Monday, March 29, 2010

വിദ്യാലക്ഷ്മിയുടെ ആവലാതികള്‍


ഞാറാഴ്ച സൂര്യന്റെ കിരണങ്ങള്‍ ജനലിലൂടെ അരിച്ചിരങ്ങുന്നത്‌ നോക്കി കൊണ്ട് വിദ്യാലക്ഷ്മി കട്ടിലില്‍ കിടന്നു. സമയം ഒന്പത് കഴിഞ്ഞിട്ടും അവള്‍ക്കു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. വെറുതെ എഴുന്നേറ്റാല്‍ പോരെല്ലോ എന്തെല്ലാം പണി കിടക്കുന്നു.

പുറത്തു കതകു തുറക്കുന്ന ശബ്ദം വിദ്യാലക്ഷ്മി കേട്ടു. പുറത്തു നടക്കാന്‍ പോയ ഭര്‍ത്താവു തിരികെ വന്നതാവാം എന്നവള്‍ ഓര്‍ത്തു. എന്നിട്ടുമവള്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റില്ല.

മുറിയിലേക്ക് കടന്നു വന്ന അനൂപ്‌ അവളെ വാതില്‍ കുറ്റി ഇടാത്തതിന് ശാസിച്ചു . അവള്‍ മറുപടി പറയാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക്‌ നടന്നു.

അടുക്കളയില്‍ ദോശ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ നീല ഷര്‍ട്ട്‌ കഴുകി ഇടണേ എന്ന അനൂപിന്റെ വാക്കുകള്‍ വിദ്യാലക്ഷ്മി കേട്ടത്. സ്വന്തം കാര്യം നോക്കാന്‍ മകനെ ശീലിപ്പിക്കാത്ത അമ്മായിഅമ്മയോട് അവള്‍ക്കു അരിശം തോന്നി.

വിദ്യാലക്ഷ്മിയുടെ അരിശം എരിവിന്റെ രൂപത്തില്‍ ചട്നിയില്‍ കൂടി. വിശപ്പുണ്ടായിരുന്നിട്ടും പകുതി ദോശ കഴിച്ചപ്പോഴേക്കും അവള്‍ക്കു മതിയായി.

ആഹാരമൊക്കെ കാപ്സൂള്‍ രൂപത്തില്‍ വേണ്ടിയിരുന്നു എന്നവള്‍ക്ക് തോന്നി. എന്നാല്‍ കഴിക്കാന്‍ എത്ര എളുപ്പമായിരുന്നു. അടുക്കള പണി തീര്‍ക്കാന്‍ അവള്‍ പതിവിലും അധികം സമയമെടുത്തു.

കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ അവള്‍ക്കു വല്ലാത്ത മടി തോന്നി. ഓര്‍ക്കുട്ടിലെ തന്റെ പഴയ ഫോട്ടോ കണ്ടപ്പോള്‍ ഒന്നാമതായി പരീക്ഷ പാസായ, നൃത്തം ചെയ്യാന്‍ അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിദ്യാലക്ഷ്മിക്ക് ഓര്‍മ വന്നു.

ചുവരില്‍ തൂക്കിയിരിക്കുന്ന ഫോട്ടോയില്‍ അനൂപിന്റെ അടുത്ത് നില്‍ക്കുന്ന തന്റെ രൂപവുമായി ആ പെണ്ക്കുട്ടിക്കു സാമ്യമില്ല എന്ന് അവള്‍ ഓര്‍ത്തു.

കൈതപൂവുള്ള ആമാടപെട്ടിയില്‍, സിന്ദൂരചെപ്പിന്റെ ഉള്ളിലാണ് വിദ്യാലക്ഷ്മി തന്റെ ആദ്യ പ്രണയം സൂക്ഷിച്ചത്. അത് കൊണ്ട് തന്നെ ആ പ്രണയത്തിനു കൈതപൂവിന്റെ മണവും സിന്ദൂരത്തിന്റെ നിറവും ആയിരുന്നു.

ഇടക്കെപ്പോഴോ ആ പ്രണയം വഴിത്താരകളില്‍ നഷ്ട്ടപ്പെട്ടപ്പോള്‍ വിദ്യാലക്ഷ്മിക്ക് നഷ്ട്ടപെട്ടത് മനസിന്റെ താളമായിരുന്നു. ഡോക്ടര്‍മാര്‍ അതിനെ ബൈപോളാര്‍ രോഗമെന്ന് പേരിട്ടു നിസ്സാരമാക്കി എന്ന് അവള്‍ക്കു പലപ്പോഴും പരിഭവം തോന്നിയിരുന്നു. അച്ഛന്റെയും അമ്മയുടെയും ദുഃഖം വിദ്യാലക്ഷ്മിയെ അനൂപിന്റെ ഭാര്യയാക്കി.

രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ ആക്സിന്റെ ബോഡി സ്പ്രയുടേയും മാന്‍ഷന്‍ ഹൌസിന്റെയും ഗന്ധമുള്ള അനൂപിന്റെ ശരീരം വിദ്യാലക്ഷ്മിയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ആ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴൊക്കെ ചെടികളില്‍ പരാഗണം നടക്കും പോലെ മനുഷ്യരില്‍ ഗര്‍ഭധാരണം നടന്നെങ്ങില്‍ എന്നവള്‍ ആശിക്കാറുണ്ട്.

ഒരു ദിവസം കൂടി ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു വീണപ്പോള്‍ നാളെ നേരം പുലരാതിരുന്നെങ്ങില്‍ എന്ന് പതിവ് പോലെ വിദ്യാലക്ഷ്മി ആശിച്ചു പോയി.
Saturday, March 27, 2010

വോഡ്ക


പ്രസ്‌ ക്ലബിലെ സുഹൃത്ത്‌ അനിലയാണ് വോഡ്കയെ കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അവളുടെ ഭാഷയില്‍പറഞ്ഞാല്‍ റഷ്യന്‍ വിപ്ലവ സുന്ദരി. അനിലയുടെ മോഹിപ്പിക്കുന്ന വാക്കുകള്‍ക്ക് അടിമപ്പെട്ടു ഞാന്‍ വോഡ്കയെകുറിച്ച് കൂടുതല്‍ അന്വേക്ഷിച്ചു. മദ്യം എന്ന ആണുങ്ങളുടെ സ്വകാര്യ അഹന്തയില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടിയെന്നുപറയപ്പെടുന്നവള്‍ ആണെത്രേ ആ റഷ്യന്‍ സുന്ദരി. ആ അറിവ് എന്നെ സന്തോഷിപ്പിച്ചു. വോഡ്ക ഒന്ന് രുചിച്ചുനോക്കണമെന്ന ആഗ്രഹം അങ്ങനെ മനസ്സില്‍ ഉദിച്ചു. എന്നാലും മദ്യം, മദ്യം തന്നെയല്ലേ? കിട്ടാനുള്ള പ്രയാസംകൊണ്ട് ആ ആഗ്രഹം മനസിലടക്കി. ഗൂഗിളിന്റെ ഇമേജുകളില്‍ പലകുറി വോഡ്ക കണ്ടു ഞാന്‍സായൂജ്യമടഞ്ഞു. അങ്ങനെയിരിക്കെ അനില വോഡ്ക കഴിച്ചു. അതിന്റെ എരിവും നാരങ്ങനീരുമായിചേരുമ്പോള്‍ ഉണ്ടാകുന്ന ഇളം മണവും അതിന്റെ രഹരിയില്‍ കവിത എഴുതിയതും അവള്‍ വര്‍ണ്ണിച്ചു. അസുയയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു, എന്നാലും നിനക്കെന്നെ വിളിക്കാന്‍ തോന്നിയില്ലല്ലോ? ഞാന്‍ ഒരുമദ്യപാനി അല്ല എന്ന് അവള്‍ക്കു തോന്നിയത് കൊണ്ടാവാം അവള്‍ വിളിക്കാത്തതെന്ന് ഞാന്‍ സമാധാനിക്കാന്‍ശ്രെമിച്ചു, വെറുതെ.........കഴിഞ്ഞ ദിവസം ഞാന്‍ അനിലയുടെ ബ്ലോഗ്‌ വായിച്ചു. വോഡ്ക കഴിച്ച അനുഭവത്തെകുറിച്ച് അവള്‍ എഴുതിയ പോസ്റ്റ്‌ ശ്രദ്ധയില്‍ പെട്ടു. വോഡ്ക കഴിക്കാന്‍ ആഗ്രഹിച്ചു നടന്ന നിമിഷങ്ങളെ പറ്റിഅവള്‍ കാര്യമായി എഴുതിയിരിക്കുന്നു. വായിച്ചു വന്നപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. എന്റെ സ്വപ്നങ്ങളുടെചീട്ടുകൊട്ടാരം തകര്‍ത്തു കൊണ്ട് അവള്‍ എഴുതിയിരിക്കുന്നു, വോഡ്ക ഒന്നുമല്ലെന്ന്.........അവളില്‍ നിന്ന്ഇതിലുമധികം ഞാന്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞാണ് അനില പോസ്റ്റ്‌ അവസാനിപ്പിച്ചിരിക്കുന്നത്. എന്റെമനസ്സില്‍ ദുഷ്ടേ! എന്നൊരു വിളി ഉടഞ്ഞു വീണു. ഒപ്പം വോഡ്ക കഴിക്കണം എന്ന ആഗ്രഹവും.........