണെന്ന് പറഞ്ഞ് അമ്മ വഴക്ക് പറയാറുണ്ട്.

മരിച്ചു പോയ അമ്മതന്നെ വഴക്ക് പറയാനിനി എത്തില്ല എന്നവള്‍ ഓര്‍ത്തില്ല. തിരക്ക് കൂടുമ്പോള്‍ ശ്രദ്ധ കുറയുമെന്ന് പണ്ടേതോഅധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്. തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍ അന്തസത്ത വരെനഷ്ടപ്പെടാറുണ്ട്; പിന്നെയല്ലേ ജീവിതം.

ഒരു കഥ എഴുതാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ അക്ഷരങ്ങള്‍ മാത്രം ഹൃദയത്തില്‍ നിറഞ്ഞു നിന്ന നാളുകളെ അവള്‍ തെല്ല് അസൂയയോടെ ഓര്‍ക്കും. സമ്മാനം വാങ്ങിക്കാന്‍ വിറച്ചുവിറച്ചു സ്ട്യേജില്‍ കയറുമ്പോള്‍ മുഴങ്ങുന്ന സഹപാഠികളുടെ കൈയടികള്‍ അവള്‍ അപ്പോള്‍ കേള്‍ക്കും. പക്ഷെഇപ്പോള്‍ എന്താണ് തനിക്ക് പറ്റിയത്? ജീവിതം വേറെന്തോ ആണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്? ശരിക്ക്പറഞ്ഞാല്‍ തനിക്ക് ഓര്‍മയില്ല.....

ശ്രീകോവിലിലെ ശ്രീകൃഷ്ണനെ നോക്കി രാധിക പറഞ്ഞു.

"ഭഗവാനെ, എനിക്കൊരു കഥ എഴുതാന്‍ പറ്റിയെങ്ങില്‍....."
കൈയിലിരുന്ന ഓടക്കുഴല്‍ നിലത്തു വെച്ച് ഭഗവാന്‍ രാധികയെ ആര്‍ദ്രതയോടെ നോക്കി.

"എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി.
നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക".

രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.

രാധികയ്ക്ക് പെട്ടന്ന് പേടി തോന്നി. വെള്ള പാവാടയും ചുവന്ന ഉടുപ്പും അണിഞ്ഞ്‌ കുറ്റിചെടികളോട് കിന്നാരം പറഞ്ഞ് നടന്ന ബാലികയെ അവള്‍ക്കു ഓര്‍മ വന്നു.

തണുത്തു മരവിച്ച തറയില്‍ വെള്ളമുണ്ട് പുതച്ചു ശാന്തമായി ഉറങ്ങുന്ന അച്ഛന്റെ മുഖം അവളുടെ ഓര്‍മയില്‍ നിറഞ്ഞു. രാധിക സങ്കടത്തോടെ കെഞ്ചി.
"എനിക്കൊരു കഥ പറഞ്ഞ് തരോ അച്ഛാ?"

കാറ്റിലാടുന്ന തോണി പോലെ തീരമണയാന്‍ ആകാതെ അവള്‍ വീര്‍പ്പുമുട്ടി. ഏകാന്തമായ വീഥിയില്‍ ആകാശത്തിലെ തണലില്‍ രാധിക നടന്നു. രാധികയുടെ മനസ്സിലൂടെ അക്ഷരങ്ങള്‍ പറന്നു നടന്നു. മഴ പെയ്തു തുടങ്ങിയിരിക്കുന്നു. അവളുടെ മനസിന്റെ പൂട്ടുകള്‍ പൊട്ടിച്ചു കഥകള്‍ ദിക്കറിയാതെ ഒഴുകി. രാധിക കുട നിവര്ത്തിയില്ല.

കുടയുണ്ടയിട്ടും നനയുന്നതെന്തിനാണെന്ന് ആരോ ചോദിച്ചു. രാധിക മനസിലോര്‍ത്തു.
"ഇതൊരു നേര്‍ച്ചയാണ്‌, നേര്ച്ചയല്ല,
ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ....."

Thursday, June 3, 2010

പിറക്കാതെ പോയ മകള്‍


കൈയില്‍ പത്രവും പിടിച്ചു കസേരയില്‍ ചാരി ഇരിക്കുന്ന വാസുദേവന്‍‌ നായര്‍ അസ്വസ്തനാണെന്ന് രാധക്ക് തോന്നി. ടീപോയില്‍ ഇരിക്കുന്ന ചായ തണുത്തത്‌ അദേഹം അറിഞ്ഞില്ലെന്നു രാധക്ക് മനസിലായി. മുപ്പതു വര്ഷം ഒരുമിച്ചു കഴിഞ്ഞ നാളുകളില്‍ ഇത് വരെ അദേഹത്തെ ഇങ്ങനെ വിഷമിച്ചു കണ്ടിട്ടിലെന്നു അവര്‍ക്ക്ക് തോന്നി. മക്കളില്ലാത്ത വിഷമം പോലും പലപ്പോഴും തന്നില്‍ നിന്നും മറച്ചിരുന്ന അദേഹത്തിന് എന്താണ് സംഭവിച്ചത്? കൈലിരുന്ന പത്രം ടീപോയിലിട്ടു ചായയുടെ നേരെ നോക്കാതെ വാസുദേവന്‍‌ നായര്‍ കമ്പ്യൂട്ടറിന്റെ അരികിലേക് നടന്നു. മെയിലുകളിലൂടെ അദേഹത്തിന്റെ കണ്ണുകള്‍ ആകാംക്ഷയോടെ സഞ്ചരിച്ചു , എന്നിട്ട് കസേരയില്‍ ചാരി ഇരുന്നു കണ്ണുകളടച്ചു. "എന്താ ഗൌരി ഇന്നും മറുപടി അയച്ചില്ലേ ?" രാധയുടെ ശബ്ദം കേട്ടു വാസുദേവന്‍‌ നായര്‍ കണ്ണുകള്‍ തുറന്നു. ഗൌരിയുടെ പേര് കേട്ടപ്പോള്‍ വാസുദേവന്‍‌ നായരുടെ മനസ് ആദ്രമായി. ജോലിയില്‍ നിന്നു വിരമിച്ച ശേഷം സമയം പോകാതെ ബുദ്ധിമുട്ടിയപ്പോള്‍ ഒരു യുവ സുഹൃത്താണ്‌ ഇന്റെര്‍നെറ്റിന്റെ അനന്തതയെ പരിചയപ്പെടുത്തി തന്നത്. അച്ചടി മാധ്യമങ്ങളില്‍ ഉള്ളതിനെകാള്‍ നല്ല രചനകള്‍ പല ബ്ലോഗുകളിലും കണ്ടു. അങ്ങനെയിരിക്കെയാണ് ഗൌരിയുടെ ജ്വാല കാണുന്നത്. ഒറ്റ വായനയിലെ അത് ആകര്‍ഷിച്ചു. പിന്നീടു ജ്വാലയുടെ സ്ഥിരം വായനക്കാരനായി. വാര്ധക്യതോട് അടുത്തിട്ടും ഓര്‍ക്കുട്ടില്‍ മെമ്പര്‍ ആയതു ഗൌരിയുടെ സുഹൃത്താവാന്‍ വേണ്ടി ആയിരുന്നു. ഗൌരിയെ പരിചയപെട്ട ശേഷം വാസുദേവന്‍‌ നായരുടെ ജീവിതത്തില്‍ ഒരു താളം വന്നു. മാഷെ , എന്ന് സംബോധന ചെയ്തു തുടങ്ങുന്ന അവളുടെ മെയിലുകളിലൂടെ അദേഹം അവളുടെ നാടിനെ അറിഞ്ഞു. കിളച്ചു കൊണ്ടിരുന്ന സുധാകരന് 5000 രൂപ ലോട്ടറി അടിച്ചത് അറിഞ്ഞു ബോധം കെട്ടു വീണതും ഗൌരിയുടെ അമ്മ ആറ്റു നോറ്റു വളര്‍ത്തിയ തുളസിചെടി ആരോ മോഷ്ടിച്ചു കൊണ്ടു പോയത് അറിഞ്ഞു അമ്മ പട്ടിണി കിടന്നതും കോളേജിലെ തമാശകളും അവള്‍ മാഷിന് എഴുതി. ഗൌരിയുടെ നാട്ടു വിശേഷങ്ങളും കുസൃതികളും എല്ലാം അതിഭാവുകത്തോടെ വാസുദേവന്‍‌ നായര്‍ രാധക്ക് വര്‍ണ്ണിച്ചു കൊടുക്കാരുണ്ടായിരുന്നു. അധികം ആരോടും സംസാരിക്കാത്ത തന്റെ ഭര്‍ത്താവിന്റെ മാറ്റം രാധ അതിശയത്തോടെയാണ് കണ്ടത്. അതൊക്കെ കൊണ്ടു തന്നെ രാധക്ക് ഗൌരിയോട് എന്തന്നില്ലാത്ത സ്നേഹം തോന്നി. ഗൌരി അവളുടെ മാഷിന് അയക്കുന്ന മെയിലുകളില്‍ തന്നെ ചോദിക്കുന്ന വരികള്‍ കേള്‍ക്കാന്‍ അവരും കാത്തിരുന്നു തുടങ്ങി. 'മകള്‍ക്ക്' എന്നെഴുതി മാഷ് അയക്കുന്ന സ്നേഹസന്ദേശങ്ങള്‍ പലപ്പോഴും 'ശുഭദിനം' എന്ന് മാത്രമായിരിക്കും. എങ്കിലും അവളുടെ മെയിലുകള്‍ക്ക് മുടക്കം വന്നിട്ടില്ല. ഒരുപാടു വിശേഷങ്ങള്‍ കുത്തി നിറച്ച ആ മെയിലുകള്‍ വാസുദേവന്‍‌ നായര്‍ എന്ന വ്യെക്തിയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം ഗൌരി ഒരിക്കലും അറിഞ്ഞിരുന്നില്ല. ആ ഗൌരിയെയാണ് അഞ്ചു ദിവസമായി കാണാത്തത് . ഓര്‍ത്തപ്പോള്‍ വാസുദേവന്‍‌ നായര്‍ക്ക്‌ ദേഷ്യം വന്നു. ശരീരം വിയര്‍ക്കുന്നത് പോലെ തോന്നിയപ്പോള്‍ അദേഹം ബ്ലഡ്‌ പ്രേഷരിന്റെ ഗുളിക കഴിച്ചിട്ട് വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്നു. ഓര്‍ക്കുട്ടില്‍ ഗൌരിയുടെ ചിരിക്കുന്ന പല ഫോട്ടോകള്‍ നോക്കി കൊണ്ടിരിക്കെ അവള്‍ ഒരിക്കല്‍ പറഞ്ഞ വാചകം വാസുദേവന്‍‌ നായര്‍ക്ക്‌ ഓര്‍മ വന്നു. "മാഷെ, പലര്‍ക്കും ഇന്റെര്‍നെറ്റിലൂടെ സുഹൃത്തുകളേയും സഹോദരതുല്യരെയും ജീവിതപങ്കാളിയെയും കിട്ടും. പക്ഷെ ആദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് അച്ഛനെ പോലെ ഒരാളെ കിട്ടുന്നത് അല്ലെ....?". വാസുദേവന്‍‌ നായര്‍ പറഞ്ഞു, " അതെ എന്റെ മകള്‍, എനിക്ക് പിറക്കാതെ പോയ എന്റെ മകള്‍". കേട്ടു നിന്ന രാധയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ ഇതൊന്നും അറിയാതെ വെറും നിലത്തു ഗൌരി തണുത്തു മരവിച്ചു കിടക്കുകയായിരുന്നു.


സമര്‍പ്പണം : എന്റെ യെശോധരന്‍ മാഷിന്......

ഗ്രീഷ്‌മം തണുക്കുമ്പോള്‍.....


വൈശാഖമാസത്തിലെ സൂര്യന്‍ ഭൂമിയെ ചുട്ടുപൊളളിച്ചു കൊണ്ടിരുന്നു. മഞ്ഞ പട്ടുത്തരീയം കൊണ്ട്‌നെറ്റിയിലെ വിയര്‍പ്പു തുടച്ച്‌ സീത കാട്ടിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഒടുവില്‍ തളര്‍ന്ന്‌ ഒരുവൃക്ഷച്ചുവട്ടിലിരുന്നു.
കഴുത്തില്‍ കിടന്ന മഞ്ഞച്ചരടിലെ മംഗല്യസൂത്രം കൈയിലെടുത്തു അവള്‍ പതുക്കെ വിളിച്ചു. `ആര്യപുത്രാ...`.


നിശാഗന്ധിച്ചെടികളുടെ മറവില്‍ നിന്ന്‌ രാമനെ ഒളിച്ചു നോക്കിയ മൈഥിലിയായി അവള്‍ ഒരു വേള മാറി. സീതയുടെ മുഖത്ത്‌ ലജ്ജയുടെ നേരിയ ചുവപ്പു പടര്‍ന്നു.

തന്‍െറ വീര്‍ത്ത വയറിനു മേല്‍ കൈ വച്ച്‌ അവളോര്‍ത്തുതന്‍െറ മക്കള്‍, സൂര്യവംശത്തിന്‍െറ ഭാവിസമ്രാട്ടുകള്‍. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴേ സൂതികര്‍മ്മിണിപറഞ്ഞിരുന്നു ഇരട്ടമക്കളായിരിക്കുമെന്ന്‌.

സീതക്ക്‌ അപ്പോള്‍ എന്തുകൊണ്ടോ തന്‍െറ അച്‌ഛനെ ഓര്‍മ വന്നു, ജനകനെയല്ല, മൂവുലകങ്ങളെയും വിറപ്പിക്കാന്‍ കെല്‌പുളള തന്‍െറ അച്‌ഛനെ, ശ്രീജിതനായ രാവണനെ.

പേരറിയാത്ത ഏതോ ഒരു വൃക്ഷത്തണലിലിരുന്നപ്പോള്‍ അശോകവനികയിലെ ശിംശപാവൃക്ഷച്ചുവട്ടിലാണ്‌താനെന്ന്‌ സീതക്കു തോന്നി.

നികുംഭിലയില്‍ നിന്ന്‌ രാവണന്‍െറ പഞ്ചചാമരം കേള്‍ക്കുന്നുണ്ടോ?

സീതകണ്ണുകളടച്ചിരുന്നു.

തോളില്‍ ഒരു തണുത്ത കരസ്‌പര്‍ശം. സീത കണ്ണുകള്‍ തുറന്നു. നരച്ചു തുടങ്ങിയ വെളള വസ്‌ത്രം, പണ്ടെന്നോസുന്ദരിയായിരുന്നുവെന്നോര്‍മിപ്പിക്കുന്ന മുഖം, ഛേദിക്കപ്പെട്ട നാസിക. ഞെട്ടലോടെ സീത തിരിച്ചറിഞ്ഞു. ശൂര്‍പ്പണഖ! ഭയന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയ സീതയെ പിടിച്ചിരുത്തി കൊണ്ട്‌ ശൂര്‍പ്പണഖ പറഞ്ഞു.

`പേടിക്കേണ്ട, അനാഥയായ സീതയെ കൊന്നിട്ട്‌ ശൂര്‍പ്പണഖയ്ക്ക് ഒന്നും നേടാനില്ല. എന്താ ജാനകിയെ മിഥിലക്കുംവേണ്ടാതായോ?`

ശൂര്‍പ്പണഖയുടെ സ്വരത്തില്‍ പരിഹാസമായിരുന്നോ? സീതക്ക്‌ തിരിച്ചറിയാനായില്ല.

കൈയിലിരുന്ന മണ്‍പാത്രത്തിലെ ജലം ശൂര്‍പ്പണഖ സീതക്കു നേരെ നീട്ടി. ഒന്നു സംശയിച്ച ശേഷം സീത അതു വാങ്ങികുടിച്ചു.

ശൂര്‍പ്പണഖ സീതയെ താങ്ങിയെഴുന്നേല്‌പിച്ചു.

`ആ കുന്നിന്‍െറ താഴ്‌വരയില്‍ വാല്‌മീകിയുടെ ആശ്രമമാണ്‌. നിനക്കവിടെ അഭയം ലഭിക്കും.`

വനവീഥികളിലൂടെ സീതയുടെ കൈ പിടിച്ച്‌ ശൂര്‍പ്പണഖ നടന്നു.

അകലെ ആശ്രമം കണ്‍മുന്നില്‍ തെളിഞ്ഞപ്പോള്‍ ശൂര്‍പ്പണഖ പറഞ്ഞു.

`സീത നടന്നോളൂ, ഞങ്ങള്‍ നിശാചരര്‍ക്ക്‌ ഇവിടെ വരയെ പ്രവേശനമുളളൂ.`

നടക്കാനാഞ്ഞ സീത നിന്നു. അവള്‍ ശൂര്‍പ്പണഖയെ പുണര്‍ന്നു. ആ പരിരംഭണത്തില്‍ രാക്ഷസിയും മനുഷ്യസ്‌ത്രീയുംഒന്നായി. കൊന്നവന്‍െറ ഭാര്യയും മരിച്ചവന്‍െറ സഹോദരിയും ഒന്നായി. സീതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

നന്ദി പറയാനാഞ്ഞ സീതയെ ശൂര്‍പ്പണഖ വിലക്കി.

`വേണ്ട, പറയാത്ത ഒരു ബന്ധം നമുക്കിടയിലുണ്ടല്ലോ? അതങ്ങനെ തന്നെ നില്‍ക്കട്ടെ.`

സീത നടന്നു. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ യാജ്‌ഞവല്‌ക്യന്‍െറ പാഠശാലയില്‍ പണ്ട്‌ പഠിച്ചത്‌ സീത ഓര്‍ത്തു.

വാല്‌മീകിയുടെ ആശ്രമകവാടത്തിലേക്ക്‌ സീത കാലെടുത്തു വച്ചപ്പോള്‍ അന്തരീക്ഷത്തിലെ ഗ്രീഷ്‌മത്തെ തണുപ്പിച്ചുകൊണ്ട്‌ മഴ പെയ്‌തു. ഒപ്പം സീതയുടെ മനസ്സിലും...

കൃഷ്ണ നീ...


ഉള്ളി അരിയുന്നതിനിടയില്‍ വിരല്‍ മുറിഞ്ഞു, മഞ്ഞത്തുണി കൊണ്ടു അവന്‍ വിരല്‍ കെട്ടി തന്നപ്പോള്‍ എനിക്ക് സങ്കടം വന്നു.

എന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ടു അവന്‍ ചോദിച്ചു.'എന്താ എന്തു പറ്റി ? '

അവന്റെ കുസൃതികണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു.

'എന്നെ ഇതു വരെ ആരും ഇത്ര കെയര്‍ ചെയ്തിട്ടില്ല'
'നിന്റെ ഭര്‍ത്താവും ...?'

അവന്‍ ചോദിച്ചു.അതിന് ഞാന്‍ ഉത്തരം പറഞ്ഞില്ല.അവന്‍ ഉത്തരം പ്രതീക്ഷിച്ചുമില്ല

അടുക്കളയിലെ സ്ലാബിലിരുന്നു ചിരകി വച്ചിരുന്ന തേങ്ങയെടുത്ത് വായിലിട്ടു കൊണ്ടു അവന്‍ ചോദിച്ചു

'നിനക്കു ഏറെ ഇഷ്ടം ആരെയാണ്?'
'നിന്നെയും എന്റെ ഭര്‍ത്താവിനേയും 'ഞാന്‍ ഒട്ടുമാലോചിക്കാതെ ഉത്തരം പറഞ്ഞു.

'രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കാനാകുമോ?അത് വെറുതെ നിനക്കു നിന്റെ ഭര്‍ത്താവിനെയാ ഇഷ്ടം അല്ലെ?

'എന്തേ നിനക്കു അസൂയ്യ തോന്നുന്നുണ്ടോ? ഞാന്‍ ചിരിയോടെ ചോദിച്ചു.

'ആ...ഇത്തിരി' അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി അവന്‍ മാടി ഒതുക്കി.

എനിക്കപ്പോള്‍ അവനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി.നിറഞ്ഞു തുടങ്ങിയ എന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടു അവന്‍ പറഞ്ഞു.

'എനിക്ക് കരയുന്ന കുട്ടികളെ ഇഷ്ടമല്ല.'

'ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ ചിരിക്കാന്‍ പഠിച്ചത് നിന്നെ കണ്ടാണ്; പക്ഷെ ചിലപ്പോഴൊക്കെ ഞാന്‍ ഞാനാകാറുണ്ട് ' ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.

എന്റെ കവിളില്‍ തിണര്‍ത്തു കിടക്കുന്ന പാടില്‍ വിരലോടിച്ചു അവന്‍ ചോദിച്ചു,'ഇതു എന്ത് പറ്റി?'
'എന്നെ അടിച്ചതാ ...'ഞാന്‍ മറുപടി പറഞ്ഞു എന്തിനാ എന്നവന്‍ ചോദിക്കുന്നതിനു മുമ്പ്‌ ഞാന്‍ പറഞ്ഞു.

'ഭര്‍ത്താവിന്റെ ചേടത്തിയെ അവള്‍ എന്ന് പറഞ്ഞതിനാ ...എനിക്കവളെ ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അതിനു ദേഷ്യം വന്നു.'

സ്വതസിദ്ധമായ ചിരിയോടെ അവന്‍ ചോദിച്ചു.
'അതെന്താ നിനെക്കവളെ ഇഷ്ടമില്ലാതെ?'
'അവള്ക്ക് അച്ഛന്‍ ഉണ്ട് . അവളുടെ അച്ഛനുമായി അവള്‍ നല്ല കൂട്ടാണ് . അതാ...'

ഞാന്‍ ലാഘവത്തോടെ പറഞ്ഞപ്പോള്‍ അവന്‍ ഒന്നു ഞെട്ടിയോ?ഞാന്‍ കണ്ടില്ല.

ഇല്ല ഞെട്ടില്ല !അവന് എന്നെ അറിയാമെല്ലോ? അവന് മാത്രമല്ലെ എന്നെ അറിയാവു.

അപ്പോള്‍ എന്നെ ചേര്ത്തു പിടിച്ചു അവന്‍ പറഞ്ഞു.'എന്റെ കുട്ടി എന്താ ഇങ്ങനെ ?നിനക്കു ഞാനില്ലേ അച്ഛന്റെ സംരക്ഷണം വേണം എന്ന് തോന്നുമ്പോള്‍ അച്ഛനും കുസൃതിതിയുള്ള സഹോദരനവുമൊക്കെയായി സ്നേഹം വാരിക്കോരി തരുന്ന കൂട്ടുകാരനായി ...ഞാന്‍ പോരെ നിനക്കു?

ശരിയെന്നു ഉണ്ടായിരുന്നു. എപ്പോഴും കരയുമ്പോള്‍ ആശ്വസിപ്പിക്കാനും സമനില തെറ്റുമ്പോള്‍ നെഞ്ചോടു ചേര്ത്തു പിടിച്ചു ധൈര്യം തരാനും വീണു പോയപ്പോഴൊക്കെ താങ്ങാനും അവന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.

ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. 'നിന്റെ ഭരത് വന്നെന്നു തോന്നുന്നു.ഞാന്‍ പോകുന്നു.'
വീട്ടിലേക്ക് കയറി വന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് ഞാന്‍ പോകുമ്പോള്‍ മേശപ്പുറത്തിരുന്ന മഞ്ഞത്തുണി ചുറ്റിയ മയില്‍പ്പീലിയും ഓടക്കുഴലുമുള്ള പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹം എന്നെ നോക്കി ചിരിച്ചു.

അവന് പോകാന്‍ പറ്റുമോ ?എന്നെ ഉപേക്ഷിച്ച്...

ഓരോ കഥക്ക് പിന്നിലും....


കറുത്ത ബാഗും തൂക്കി ഇടവഴിയിലൂടെ ഞാന്‍ നടന്നു.രണ്ടായി പിന്നിയിട്ട മുടി മുമ്പില്‍ നിന്നു പിന്നിലേക്കു ഞാന്‍ എടുത്തിട്ടു.അകലെയായി വീട് കണ്മുമ്പില്‍ തെളിഞ്ഞപ്പോഴാണ്‌ ഞാനത് കണ്ടത് വീടിനു മുന്പില്‍ ഒരാള്‍ക്കൂട്ടം എന്റെ കാലുകള്‍ക്കു വേഗമേറി.മുറ്റത്ത്‌ നില്‍ക്കുന്നവരാരും എന്നെ ശ്രദ്ധിക്കുന്നില്ല അവര്‍ക്കിടയിലൂടെ ഞാന്‍ വീടിനുള്ളിലേക്ക് നടന്നു.പതിവു പോലെ അച്ഛന്‍ ചാരുകസേരയില്‍ ഇരിക്കുന്നു.കറുത്ത ഫ്രെയിമുള്ള കണ്ണടക്കുള്ളില്‍ ഉരുണ്ട നീര്‍മുത്തുകള്‍ അങ്ങനെ ഒരു മുഖഭാവം അച്ഛനില്‍ ഞാനാദ്യം കാണുകയായിരുന്നു.ചാരുകസേരയുടെ കൈലിരുന്നു ഞാന്‍ അച്ഛനെ തൊട്ടു എന്തോ അച്ഛനതരിഞ്ഞില്ല.എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു.ഞാനെന്റെ മുറിയിലേക്ക് നടന്നു കട്ടിലിലേക്ക് ബാഗ്‌ വലിച്ചെറിഞ്ഞു .ദേഷ്യം അടങ്ങിയപ്പോള്‍ ബാഗ്‌ കൈലെടുത്തു തൊട്ടു കണ്ണില്‍ വച്ചു.അപ്പോഴാണ് ഞാനത് കണ്ടത് എന്റെ അലമാര ആരോ തുറന്നിരിക്കുന്നു ഉടുപ്പുകളെല്ലാം വലിച്ചു വാരി നിലത്തിട്ടിരിക്കുന്നു. അടുക്കി വയ്ക്കാം എന്നോര്‍ത്ത് എഴുനെട്ടപ്പോഴാണ് വിഷ്ണുവിന്റെ തേങ്ങി കരച്ചില്‍ കേട്ടത്.അതിലെന്തോ പ്രത്യേകത ഉണ്ടെന്നു എനിക്ക് തോന്നി.പല്ലാംകുഴി കളിച്ചു തോല്‍ക്കുമ്പോഴും വഴക്കുണ്ടാക്കുമ്പോഴും അവന്‍ കരയുന്നത് ഇങ്ങനെ അല്ല.അച്ഛന്‍ ഉണ്ടെങ്കില്‍ അവന്‍ ഉച്ചത്തില്‍ കരയാറില്ല.അച്ഛന്‍ കണ്ടാല്‍ രണ്ടു പേരെയും അടിക്കും.ഞാന്‍ അമ്മയുടെ ഫോട്ടോക്ക് മുന്നില്‍ നിന്നു മാത്രമെ കരയാറ് ഉള്ളു .പുറത്തു വീണ്ടും എന്തൊക്കെയോ ബഹളം കേള്‍ക്കുന്നു .ഞാന്‍ മുറിക്കു പുറത്തേക്ക് നടന്നു.
അച്ഛന്‍ പതിവായി കാണാറുള്ള ചാനലിലെ ചേച്ചി അച്ഛനോടെന്തോ ചോദിക്കുന്നു.അച്ഛന്‍ തിരിച്ചൊന്നും പറയുന്നില്ല .
അച്ഛന്‍ പഠിപ്പിക്കുന്ന ചേട്ടന്മാര്‍ മുറ്റത്ത്‌ നില്ക്കുന്നു.അച്ഛന്‍ എന്തെ അവരെ ശ്രദ്ധിക്കുന്നില്ല. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ശ്യാം ചേട്ടന്റെ മുഖത്തും വല്ലാത്ത വിഷമം .ശ്യാം ചേട്ടന്‍ ഇന്നലെ കൊണ്ടു തന്ന ചിപ്സിന്റെ പാക്കറ്റ് പൊട്ടിക്കാതെ അടുക്കളയില്‍ ഇരിക്കുന്ന കാര്യം അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌.ഞാന്‍ എടുത്തുകൊടുത്തിലെങ്കില്‍ വിഷ്ണു ഒന്നും കഴിക്കില്ല ഞാന്‍ മരിച്ചു പോയാല്‍ നിനക്കു കഴിക്കാന്‍ ആരെടുത്തു തരുമെന്നു ഞാനവനോട് ചോദിച്ചിട്ടുണ്ട്.അപ്പോള്‍ വേറെ ഒരു ചേച്ചിയെ വാങ്ങുമെന്ന് അവന്‍ പറയാറുണ്ട്.അത് കേട്ടു അച്ഛന്‍ ഞങ്ങളെ ഒരുപാടു വഴക്ക് പറഞ്ഞു.അല്ലെങ്ങിലും മരണത്തെ കുറിച്ചു ഒന്നും കേള്‍ക്കാന്‍ അച്ചനിഷ്ടമില്ല.ഓരോ ജീവിതവും ഓരോ കഥ പോലെയാണെന്ന് അന്ന് അച്ഛന്‍ പറഞ്ഞു.ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്കും നാലാം ക്ലാസ്സില്‍ പഠിക്കുന്ന വിഷ്ണുവിനും അതൊന്നും മനസിലായി കൂടിയില്ല.പക്ഷെ,ഇനി അച്ഛനെ വിഷമിപ്പിക്കുന്ന മരനെത്തെ കുറിച്ചു ഒന്നും പറയില്ലെന്ന് ഞാനും വിഷ്ണുവും അന്ന് വിളക്കില്‍ തൊട്ടു സത്യം ചെയ്തു.
മുറ്റത്ത്‌ ഏതോ വണ്ടിയുടെ ശബ്ദം .വീടും പരിസരവും പെട്ടെന്ന് നിശബ്ദമായത് പോലെ.ഞാന്‍ പെട്ടന്ന് മുറ്റത്തേക്ക്‌ നടന്നു.ആംബുലന്‍സില്‍ നിന്നും ഒരു വെളുത്ത പൊതിക്കെട്ട് എടുക്കുന്നത് ഞാന്‍ കണ്ടു.അച്ഛന്‍ കസേരയില്‍ കണ്ണടച്ചിരിക്കുന്നു.വിഷ്ണു ഓടി വന്നു അച്ഛന്റെ കാല്ക്കലിരുന്നു.
അച്ഛന്‍ കഴിഞ്ഞ ഓണത്തിന് വാങ്ങി തന്ന എന്റെ മാല ഒരു പോലീസ് മാമന്‍ അച്ഛന്റെ നേര്‍ക്ക്‌ നീട്ടുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അച്ഛന്‍ അത് വാങ്ങിയില്ല.രാവിലെ അപ്പുറത്തെ വീടിലെ ജിത്തുവിന്റെ അച്ഛന്‍ എന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത മാലയല്ലേ അത്? എന്നാലും ജിത്തുവിന്റെ അച്ഛന്‍ എന്നോട്........അതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്കെന്തോ ശ്വാസം മുട്ടുനത് പോലെ തോന്നി.
പിന്നീട് അതൊന്നും ഓര്‍ക്കാതെ ഞാന്‍ അടുക്കളയിലേക്കു നടന്നു.രാത്രി ദോശക്കു മുളക് ചട്ണി ഉണ്ടാക്കാന്‍...........

Monday, May 31, 2010

സില്‍സില


ആശുപത്രികിടക്കയില്‍ വേറെ പണിഒന്നുമില്ലാത്തത് കൊണ്ട് മുകളില്‍ കറങ്ങുന്നഫാനും നോക്കി കിടന്നപ്പോള്‍ സിബിളിന്റെഫോണ്‍ വന്നു. ആശുപത്രിയില്‍ ആയ ശേഷംഫോണ്‍ ബെല്‍ ചെയ്യുന്നത് കാണുമ്പോള്‍ത്രിശൂര്‍ പൂരത്തിന് കുടമാറ്റം കണ്ടസന്തോഷമാണ് തോന്നുന്നത്. എന്നും വിളിച്ചുരോഗ വിവരം അന്വേക്ഷിക്കുന്നത് കൊണ്ട്സിബിളിന്റെ ഫോണ്‍ കണ്ടപ്പോള്‍ എനിക്ക്പ്രത്യേകത ഒന്നും തോന്നിയില്ല. വളരെകാര്യമായി ഫോണ്‍ എടുത്ത എന്നോട്എങ്ങനെ ഇരിക്കുന്നു എന്ന് ചോദിക്കാതെ അവന്‍ പറഞ്ഞു, " സഖാവെ, ഒരു മെയില്‍അയച്ചിട്ടുണ്ട് വീട്ടില്‍ ചെന്നാല്‍ ഉടന്‍ അത് നോക്കണം. " ഞങ്ങള്‍ പറയാറുള്ള കോഡ് വാചകം (നമുക്ക് പറ്റൂല്ലേ....) പോലും പറയാതെ അവന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍എനിക്കെന്തോ പന്തികേട്‌ തോന്നി. ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയപ്പോള്‍സത്യത്തില്‍ ഞാന്‍ മെയിലിന്റെ കാര്യം മറന്നു പോയി. പക്ഷെ സിബിള്‍ ഭായ് അല്ലെആള്‍ മറക്കുമോ? അത് കണ്ടോ എന്നവന്‍ വിളിച്ചു ചോദിച്ചു. ഇല്ല കാണാം എന്ന് ഞാന്‍ഉറപ്പു കൊടുത്തു. അത്മഹത്യ ചെയ്യുന്നതാണ് ഇതിലും ഭേദമെന്നു അടിക്കുറുപ്പ്‌ കൊടുത്തുഅവന്‍ ഒരു ലിങ്ക് അയച്ചിരിക്കുന്നു. ഡോക്ടര്‍ പരിപൂര്‍ണ വിശ്രമം നിഷ്കര്‍ഷിചിടുള്ളത്കൊണ്ട് ഞാന്‍ അത് കാണാന്‍ ധൈര്യപെട്ടില്ല. പിന്നെ സിബിളല്ലേ, അവന്‍ പാമ്പ് എലിയെപിടിക്കുന്നതിന്റെയും ബൈക്കില്‍ നിന്നു വീഴുന്നതിന്റെയും വീഡിയോസ് ഒക്കെ അയച്ചുതരാരുള്ളത് കൊണ്ട് എനിക്ക് വലിയ ആകാംഷ തോന്നിയതുമില്ല. പക്ഷെ സിബിള്‍ എന്നെവീണ്ടും വിളിച്ചു. ഇത്തവണ അവന്‍ നിര്‍ബന്ധിച്ചു. ഒരു നല്ല സൌഹൃദംനഷ്ട്ടപെടാതിരിക്കാന്‍ വേണ്ടി ഞാന്‍ ലിങ്ക് തുറന്നു. പാട്ട് ആണെന്ന് തോന്നിപ്പിക്കുന്നഎന്തോ കേള്‍ക്കുന്നു. "സില്‍സില ഹൈ സില്‍സില...." എനിക്കൊന്നും മനസിലായില്ലഎന്റെ ത്യാഗരാജ ഭാഗവതരെ...അടുക്കളയില്‍ നിന്നു അമ്മ ഓടി വന്നു. "ഇതെന്താ ഇവിടെ, ഞാനീ വീട്ടില്‍ നിന്നു ഇറങ്ങി പോണോ? " അമ്മയുടെ വാക്കുകള്‍ ഞാന്‍ മുഖവിലക്കെടുതില്ലഅല്ലെങ്കിലും അമ്മക്ക് സംഗീത സെന്‍സ് കുറവാണ്. ഷെഹ്നായി ഇട്ടാല്‍ ഇത് രാജിവ്ഗാന്ധി മരിച്ചപ്പോള്‍ ടീവിയില്‍ കേള്‍പ്പിച്ച പാട്ടല്ലേ എന്ന് ചോദിക്കുന്ന ആളാണ് അമ്മ. ഞാന്‍ സിബിളിനെ ഫോണ്‍ ചെയ്തു, ഭായ് എന്ന് വിളിച്ചിട്ടുള്ളത് കൊണ്ട് മാത്രം അവനോടുസംസാരിച്ചപ്പോള്‍ ഞാന്‍ സംയമനം പാലിച്ചു. " എങ്ങനെ ഉണ്ട്?" എന്നവന്‍ചോദിച്ചപ്പോള്‍ " സംഗീത ലോകത്തിനു വേണ്ടി എന്റെ 12 വര്ഷം ഞാന്‍ സമര്‍പ്പിക്കട്ടെ
"എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അസുഖം മാറി ജോലിയില്‍ പ്രവേശിച്ചു. എവിടെയും സില്സിലയെ കുറിച്ച് മാത്രമേ പറഞ്ഞ്കേള്‍ക്കാന്‍ ഉള്ളു. സില്സിലയുടെ പ്രശസ്തി എന്നെ അല്‍പ്പമൊന്നു ഭ്രമിപ്പിച്ചു. ഒരിക്കല്‍ ഊണ്കഴിക്കുന്നതിനിടയില്‍ ഞാന്‍ മൃദുലയോട് പറഞ്ഞു, " നമുക്കും സില്‍സില പോലെ ഒരുആല്‍ബം ഇറക്കിയാലോ, ഞാന്‍ വരികള്‍ എഴുതാം നിന്റെ വക സംഗീതം ഹണിയെകൊണ്ട് പാടിക്കാം." മൃദുല ദയനീയമായി എന്നെ നോക്കിയിട്ട് പറഞ്ഞു. " അപ്പോള്‍എന്തായാലും മൂന്നു കുടുംബങ്ങള്‍ അനാഥമാകും അല്ലെ ? "


(സിബിള്‍ എനിക്ക് അയച്ചു തന്ന ലിങ്ക് ചുവടെ ചേര്‍ക്കുന്നു......)

BETTER TO SUICIDE !!!!

http://www.youtube.com/watch?v=SlT_0TjfRq0


A WNDRFL ND AMAZING
ROMANTIC SONG I HAD
EVR SEEN IN MA LIFE !!!!!

[ I DARE YOU TO WATCH THIS !!! ]


Saturday, May 8, 2010

ഓര്‍മയിലെ മുല്ലപ്പൂക്കള്‍....


കുന്നിന്‍പുറത്ത്, പാലപ്പൂക്കള്‍ വീണു കിടക്കുന്ന വഴിത്താരകളുള്ള , നീലാമ്പല്‍ വിടര്‍ന്നു നില്‍കുന്ന കുളമുള്ള മഹാത്മാവിന്റെ പേരുള്ള എന്റെ കലാലയമാണ് എന്നെ അക്ഷരങ്ങളോട് കൂടുതല്‍ അടുപ്പിച്ചത്. ആ കലാലയത്തില്‍ മനശാസ്ത്രം പഠിച്ച മൂന്ന് വര്ഷം എന്റെ അക്ഷരലോകത്തിനു നല്‍കിയ സംഭാവന വില പിടിച്ചതായിരുന്നു. ഓണത്തിന് ഡിപാര്‍ട്മെന്റിന്റെ വക ഒരു കൈയെഴുത്തുമാസിക പുറത്തിറക്കണമെന്ന ആശയം എനിക്ക് തോന്നി. അത് ടീച്ചര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് നൂറുവട്ടം സമ്മതം. പറയാതെ കാത്തു വച്ച പ്രണയം ഓര്‍ക്കാപുറത്ത് വിജയിച്ച കൌമാരകാരിയെ പോലെ ഞാന്‍ 'മനസ് ' എന്ന മാസികയുടെ ജോലി തുടങ്ങി. പേജു തികക്കാന്‍ വേണ്ടി പല പേരുകളില്‍ കഥയെഴുതി. ആകാശത്തെയും നക്ഷത്രങ്ങളെയും മഴയെയും കൂട്ട് പിടിച്ചു എഡിറ്റോറിയല്‍ എഴുതി. പേരിനു താഴെ സ്റ്റുടെന്റ് എഡിറ്റര്‍ എന്നെഴുതി സായൂജ്യമടഞ്ഞു. മാസികയുടെ പണി ഏകദേശം പൂര്‍ത്തിയായി. ഇനി കവര്‍ പേജു വരച്ചു ബയണ്ട് ചെയ്താല്‍ മതി. വര എനിക്ക് അറിയാത്ത പണി ആയതു കൊണ്ട് അറിയാവുന്നവരെ ഏല്‍പ്പിച്ചു. മാസിക പ്രകാശനം ആര് നടത്തുമെന്നതായി എന്റെ അടുത്ത ചിന്ത. എന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന അപ്പൂപ്പനോടു ഈ ആശങ്കയും പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം മേശപുറത്തിരുന്ന ഒരു പുസ്തകം എടുത്തു അപ്പൂപ്പന്‍ എന്നോട് ചോദിച്ചു, ഇദ്ദേഹം പോരെ നിന്റെ 'മനസ് ' പ്രകാശനം ചെയ്യാന്‍? ഞാന്‍ നോക്കി, ഉള്‍ക്കടല്‍ ; ജോര്‍ജ് ഓണക്കൂര്‍. ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയ മനസുമായി ഞാന്‍ പിറ്റേന്ന് കോളേജില്‍ ചെന്നു. ഓണക്കൂര്‍ സാറിന്റെ പേര് കേട്ടപ്പോഴേ ശക്തി സാറിന് ആവേശമായി. അദേഹത്തെ കൂട്ടി കൊണ്ട് വരാമെന്ന് ശക്തി സര്‍ ഏറ്റു. പ്രകാശനത്തിന്റെ തലേ ദിവസവും കവര്‍ പേജു ശരിയായില്ല. ഒരു ബ്ലാങ്ക് പേജു മുന്നില്‍ വച്ച് മാസിക ബയണ്ട് ചെയ്തു (ഒരു വഴിയുമില്ലാതായാല്‍ പുതിയ സ്റൈല്‍ എന്ന രീതിയില്‍ പരീക്ഷിക്കാമെന്നു കരുതി). പ്രകാശന ദിവസം ശക്തി സര്‍ ഒരു കടലാസ് കൊണ്ട് വന്നു എന്റെ കൈയില്‍ തന്നു, മനസിന്റെ കവര്‍ പേജ്. ഞാന്‍ അത് ഫെവികോള്‍ വച്ച് ശ്രദ്ധയോടെ ഒട്ടിച്ചു. വര്‍ണകടലാസ് കൊണ്ട് പൊതിയുംബോഴാണ് ഫെവികോളിന്റെ ഗന്ധം ഇത്ര വൃത്തികെട്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അത് മറയ്ക്കാന്‍ വേണ്ടി എന്റെ മുടിയില്‍ ചൂടിയിരുന്ന മുല്ലപ്പൂക്കള്‍ അടര്‍ത്തിയെടുത്തു അതിലിട്ടു. ഭദ്രമായി പൊതിഞ്ഞ ആ കെട്ട് ഓണക്കൂര്‍ സര്‍ തുറക്കുന്നത് ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു. പൊതികെട്ടില്‍ നിന്നു മുല്ലപ്പൂക്കള്‍ കൊഴിഞ്ഞു വീണപ്പോള്‍" ഹോ അത് കലക്കി" എന്ന് എന്റെ അടുത്ത് നിന്നു പറഞ്ഞത് ആരായിരുന്നു? ഞാനത് ഓര്‍ക്കുന്നില്ല. പ്രകാശനത്തിന് ശേഷം ഓണക്കൂര്‍ സര്‍ ഞങ്ങളോട് സംസാരിച്ചു. " എനിക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്ററോഡു പരിഭവമുണ്ട്..." എന്ന് പറഞ്ഞാണ് അദേഹം സംസാരം ആരംഭിച്ചത്. ഞാന്‍ ഞെട്ടലോടെ നോക്കിയപ്പോള്‍ അദേഹം തുടര്‍ന്നു. അദേഹത്തിന്റെ കലാലയ ജീവിത കാലഘട്ടത്തില്‍ , അദേഹത്തിന് ഒരു അജ്ഞാത ആരാധിക ഉണ്ടായിരുന്നു. മനോഹരമായ കൈയക്ഷരത്തില്‍ അവര്‍ അദേഹത്തിന് കത്തുകള്‍ എഴുതിയിരുന്നു. പ്രത്യേകത ഇതൊന്നുമല്ല ആ കത്തുകള്‍ക്കൊപ്പം എപ്പോഴും ഒരുപിടി മുല്ലപ്പൂക്കള്‍ കാണുമായിരുന്നു. ആ ഓര്‍മകളിലേക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്റര്‍എന്നെ കൂട്ടി കൊണ്ട് പോയി എന്ന് പറഞ്ഞ് അദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോള്‍ ആ കണ്ണുകളില്‍ എന്തായിരുന്നു? അദേഹം പറഞ്ഞത് പോലെ പരിഭവമോ പിണക്കമോ നോവോ സ്നേഹമോ വാത്സല്യമോ? എനിക്കറിയില്ല.......

Thursday, April 29, 2010

തന്റെതല്ലാത്ത കാരണത്താല്‍........


കണ്ണാടിയില്‍ നോക്കി മുടി ചീകുമ്പോള്‍ ഞായറാഴ്ചയായിട്ടും ഓഫീസില്‍ പോകേണ്ടി വന്നതിന്റെ ആലസ്യം മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഷെല്‍ഫില്‍ പൊട്ടിനായി പരതുബോഴാണ് വരാന്തയിലിരുന്നു അമ്മ പത്രം വായിക്കുന്ന ശബ്ദം കേട്ടത്. "

തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാവ്‌, 31 വയസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍."

അത് കേട്ടിലെന്നു ബോധപൂര്‍വം നടിച്ചു ഞാനെന്റെ ഐ ഡി കാര്‍ഡ് തിരഞ്ഞു. തിടുക്കത്തില്‍ പോകാനിരങ്ങിയപ്പോള്‍ നമുക്കിയാളെ ആലോചിച്ചാലോ എന്നമ്മ ചോദിച്ചു.

ബുദ്ധിയുള്ള ആളാണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കി. കൂടുതല്‍ സംസാരിപ്പിച്ചു അമ്മയെ ബുദ്ധിമുട്ടിപ്പിക്കാതെ ഞാന്‍ വേഗം പുറത്തേക്കിറങ്ങി. നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?

ഒരുപക്ഷെ അനീഷും വിവാഹപരസ്യം കൊടുത്താല്‍ ഇങ്ങനെ ആവില്ലേ വയ്ക്കുക. മനപ്പൂര്‍വം മറന്ന ചിലതൊക്കെ മനസിലേക്ക് കടന്നു വന്നു. പട്ടുപാവാടയും കുപ്പിവളകളും അണിഞ്ഞു നടന്ന പെണ്‍കുട്ടിയില്‍ നിന്ന് ഐ ടി കമ്പനിയില്‍ പഞ്ച് ചെയ്തു കയറുന്ന ഒരു പ്രൊഫഷണലിലേക്കുളള ദൂരം എത്രയായിരുന്നു? ഞാന്‍ ഓര്‍ത്തു.

ജീവിതം വഴിത്താരകളില്‍ എവിടെയോ നഷ്ട്ടപ്പെട്ടത്‌ ഞാന്‍ അറിഞ്ഞില്ല. കരയാന്‍ മറന്നിട്ടു വര്‍ഷങ്ങളായെന്ന് ഞാന്‍ അഭിമാനത്തോടെയാണ് ഓര്‍മിച്ചത്‌. വീണ്ടും ഒരിക്കല്‍ കൂടി താലി അണിയാന്‍ എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ എന്റെ മനസിന്‌ യോജിക്കുന്ന ഒരാള്‍ വരട്ടെ എന്ന് പറഞ്ഞു ഒഴിയുന്നത് സത്യത്തില്‍ പേടിയായിട്ടാണ്.

വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ശരീരത്തിലെ മുറിവിന്റെ പാടുകളാണ്. പിന്നീടു കട്ടിലിന്റെ കാല്‍ക്കല്‍ കെട്ടിയിട്ടപ്പോള്‍ കരഞ്ഞു തീര്‍ത്ത രാത്രികളും. എന്റെ മകളുടെ ജീവിതം തകര്‍ന്നല്ലോ എന്നമ്മ വിഷമിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും കുറച്ചു നാളത്തെ ആ ജീവിതമാണ്‌ എന്നെ എല്ലാത്തിനെയും ലാഹവത്തോടെ കാണാന്‍ പഠിപ്പിച്ചത്, ചിരിക്കാന്‍ പഠിപ്പിച്ചത്, തമാശ പറയാന്‍ പഠിപ്പിച്ചത്. അനീഷിനോടുള്ള വാശിയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അത് കൊണ്ട് തന്നെ അനീഷിനോട് ജീവിച്ച നാളുകള്‍ ഒരു നഷ്ടമായി എനിക്ക് തോന്നിയിട്ടില്ല. ഒരിക്കല്‍ പ്രണയിച്ചു പോയത് തെറ്റാണെന്നു തോന്നിയിട്ടില്ല, പക്ഷെ അത് അയാളെ ആയതില്‍ വിഷമമുണ്ട്.

ബാഗിനുളില്‍ നിന്ന് "കൃഷ്ണ നീ ബേഗനേ..." കേട്ടപ്പോള്‍ ചൂട് പിടിച്ച ചിന്തകള്‍ തെല്ല് തണുത്തു. ജ്യോതിയാണ് വിളിച്ചത്, അവളുടെ പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍ വേറെ കല്യാണം ഉറപ്പിചിരിക്കുന്നതിനെ പറ്റി വിഷമം പറയാനാണ് വിളിക്കുന്നത്‌. സ്വപ്‌നങ്ങള്‍ എപ്പോഴും സ്വപ്‌നങ്ങള്‍ ആയിരിക്കുന്നതാണ് നല്ലതെന്നും യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ സൌന്ദര്യം നഷ്ട്ടപെടുമെന്നും അവളോട്‌ പറഞ്ഞു ഞാന്‍ ജ്യോതിയെ വൃഥാ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഫോണ്‍ ഓഫ്‌ ചെയ്തു ബാഗില്‍ ഇട്ടപ്പോള്‍, അകലെ നിന്ന് ബസ്‌ വരുന്നത് കണ്ടു.

ഓടി കയറി സീറ്റില്‍ ഇരുന്നപ്പോള്‍ വ്യെത്യസ്തമായ ഒരു റിംഗ് ടോണ്‍ കേട്ടു; " മംഗല്യം തന്തു നാ ദേന മമ ജീവന .......". ഞാന്‍ ഓര്‍ത്തു ഇപ്പോഴും അമ്മ പത്രത്തില്‍ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാക്കളെ തിരയുകയയിരിക്കാം.

Monday, April 19, 2010

തരൂരും പാപ്പിയും പിന്നെ സനിലേട്ടനും.........


ശശി തരൂര്‍ രാജി വച്ചതിന്റെ പിറ്റേ ദിവസം, സ്വതവേ ബഹളമയമായ ഞങ്ങളുടെ ഓഫീസ്റൂം അന്ന് ശാന്തമായിരുന്നു. അത് തരൂര്‍ രാജി വച്ചതിന്റെ വിഷമം കൊണ്ടല്ല, അവിടെ സ്ഥിരം ബഹളം വയ്ക്കുന്ന എനിക്ക് അന്ന് വയ്യാതിരുന്നത്‌ കൊണ്ടാണ്. എന്റെ സഹപ്രവര്‍ത്തകരില്‍ പാപ്പി എന്ന് അറിയപ്പെടുന്ന പ്രവീണിന് ശശി തരൂരിനോട് കടുത്ത ആരാധനയാണ്. അത് കൊണ്ട് തന്നെ തരൂര്‍ പോകുന്നതിന്റെ വിഷമം അവന്റെ മുഖത്ത്കാണാമായിരുന്നു. രാജകീയമായി വിളിച്ചു വരുത്തിയിട്ട് അപമാനിച്ചു വിട്ടു എന്നൊക്കെപറഞ്ഞു ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ (പ്രകോപിപ്പിക്കാന്‍) ശ്രമിച്ചു. അങ്ങനെ ഇരിക്കെ ഞങ്ങളുടെ എല്ലാം സഹോദരനും വഴികാട്ടിയുമായ സനിലേട്ടന്‍ എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന സനില്‍ ഷാ കടന്നു വന്നു. ശശി തരൂരിനെ പറഞ്ഞു വിട്ടപ്പോള്‍ നിങ്ങള്‍ക്കൊക്കെ തൃപ്തിയായല്ലോ എന്ന് സനിലേട്ടന്‍ വന്നപാടെ ചോദിച്ചു. സനിലേട്ടാ, തരൂര്‍ പോയതില്‍ പ്രവീണ്‍ വലിയ വിഷമത്തിലാ; ഞാന്‍ തമാശ രൂപേണ പറഞ്ഞു. വാക്കുകള്‍ ഒരു വെടിക്കെട്ടിന് തിരി കൊളുത്തുകയാണെന്നു ഞാന്‍ അറിഞ്ഞില്ല. സനിലേട്ടന്‍ തരൂരിനെഎതിര്‍ത്ത് എന്തൊക്കെയോ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ ശ്രദ്ധിച്ചില്ല. പാപ്പി ഏറ്റു പിടിച്ചു, പിന്നെ ഞങ്ങള്‍ക്ക് അതൊരു കാഴ്ചയായിരുന്നു.
"സനിലേട്ടാ, ശശിജിക്ക് ക്രിക്കറ്റിനോട് ഭയങ്കര ക്രൈസാണ് അപ്പോള്‍ കേരളത്തിന്‌ സ്വന്തമായി ഒരു ടീം വേണമെന്ന്ആഗ്രഹം തോന്നി അത് തെറ്റാണോ? " പാപ്പിയുടെ നിര്‍ദോഷമായ സംശയം ഇതായിരുന്നു.
"അതിനു സുനന്ദയുടെ പേരില്‍ എഴുപതു കോടിയുടെ ഷെയര്‍ എന്തിനാ? " സനിലേട്ടന്റെ ചോദ്യത്തില്‍ പക്ഷെപാപ്പി പതറിയില്ല.
" അത് സനിലേട്ടാ, നമ്മുടെ അമ്പലത്തില്‍ ഒരു ആനയെ വാങ്ങുന്നു അല്ലെങ്കില്‍ അന്നദാനം നടത്തുന്നു അപ്പോള്‍നമ്മള്‍ ഒരു പങ്കു അച്ഛന്റെ പേരില്‍ കൊടുക്കുന്നു. അത് പോലെ അല്ലെ ഇതും, അദ്ദേഹം കാമുകിയുടെ പേരില്‍ഷെയര്‍ ഇട്ടു അത്രയേയുള്ളൂ ." പാപ്പി ആവേശത്തോടെ പറഞ്ഞു നിര്‍ത്തി.
കാമുകി അല്ല സുഹൃത്ത്‌, ഇടയ്ക്കു ഞാന്‍ ഓര്‍മിപ്പിക്കാന്‍ മറന്നില്ല.
" എനിക്കും നിനക്കുമൊക്കെ നിക്ഷേപിക്കാന്‍ അവകാശമുണ്ട്‌ പക്ഷെ മന്‍മോഹന്‍ സിങ്ങിനും ശശിതരൂരിനുമൊന്നും അവകാശമില്ല. അവരൊക്കെ ജന പ്രതിനിധികളാണ്. അവര്‍ അതൊക്കെ ചെയ്യുമ്പോള്‍ അഴിമതി, കുംഭകോണം എന്നൊക്കെ പേരിടാം. " സനിലേട്ടന്‍ പറഞ്ഞു.
തര്‍ക്കം മുറുകി തുടങ്ങി (വിശധീകരിക്കുന്നില്ല, എനിക്ക് ഇനിയും ഓഫീസില്‍ പോകണം എന്നുണ്ട് ). ഞാന്‍നോക്കിയപ്പോള്‍ എന്റെ സുഹൃത്ത്‌ മൃദുല കസേരയില്‍ ചാരി കിടന്നു ചിരിക്കുന്നു. സ്വതവേ ചിരിക്കാന്‍ബുദ്ധിമുട്ടുള്ള അനുരാജിന്റെ മുഖത്തും ചിരി പടരുന്നു.
" യു എന്നില്‍ ആയിരുന്നപ്പോള്‍ ശശിജി എന്തൊക്കെ ചെയ്തു, അദ്ദേഹം ഇല്ലായിരുന്നെങ്ങില്‍ സോമാലിയക്ക്‌ എന്ത്സംഭവിക്കുമായിരുന്നു.......??" പാപ്പിയുടെ ആവേശത്തിന് യാതൊരു കുറവുമില്ലായിരുന്നു.
"സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ ഇരിക്കുന്നു, പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത്എനിക്കത് ഇഷ്ടമല്ല........." എന്റെ ആത്മഗതം അല്പം ഉച്ചത്തില്‍ ആയി പോയോ, എനിക്കറിയില്ല......