Saturday, May 8, 2010
ഓര്‍മയിലെ മുല്ലപ്പൂക്കള്‍....
കുന്നിന്‍പുറത്ത്, പാലപ്പൂക്കള്‍ വീണു കിടക്കുന്ന വഴിത്താരകളുള്ള , നീലാമ്പല്‍ വിടര്‍ന്നു നില്‍കുന്ന കുളമുള്ള മഹാത്മാവിന്റെ പേരുള്ള എന്റെ കലാലയമാണ് എന്നെ അക്ഷരങ്ങളോട് കൂടുതല്‍ അടുപ്പിച്ചത്. ആ കലാലയത്തില്‍ മനശാസ്ത്രം പഠിച്ച മൂന്ന് വര്ഷം എന്റെ അക്ഷരലോകത്തിനു നല്‍കിയ സംഭാവന വില പിടിച്ചതായിരുന്നു. ഓണത്തിന് ഡിപാര്‍ട്മെന്റിന്റെ വക ഒരു കൈയെഴുത്തുമാസിക പുറത്തിറക്കണമെന്ന ആശയം എനിക്ക് തോന്നി. അത് ടീച്ചര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് നൂറുവട്ടം സമ്മതം. പറയാതെ കാത്തു വച്ച പ്രണയം ഓര്‍ക്കാപുറത്ത് വിജയിച്ച കൌമാരകാരിയെ പോലെ ഞാന്‍ 'മനസ് ' എന്ന മാസികയുടെ ജോലി തുടങ്ങി. പേജു തികക്കാന്‍ വേണ്ടി പല പേരുകളില്‍ കഥയെഴുതി. ആകാശത്തെയും നക്ഷത്രങ്ങളെയും മഴയെയും കൂട്ട് പിടിച്ചു എഡിറ്റോറിയല്‍ എഴുതി. പേരിനു താഴെ സ്റ്റുടെന്റ് എഡിറ്റര്‍ എന്നെഴുതി സായൂജ്യമടഞ്ഞു. മാസികയുടെ പണി ഏകദേശം പൂര്‍ത്തിയായി. ഇനി കവര്‍ പേജു വരച്ചു ബയണ്ട് ചെയ്താല്‍ മതി. വര എനിക്ക് അറിയാത്ത പണി ആയതു കൊണ്ട് അറിയാവുന്നവരെ ഏല്‍പ്പിച്ചു. മാസിക പ്രകാശനം ആര് നടത്തുമെന്നതായി എന്റെ അടുത്ത ചിന്ത. എന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന അപ്പൂപ്പനോടു ഈ ആശങ്കയും പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം മേശപുറത്തിരുന്ന ഒരു പുസ്തകം എടുത്തു അപ്പൂപ്പന്‍ എന്നോട് ചോദിച്ചു, ഇദ്ദേഹം പോരെ നിന്റെ 'മനസ് ' പ്രകാശനം ചെയ്യാന്‍? ഞാന്‍ നോക്കി, ഉള്‍ക്കടല്‍ ; ജോര്‍ജ് ഓണക്കൂര്‍. ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയ മനസുമായി ഞാന്‍ പിറ്റേന്ന് കോളേജില്‍ ചെന്നു. ഓണക്കൂര്‍ സാറിന്റെ പേര് കേട്ടപ്പോഴേ ശക്തി സാറിന് ആവേശമായി. അദേഹത്തെ കൂട്ടി കൊണ്ട് വരാമെന്ന് ശക്തി സര്‍ ഏറ്റു. പ്രകാശനത്തിന്റെ തലേ ദിവസവും കവര്‍ പേജു ശരിയായില്ല. ഒരു ബ്ലാങ്ക് പേജു മുന്നില്‍ വച്ച് മാസിക ബയണ്ട് ചെയ്തു (ഒരു വഴിയുമില്ലാതായാല്‍ പുതിയ സ്റൈല്‍ എന്ന രീതിയില്‍ പരീക്ഷിക്കാമെന്നു കരുതി). പ്രകാശന ദിവസം ശക്തി സര്‍ ഒരു കടലാസ് കൊണ്ട് വന്നു എന്റെ കൈയില്‍ തന്നു, മനസിന്റെ കവര്‍ പേജ്. ഞാന്‍ അത് ഫെവികോള്‍ വച്ച് ശ്രദ്ധയോടെ ഒട്ടിച്ചു. വര്‍ണകടലാസ് കൊണ്ട് പൊതിയുംബോഴാണ് ഫെവികോളിന്റെ ഗന്ധം ഇത്ര വൃത്തികെട്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അത് മറയ്ക്കാന്‍ വേണ്ടി എന്റെ മുടിയില്‍ ചൂടിയിരുന്ന മുല്ലപ്പൂക്കള്‍ അടര്‍ത്തിയെടുത്തു അതിലിട്ടു. ഭദ്രമായി പൊതിഞ്ഞ ആ കെട്ട് ഓണക്കൂര്‍ സര്‍ തുറക്കുന്നത് ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു. പൊതികെട്ടില്‍ നിന്നു മുല്ലപ്പൂക്കള്‍ കൊഴിഞ്ഞു വീണപ്പോള്‍" ഹോ അത് കലക്കി" എന്ന് എന്റെ അടുത്ത് നിന്നു പറഞ്ഞത് ആരായിരുന്നു? ഞാനത് ഓര്‍ക്കുന്നില്ല. പ്രകാശനത്തിന് ശേഷം ഓണക്കൂര്‍ സര്‍ ഞങ്ങളോട് സംസാരിച്ചു. " എനിക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്ററോഡു പരിഭവമുണ്ട്..." എന്ന് പറഞ്ഞാണ് അദേഹം സംസാരം ആരംഭിച്ചത്. ഞാന്‍ ഞെട്ടലോടെ നോക്കിയപ്പോള്‍ അദേഹം തുടര്‍ന്നു. അദേഹത്തിന്റെ കലാലയ ജീവിത കാലഘട്ടത്തില്‍ , അദേഹത്തിന് ഒരു അജ്ഞാത ആരാധിക ഉണ്ടായിരുന്നു. മനോഹരമായ കൈയക്ഷരത്തില്‍ അവര്‍ അദേഹത്തിന് കത്തുകള്‍ എഴുതിയിരുന്നു. പ്രത്യേകത ഇതൊന്നുമല്ല ആ കത്തുകള്‍ക്കൊപ്പം എപ്പോഴും ഒരുപിടി മുല്ലപ്പൂക്കള്‍ കാണുമായിരുന്നു. ആ ഓര്‍മകളിലേക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്റര്‍എന്നെ കൂട്ടി കൊണ്ട് പോയി എന്ന് പറഞ്ഞ് അദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോള്‍ ആ കണ്ണുകളില്‍ എന്തായിരുന്നു? അദേഹം പറഞ്ഞത് പോലെ പരിഭവമോ പിണക്കമോ നോവോ സ്നേഹമോ വാത്സല്യമോ? എനിക്കറിയില്ല.......
Labels:
അനുഭവം
Subscribe to:
Post Comments (Atom)
7 comments:
എഴുത്ത് കൊള്ളാം. തുടരുക
very memorable experience..only a few have such lucky memories
kollaam.... sookshikkanam... onakooor aara ennu enikku ariyilla..
നന്നായിട്ടുണ്ട്......
എഴുത്ത് തുടരുക..
pappiye........ninakku oonakkoor aarannu njan paranju tarame.....
sathyamaaayittum kollam ennu paranjal athu kallam anennu dharikkaruthu ennu njaan orikkalum parayilla. kaaranam ithu kollaam ennathu thanne
ഒരു ചേച്ച്യോ...അനിയത്തി കുട്ട്യോ...സുഹൃത്തോ...ആരോ അടുത്തിരുന്നു കഥ പറഞ്ഞു തരുന്ന ഒരു സുഖം, ശരിക്കും. ഒരുപാടൊരുപാടിഷ്ടായി കഥ പറയുന്ന ഈ ശൈലി.
Post a Comment