Saturday, June 12, 2010

അച്ഛന്‍


ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്കാദ്യമായി അച്ഛന്‍ വേണമെന്നു ആഗ്രഹം തോന്നുന്നത് .
ഗീതുവിന്റെ കൈ പിടിച്ചു അവളുടെ അച്ഛന്‍ നടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു നഷ്ടബോധം എനിക്ക് തോന്നി അഞ്ചു വയസുള്ളപ്പോള്‍ തോന്നിയ ആ നഷ്ടബോധം പിന്നെ ജീവിതത്തിലൊരിക്കലും മാറിയിട്ടില്ല അന്നൊക്കെ സ്കൂളിനോട് ചേര്‍ന്നുള്ള പള്ളി വരാന്തയില്‍ അച്ഛന്‍ വരുന്നതും കാത്തു ഞാനിരുന്നിട്ടുണ്ട്. നാലാംക്ലാസ് മുതല്‍ അയല്‍വീട്ടിലെ ലക്ഷ്മിയുടെ കൂടെ സ്കൂളില്‍ പോയി തുടങ്ങി എനിക്ക് മുന്നില്‍ അച്ഛന്റെ കൈ പിടിച്ചു അവള്‍ നടക്കും. അവരുടെ പുറകില്‍ നടന്ന എന്റെ മനസിലെ വികാരം അന്ന്‍ എന്തായിരുന്നു ?പകയോ അതോ അസൂയയോ എനിക്കതിന്നും അറിയില്ല.

പിന്നീടെപ്പോഴോ മനസിലായി അച്ഛന്‍ ഒരു കോണ്‍സെപ്റ്റ് ആണെന്ന് .ഏഴ് ഭാഷ സംസാരിക്കാന്‍ അറിയാവുന്ന അച്ഛന്‍, മനോഹരമായ ഭാഷയില്‍ മനോഹരമായ അക്ഷരത്തില്‍ കത്തുകള്‍ എഴുതുന്ന അച്ഛന്‍; കേട്ടറിവുകളില്‍ അച്ഛന്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഡയറി മില്‍ക്ക് ചോക്കലേറ്റും കൊണ്ടു അച്ഛന്‍ വരുമെന്ന് ഞാനൊരുപാട് സ്വപ്നം കണ്ടിട്ടുണ്ട് .അച്ഛന്‍ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അച്ഛന്റെ രൂപം മനസിലാക്കാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്ന് പണ്ടു അമ്മുമ്മ പറഞ്ഞിട്ടുണ്ട് അങ്ങനെ കണ്ണാടിക്കു മുന്നില്‍ നിന്നു ആ രൂപം മനസ്സില്‍ ആവാഹിചെടുക്കാന്‍ ഞാനൊരുപാട് ശ്രമിച്ചിട്ടുണ്ട് പക്ഷെ എനിക്കതിനു കഴിഞ്ഞിട്ടില്ല വരച്ചെടുക്കാന്‍ ആകാത്ത രേഖാചിത്രം പോലെ ആ രൂപം എന്റെ ഉള്ളില്‍ ഒരു നീറ്റലായി നിന്നു,എന്നും.നന്നായി പഠിച്ചപ്പോഴും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോഴും ഞാന്‍ പ്രതീക്ഷിച്ചു അച്ഛന്‍ വരും എന്റെ കവിളില്‍ തട്ടി എന്റെ മോള്‍ മിടുക്കിയാണെന്ന് പറയും.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചതിനെ പറ്റി വയലാര്‍ എഴുതിയ ആത്മാവില്‍ ഒരു ചിത ഞാന്‍ ആദ്യമായി കേട്ടത്.അച്ഛന്‍ മരിക്കുന്നത് അത്ര കുഴപ്പമില്ലാത്ത സംഗതിയാണെന്ന് എനിക്ക് മനസിലായത് അപ്പോഴാണ്.

അച്ഛന്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് 'ഹി ഈസ് നോ മോര്‍' എന്ന് ലാഹവത്തോടെ പറയാന്‍ ഞാന്‍ പഠിച്ചു അത് കേട്ടു പലരും ആം സോറി എന്ന് പറയുമ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു.എനിക്കപ്പോഴും ഉറപ്പുണ്ടായിരുന്നു ഒരു നാള്‍ വരും........അല്ലെങ്കില്‍ 'മകള്‍ക്ക്' എന്നെഴുതിയ ഒരു കത്ത് വരും. അച്ഛനില്ലാത്ത കുട്ടികളുടെ കഥകള്‍ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. അതിലെവിടെയെങ്കിലും അച്ഛന്‍ കുട്ടിയെ കാണാന്‍ വരുമോ എന്ന് ഞാന്‍ നോക്കി. പക്ഷെ എന്നെ വീര്‍പ്പുമുട്ടിച്ചു കൊണ്ടു എല്ലാ കഥകളും പ്രതീഷയില്‍ അവസാനിച്ചു.എന്റെ കോണ്‍സെപ്റ്റ് മെല്ലെ ഫാന്ടസിയിലേക്ക് വഴിമാറി.ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ഒരാളോട് അച്ഛന്‍ എന്ന് വരുമെന്ന് ചോദിച്ചുള്ളൂ അന്ന് അമ്മുമ്മ പറഞ്ഞു നിന്റെ അച്ഛന്‍ നിന്റെ കല്യാണത്തിന് വരും;നിന്റെ കൈ പിടിച്ചു നിന്റെ ചെറുക്കനു കൊടുക്കണ്ടേ അതവന്റെ അവകാശമാണ് .നീ നോക്കിക്കോ അവന്‍ വരും.ആ വാക്കുകള്‍ അതെന്റെ സ്വപ്നമായി മാറി. സ്വപ്നമോ അതോ ആഗ്രഹമോ?അല്ല അതെന്റെ മനസ്സില്‍ ആരുമറിയാതെ കൊണ്ടു നടന്ന അഭിലാഷമായിരുന്നു.

താലി കഴുത്തില്‍ വീണപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.ഞാനന്ന് എന്റെ അച്ഛനെ പ്രതീക്ഷിച്ചിരുന്നുവോ എന്തോ എനിക്കറിയില്ല.

അച്ഛനില്ലാത്ത കുറവ് എനിക്ക് ശരിക്കും മനസിലായത് എന്റെ കല്യാണത്തിന് ശേഷമാണ്. നിസ്സാര വഴക്കുകള്‍ക്കിടയില്‍ പോലും കുടുംബപശ്‌ചാത്തലം ഭര്‍ത്താവ് വലിചിഴക്കുമ്പോള്‍ ,പല രാത്രികളിലും ആരും കാണാതെ ഞാന്‍ കരയാറുണ്ട്.അപ്പോഴൊക്കെ ഞാന്‍ മനസ്സില്‍ പറയും, അച്ഛന്‍ അറിയുന്നുണ്ടോ എന്റെ മനസ്,അച്ഛന്റെ മകളായി പിറന്നത്‌ കൊണ്ടു മാത്രം ഞാന്‍ അനുഭവിക്കേണ്ടി വന്ന വേദന.

ഡിഗ്രി ക്ലാസ്സുകളില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു ടീച്ചര്‍ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞ വാക്കുകള്‍ അപ്പോള്‍ ഞാന്‍ ഓര്‍ക്കും,"മഹാന്മാരുടെയും മഹാനദികളുടെയും ഉത്ഭവസ്ഥാനം അന്വേക്ഷിക്കരുത്."

ഒരിക്കല്‍ പനിയുടെ ആധിക്യത്തില്‍ തളര്‍ന്നു കിടന്ന ഒരു ദിവസം എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വന്നു...തലമുടി മാടിയൊതുക്കി നെറുകയില്‍ തലോടി ആ ആള്‍ എന്നോട് പറഞ്ഞു...മോള്‍ക്ക്‌ പെട്ടെന്ന് സുഖമാവും....ടീവിയില്‍ നന്ദനം സിനിമയുടെ ക്ലൈമാക്സ് :നവ്യ നായര്‍ പറയുന്നു ഞാനെ കണ്ടുള്ളൂ ഞാന്‍ മാത്രമെ കണ്ടുള്ളൂ.......എനിക്കപ്പോള്‍ എന്ത് കൊണ്ടോ കരച്ചില്‍ വന്നു..........

16 comments:

geetha nair said...

എന്റെ അഞ്ജുക്കുട്ടി, രാധിക തിരക്കിലാണ് എന്ന കഥയില്‍ നിനക്ക് അമ്മയില്ല , ഈ കഥയില്‍ അച്ഛനും ഇല്ല. നേരെത്തെ ഒരു കഥയില്‍ അപ്പൂപ്പനും പോയി. സത്യത്തില്‍ നിനക്ക് ആരൊക്കെ ഉണ്ട്?

Sreedev said...

ശൈലിയും ഭാഷയും നന്നായിട്ടുണ്ട്‌.പക്ഷെ ഈ പ്രമേയം..:(അഛനെക്കുറിചുള്ള ഓര്‍മകളൊക്കെ നന്നായി.പക്ഷെ, ആ നന്ദനവും ശ്രീകൃഷ്ണനും ക്ലൈമാക്സും..!! ഇതു അഞ്ജുവിന്റെ മറ്റൊരു കഥയിലും കണ്ടിട്ടുണ്ട്‌. എഴുതാന്‍ കഴിവുള്ള താങ്കളെന്തിനു ഇങ്ങനെ അബദ്ധജടിലമായ ദൈവസങ്കല്‍പങ്ങളില്‍ വീണുപോവുന്നു? മനുഷ്യനെ നൂറ്റണ്ടുകള്‍ക്കു പുറകിലേക്കു പിടിച്ചുവലിക്കുന്ന ഇത്തരം വിശ്വാസങ്ങള്‍ കൊണ്ടെന്തു പ്രയോജനം? എഴുത്തു പുരോഗമനോന്മുഖം ആവുകയല്ലേ വേണ്ടത്‌..?? സഹജീവികള്‍ സ്വസ്ഥരായിരികുന്ന ആ മാനവവികതക്കല്ലേ ഭംഗി..?അല്ലാതെ നന്ദനം ക്ലൈമാക്സ്‌ പോലെ , നൂറു ശതമാനം വ്യക്തിസുഖത്തിനു വേണ്ടിയുള്ള ദൈവവിശ്വാസം- അത്‌ അശ്ലീലം തന്നെയാണ്‌...

snehithan said...

valare nannayittundu...
bhavukangal

Minesh Ramanunni said...

അഞ്ജു. വീണ്ടു നല്ലൊരു വായനാനുഭവം തന്നു . പക്ഷെ വസന്തിന്റെ ഗന്ധവും നിലാവിന്റെ ചന്തവും മറക്കണ്ട അടുത്ത കഥയില്‍.
ശ്രീദേവ്, ഇതേ സംകെതമാണ് ജനകിക്കുട്ടിയില്‍ എം ടി ഉപയോഗിച്ചിരിക്കുന്നത്. അഞ്ജുവിന്റെ തന്റെ കഥകളൊക്കെ മേനെഞ്ഞെടുക്കുക അല്ല, പകരം കണ്ടെടുക്കുകയാണ് അവള്‍ക്കിടയില്‍ നിന്നും. ഒരു രക്ഷകന്‍ എല്ലാവര്ക്കും ആവശ്യമുള്ളതല്ലേ. ചിലര്‍ ആ രക്ഷകനെ ഇശ്വരന്‍ ആയും മറ്റുചിലര്‍ ഇസങ്ങലായും വേറെ ചിലര്‍ ഭാവനയായും തിരിച്ചറിയുന്നു എന്ന് മാത്രം.

ഹരീഷ് തൊടുപുഴ said...

അഞ്ജുവേ..:)

പനിക്കിടക്കയിലിരുന്നു എഴുതീതാണൊ ഇത്??
അച്ഛനില്ലാത്ത കുറവ് നന്നായിട്ടാവാഹിച്ചെഴുതീട്ടുണ്ട് അല്ലേ..
ഇത്രേം ദുഖമുണ്ടൊ നിന്റെ മനസ്സില്‍??
സത്യായും..??

വിനയന്‍ said...

നല്ല വായനാനുഭവം.
ശ്രീദേവ്, നീയിപ്പോഴും നിരീശ്വരവാദി തന്നെയാല്ലേ...? ചുമ്മാ വെറുതെ ചോദിച്ചതാ :)...മിനീഷിന്റെ കമന്റിനോട് ഞാനും യോജിക്കുന്നു...

Sreedev said...

മിനേഷ്‌, ജാനകിക്കുട്ടിയിലുള്ളത്‌, വളരെ വ്യത്യസ്തമായ അന്തരീക്ഷമാണ്‌.അതിൽ ഒരിടത്തും ദൈവം,മതം,വിശ്വാസം മുതലായ ഒരു സൂചനകളും കടന്നു വരുന്നില്ല! അതിലെ യക്ഷിക്കു ഒരു രക്ഷകയുടെ പരിവേഷവുമില്ല. ജാനകിക്കുട്ടിയുടെ ഏകാന്തതകളിലെ ഒരു കൂട്ടുകാരി മാത്രമാണവർ! അതാണ്‌ ആ കഥയുടെ ക്രാഫ്റ്റിന്റെ ഭംഗി!അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ,നന്ദനം എത്രയോ ഭാവനാശൂന്യവും വികലവുമാണ്‌.

വിനയൻ... ദൈവവിശ്വാസം എന്ന എസ്റ്റാബ്ലിഷ്‌മന്റിനോടുള്ള വെറുപ്പ്‌ മനസ്സിൽ നിന്നു പോവില്ലല്ലോ...

അഞ്ജു,ക്ഷമിക്കുക..ഈ ചർച്ചയെ വഴിമാറ്റിവിടാൻ ഉദ്ദേശിച്ചല്ല ഇത്രയും പറഞ്ഞത്‌. നിർത്തുന്നു.
നല്ല രചനകളുണ്ടാവട്ടെ.:)

Jishad Cronic said...

-:)

ഒഴാക്കന്‍. said...

അമ്മയില്ലേ, കരയാതെ

perooran said...

dont cry anju ,we are with you......

പട്ടേപ്പാടം റാംജി said...

"മഹാന്മാരുടെയും മഹാനദികളുടെയും ഉത്ഭവസ്ഥാനം അന്വേക്ഷിക്കരുത്."

ആളവന്‍താന്‍ said...

നന്നായി അവതരിപ്പിച്ചു. അവസാനമായപ്പോള്‍, (മുകളില്‍ ഇരിക്കുന്ന സുഹൃത്തുക്കള്‍ ക്ഷമിക്കണം) ഒരു വല്ലാത്ത അനുഭവം. ഭാവുകങ്ങള്‍.

Rare Rose said...

കഥ പറയുന്ന ഈ ശൈലി ഒരുപാടിഷ്ടമായി.ഇനിയും എഴുതൂ ഒരുപാട്..

Muralee Mukundan , ബിലാത്തിപട്ടണം said...

'കുന്നിന്‍പുറത്ത്, പാലപ്പൂക്കള്‍ വീണു കിടക്കുന്ന വഴിത്താരകളുള്ള , നീലാമ്പല്‍ വിടര്‍ന്നു നില്‍കുന്ന കുളമുള്ള മഹാത്മാവിന്റെ പേരുള്ള എന്റെ കലാലയമാണ് എന്നെ അക്ഷരങ്ങളോട് കൂടുതല്‍ അടുപ്പിച്ചത്. ആ കലാലയത്തില്‍ മനശാസ്ത്രം പഠിച്ച മൂന്ന് വര്ഷം എന്റെ അക്ഷരലോകത്തിനു നല്‍കിയ സംഭാവന വില പിടിച്ചതായിരുന്നു.....'
അതെ ഈ സംഭാവനകൾ ഇപ്പോൾ ബൂലോഗത്ത് വളരെ വിലപ്പെട്ട സംഗതികളായിരിക്കുന്നു കേട്ടൊ അഞ്ജു

മനോരാജിന്റെ പരിചയ പെടുത്തലിലൂടെ ഇവിടെ എത്തിപ്പെട്ടതിൽ നഷ്ട്ടം തോന്നുന്നില്ല

ഗീത said...

അഞ്ജുവിന്റെ വികാരവിചാരധാരകള്‍ എനിക്ക് നന്നേ മനസ്സിലാവും. അച്ഛനും മക്കളും കൂട്ടുകാരെപ്പോലെ സ്നേഹിക്കുന്ന തീമുള്ള ചിത്രങ്ങള്‍ കാണാന്‍ വലിയ ഇഷ്ടമാണ്.
പിന്നെ നന്ദനം സിനിമ - അനേകം തവണ കണ്ടിട്ടുണ്ട്. ഭക്തിയെ ഒരു ശക്തിയാക്കുന്നവരുടെ മനസ്സിനെ വല്ലാതെ ആര്‍ദ്രമാക്കുന്നതാണാ കഥ. അഞ്ജുവിന്റെ കഥ ഇഷ്ടമായി.

Rineez said...

ശൈലി വല്ലാതെ ഇഷ്ടപ്പെട്ടു.
@ശ്രീദേവ്: അതവിടെ നിര്‍ത്തിയത് നന്നായി. എന്തായാലും ശരിക്കും വെറുക്കപ്പെടേണ്ടത് എന്തെല്ലാമാണെന്ന് ഒന്നുകൂടെ ആലോചിച്ച് തീരുമാനിക്കൂ.:-)
(നന്ദനം സിനിമയുടെ തീം ‘നൂറു ശതമാനം വ്യക്തിസുഖത്തിനു വേണ്ടിയുള്ള ദൈവവിശ്വാസം’ ആണെന്നതിനോട് യോജിക്കുന്നില്ല. എന്തായാലും വിയോജിപ്പില്‍ നിര്‍ത്തുന്നു.കൂടുതല്‍ പറഞ്ഞ് ചര്‍ച്ച വഴി തെറ്റിക്കുന്നില്ല.)