Thursday, August 19, 2010

ഒറ്റ കോളത്തിലെ അനുഭവങ്ങള്‍


" ഞങ്ങള്‍ ഒരുമിച്ചു നഷത്രങ്ങളെ ഉന്നം വച്ചു , ഗോളങ്ങളെ വലം വക്കുന്നത് സ്വപ്നം കണ്ടു ഒരു മേശക്കു ചുറ്റുമിരുന്ന് സ്നേഹം പങ്കുവച്ചു .{ ആ സ്നേഹത്തിനു ചിലപ്പോഴൊക്കെ അടുത്ത കടയിലെ ചുടുള്ള ഉണിയപ്പത്തിന്റെ രുചിയായിരുന്നു } സന്തോഷിച്ചു തര്‍ക്കിച്ചു കലഹിച്ചു .


" എഴുതികഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി . "{{അതോ സന്തോഷമോ അറിയില്ല "}അലുമിനി മീറ്റിങ്ങിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് എഴുതാന്‍ ഒരു മണിക്കൂര്‍ ആയി ശ്രമിക്കുന്നു. ഇത്രയെങ്കിലും ഒപ്പിക്കാന്‍ പറ്റി ., അതും പത്മനാഭനും എം.ടി.യും ആനന്ദും സഹായിച്ചത് കൊണ്ട് മാത്രം.. ഇപ്പോള്‍ ദിവ്യയും അനിലയും സീതയുമൊക്കെ തകര്‍ത്തുവച്ചു എഴുതുകയയിരിക്കും . ആര് ആദ്യം എഴുതുമെന്നു കാണാമല്ലോ എന്ന്‌ പിരിയുമ്പോള്‍ പറഞ്ഞിരുന്നു. അവരാരെങ്കിലും തങ്ങളുടെ അനുഭവങ്ങള്‍ പോസ്റ്റ്‌ ചെയ്തോ എന്നറിയാന്‍ ഇടയ്ക്കിടയ്ക്ക് അവരുടെ ബ്ലോഗുകള്‍ പരതി നോക്കികൊണ്ടിരുന്നു " ഹാവൂ :ഇതുവരെയും ഒന്നും ഇട്ടിട്ടില്ല .ഈയിടെയായി വാക്കുകള്‍ക്ക് അല്പം .ദാരിദ്രം അനുഭവിക്കുന്നുണ്ടോ എന്നൊരു സംശയം .{ പറയുന്നത് കേട്ടാല്‍ തോന്നും പണ്ട് വാക്കുകള്‍ അനര്‍ഗള നിര്‍ഗളമായി ഒഴുകുമെന്ന് } :

എവിടെ? ആധുനിക സാഹിത്യകാരന്മാരെ കുട്ടുപ്പിടിച്ചിട്ടു രക്ഷയില്ല .... അതുകൊണ്ട് രാമായണം തന്നെ കൈവച്ചു. { കര്‍ക്കിടകമാസം അല്ലെ ചിലപ്പോള്‍ അല്പം പുണ്യം ബോണസായി കിട്ടിയാലോ എന്ന സ്വാര്‍ത്ഥ താല്‍പര്യവും ഇതിനു പിന്നിലുണ്ട് }.

തപ്പിത്തടഞ്ഞു വായിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ഇത് നമുക്ക്‌ പറ്റിയ പണി യല്ലെന്ന് ,,എഴുത്തച്ഛന്‍റെ കിളിയെ സമ്മതിക്കണം ഡിഗ്രിക്ക് മലയാളം സെക്കന്റ് ലങ്ഗ്വാജ് പഠിച്ച എനിക്ക് പോലും വായിക്കാന്‍ പറ്റുന്നില്ല. ,,,യു കിളി ദ് ഗ്രേറ്റ് ... :.അസ്വസ്ഥതയോടെ ഞാന്‍ കസേരയില്‍ ചാരികിടന്നു.. സത്യത്തില്‍ ഇ അലുമിനി മീറ്റിനെക്കുറിച്ച്‌ എന്താ എഴുതുക ? നമ്മളൊന്നും മാറിയിട്ടില്ല എന്ന്‌ സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ചില പ്രഹസനങ്ങള്‍ ... കഴിഞ്ഞ കാലത്തേ വേദനയോടെ ഓര്‍ക്കുന്നുവെന്നും അക്കലമായിരുന്നു സുന്ദരമെന്നും ഓരോരുത്തരും വികാരഭരിതമായി സംസാരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു. സത്യത്തില്‍ ഈ കാലത്തെ അല്ലെ നമ്മള്‍ കുടുതല്‍ ഇഷ്ടപ്പെടുന്നത്. ജോലി, വരുമാനം, കുടുംബം, കുട്ടികള്‍ ഇവയെയോക്കെയല്ലേ നാം സ്നേഹിക്കുന്നത് അതോ "ഒരു രൂപ എസ്, ടി ടിക്കറ്റില്‍ കോളേജില്‍ പോയിരുന്ന അച്ഛന്‍റെ പോക്കറ്റ് മണി കൊണ്ട് വല്ലപ്പോഴും പരിപ്പുവട കഴിച്ചിരുന്ന ആ കാലത്തെയാണോ ? "അന്താരഷ്ട്ര ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ പോയത് ഈ അലുമിനി മീറ്റിനെക്കള്‍ സുഖകരമായ ഓര്‍മ്മയായിരുന്നു. ബുക്കുലെട്റ്റ് വായിച്ച് സിനിമ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടുകാര്‍ എനിക്ക് തന്നിരുന്നു { കൂട്ടത്തില്‍ അല്പം ബുദ്ധി എനിക്കാണെന്ന തെറ്റിധാരണ അവര്‍ക്കുണ്ടായിരുന്നു }. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാന്‍ ആ സിനിമ കണ്ടെത്തി , "" ഹാഫീസ് "". ഇന്ത്യന്‍ കോഫീ ഹൗസിന്‍റെ മേശക്കു ചുറ്റം ഞങ്ങളിരുന്നപ്പോള്‍, ഞാന്‍ ഒരു സിനിമയെ പറ്റി പറഞ്ഞ്‌ അവരെ ബോധവല്‍ക്കരിച്ചു ..."ഒരു ചുവരിന് അപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം കാണാതെ പ്രണയിച്ച രണ്ടുപേരുടെ കഥ ". പൊതുവേ ലോലഹ്രദയയായ സീത അതില്‍ വീണു. എന്നാലതു കാണാം ഞങള്‍ ആവേശത്തോടെ തീരുമാനിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ അര്‍ച്ചന പറഞ്ഞു " നല്ല സിനിമയാണെന്ന് തോന്നുന്നു , നല്ല ആള്‍ തിരക്ക്. " സിനിമ തുടങ്ങി. ഒന്നും മനസിലാകുന്നില്ല. ദിവ്യ എന്നെ ഇടക്ക് ഒന്ന് രൂക്ഷമായി നോക്കി. ഞാന്‍ അത് കണ്ടില്ലെന്നു നടിച്ച് സ്ക്രിനിലേക്ക് നോക്കി ബലം പിടിച്ചിരുന്നു. ഇടയ്ക്ക് ഏറുകണ്ണിട്ടു നോക്കിയപ്പോള്‍ എന്റെ കൂടെ വന്ന നാലു തരുണീമണികളും സുഖനിദ്രയില്‍. അന്നാദ്യമായി എനിക്കവരോട് അസുയ തോന്നി . സിനിമ തീര്‍ന്ന ഉടന്‍ ഞാന്‍ എല്ലാവരെയും തട്ടി ഉണര്‍ത്തി. അനില ആശ്വാസത്തോടെ പറഞ്ഞു . "ഹോസ്റ്റലിലെ കൊതുക് കടി ഏല്‍ക്കാതെ ഇന്നാണ് ഒന്ന് സുഖമായി ഉറങ്ങാന്‍ പറ്റിയത് "........."ഹഫീസ് ,ഒരു ചുവരിനിരുവശത്തു നിന്നുള്ള വിശുദ്ധ പ്രണയം" .സീത " റ്റെഡി സിറ്റി " എന്ന പേരില്‍ നഗരത്തെ വൃത്തിയാക്കാന്‍ നടന്ന സീതയുടെ മനസ്സ് റ്റെഡി ആയതുകൊണ്ട് എന്റെ ആരോഗ്യം രക്ഷപ്പെട്ടു .. "അല്ലാ , ഞാന്‍ വിചാരിച്ചു നമ്മുടെ മതിലുകള്‍ പോലൊരു സിനിമയായിരിക്കും എന്ന്‌. " ദിവ്യക്ക് അത് പിടിച്ചില്ല. ബഷീര്‍ പണ്ടേ അവളുടെ വീക്ക്നെസ്സാണ്..'"ബഷീര്‍ കേള്‍ക്കരുത്। നിന്‍റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും ".ആയിടക്കാണ്‌ സീത തന്‍റെ പേര് മാറ്റി "ക്രിസ്" " എന്നാക്കിയത്. അത് ഞങ്ങള്‍ക്ക് വല്ലാത്ത ഒരു അടിയായിരുന്നു. പ്രത്യേകിച്ച് എനിക്ക്. വല്ല ജനകിയെന്നോ കല്യാണി എന്നോ പേരിട്ടിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് എവിടെ നിന്നു കിട്ടിയ പേരാണോ എന്തോ "? അല്ലെങ്കില്‍ തന്നെ ഒരു മാതിരിപ്പെട്ട പേരുകളൊന്നും എന്റെ നാവില്‍ വഴങ്ങാറില്ല. അതുകൊണ്ട് ഞാന്‍ സീത എന്ന്‌ തനെ വിളിച്ചു. എന്നാല്‍ ഓരോ തവണ വിളിക്കുമ്പോഴും സീതയല്ല, ,."ക്രിസ് " എന്നവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ ഞാന്‍ പറഞ്ഞു "എന്‍റെ സീതേ, 'ക്രിസ്' എന്നൊന്നും വിളിക്കാന്‍ എന്‍റെ നാവ് വഴങ്ങില്ല ". "ഞാന്‍ കഷ്ടപ്പെട്ടു കാശ് കൊടുത്തിട്ട പേരല്ലേ, അതൊന്നു വിളിക്ക് ".സീതയുടെ ദയനീയ സ്ഥിതികണ്ട് പിറ്റേന്ന് മുതല്‍ ഞാന്‍ സീതയെ ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്നതുപോലെ "അതേയ്" ശൂ,,,,,,,,,, പിന്നേയ്..." എന്നൊക്കെ വിളിച്ചു തുടങ്ങി .ഒരു വൈകുനേരം ക്ലാസിന്‍റെ വരാന്തയില്‍ ഇരുന്ന് ഞാനും സീതയും {ക്ഷമിക്കണം ക്രിസ് } ദിവ്യയും അര്‍ച്ചനയും കുടി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഗൗരവത്തോടെ അനില കയറി വന്നു കൈയില്‍ നാലായി മടക്കിയ വെള്ള കടലാസ്സും."എന്താ ഇത്?" എന്ന്‌ സീത ഒരാള്‍ തന്ന കവിതയാണെന്ന് ഗൗരവം വിടാതെ തന്നെ അനില ഉത്തരം പറഞ്ഞു .."പ്രണയഭ്യര്തന പുതിയ ഫോര്‍മാറ്റില്‍ ആണോ?" എന്ന്‌ ദിവ്യ കളിയാക്കി ചോദിച്ചു."നീ വായിച്ച് അര്‍ഥം പറഞ്ഞു കൊടുക്കു" എന്ന്‌ പറഞ്ഞു അനില എന്‍റെ നേര്‍ക്ക്‌ കവിത നീട്ടി ."നിന്‍റെ കണ്ണുകളില്‍ റോസാപ്പുക്കളോ നിന്റെ ചിരിയില്‍ മുല്ലപ്പുക്കളോ ന്‍റെ എന്‍റെ ഹൃദയത്തില്‍ നീ മഴവില്ലിന്‍റെ ഏഴു നിറം പരത്തി "വായിച്ച് കഴിഞ്ഞു നോക്കിയപ്പോള്‍ അനിലയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു ഞാന്‍ അവളുടെ തോളില്‍ തട്ടി സമാധാനിപ്പിച്ചു

"പോട്ടെ സാരമില്ല ജീവിതത്തില്‍ ഒരു പ്രേമലേഖനമെങ്കിലും കിട്ടിയിരിക്കണം എന്ന്‌ തുടങ്ങി ഞാന്‍ അഞ്ചു മിനിറ്റ് പ്രേമലേഖനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു .അനില ഗദ്ഗദകണ്ടയായി പറഞ്ഞു"എനിക്കതല്ല വിഷമം വല്ല ഗുണ്ടകളെയും പരിച്ചയമുണ്ടയിരുന്നെങ്കില്‍ ഞാന്‍ ലോണെടുത്ത് ക്വട്ടേഷന്‍ നല്‍കി അവന്‍റെ കൈ വെട്ടിയേനെ മേലാല്‍ അവന്‍ കവിത എഴുതരുത് "ഓര്‍മകളുടെ മലര്‍വാടിയില്‍ കരിഞ്ഞുപോയ ചില പൂക്കള്‍ പിന്നെയും സുഗന്ധം പൊഴിക്കുന്നു. ചില വസന്തങ്ങളെകുറിചുള്ള നൊമ്പരപ്പെടുത്തുന്ന വേവലാതികള്‍ മനസിലേക്ക് കയറാന്‍ അനുവാദം തേടി ക്യു നില്‍ക്കവേ നനുത്ത സ്വരത്തില്‍ ഫോണ്‍ ചിണുങ്ങാന്‍ തുടങ്ങി.നോക്കിയപ്പോള്‍ അനിലയാണ് ."എന്താ നീ പോസ്റ്റ്‌ ചെയ്തോ?"ഞാന്‍ ചോദിച്ചു "ഇല്ല ഒന്നും എഴുതാന്‍ തോന്നുന്നില്ല. ക്രിസും ദിവ്യയും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. "നീ വല്ലതും എഴുതിയോ?"


ഞാന്‍ നിസംഗതയോടെ പറഞ്ഞു . "ഇല്ല, ഒറ്റ കോളത്തില്‍ ഒതുക്കവുന്നതല്ലല്ലോ നമ്മുടെ അനുഭവങ്ങള്‍?"

Friday, August 6, 2010

കാലിഡോസ്കോപ്


തൃക്കരിപ്പൂര്‍ റെയില്‍വേ സ്റെഷനില്‍ എത്തുമ്പോള്‍ വീണയ്ക്ക്‌ ലേശം പരിഭ്രമം തോന്നാതിരുന്നില്ല. .. ഇരുട്ട് നിറഞ്ഞ സ്റെഷനിലെ സിമന്റ് ബെഞ്ചില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ മലബാര്‍ എക്സ്പ്രസ്സും കാത്തിരിക്കുമ്പോള്‍ താന്‍ കാലഘട്ടങ്ങള്‍ക്കു പുറകിലാണെന്ന് വീണയ്ക്ക്‌ തോന്നി.
കാട്ടിന്നുള്ളില്‍ മഞ്ഞ ചുമരുള്ള ഒറ്റമുറി സ്റെഷനും ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള മണി ശബ്ദവും അവള്‍ക്ക് അപരിചിതമായിരുന്നു. . സമയം കഴിയുംതോറും വീണയ്ക്ക്‌ ആശങ്ക വര്‍ദ്ധിച്ചു. ബാഗില്‍ നിന്നും ഐ ഡി കാര്‍ഡ് എടുത്തു അവള്‍ കഴുത്തില്‍ തൂക്കി. അതിലെ 'പ്രസ്‌' എന്ന നാലക്ഷരം അവള്‍ക്ക് ധൈര്യം നല്‍കി, കൂടെ ആരോ ഉണ്ടെന്ന ധൈര്യം.

തോളിലെ സഞ്ചിയില്‍ കുറെ കാലിഡോസ്കോപ്പുകളുമായി ഒരു പയ്യന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുന്നത് അവള്‍ കണ്ടു.

അതിലൊരെണ്ണം വാങ്ങി കാശു കൊടുക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു, അപ്പോള്‍ അവള്‍ക്ക് ശ്രീകൃഷ്ണന്റെ വേഷമിട്ട നിതീഷ് ഭരദ്വാജിനെ ഓര്‍മ വന്നു. കൈയിലിരുന്ന കാലിഡോസ്കോപ്പിലൂടെ വര്‍ണ്ണക്കൂട്ടുകള്‍ നോക്കിയിരിക്കുമ്പോള്‍, അമ്മ ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫിസിക്സ് പറഞ്ഞു ബോറടിപ്പിചേനെ എന്നവള്‍ ഓര്‍ത്തു. രണ്ടക്ക സംഖ്യ പോലും കൂട്ടാനറിയാത്ത വീണയെ കണക്കിലെ ഇന്ദ്രജാലം കൊണ്ടു അമ്പരിപ്പിക്കാന്‍ അമ്മ ശ്രമിക്കുമ്പോള്‍ അവള്‍ക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ട്. ക്ലാസ്സില്‍ സയന്‍സിനും കണക്കിനും എന്നും ഒന്നാമതായിരുന്ന അമ്മയെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ അസ്കിത അമ്മയില്‍ പ്രകടമായിരുന്നു.

ഇരുട്ടിന്റെ നിശബ്ദതയെ മെല്ലെ നോവിച്ചു കൊണ്ടു ഏറനാടിന്റെ ഗാംഭീര്യം വിളിച്ചോതി മലബാര്‍ എക്സ്പ്രെസ്സ് അവള്‍ക്ക് മുന്നില്‍ വന്നു കിതച്ചു. നിന്നു. ധൃതിയില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ച് ഇരുന്നപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. എതിരെ ഇരുന്ന സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചു. അവര്‍ക്ക് എം ടി കഥകളിലെ അമ്മയുടെ മുഖമാണെന്ന് അവള്‍ക്ക് തോന്നി. പുഞ്ചിരി മടക്കി നല്‍കിയിട്ട് അവള്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു, മലബാറിന്റെ സൌന്ദര്യം ആസ്വദിക്കാന്‍.....

ഇരുട്ടിനെ കീറി മുറിച്ചു ട്രെയിന്‍ ഒരു സ്റെഷനില്‍ നിര്‍ത്തി. നിയോണ്‍ വിളക്കുകളുടെ പ്രകാശത്തില്‍ അവള്‍ ആ സ്റെഷന്റെ പേര് വായിച്ചു, 'ബെര്‍ലിന്‍'. ഒരു ഉള്‍വിളി എന്ന പോലെ അവള്‍ ട്രെയിനില്‍ നിന്നും പെട്ടെന്ന് ഇറങ്ങി. പ്ലാറ്റ്ഫോമിലെ കല്‍ബെഞ്ചില്‍ ഇരിക്കുന്ന, പാദം വരെ എത്തുന്ന കറുത്ത ഗൌണും തലയില്‍ കറുത്ത തൊപ്പിയും അണിഞ്ഞ വെളുത്തു മെലിഞ്ഞ സുന്ദരിയെ വീണ കണ്ടു. ആ മുഖം എവിടെയാണ് കണ്ടിട്ടുള്ളതെന്നു ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ അവള്‍ തിരിച്ചറിഞ്ഞു, എന്നോ ഗൂഗിള്‍ ഇമേജില്‍ കണ്ട മുഖം, ഈവ ബ്രൌണ്‍! ഒരിക്കല്‍ ലോകം വിറപ്പിച്ച ഹിറ്റ്ലറുടെ മനസ് വിറപ്പിച്ച ഈവ.


വീണയുടെ മനസ്സില്‍ ഒരു തീപൊരി വീണു, 'എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ'. വീണ അവരുടെ അടുത്ത് ചെന്നിരുന്നു. ഈവ അവളെ ശ്രദ്ധിക്കാതെ നിലത്തു നോക്കിയിരുന്നു. ഒരുപാടു പേരെ ചോദ്യശരങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ച അവള്‍ക്ക് ആദ്യമായി അസ്വസ്ഥത തോന്നി . വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് വീണ ഈവയുടെ കൈയില്‍ തൊട്ടു . ഈവ അവളുടെ നേരെ നോക്കി , തണുത്ത ശബ്ദത്തില്‍ ചോദിച്ചു ;

"എന്താ വീണാ ? "

വീണ അമ്പരന്നു .... അല്പസമയത്തെ ഞെട്ടലില്‍ നിന്നു മോചിതയായി വീണ ചോദിച്ചു ,

"എന്റെ പേര് എങ്ങനെ അറിയാം ?"

കുപ്പിവളകള്‍ കിലുങ്ങുംപോലെ ഈവ പൊട്ടിച്ചിരിച്ചു

"ഹിറ്റ്ലറുടെ അപകര്‍ഷതാബോധത്തെ കുറിച്ച് റിസര്‍ച് ചെയുന്ന നിന്നെ ഞാന്‍ അറിയണ്ടേ ? "

ജോലിത്തിരക്കുകള്‍ക്കിടയില്‍പ്പെട്ട് പലപ്പോഴും താന്‍ മറന്നു പോകുന്ന ഒരു കാര്യമാണ് ഈവ ഓര്‍മ്മിപ്പിച്ചതെന്നു വീണക്ക് തോന്നി .വഴിയോരകച്ചവടക്കാരില്‍ നിന്ന് ഒരു പൊതി പോപ്പ്കോണ്‍ . വാങ്ങി കൊറിച്ചു കൊണ്ട് ഈവയും വീണയും ബെര്‍ലിന്‍ വീഥിയിലുടെ നടന്നു .ഈവയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന്‌ വീണ ആലോചിച്ചു . നികേഷ് കുമാറിന്റെയും ജോണി ലുക്കൊസിന്റെയും ജോണ്‍ ബ്രിട്ടസിന്റെയും എന്തിനധികം കരന്‍ താപറിന്റെ പോലും ഇന്റര്‍വ്യൂ രീതികള്‍ അവളുടെ മനസ്സിലുടെ പാഞ്ഞു പോയി . വീണയെ അധികം ചിന്തിപ്പിച്ചു ബുദ്ധിമുട്ടിക്കാതെ ഈവ സംസാരിച്ചു തുടങ്ങി .

" എങ്ങനെയുണ്ട് ബെര്‍ലിന്‍ ?"

" കേട്ടതിനെക്കാള്‍ മനോഹരം "

വീണ ഉത്സാഹത്തോടെ പറഞ്ഞു

"കണ്ടോ , ബെര്‍ലിന്‍ എന്ത് സുന്ദരിയാണ് .അവള്‍ എപ്പോഴും സന്തോഷവതിയാണ് .എത്ര വലിയ ദുഖത്തെയും സന്തോഷം കൊണ്ടു നേരിടാന്‍ അവള്‍ക്ക് അറിയാം .സന്തോഷം നിറഞ്ഞു നിന്നാല്‍ സൌന്ദര്യം വര്‍ദ്ധിക്കും . നിനക്ക് മാതാഹരിയെ അറിയില്ലേ? "

ഈവയുടെ വാക്കുകളില്‍ ലയിച്ചിരുന്ന വീണ പറഞ്ഞു .

"അറിയാം രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട ചാരവനിത" .

"ആ മാതാഹരി നൃത്തം ചെയ്തു നിറഞ്ഞ സന്തോഷത്തോടെയാണ് മരണത്തിലേക്ക് നടന്നു പോയത് . എത്ര പേരുടെ സിരകളില്‍ അഗ്നിയായി ജ്വലിച്ചവളാണ് അവള്‍ . ആ മാതാഹരിയുടെ മനസ്സാണ് ബെര്‍ലിന്‍ മണ്ണിനും .ആര് വന്നാലും സന്തോഷത്തോടെ സ്വീകരിക്കും എത്ര വലിയ ദുരന്തവും സന്തോഷത്തോടെ ഏറ്റുവാങ്ങും "

പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈവയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

" അതെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ "

വീണ സംശയത്തോടെ പാതി വഴിയില്‍ നിര്‍ത്തി . നടത്തത്തിന്റെ വേഗം കുറച്ചു അവളുടെ കണ്ണുകളില്‍ നോക്കി ഈവ പറഞ്ഞു .

"കുട്ടി ചോദിച്ചോളു"

"അല്ല, ഈവക്ക് എങ്ങനെയാണ് . ഹിറ്റ്ലരോട് ഇഷ്ടം തോന്നിയത് ?അങ്ങനെയുള്ള ഒരു മനുഷ്യനോടു ഏതെങ്കിലും പെണ്ണിന് ഇഷ്ടം തോന്നുമോ?"

വീണ്ടും കുപ്പിവളകള്‍ കിലുങ്ങി . ഈവ ചിരിക്കുകയാണ് എന്ന്‌ വീണക്ക് മനസ്സിലായി .വീണയുടെ കൈയിലിരുന്ന കാലിഡോസ്കോപ്പില്‍ തൊട്ടു കൊണ്ടു ഈവ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .

"കുട്ടി പ്രണയം ഒരു "കാലിഡോസ്കോപ്പ് " പോലെയാണ് . ഏത് ആങ്കിളില്‍ നിന്ന് നോക്കിയാലും വര്‍ണ്ണക്കുട്ടുകള്‍ മാത്രമേ കാണാന്‍ കഴിയു ".

വീണയുടെ കവിളില്‍ ചെറുതായി തട്ടി നിയോണ്‍ വിളക്കുകളുടെ വെളിച്ചം നിറഞ്ഞ വീഥിയിലുടെ ഈവ ബ്രൌണ്‍ ധൃതിയില്‍ ഓടിയകന്നു ..ആലിസിന്റെ അല്ഭുതലോകത്തിലെ മുയലിനെപ്പോലെ ...

വീണ കണ്ണുകള്‍ തുറന്നു ചുറ്റുപാടും പകച്ചു നോക്കി .എതിരെയിരുന്ന എം. ടി കഥയിലെ അമ്മയുടെ മുഖമുള്ള സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .

"എന്താ ഉറങ്ങിപ്പോയോ ?"

അതെ , എന്നര്‍ത്ഥത്തില്‍ തലയാട്ടുമ്പോഴും വീണയുടെ ഉള്ളിലെ സംശയം വിട്ടു മാറിയില്ല..

ട്രെയിനിലെ ജനലിലുടെ വീണ പുറത്തേക്ക് നോക്കി, അപ്പോള്‍ ട്രെയിന്‍ പേരറിയാത്ത ഏതോ ഒരു പുഴയുടെ മുകളിലുടെ പായുകയായിരുന്നു .


സമര്‍പ്പണം : സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തിന്........