ഞാന്‍ എഴുതുന്ന വാക്കുകള്‍ക്കു കട്ടി കൂടുതലാണെന്ന് ആദ്യം പറഞ്ഞതാരാണ്? സത്യത്തില്‍ എനിക്ക് ഓര്‍മയില്ല. മലയാളം പരീക്ഷാ കടലാസ്സില്‍ എഴുതികൂട്ടിയ ലേഖനങ്ങള്‍ ഉത്തരങ്ങള്‍ക്കു അപ്പുറമാണെന്ന് അധ്യാപകര്‍ പരാതി പറഞ്ഞു. എന്‍റെ വാക്കുകള്‍ നിറഞ്ഞ കടലാസുതുണ്ടുകള്‍ പലപ്പോഴും അഗ്നി കൈനീട്ടി സ്വീകരിച്ചു. എന്‍റെ അക്ഷരങ്ങള്‍ക്ക് കട്ടി കൂടുതലാണെന്ന് ദഹിക്കാതെ കിടന്ന കടലാസുകള്‍ കാട്ടി ചാമ്പല്‍ പറഞ്ഞു. ഇനി എഴുതരുതെന്ന ഭീക്ഷണികള്‍ തുറക്കാതെ മെയിലുകളും പിന്നീട് സ്പാമുകളുമായ് ഗൂഗിളിന്റെ ഇത്തിരി ഇടത്തില്‍ നിറഞ്ഞു കിടന്നു. ഒടുവില്‍ ഭക്ഷയുടെ കട്ടി കുറയ്ക്കാന്‍ ഞാന്‍ ജനപ്രിയ വാരികയില്‍ ജോലി നോക്കി. പിന്നീട് ഞാന്‍ എഴുതിയ പ്രണയലേഖനം പൈങ്കിളി ആണെന്ന് ആരോപിച്ചു എന്‍റെ പ്രണയം അവന്‍ നിരസിച്ചു.
Showing posts with label കാല്‍പ്പനികം. Show all posts
Showing posts with label കാല്‍പ്പനികം. Show all posts
Saturday, March 5, 2011
Friday, August 6, 2010
കാലിഡോസ്കോപ്

കാട്ടിന്നുള്ളില്‍ മഞ്ഞ ചുമരുള്ള ഒറ്റമുറി സ്റെഷനും ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള മണി ശബ്ദവും അവള്‍ക്ക് അപരിചിതമായിരുന്നു. . സമയം കഴിയുംതോറും വീണയ്ക്ക് ആശങ്ക വര്‍ദ്ധിച്ചു. ബാഗില്‍ നിന്നും ഐ ഡി കാര്‍ഡ് എടുത്തു അവള്‍ കഴുത്തില്‍ തൂക്കി. അതിലെ 'പ്രസ്' എന്ന നാലക്ഷരം അവള്‍ക്ക് ധൈര്യം നല്‍കി, കൂടെ ആരോ ഉണ്ടെന്ന ധൈര്യം.
തോളിലെ സഞ്ചിയില്‍ കുറെ കാലിഡോസ്കോപ്പുകളുമായി ഒരു പയ്യന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുന്നത് അവള്‍ കണ്ടു.
അതിലൊരെണ്ണം വാങ്ങി കാശു കൊടുക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു, അപ്പോള്‍ അവള്‍ക്ക് ശ്രീകൃഷ്ണന്റെ വേഷമിട്ട നിതീഷ് ഭരദ്വാജിനെ ഓര്‍മ വന്നു. കൈയിലിരുന്ന കാലിഡോസ്കോപ്പിലൂടെ വര്‍ണ്ണക്കൂട്ടുകള്‍ നോക്കിയിരിക്കുമ്പോള്‍, അമ്മ ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫിസിക്സ് പറഞ്ഞു ബോറടിപ്പിചേനെ എന്നവള്‍ ഓര്‍ത്തു. രണ്ടക്ക സംഖ്യ പോലും കൂട്ടാനറിയാത്ത വീണയെ കണക്കിലെ ഇന്ദ്രജാലം കൊണ്ടു അമ്പരിപ്പിക്കാന്‍ അമ്മ ശ്രമിക്കുമ്പോള്‍ അവള്‍ക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ട്. ക്ലാസ്സില്‍ സയന്‍സിനും കണക്കിനും എന്നും ഒന്നാമതായിരുന്ന അമ്മയെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ അസ്കിത അമ്മയില്‍ പ്രകടമായിരുന്നു.
ഇരുട്ടിന്റെ നിശബ്ദതയെ മെല്ലെ നോവിച്ചു കൊണ്ടു ഏറനാടിന്റെ ഗാംഭീര്യം വിളിച്ചോതി മലബാര്‍ എക്സ്പ്രെസ്സ് അവള്‍ക്ക് മുന്നില്‍ വന്നു കിതച്ചു. നിന്നു. ധൃതിയില്‍ കയറി സീറ്റ് കണ്ടു പിടിച്ച് ഇരുന്നപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. എതിരെ ഇരുന്ന സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചു. അവര്‍ക്ക് എം ടി കഥകളിലെ അമ്മയുടെ മുഖമാണെന്ന് അവള്‍ക്ക് തോന്നി. പുഞ്ചിരി മടക്കി നല്‍കിയിട്ട് അവള്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു, മലബാറിന്റെ സൌന്ദര്യം ആസ്വദിക്കാന്‍.....
ഇരുട്ടിനെ കീറി മുറിച്ചു ട്രെയിന്‍ ഒരു സ്റെഷനില്‍ നിര്‍ത്തി. നിയോണ്‍ വിളക്കുകളുടെ പ്രകാശത്തില്‍ അവള്‍ ആ സ്റെഷന്റെ പേര് വായിച്ചു, 'ബെര്‍ലിന്‍'. ഒരു ഉള്‍വിളി എന്ന പോലെ അവള്‍ ട്രെയിനില്‍ നിന്നും പെട്ടെന്ന് ഇറങ്ങി. പ്ലാറ്റ്ഫോമിലെ കല്‍ബെഞ്ചില്‍ ഇരിക്കുന്ന, പാദം വരെ എത്തുന്ന കറുത്ത ഗൌണും തലയില്‍ കറുത്ത തൊപ്പിയും അണിഞ്ഞ വെളുത്തു മെലിഞ്ഞ സുന്ദരിയെ വീണ കണ്ടു. ആ മുഖം എവിടെയാണ് കണ്ടിട്ടുള്ളതെന്നു ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ അവള്‍ തിരിച്ചറിഞ്ഞു, എന്നോ ഗൂഗിള്‍ ഇമേജില്‍ കണ്ട മുഖം, ഈവ ബ്രൌണ്‍! ഒരിക്കല്‍ ലോകം വിറപ്പിച്ച ഹിറ്റ്ലറുടെ മനസ് വിറപ്പിച്ച ഈവ.
വീണയുടെ മനസ്സില്‍ ഒരു തീപൊരി വീണു, 'എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ'. വീണ അവരുടെ അടുത്ത് ചെന്നിരുന്നു. ഈവ അവളെ ശ്രദ്ധിക്കാതെ നിലത്തു നോക്കിയിരുന്നു. ഒരുപാടു പേരെ ചോദ്യശരങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ച അവള്‍ക്ക് ആദ്യമായി അസ്വസ്ഥത തോന്നി . വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് വീണ ഈവയുടെ കൈയില്‍ തൊട്ടു . ഈവ അവളുടെ നേരെ നോക്കി , തണുത്ത ശബ്ദത്തില്‍ ചോദിച്ചു ;
"എന്താ വീണാ ? "
വീണ അമ്പരന്നു .... അല്പസമയത്തെ ഞെട്ടലില്‍ നിന്നു മോചിതയായി വീണ ചോദിച്ചു ,
"എന്റെ പേര് എങ്ങനെ അറിയാം ?"
കുപ്പിവളകള്‍ കിലുങ്ങുംപോലെ ഈവ പൊട്ടിച്ചിരിച്ചു
"ഹിറ്റ്ലറുടെ അപകര്‍ഷതാബോധത്തെ കുറിച്ച് റിസര്‍ച് ചെയുന്ന നിന്നെ ഞാന്‍ അറിയണ്ടേ ? "
ജോലിത്തിരക്കുകള്‍ക്കിടയില്‍പ്പെട്ട് പലപ്പോഴും താന്‍ മറന്നു പോകുന്ന ഒരു കാര്യമാണ് ഈവ ഓര്‍മ്മിപ്പിച്ചതെന്നു വീണക്ക് തോന്നി .വഴിയോരകച്ചവടക്കാരില്‍ നിന്ന് ഒരു പൊതി പോപ്പ്കോണ്‍ . വാങ്ങി കൊറിച്ചു കൊണ്ട് ഈവയും വീണയും ബെര്‍ലിന്‍ വീഥിയിലുടെ നടന്നു .ഈവയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് വീണ ആലോചിച്ചു . നികേഷ് കുമാറിന്റെയും ജോണി ലുക്കൊസിന്റെയും ജോണ്‍ ബ്രിട്ടസിന്റെയും എന്തിനധികം കരന്‍ താപറിന്റെ പോലും ഇന്റര്‍വ്യൂ രീതികള്‍ അവളുടെ മനസ്സിലുടെ പാഞ്ഞു പോയി . വീണയെ അധികം ചിന്തിപ്പിച്ചു ബുദ്ധിമുട്ടിക്കാതെ ഈവ സംസാരിച്ചു തുടങ്ങി .
" എങ്ങനെയുണ്ട് ബെര്‍ലിന്‍ ?"
" കേട്ടതിനെക്കാള്‍ മനോഹരം "
വീണ ഉത്സാഹത്തോടെ പറഞ്ഞു
"കണ്ടോ , ബെര്‍ലിന്‍ എന്ത് സുന്ദരിയാണ് .അവള്‍ എപ്പോഴും സന്തോഷവതിയാണ് .എത്ര വലിയ ദുഖത്തെയും സന്തോഷം കൊണ്ടു നേരിടാന്‍ അവള്‍ക്ക് അറിയാം .സന്തോഷം നിറഞ്ഞു നിന്നാല്‍ സൌന്ദര്യം വര്‍ദ്ധിക്കും . നിനക്ക് മാതാഹരിയെ അറിയില്ലേ? "
ഈവയുടെ വാക്കുകളില്‍ ലയിച്ചിരുന്ന വീണ പറഞ്ഞു .
"അറിയാം രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട ചാരവനിത" .
"ആ മാതാഹരി നൃത്തം ചെയ്തു നിറഞ്ഞ സന്തോഷത്തോടെയാണ് മരണത്തിലേക്ക് നടന്നു പോയത് . എത്ര പേരുടെ സിരകളില്‍ അഗ്നിയായി ജ്വലിച്ചവളാണ് അവള്‍ . ആ മാതാഹരിയുടെ മനസ്സാണ് ബെര്‍ലിന്‍ മണ്ണിനും .ആര് വന്നാലും സന്തോഷത്തോടെ സ്വീകരിക്കും എത്ര വലിയ ദുരന്തവും സന്തോഷത്തോടെ ഏറ്റുവാങ്ങും "
പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈവയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .
" അതെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ "
വീണ സംശയത്തോടെ പാതി വഴിയില്‍ നിര്‍ത്തി . നടത്തത്തിന്റെ വേഗം കുറച്ചു അവളുടെ കണ്ണുകളില്‍ നോക്കി ഈവ പറഞ്ഞു .
"കുട്ടി ചോദിച്ചോളു"
"അല്ല, ഈവക്ക് എങ്ങനെയാണ് . ഹിറ്റ്ലരോട് ഇഷ്ടം തോന്നിയത് ?അങ്ങനെയുള്ള ഒരു മനുഷ്യനോടു ഏതെങ്കിലും പെണ്ണിന് ഇഷ്ടം തോന്നുമോ?"
വീണ്ടും കുപ്പിവളകള്‍ കിലുങ്ങി . ഈവ ചിരിക്കുകയാണ് എന്ന് വീണക്ക് മനസ്സിലായി .വീണയുടെ കൈയിലിരുന്ന കാലിഡോസ്കോപ്പില്‍ തൊട്ടു കൊണ്ടു ഈവ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .
"കുട്ടി പ്രണയം ഒരു "കാലിഡോസ്കോപ്പ് " പോലെയാണ് . ഏത് ആങ്കിളില്‍ നിന്ന് നോക്കിയാലും വര്‍ണ്ണക്കുട്ടുകള്‍ മാത്രമേ കാണാന്‍ കഴിയു ".
വീണയുടെ കവിളില്‍ ചെറുതായി തട്ടി നിയോണ്‍ വിളക്കുകളുടെ വെളിച്ചം നിറഞ്ഞ വീഥിയിലുടെ ഈവ ബ്രൌണ്‍ ധൃതിയില്‍ ഓടിയകന്നു ..ആലിസിന്റെ അല്ഭുതലോകത്തിലെ മുയലിനെപ്പോലെ ...
വീണ കണ്ണുകള്‍ തുറന്നു ചുറ്റുപാടും പകച്ചു നോക്കി .എതിരെയിരുന്ന എം. ടി കഥയിലെ അമ്മയുടെ മുഖമുള്ള സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .
"എന്താ ഉറങ്ങിപ്പോയോ ?"
അതെ , എന്നര്‍ത്ഥത്തില്‍ തലയാട്ടുമ്പോഴും വീണയുടെ ഉള്ളിലെ സംശയം വിട്ടു മാറിയില്ല..
ട്രെയിനിലെ ജനലിലുടെ വീണ പുറത്തേക്ക് നോക്കി, അപ്പോള്‍ ട്രെയിന്‍ പേരറിയാത്ത ഏതോ ഒരു പുഴയുടെ മുകളിലുടെ പായുകയായിരുന്നു .
സമര്‍പ്പണം : സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തിന്........
Friday, June 4, 2010
രാധിക തിരക്കിലാണ്......

കരിഞ്ഞു പോയ പപ്പടം പൊട്ടിച്ചു വായിലിട്ടു കൊണ്ടു രാധിക ഗ്യാസിന്റെ തീ കുറച്ചു.
"ഇല്ല! അമ്മ കണ്ടില്ലആശ്വാസം".
അല്ലെങ്കില്‍ തന്നെ ശ്രദ്ധ കുറവാണെന്ന് പറഞ്ഞ് അമ്മ വഴക്ക് പറയാറുണ്ട്.
മരിച്ചു പോയ അമ്മതന്നെ വഴക്ക് പറയാനിനി എത്തില്ല എന്നവള്‍ ഓര്‍ത്തില്ല. തിരക്ക് കൂടുമ്പോള്‍ ശ്രദ്ധ കുറയുമെന്ന് പണ്ടേതോഅധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്. തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍ അന്തസത്ത വരെനഷ്ടപ്പെടാറുണ്ട്; പിന്നെയല്ലേ ജീവിതം.
ഒരു കഥ എഴുതാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ അക്ഷരങ്ങള്‍ മാത്രം ഹൃദയത്തില്‍ നിറഞ്ഞു നിന്ന നാളുകളെ അവള്‍ തെല്ല് അസൂയയോടെ ഓര്‍ക്കും. സമ്മാനം വാങ്ങിക്കാന്‍ വിറച്ചുവിറച്ചു സ്ട്യേജില്‍ കയറുമ്പോള്‍ മുഴങ്ങുന്ന സഹപാഠികളുടെ കൈയടികള്‍ അവള്‍ അപ്പോള്‍ കേള്‍ക്കും. പക്ഷെഇപ്പോള്‍ എന്താണ് തനിക്ക് പറ്റിയത്? ജീവിതം വേറെന്തോ ആണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്? ശരിക്ക്പറഞ്ഞാല്‍ തനിക്ക് ഓര്‍മയില്ല.....
ശ്രീകോവിലിലെ ശ്രീകൃഷ്ണനെ നോക്കി രാധിക പറഞ്ഞു.
"ഭഗവാനെ, എനിക്കൊരു കഥ എഴുതാന്‍ പറ്റിയെങ്ങില്‍....."
കൈയിലിരുന്ന ഓടക്കുഴല്‍ നിലത്തു വെച്ച് ഭഗവാന്‍ രാധികയെ ആര്‍ദ്രതയോടെ നോക്കി.
"എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി.
നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക".
രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.
രാധികയ്ക്ക് പെട്ടന്ന് പേടി തോന്നി. വെള്ള പാവാടയും ചുവന്ന ഉടുപ്പും അണിഞ്ഞ് കുറ്റിചെടികളോട് കിന്നാരം പറഞ്ഞ് നടന്ന ബാലികയെ അവള്‍ക്കു ഓര്‍മ വന്നു.
തണുത്തു മരവിച്ച തറയില്‍ വെള്ളമുണ്ട് പുതച്ചു ശാന്തമായി ഉറങ്ങുന്ന അച്ഛന്റെ മുഖം അവളുടെ ഓര്‍മയില്‍ നിറഞ്ഞു. രാധിക സങ്കടത്തോടെ കെഞ്ചി.
"എനിക്കൊരു കഥ പറഞ്ഞ് തരോ അച്ഛാ?"
കാറ്റിലാടുന്ന തോണി പോലെ തീരമണയാന്‍ ആകാതെ അവള്‍ വീര്‍പ്പുമുട്ടി. ഏകാന്തമായ വീഥിയില്‍ ആകാശത്തിലെ തണലില്‍ രാധിക നടന്നു. രാധികയുടെ മനസ്സിലൂടെ അക്ഷരങ്ങള്‍ പറന്നു നടന്നു. മഴ പെയ്തു തുടങ്ങിയിരിക്കുന്നു. അവളുടെ മനസിന്റെ പൂട്ടുകള്‍ പൊട്ടിച്ചു കഥകള്‍ ദിക്കറിയാതെ ഒഴുകി. രാധിക കുട നിവര്ത്തിയില്ല.
കുടയുണ്ടയിട്ടും നനയുന്നതെന്തിനാണെന്ന് ആരോ ചോദിച്ചു. രാധിക മനസിലോര്‍ത്തു.
"ഇതൊരു നേര്‍ച്ചയാണ്, നേര്ച്ചയല്ല,
ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ....."
"ഇതൊരു നേര്‍ച്ചയാണ്, നേര്ച്ചയല്ല,
ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ....."
Thursday, June 3, 2010
കൃഷ്ണ നീ...

ഉള്ളി അരിയുന്നതിനിടയില്‍ വിരല്‍ മുറിഞ്ഞു, മഞ്ഞത്തുണി കൊണ്ടു അവന്‍ വിരല്‍ കെട്ടി തന്നപ്പോള്‍ എനിക്ക് സങ്കടം വന്നു.
എന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ടു അവന്‍ ചോദിച്ചു.'എന്താ എന്തു പറ്റി ? '
അവന്റെ കുസൃതികണ്ണുകളില്‍ നോക്കി ഞാന്‍ പറഞ്ഞു.
'എന്നെ ഇതു വരെ ആരും ഇത്ര കെയര്‍ ചെയ്തിട്ടില്ല'
'നിന്റെ ഭര്‍ത്താവും ...?'
അവന്‍ ചോദിച്ചു.അതിന് ഞാന്‍ ഉത്തരം പറഞ്ഞില്ല.അവന്‍ ഉത്തരം പ്രതീക്ഷിച്ചുമില്ല
അടുക്കളയിലെ സ്ലാബിലിരുന്നു ചിരകി വച്ചിരുന്ന തേങ്ങയെടുത്ത് വായിലിട്ടു കൊണ്ടു അവന്‍ ചോദിച്ചു
'നിനക്കു ഏറെ ഇഷ്ടം ആരെയാണ്?'
'നിന്നെയും എന്റെ ഭര്‍ത്താവിനേയും 'ഞാന്‍ ഒട്ടുമാലോചിക്കാതെ ഉത്തരം പറഞ്ഞു.
'രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കാനാകുമോ?അത് വെറുതെ നിനക്കു നിന്റെ ഭര്‍ത്താവിനെയാ ഇഷ്ടം അല്ലെ?
'എന്തേ നിനക്കു അസൂയ്യ തോന്നുന്നുണ്ടോ? ഞാന്‍ ചിരിയോടെ ചോദിച്ചു.
'ആ...ഇത്തിരി' അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി അവന്‍ മാടി ഒതുക്കി.
എനിക്കപ്പോള്‍ അവനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി.നിറഞ്ഞു തുടങ്ങിയ എന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടു അവന്‍ പറഞ്ഞു.
'എനിക്ക് കരയുന്ന കുട്ടികളെ ഇഷ്ടമല്ല.'
'ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ ചിരിക്കാന്‍ പഠിച്ചത് നിന്നെ കണ്ടാണ്; പക്ഷെ ചിലപ്പോഴൊക്കെ ഞാന്‍ ഞാനാകാറുണ്ട് ' ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
എന്റെ കവിളില്‍ തിണര്‍ത്തു കിടക്കുന്ന പാടില്‍ വിരലോടിച്ചു അവന്‍ ചോദിച്ചു,'ഇതു എന്ത് പറ്റി?'
'എന്നെ അടിച്ചതാ ...'ഞാന്‍ മറുപടി പറഞ്ഞു എന്തിനാ എന്നവന്‍ ചോദിക്കുന്നതിനു മുമ്പ് ഞാന്‍ പറഞ്ഞു.
'ഭര്‍ത്താവിന്റെ ചേടത്തിയെ അവള്‍ എന്ന് പറഞ്ഞതിനാ ...എനിക്കവളെ ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അതിനു ദേഷ്യം വന്നു.'
സ്വതസിദ്ധമായ ചിരിയോടെ അവന്‍ ചോദിച്ചു.
'അതെന്താ നിനെക്കവളെ ഇഷ്ടമില്ലാതെ?'
'അവള്ക്ക് അച്ഛന്‍ ഉണ്ട് . അവളുടെ അച്ഛനുമായി അവള്‍ നല്ല കൂട്ടാണ് . അതാ...'
ഞാന്‍ ലാഘവത്തോടെ പറഞ്ഞപ്പോള്‍ അവന്‍ ഒന്നു ഞെട്ടിയോ?ഞാന്‍ കണ്ടില്ല.
ഇല്ല ഞെട്ടില്ല !അവന് എന്നെ അറിയാമെല്ലോ? അവന് മാത്രമല്ലെ എന്നെ അറിയാവു.
അപ്പോള്‍ എന്നെ ചേര്ത്തു പിടിച്ചു അവന്‍ പറഞ്ഞു.'എന്റെ കുട്ടി എന്താ ഇങ്ങനെ ?നിനക്കു ഞാനില്ലേ അച്ഛന്റെ സംരക്ഷണം വേണം എന്ന് തോന്നുമ്പോള്‍ അച്ഛനും കുസൃതിതിയുള്ള സഹോദരനവുമൊക്കെയായി സ്നേഹം വാരിക്കോരി തരുന്ന കൂട്ടുകാരനായി ...ഞാന്‍ പോരെ നിനക്കു?
ശരിയെന്നു ഉണ്ടായിരുന്നു. എപ്പോഴും കരയുമ്പോള്‍ ആശ്വസിപ്പിക്കാനും സമനില തെറ്റുമ്പോള്‍ നെഞ്ചോടു ചേര്ത്തു പിടിച്ചു ധൈര്യം തരാനും വീണു പോയപ്പോഴൊക്കെ താങ്ങാനും അവന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു. 'നിന്റെ ഭരത് വന്നെന്നു തോന്നുന്നു.ഞാന്‍ പോകുന്നു.'
വീട്ടിലേക്ക് കയറി വന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് ഞാന്‍ പോകുമ്പോള്‍ മേശപ്പുറത്തിരുന്ന മഞ്ഞത്തുണി ചുറ്റിയ മയില്‍പ്പീലിയും ഓടക്കുഴലുമുള്ള പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹം എന്നെ നോക്കി ചിരിച്ചു.
അവന് പോകാന്‍ പറ്റുമോ ?എന്നെ ഉപേക്ഷിച്ച്...
Saturday, March 27, 2010
വോഡ്ക

പ്രസ് ക്ലബിലെ സുഹൃത്ത് അനിലയാണ് വോഡ്കയെ കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അവളുടെ ഭാഷയില്‍പറഞ്ഞാല്‍ റഷ്യന്‍ വിപ്ലവ സുന്ദരി. അനിലയുടെ മോഹിപ്പിക്കുന്ന വാക്കുകള്‍ക്ക് അടിമപ്പെട്ടു ഞാന്‍ വോഡ്കയെകുറിച്ച് കൂടുതല്‍ അന്വേക്ഷിച്ചു. മദ്യം എന്ന ആണുങ്ങളുടെ സ്വകാര്യ അഹന്തയില്‍ പെണ്ണുങ്ങള്‍ക്ക് വേണ്ടിയെന്നുപറയപ്പെടുന്നവള്‍ ആണെത്രേ ആ റഷ്യന്‍ സുന്ദരി. ആ അറിവ് എന്നെ സന്തോഷിപ്പിച്ചു. വോഡ്ക ഒന്ന് രുചിച്ചുനോക്കണമെന്ന ആഗ്രഹം അങ്ങനെ മനസ്സില്‍ ഉദിച്ചു. എന്നാലും മദ്യം, മദ്യം തന്നെയല്ലേ? കിട്ടാനുള്ള പ്രയാസംകൊണ്ട് ആ ആഗ്രഹം മനസിലടക്കി. ഗൂഗിളിന്റെ ഇമേജുകളില്‍ പലകുറി വോഡ്ക കണ്ടു ഞാന്‍സായൂജ്യമടഞ്ഞു. അങ്ങനെയിരിക്കെ അനില വോഡ്ക കഴിച്ചു. അതിന്റെ എരിവും നാരങ്ങനീരുമായിചേരുമ്പോള്‍ ഉണ്ടാകുന്ന ഇളം മണവും അതിന്റെ രഹരിയില്‍ കവിത എഴുതിയതും അവള്‍ വര്‍ണ്ണിച്ചു. അസുയയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു, എന്നാലും നിനക്കെന്നെ വിളിക്കാന്‍ തോന്നിയില്ലല്ലോ? ഞാന്‍ ഒരുമദ്യപാനി അല്ല എന്ന് അവള്‍ക്കു തോന്നിയത് കൊണ്ടാവാം അവള്‍ വിളിക്കാത്തതെന്ന് ഞാന്‍ സമാധാനിക്കാന്‍ശ്രെമിച്ചു, വെറുതെ.........കഴിഞ്ഞ ദിവസം ഞാന്‍ അനിലയുടെ ബ്ലോഗ് വായിച്ചു. വോഡ്ക കഴിച്ച അനുഭവത്തെകുറിച്ച് അവള്‍ എഴുതിയ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു. വോഡ്ക കഴിക്കാന്‍ ആഗ്രഹിച്ചു നടന്ന നിമിഷങ്ങളെ പറ്റിഅവള്‍ കാര്യമായി എഴുതിയിരിക്കുന്നു. വായിച്ചു വന്നപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. എന്റെ സ്വപ്നങ്ങളുടെചീട്ടുകൊട്ടാരം തകര്‍ത്തു കൊണ്ട് അവള്‍ എഴുതിയിരിക്കുന്നു, വോഡ്ക ഒന്നുമല്ലെന്ന്.........അവളില്‍ നിന്ന്ഇതിലുമധികം ഞാന്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞാണ് അനില പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എന്റെമനസ്സില്‍ ദുഷ്ടേ! എന്നൊരു വിളി ഉടഞ്ഞു വീണു. ഒപ്പം വോഡ്ക കഴിക്കണം എന്ന ആഗ്രഹവും.........
Monday, February 22, 2010
കാല്‍പ്പനികം

മനസ്സിന്റെ താഴ്വരയില്‍ കനത്ത മൂടല്‍മഞ്ഞ്........
ഓര്‍മകളുടെ നനുത്ത സ്പര്‍ശനം..........
ചില നഷ്ടങ്ങള്‍.......ചില സ്വപ്‌നങ്ങള്‍...........മൂടി വച്ച വിലാപങ്ങള്‍........
അടക്കിയ തേങ്ങലുകള്‍.........പട്ടുപാവാടകള്‍...........വെള്ളികൊലുസ്......കണ്മഷി.........
വളപ്പൊട്ടുകള്‍...........മയില്‍പ്പീലി..........ചുറ്റുവിളക്ക്...........മഞ്ചാടിക്കുരു.........
പിന്നെ നിറയെ മുടിയുള്ള, വലിയ കണ്ണുള്ള ഒരു പെണ്ണും...........
Subscribe to:
Posts (Atom)