Sunday, August 28, 2011

ചില ഹൈപ്പോതലാമിക് ചിന്തകള്‍

ഞാന്‍
ജന്മനാ കിട്ടിയ അഹങ്കാരവും കോംപ്ലക്‌സും തമ്മില്‍ ബാലന്‍സ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന തലച്ചോറുമായി ജീവിക്കുന്നു.

നഷ്ടം
ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ശാന്തികവാടത്തിലേക്ക് നടന്ന് പോയി ഇനിയും തിരിച്ചുവരാത്ത അപ്പൂപ്പന്‍

വിശ്വാസം
ഒരുപാട് നോവുകള്‍ തന്ന് നീ എന്നെ ഓര്‍ക്കുന്നില്ലേ എന്ന് ചോദിക്കുന്ന, ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ആവശ്യത്തിലധികം തന്ന് കള്ളച്ചിരിയോടെ കൂട്ടിരിക്കുന്ന കൃഷ്ണനെ...ഒരിക്കല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തീരത്തേക്ക് പിച്ചവച്ചു നടത്തിയ ഡോ.കൃഷ്ണനെ...ജീവിതത്തെ വര്‍ണ്ണക്കാഴ്ചകളുടെ കാലിഡോസ്‌കോപ്പിലുടെ കാണണമെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്ന പ്രിയതമനെ...

സ്‌നേഹം
തീവ്രമായ ഉറക്കത്തിനിടയില്‍ പ്രിയതമന്റെ സാന്നിധ്യമറിയിച്ച് മൊബൈല്‍ ഫോണ്‍ പാടുന്ന 'മംഗല്യം തന്തു നാദേന'എന്ന ശബ്ദത്തിനോട്. വൈകുന്നേരം വിളക്ക് വയ്ക്കുമ്പോള്‍ മഗ്‌രിബ് വാങ്കും അടുത്ത ഫഌറ്റിലെ ഷാലോം ടിവിയില്‍ നിന്ന് പള്ളിപ്പാട്ടും കേള്‍ക്കുന്ന മനോഹരമായ മുഹൂര്‍ത്തത്തോട്

പ്രണയം
ഒരു നല്ല ഷര്‍ട്ട് കണ്ടാല്‍ അവന് ചേരുമല്ലോ എന്ന് തോന്നുന്ന സൗഹൃദത്തെ തിരക്കുകള്‍ക്കിടയില്‍ ആഹാരം കഴിക്കണേ എന്ന് ഓര്‍മ്മിപ്പിക്കുന്ന വാത്സല്യത്തെ സംഘര്‍ഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തോന്നുന്ന ആശ്വാസത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ ജോലിചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ഫോണിലൂടെ കിട്ടുന്ന ഉമ്മയില്‍ മുഖം ചുവപ്പിക്കുന്ന ലജ്ജയെ കുസൃതി കാട്ടിയിട്ട് ഒളിക്കാന്‍ കഴിയുന്ന സുരക്ഷിതത്വത്തെ ഞാന്‍ പ്രണയമെന്ന് വിളിക്കും

മാതൃത്വം
ടെക്‌സ്റ്റൈല്‍ ഷോപ്പിലെ കുഞ്ഞുടുപ്പുകളില്‍ കണ്ണുടക്കുമ്പോള്‍ വഴിയരികില്‍ കാണുന്ന കുഞ്ഞുങ്ങളെ നോക്കി കൈവീശുമ്പോള്‍ ഉള്ളില്‍ തോന്നുന്ന വികാരം മാതൃത്വമാകാം.

ജോലി
ബ്രേക്കിംഗ് ഫഌഷുകളായും ഫഌഷുകള്‍ അപ്‌ഡേറ്റുകളായും അപ്‌ഡേറ്റുകള്‍ ഫൂട്ടേജുകളായും ഫൂട്ടേജുകള്‍ പാക്കേജുകളായും ആറിത്തണുപ്പിക്കുന്ന ജോലി ചൂടോടെ ചെയ്യുന്നു

ഭ്രാന്ത്

സംഘര്‍ഷങ്ങളില്‍ സന്ദേഹങ്ങളില്‍ സ്മൃതികളില്‍ നിരാശയില്‍ നിന്നൊക്ക ഓടി ഒളിക്കാന്‍ മനസ്സ് കാണിക്കുന്നൊരു ഇന്ദ്രജാലം

നന്മ
താളം തെറ്റിയ മനോനിലയുമായി ജീവിക്കുന്നവരെ  പരിഹാസത്തിന്റെയും ചിരിയുടെയും ഉള്ളില്‍ ഉതിരുന്ന ഭാവത്തെ സഹതാപത്തിന്റെ മുഖംമൂടിയിട്ട് ഒളിപ്പിക്കുന്ന എല്ലാവര്‍ക്കുമിടയില്‍; തെറ്റിയ താളത്തിന് ഒപ്പം സഞ്ചരിക്കാന്‍ മനസ് കാണിക്കുന്ന ഡോ.ജോസഫ് മണി ഞാന്‍ കണ്ട ഏറ്റവും വലിയ നന്മ.

സഹതാപം

സാങ്കേതിക പിശകുകള്‍ വരുമ്പോള്‍ തിരുത്തി കൊടുത്താല്‍ പുച്ഛിക്കുന്ന യൗവനത്തിന്റെ തീക്ഷ്ണതയെ അംഗീകരിക്കാത്ത വാര്‍ദ്ധ്യകത്തോട് വേറെന്ത് വികാരമാണ് തോന്നേണ്ടത്.

ജീവിതം
പഠിച്ചതൊന്നുമല്ല പ്രവര്‍ത്തിക്കേണ്ടത് പ്രവര്‍ത്തിക്കേണ്ടതൊന്നുമല്ല പഠിക്കേണ്ടത് എന്ന വൈരുദ്ധ്യത്തിലും ആശയക്കുഴപ്പത്തിലും ഇടയില്‍ ജീവിതം കത്തിനില്‍ക്കുന്നു.

മരണം

ജീവിതത്തെക്കാളേറെ കണ്ട ഫാന്റസി,ഒരുപാട് ആഗ്രഹിച്ചിരുന്ന പ്രതിഭാസം, എന്നാല്‍ എനിക്കുറപ്പുണ്ട് ജീവിക്കണമെന്ന് ഒരുപാട് മോഹം തോന്നുന്ന ഏതോ ഒരു മുഹൂര്‍ത്തത്തിലായിരിക്കും എന്റെ മരണം.




15 comments:

ആളവന്‍താന്‍ said...

കലക്കി അഞ്ചു.... എല്ലാം മനസ്സില്‍ കൊണ്ടു. പിന്നെ ഇടയ്ക്കിടെ വരേണ്ടിയിരുന്ന കുത്തും കോമയും നിന്‍റെ വിചാരങ്ങള്‍ വിഴുങ്ങിയപ്പോള്‍ എന്തോ ചില കല്ലുകടികളും. പ്രണയമാണ് ഏറെ ഇഷ്ട്ടപ്പെട്ടത്‌.

ആളവന്‍താന്‍ said...

ആ 'പ്രണയം' ഇന്ന് ഞാന്‍ ഫെയ്സ് ബുക്കില്‍ വിറ്റ് കമന്റാക്കും. with ur permission.

Villagemaan/വില്ലേജ്മാന്‍ said...

>>>>ജീവിതം <<<< ഇഷ്ട്ടപ്പെട്ടു..

>>>സഹതാപം<<< .പുച്ഛിക്കുന്ന യൌവ്വനതോടോ അതോ വാര്ധക്യതോടോ ? സത്യത്തില്‍ മനസ്സിലായില്ല.

(ചിലപ്പോ എന്റെ കുഴപ്പം ആരിക്കും)

ശ്രീനാഥന്‍ said...

ചിന്തകൾ ഇഷ്ടമായി.

Ismail Chemmad said...

Nannaayittund. Aashamsakal

കുഞ്ഞൂസ് (Kunjuss) said...

ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ചാമ്പല്‍ ആയി അവശേഷിച്ചത് വായനക്കാരന്റെ ചിന്തകളില്‍ തീ പടര്‍ത്തുന്നല്ലോ അഞ്ജു....

Ajith said...

"ഒരു നല്ല ഷര്‍ട്ട് കണ്ടാല്‍ അവന് ചേരുമല്ലോ എന്ന് തോന്നുന്ന സൗഹൃദത്തെ തിരക്കുകള്‍ക്കിടയില്‍ ആഹാരം കഴിക്കണേ എന്ന് ഓര്‍മ്മിപ്പിക്കുന്ന വാത്സല്യത്തെ സംഘര്‍ഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തോന്നുന്ന ആശ്വാസത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ ജോലിചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ഫോണിലൂടെ കിട്ടുന്ന ഉമ്മയില്‍ മുഖം ചുവപ്പിക്കുന്ന ലജ്ജയെ കുസൃതി കാട്ടിയിട്ട് ഒളിക്കാന്‍ കഴിയുന്ന സുരക്ഷിതത്വത്തെ ഞാന്‍ പ്രണയമെന്ന് വിളിക്കും" ഇതിലും നല്ല ഒരു നിര്‍വചനം പ്രണയത്തിനു ഞാന്‍ കേട്ടിട്ടില്ല !!!

Manoj vengola said...

"...എനിക്കുറപ്പുണ്ട്, ജീവിക്കണമെന്ന് ഒരുപാട് മോഹം തോന്നുന്ന ഏതോ ഒരു മുഹൂര്‍ത്തത്തിലായിരിക്കും എന്റെ മരണം..."

ഈ വരികള്‍ക്ക് നന്ദി.
നന്മകള്‍.

Sabu Kottotty said...

എന്താ സഖാവേ, എല്ലാംകൂടി ഒരൊന്നൊന്നര പറച്ചില്.... നന്നായീട്ടാ...

Lipi Ranju said...

എല്ലാം ഇഷ്ടായി അഞ്ജു... എങ്കിലും കൂടുതല്‍ ഇഷ്ടായത് പ്രണയവും, മരണവും.

Echmukutty said...

അഞ്ജു മുതിർന്ന് മുതിർന്ന് വലിയ വലിയ കാര്യങ്ങളൊക്കെ എഴുതീരിയ്ക്കുന്നു! എല്ലാം ഇഷ്ടമായി.
പ്രണയവും മരണവും വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ കേട്ടൊ.

natesh said...

nannayittudu..mathruthvam oru infertility angle il ninnum.....super

ajith said...

സഹതാപം മാത്രം ഇഷ്ടായില്ല

ജയിംസ് സണ്ണി പാറ്റൂർ said...

ജീവിക്കണമെന്നു ഒരുപാടു മോഹം
തോന്നുമ്പോള്‍ തന്നെ മരണം
അപ്പോളാരുമാകാത്തതിന്റെ വേദന മാത്രമല്ലേ
കൂടെയുണ്ടാകുക.

ഓര്‍മ്മകള്‍ said...

Ethra manoharamyi ezhuthiyirikunnu..... Asooyathonnuva..... Supeeeeeeer.......