Tuesday, October 25, 2011

ഷിഫ്റ്റ് ഞെക്കിയാല്‍ മാറാത്ത അക്ഷരങ്ങള്‍

ഓഫീസില്‍ നിന്ന് കൈയില്‍ കിട്ടിയ ആത്മപരിശോധന ഫോമിലെ നീല അക്ഷരങ്ങളുടെ മിനുസം നോക്കി ഞാനിരുന്നു. ഓഫീസ് എന്ന് പറഞ്ഞാല്‍, ഞാന്‍ അറിയപ്പെടുന്ന ഒരു പത്രത്തിലെ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. എന്റെ പ്രിയതമന്റെ ഭാഷയില്‍ പറഞ്ഞാല്‍ 20 വര്‍ഷം മുമ്പ് അവന്റെ അമ്മ ചെയ്ത ജോലി, ടൈപ്പിസ്റ്റ്.

ആത്മപരിശോധനയില്‍ ആദ്യത്തെ കോളം തന്നെ പേര് ആണ്. സ്വന്തം ഇഷ്ടത്തിനല്ലാതെ നാം ഈ ലോകത്ത് സ്വന്തമാക്കുന്ന ആദ്യത്തെ വസ്തു. മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന ഇഷ്ടം ജീവിത ഭാരമായി ചുമക്കേണ്ട വിധിയാണ് നമുക്ക് എല്ലാവര്‍ക്കും.

വയസ്സ് എഴുതിയപ്പോള്‍ ഉള്ള് അല്‍പ്പമൊന്ന് പിടഞ്ഞു. സ്വഭാവത്തിലെ കുട്ടിക്കളി മാറ്റേണ്ട സമയമായെന്ന് ആ അക്കങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. മുടി ഇഴകളില്‍ നിന്ന് വരുന്ന ബലധാത്രത്തിന്റെ മണം പെട്ടെന്നൊന്നും നരക്കില്ലെന്ന ബലം മനസ്സിന് നല്‍കി. എന്നാല്‍ മേശപ്പുറത്ത് കിടന്ന ആരോഗ്യമാസികയിലെ വന്ധ്യതാ നിരക്കുകളെ പറ്റിയുള്ള പഠനം മനസ്സിനെ അല്‍പ്പമൊന്ന് ഭയപ്പെടുത്തുകയും ചെയ്തു.

വലുപ്പമേറിയ വിദ്യാഭ്യാസ കള്ളികളില്‍ നിറക്കേണ്ടത് എന്തെന്ന് ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല. പഠനത്തെ നിര്‍വചനം ചെയ്തിരിക്കുന്നത് പെരുമാറ്റത്തിലുണ്ടാക്കുന്ന വ്യതിയാനവും സ്വായത്തമാക്കുന്ന കഴിവുകളും അടങ്ങുന്ന പ്രക്രിയ എന്നാണ് പോലും. എങ്കില്‍ എന്റെ വിദ്യാഭ്യാസം എത്ര പരിമിതമാണ്. എഴുതാനും വായിക്കാനും അറിയാം. നേരെ ചൊവ്വേ കണക്ക് കൂട്ടാന്‍ പോലും അറിയില്ല. പിന്നെ ഉള്ളത് അക്ഷരപിശാചുകളോടുള്ള വൈരമാണ്. അതിനെ പാരമ്പര്യം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.ഓഫീസിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുകളില്‍ വടിവില്ലാത്ത കൈയക്ഷരത്തില്‍ വാക്കുകള്‍ എഴുതി ഒട്ടിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചതും ആ പാരമ്പര്യം തന്ന ചങ്കൂറ്റമാണ്.

ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ തെറ്റുകള്‍ ശരിയാകുന്ന ഇന്ദ്രജാലം ഞാന്‍ കണ്ടത് ഇവിടെ വെച്ചാണ്. അദ്ധ്യാപകനെ വിലകുറിച്ച് അധ്യാപകന്‍ ആക്കുമ്പോള്‍ തിരുത്തുന്ന ഞാന്‍ എത്രയോ പഴി കേട്ടിരിക്കുന്നു.സഹപ്രവര്‍ത്
തകരുടെ പരിഹാസം ഏല്‍ക്കാതിരിക്കാന്‍ തെറ്റുകള്‍ മനുഷ്യസഹജമാണെന്നും അവ തിരുത്തുന്നത് ദൈവികമാണെന്നുമുള്ള ചിന്ത പരിചയായി ഉപയോഗിക്കും.

പ്രവര്‍ത്തി പരിചയത്തിന്റെ കോളം ശൂന്യമാക്കി ഇടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. സ്വായത്തമാക്കിയ അറിവിനെയും ജോലി പഠിച്ചെടുത്ത വേഗതയെയും സമയത്തിന്റെ കണക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് കളത്തില്‍ എഴുതുന്നത് എങ്ങനെ..അല്ലെങ്കില്‍ തന്നെ അങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുമോ..യൗവനം തീരാറായെന്ന് പരാതി പറഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നവരെ കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. കാരണം എണ്‍പതാം വയസ്സിലും പുതിയ അറിവുകള്‍ നേടാന്‍ ഉത്സുഹനായിരുന്ന അപാരമായ ഓര്‍മ്മശക്തിയുള്ള എപ്പോഴും പഠിച്ചു കൊണ്ടിരുന്ന ഒരാളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. 

ഹോബി എന്താണെന്ന ചോദ്യത്തിനു പാമ്പിനു തീറ്റ കൊടുക്കലനെന്നു ഞാന്‍ എഴുതി, ഇപ്പോള്‍ നമ്മുടെ എല്ലാം ഹോബി അതല്ലേ. സംശയമുണ്ടേല്‍ മൊബൈല്‍ എടുത്തു നോക്കു . കണക്കുകള്‍ കള്ളം പറയില്ലല്ലോ 

ആത്മപരിശോധന ഫോമിന്റെ അടുത്ത പേജിലേക്ക് കടന്നപ്പോഴേക്കും എനിക്ക് ബോറടിച്ച് തുടങ്ങി. സ്‌കൂളില്‍ പഠിച്ചപ്പോള്‍ എഴുതി മടുത്ത അഞ്ച് മാര്‍ക്ക് ചോദ്യോത്തരം പോലെ അവനവനെ കുറിച്ച് ഉപന്യസിക്കാന്‍ പറഞ്ഞിരിക്കുന്നു. അസാമാന്യ ബുദ്ധിയുള്ള ഞാന്‍ എന്ന് എഴുതി ഞാന്‍ ആ വല്യ ചോദ്യത്തെ ചെറുതാക്കി. ഇനി ഞാന്‍ ഒരു സ്വകാര്യം പറയട്ടെ ഞാന്‍ എഴുതിയത് വാസ്തവമാണ്.സൈക്കോളജി ലാബിലെ ഐക്യു ടെസ്റ്റില്‍ 129 സ്‌കോര്‍ കിട്ടിയപ്പോള്‍ റിസള്‍ട്ട് കണ്ട അദ്ധ്യാപകന്റെ കണ്ണിലെ അമ്പരപ്പ് ഞാന്‍ ഇന്നും മറന്നിട്ടില്ല. പിന്നീട് ഒരിക്കല്‍ കോളജ് മാഗസിനില്‍ വന്ന കഥ വായിച്ച് ഇത് ദൈവത്തിന്റെ വിരലാണെന്ന് പറഞ്ഞ് എന്റെ കൈയില്‍ തൊട്ട അദ്ധ്യാപകന്റെ കണ്ണുകളിലും ഇതേ അമ്പരപ്പ് ഉണ്ടായിരുന്നു.

പക്ഷേ പറഞ്ഞിട്ടെന്താ, എന്റെ വീട്ടില്‍ എന്നെക്കാള്‍ വലിയൊരു ബുദ്ധിമാനുണ്ട്. വിവരവും പാണ്ഡിത്യവുമൊക്കെ എന്നെക്കാള്‍ ഉള്ള ഒരുത്തന്‍.മറ്റുള്ളവരെ പോലെ ആകാന്‍ പ്രയത്‌നിച്ച് കൊണ്ടിരിക്കാതെ ഇന്റിടുവാലിറ്റിയെ പറ്റി ചിന്തിക്കാന്‍ എത്രയോ വട്ടം ഞാന്‍ അവനോട് ഉപദേശിച്ചിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല സമൂഹത്തിന്റെ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കാന്‍ അവന് ഒരിക്കലും കഴിയില്ല. അതു കൊണ്ടായിരിക്കും അവന്റെ ഇന്റിടുവാലിറ്റി ഇല്ലാത്ത ബുദ്ധിയെ ബുദ്ധിയായും എന്റെ ഇന്റിടുവാലിറ്റി ഉള്ള ബുദ്ധിയെ ഭ്രാന്തായും സമൂഹം കാണുന്നത്. എഴുതേണ്ട എന്ന് കരുതിയെങ്കിലും ആ കോളവും നിറഞ്ഞുപോയി. 

ഇനിയും നിറക്കാന്‍ എത്രയോ കോളങ്ങള്‍,അഭിപ്രായങ്ങള്‍, ആഗ്രഹങ്ങള്‍,മനോഭാവം..വേണ്ട, ഒന്നും വേണ്ട.

ഫോമില്‍ കുനുകുനാ എഴുതി നിറച്ച കറുത്ത ഭംഗിയില്ലാത്ത അക്ഷരങ്ങള്‍ നോക്കിയിരിക്കുന്ന മലയാളം വായിക്കാനറിയാത്ത എച്ച്ആറിന്റെ ദയനീയമുഖം ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. 

ഇതിന്റെ മറുപടി ഓഫീസ് മെമ്മോയായി കിട്ടുമെന്ന് ഉറപ്പിച്ച് കൊണ്ടുതന്നെ കടലാസ് നാലായി മടക്കി ഞാന്‍ കവറിലിട്ടു.ഒരു കാര്യം കൂടി എഴുതാനുണ്ടല്ലോ എന്ന ഓര്‍മ്മയില്‍ ഞാന്‍ ഫോം പുറത്തെടുത്തു.

ഓഫീസിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താരാണെന്ന ചോദ്യത്തിന് ഞാന്‍ ദൈവം എന്ന് ഉത്തരമെഴുതി. എന്താ ദൈവത്തിന് സുഹൃത്താകാന്‍ പറ്റില്ലേ...അതോ ദൈവത്തിന് നമ്മുടെ ഓഫീസി്ല്‍ ജോലി ചെയ്യാന്‍ പാടില്ലേ...

ഫോം എച്ച്ആറിന്റെ കൈയില്‍ ഏല്‍പ്പിച്ച് ഞാന്‍ ഓഫീസ് മെമ്മോയും കാത്ത് വാര്‍ത്തകള്‍ ടൈപ്പ് ചെയ്തിരുന്നു.

എന്റെ കടലാസ് അസിസ്റ്റന്റ് എച്ച്ആറിന് വായിച്ചുകൊടുക്കുന്നത് ഞാന്‍ ഒളികണ്ണിട്ടു നോക്കി. (ഇടയ്‌ക്കൊന്ന് പറയട്ടെ,ഒളിച്ച് നോക്കുക ഒളിച്ച് കേള്‍ക്കുക മറ്റുള്ളവരുടെ സംസാരത്തില്‍ ഇടപെടുക തുടങ്ങിയ ശീലങ്ങളെല്ലാം ഞാന്‍ പഠിച്ചത് ഇവിടെ ജോലി കിട്ടിയ ശേഷമാണ്).

എന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് എച്ച്ആര്‍ എന്റെ കടലാസ് അലസമായി വലിച്ചെറിഞ്ഞു. 

ഷിഫ്റ്റ് ഞെക്കിയാല്‍ മാറുന്ന അക്ഷരങ്ങള്‍ പോലെ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഞെക്കി മാറ്റാന്‍ കഴിയാത്ത സ്വഭാവമുള്ള ഞാന്‍ ശല്യമാകുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് വ്യഥ തോന്നി.

പറഞ്ഞിട്ടെന്താ,മഹാന്മാരെ ഒരിക്കലും അവരുടെ കാലം അംഗീകരിച്ചിട്ടില്ല. എന്തിന് സോക്രട്ടീസിനെയും ഗലീലിയോയെയും തിരിച്ചറിയാന്‍ പോലും നമുക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.....

21 comments:

ഓര്‍മ്മകള്‍ said...

Nalla ezhuthu...., dhaivathinte kaikal thanne aayirikum...., thurannezhuthi ellam.... Thalakettu ishtapettu...

Hashiq said...

> ഹോബി എന്താണെന്ന ചോദ്യത്തിനു പാമ്പിനു തീറ്റ കൊടുക്കലനെന്നു ഞാന്‍ എഴുതി, ഇപ്പോള്‍ നമ്മുടെ എല്ലാം ഹോബി അതല്ലേ. സംശയമുണ്ടേല്‍ മൊബൈല്‍ എടുത്തു നോക്കു . കണക്കുകള്‍ കള്ളം പറയില്ലല്ലോ <
ഈ ഒരൊറ്റ വരി മതി. പറഞ്ഞിരിക്കുന്നത് മുഴുവന്‍ പലരുടെയും കാര്യത്തില്‍ ശരിയായിരിക്കും എന്നതിന് ഒരു സെല്‍ഫ്‌ അറ്റസ്റ്റേഷന്‍ പോലും വേണ്ടി വരില്ല.

Manoraj said...

എഴുത്തിന്റെ രീതികള്‍ മികച്ചത്. പക്ഷെ അഞ്ജുവായില്ല എന്നൊരു തോന്നല്‍. പറഞ്ഞത് മനസ്സിലായിക്കാണുമല്ലോ :)

ajith said...

വായിച്ചു...

Muralee Mukundan , ബിലാത്തിപട്ടണം said...

സ്ഥിരം പാമ്പുകളായ മല്ലൂസിനിട്ടും ഒന്നു കൊട്ടി അല്ലേ

Echmukutty said...

കൊള്ളാമല്ലോ. വിരലുകൾ കേമം തന്നെയാണ്. പിന്നെ പാമ്പിനു തീറ്റ കൊടുക്കൽ ക്ഷ പിടിച്ചു. അഭിനന്ദനങ്ങൾ കേട്ടൊ.

രമേശ്‌ അരൂര്‍ said...

എച് ആര്‍ മാനേജര്‍ക്ക് വട്ടായില്ലല്ലോ ..അതോ ..??

റോസാപ്പൂക്കള്‍ said...

ഹോബി എന്താണെന്ന ചോദ്യത്തിനു പാമ്പിനു തീറ്റ കൊടുക്കലനെന്നു ഞാന്‍ എഴുതി, ഇപ്പോള്‍ നമ്മുടെ എല്ലാം ഹോബി അതല്ലേ.

ചന്തു നായർ said...

ആത്മപരിശോധനയില്‍ ആദ്യത്തെ കോളം തന്നെ പേര് ആണ്. സ്വന്തം ഇഷ്ടത്തിനല്ലാതെ നാം ഈ ലോകത്ത് സ്വന്തമാക്കുന്ന ആദ്യത്തെ വസ്തു. മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന ഇഷ്ടം ജീവിത ഭാരമായി ചുമക്കേണ്ട വിധിയാണ് നമുക്ക് എല്ലാവര്‍ക്കും.

mini//മിനി said...

ഇഷ്ടമില്ലാത്ത വാക്കുക്കാൾ റീപ്ലെയ്സ് ചെയ്യാൻ കഴിയുമോ?
നല്ല എഴുത്ത്,,,

മത്താപ്പ് said...

ഹ്മ്മ്മ്...
ആകെ മൊത്തം ഒരു ഡെസ്പ്-ഡബിൾ മീനിങ്ങ് മണം!! ;))

Lipi Ranju said...

"മഹാന്മാരെ ഒരിക്കലും അവരുടെ കാലം
അംഗീകരിച്ചിട്ടില്ല. എന്തിന് സോക്രട്ടീസിനെയും ഗലീലിയോയെയും തിരിച്ചറിയാന്‍ പോലും നമുക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു..... " ആ എഴുതി വച്ചതൊക്കെ മനസിലാക്കി എച്ച് ആര്‍ മെമ്മോ തരാനും സമയമെടുക്കും, കാത്തിരിക്കൂ... :)

Pradeep said...

അഞ്ജു വളരെ ഏറെ ഇഷ്ടമായി എഴുത്ത്. നല്ല ഭാഷ. ഇനിയും ഒരുപാട് എഴുതുക. വായനയെ സ്നേഹിക്കുന്ന എഴുതാന്‍ അശേഷം കഴിവില്ലാത്ത ഒരാള്‍ എന്നത് കൊണ്ട് തന്നെ ഞാന്‍ അഞ്ജുവിന്റെ ബ്ലോഗ്‌ പിന്തുടരാന്‍ തീരുമാനിച്ചു. എല്ലാ ഭാവുകങ്ങളും

Sabu Kottotty said...

ഇതൊന്നും ഒരുവട്ടം വായിച്ചാല്‍ നുമ്മക്ക് തലേക്കേറുന്നതല്ലേയ്... സത്യത്തില്‍ ഒന്നും പിടികിട്ടിയിട്ടില്ല്ല. ഒന്നു തലകുത്തിനിന്ന് വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളാം...

Ismail Chemmad said...

വായിച്ചു..
ഇഷ്ടായി..
ആശംസകള്‍..

ശിഖണ്ഡി said...

വാക്കുകള്‍ ചവച്ചിറക്കി.. ദഹിക്കാന്‍ അല്‍പ്പം സമയമെടുക്കും....
ആശംസകള്‍....

jayanEvoor said...

കൊള്ളാം അഞ്ജു!
നല്ല ശീർഷകം. നല്ല എഴുത്ത്.
പിന്നെ,

“പറഞ്ഞിട്ടെന്താ,മഹാന്മാരെ ഒരിക്കലും അവരുടെ കാലം അംഗീകരിച്ചിട്ടില്ല. എന്തിന് സോക്രട്ടീസിനെയും ഗലീലിയോയെയും തിരിച്ചറിയാന്‍ പോലും നമുക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.....”

ആ ഓർമ്മയുണ്ടായാ മതി!
ഹ! ഹ!

റിഷ് സിമെന്തി said...

കൊള്ളാം..നല്ല ശൈലി..best wishes

Ajith said...

ഷിഫ്റ്റ്‌ ഞെക്കി ജീവിക്കുന്ന ഐ ടി ഭീമന് തലച്ചോറ് വില്‍ക്കുന്നവ്ന്‍ മാത്രം ആണ് ഞാന്‍. ഒരു പക്ഷെ അങ്ങനെ ആയി പോകുന്നല്ലോ എന്നാ സങ്കടം മാറുന്നത് ഇത് പോലെ ഉള്ള ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ആണ്. രാവിലെ ഓഫീസിലേക്കും തിരിച്ചു വീട്ടിലേക്കും ഉള്ള നെട്ടോടത്ത്തില്‍ പലപ്പോഴും തോനിയിട്ടുണ്ട് യാന്ത്രികമായി പോകുന്ന ജീവിതത്തിന്റെ ഗതിയില്‍ എന്തെകിലും ഒരു ട്വിസ്റ്റ്‌ ഉണ്ടായി എങ്കില്‍ എന്ന്.. കഥയില്ലാത്ത ജീവിതത്തില്‍ കഥയുള്ള മുഖ ങ്ങള്‍ പ്രത്യക്ഷപ്പെട്ടു എങ്കില്‍ എന്ന് ...

Manuraj Haridas said...

In this lines somewhere i find myself..., thanks for making the feeling that i am still living..

InnalekaLute OrmmakaL said...

കുറച്ചു വൈകിയാലും സോക്രട്ടീസിനും ഗലീലിയോയ്ക്കും ശേഷം ഒരു പിന്തുടര്‍ച്ചക്കാരിയെ കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ വളരെ സന്തോഷം തോന്നി ! [:)]