Tuesday, October 5, 2010

ദശാസന്ധി






'108' ആബുലന്‍സിന്റെ ഭയാനക ശബ്ദം ചെവിയില്‍ നിറഞ്ഞു നില്ക്കുന്നതു പോലെ ശാലുവിന് തോന്നി. വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞ ആ ആബുലന്‍സിന്റെ ഉള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് താനാണെന്നതിരിച്ചറിവില്‍ ശാലുവിന്റെ ശരീരം ഒന്നു വിറച്ചു. ആ വിറയലില്‍ അവളുടെ കണ്ണുകള്‍ തുറന്നു. ഞെട്ടിയുണര്‍ന്ന ശാലു ലൈറ്റ് തെളിയിച്ചു.



കിടയ്ക്കക്കരികിലിരുന്ന വലിയ കണ്ണാടിയില്‍ കാണുന്ന രൂപം തന്റേതല്ലെന്നവള്‍ക്ക് തോന്നി. കറുത്തചുരിദാറും തോള്‍ വരെ മുറിച്ചിട്ട മുടിയും ഷേപ്പ് ചെയ്ത പുരികങ്ങളും ഫെയര്‍നെസ് ക്രീമിന്റെഉപയോഗത്തില്‍ മിനുസപ്പെട്ട മുഖവും ശാലുവില്‍ അപരിചിതത്വം സൃഷ്ടിച്ചു. നിറയെ ഞൊറിയിട്ടുടുക്കുന്നകസവുപുടവയും മുടിക്കെട്ടില്‍ കനകാംബര മാലയും ഇല്ലാത്ത തന്റെ രൂപം സങ്കല്‍പ്പിക്കാനേഅവള്‍ക്ക് അപ്പോള്‍ കഴിയുമായിരുന്നില്ല.



രാവിലെ ഡൈനിംഗ് ടേബിളില്‍ പ്രാതലിനു വന്നിരുന്ന അനിലിന്റെയും ദീപുവിന്റെയും കണ്ണുകള്‍അതിശയത്തില്‍ വിടര്‍ന്നു. ആവി പറക്കുന്ന കഞ്ഞിയും പയറുതോരനും കാന്താരിമുളക് ചമ്മന്തിയുംചുട്ടപപ്പടവും.



'അച്ഛാ, സത്യത്തില്‍ ഈ അമ്മയ്ക്ക് എന്താ പറ്റിയേ?'



ദീപുവിന്റെ വാക്കുകളില്‍ കുസൃതി തുളുമ്പി. അനില്‍ കൗതുകത്തോടെ ശാലുവിനെ നോക്കി. ഇത്തിരിയുള്ളമുടിയില്‍ മുല്ലപ്പൂവ് തിരുകി പുളിയിലക്കര പുടവ ചുറ്റി ചന്ദനക്കുറിയണിഞ്ഞ് മുന്നില്‍ നില്ക്കുന്ന ഭാര്യയില്‍വന്ന മാറ്റം അനിലിനു വിശ്വസിക്കാനായില്ല.



രാത്രി ഉറങ്ങാതെ അസ്വസ്ഥയായി കിടക്കുന്ന ശാലുവിനോട് അനില്‍ ചോദിച്ചു.



'എന്താ നിനക്കു പറ്റിയേ? ഹോസ്പിറ്റലില്‍ പോകണോ?'



പെട്ടെന്നവള്‍ക്ക് 108 ആബുലന്‍സ് ഓര്‍മ വന്നു. രക്തത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവള്‍ക്ക്അനുഭവപ്പെട്ടു. വയറിലെ ആഴമുള്ള മുറിവില്‍ ഇപ്പോഴും സ്വര്‍ണ്ണപിടിയുള്ള തിളങ്ങുന്ന വാള്‍വിശ്രമിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.



'നിനക്കെന്താ പറ്റിയേ?'



ഇടറുന്ന ശബ്ദത്തില്‍ അനില്‍ ചോദിച്ചു.



ആ ശബ്ദത്തിനും തനിക്കുമിടയില്‍ കാലങ്ങളുടെ ദൂരമുണ്ടെന്ന് ശാലുവിന് തോന്നി.പിറ്റേന്ന് കണ്ണാടിയുടെമുന്നില്‍ നിന്ന് ശാലു വാലിട്ട് കണ്ണെഴുതുന്നത് ദീപുവാണ് അനിലിനു കാട്ടിക്കൊടുത്തത്. ദീപുതമാശയോടെ ആ രംഗം നോക്കി നിന്നപ്പോള്‍ അനിലിന്റെ നെഞ്ചില്‍ വേദനയുടെ മുള പൊട്ടി. 'എന്തര്‌ടേ നോക്കണത്?'



ശാലു തിരിഞ്ഞു നോക്കി ചോദിച്ചു. ദീപു അതു കേട്ട് പൊട്ടിച്ചിരിച്ചു.



'നിന്റെ സംസാരത്തിനെന്താ ഒരു തിരുവനന്തപുരം ചുവ.'



അനിലിന്റെ സ്വരം അവനരിയാതെ കടുത്തു.



'അതേയ്, ഞാന്‍ ശുദ്ധ തിരുവനന്തപുരത്തുകാരിയാ. ദ് റോയല്‍ ട്രാവന്‍കൂര്‍!'



അനില്‍ വേദനയോടെ ശാലുവിന്റെ ചുമലില്‍ തൊട്ടു പറഞ്ഞു.
'നിന്റെ ഇപ്പോഴത്തെ പെരുമാറ്റം കണ്ട് പേടിയാകുന്നു. നമുക്കൊരു സൈക്യാട്രിസ്റ്റിനെ കണ്ടാലോ?'



ശാലു വിടര്‍ന്ന കണ്ണുകളോടെ അനിലിന്റെ മുഖത്തേക്കുറ്റു നോക്കിയിരുന്നു. ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ്മുറിയിലെ ഗണപതിയുടെ ചിത്രങ്ങളെ നോക്കി ശാലു ഇരുന്നു. അനില്‍ അപ്പോള്‍ ശാലുവിന്റെമാറ്റത്തെക്കുറിച്ച് ഡോക്ടറോട് വാചാലനാകുകയായിരുന്നു. ഇതൊന്നും തന്നെപ്പറ്റിയല്ല എന്ന മട്ടില്‍അവള്‍ മേശപ്പുറത്തിരുന്ന സ്ഫടികരൂപത്തിലുള്ള കുഞ്ഞുഗണപതിയെ കൈയിലെടുത്തു താലോലിച്ചുകൊണ്ടിരുന്നു.



അനിലിനെ പുറത്തിറക്കി ശാലുവിനോട് വാത്സല്യത്തോടെ ചോദിച്ചു.



'എന്താ ശാലുവിന്റെ പ്രശ്്‌നം?'



വിടര്‍ന്ന ചിരിയോടെ പതറാതെ ശാലു പറഞ്ഞു.



'എന്താ ഡോക്ടര്‍ ഞാന്‍ പറയുക? എനിക്കു എന്നെ കൊണ്ട് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞാല്‍ഡോക്ടര്‍ വിശ്വസിക്കുമോ? ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്നോട് ആരോ വന്നു സംസാരിക്കുന്നതുപോലെ തോന്നുന്നുവെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിചാരിക്കും, ഓഡിറ്ററി ഹാലൂസിനേഷന്‍, സ്‌കിസോഫ്രീനിയയുടെ ലക്ഷണം; ഡോക്ടര്‍ അപ്പോള്‍ എനിക്ക് ആന്റി സൈക്കോട്ടിക്‌സ് കുറിക്കും. ഇനിയിപ്പോള്‍ ഞാന്‍ എന്റെ മൂഡ് പെട്ടെന്ന് മാറുന്നുവെന്ന് പറഞ്ഞാല്‍ , മൂഡ് സ്‌റ്റെബിലൈസര്‍ കുറിച്ച് അസുഖത്തെ ബൈപോളാര്‍ എന്നു വിളിക്കും. ഡോക്ടര്‍ ഞാനും കുറേകാലം മനശ്ശാസ്ത്രം പഠിച്ചതാണ്. ഇപ്പോഴും അഞ്ച് ലക്ഷണങ്ങള്‍ കേട്ടാല്‍ കൃത്യമായി രോഗം നിര്‍ണ്ണയിക്കാന്‍ എനിക്ക് കഴിയുമെന്ന്അഭിമാനത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും ഞാന്‍ പറയട്ടെ.



എനിക്കതൊന്നുമല്ല പ്രശ്‌നം, കുറെനാളുകളായി എന്റെ മനസ്‌സിനെ അതോ തലച്ചോറിനോ അവള്‍കീഴടക്കിയിരിക്കുന്നു. എന്റെ ഭര്‍ത്താവിനെക്കാള്‍, മകനെക്കാള്‍ എന്റെ മനസ്‌സിനെ ഇപ്പോള്‍ അവള്‍സ്വാധീനിച്ചിരിക്കുന്നു.'



''ആര്?'



ഡോക്ടറുടെ വാക്കുകളില്‍ ജിജ്ഞാസ കലര്‍ന്നിരുന്നു.



'അവള്‍ സുഭദ്ര, ഡോക്ടര്‍ക്ക് അറിയില്ലേ? തിരുവിതാംകൂറിനെ തന്റെ ബുദ്ധി കൊണ്ട് രക്ഷിച്ച്, ഒടുവില്‍അതിനു വേണ്ടി അമ്മാവന്റെ വാള്‍ത്തുമ്പില്‍ ജീവന്‍ നഷ്ടപ്പെട്ട സ്ത്രീ. തിരുവിതാംകൂറിലെ പുഴയ്ക്കും മഴയ്ക്കുംഎന്തിന് യക്ഷിക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണെന്ന് ഡോക്ടര്‍ കേട്ടിട്ടില്ലേ?


അവളെക്കുറിച്ച്എഴുതാന്‍ കുറെ നാളായി ശ്രമിക്കുന്നു. പക്ഷേ, എനിക്കു പിടി തരാതെ എന്നെ മോഹിപ്പിച്ചു കൊണ്ട്അവളുടെ വിഷമങ്ങള്‍ സന്തോഷങ്ങള്‍ ചലനങ്ങള്‍ ഭാവങ്ങള്‍ ഒക്കെ ഒളിച്ചു കളിക്കുന്നു.



ഒരു ദശാസന്ധി, റൈറ്റേഴ്‌സ് ബേ്‌ളാക്ക് എന്നു പറയാം. അവളെ അറിയാന്‍ വേണ്ടി, അവളുടെഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാന്‍ വേണ്ടി ഞാന്‍ പലപ്പോഴും അവളാകാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴുണ്ടാകുന്ന ഒരു അസ്വസ്ഥത അത്രയേയുള്ളൂ. റൊഷാര്‍ക്കോ ടി എ ടിയോ ഏതു ടെസ്റ്റ്വേണമെങ്കിലും ചെയ്‌തോളൂ, ഇതിലപ്പുറം ഒരുത്തരം നല്കാന്‍ എനിക്കാവില്ല ഡോക്ടര്‍.'



ആത്മവിശ്വാസത്തോടെ തന്റെ മുന്നിലിരിക്കുന്ന ശാലുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ഡോക്ടര്‍ അനിലിനെ അകത്തേക്ക് വിളിപ്പിച്ചു.



ഷി ഈസ് പെര്‍ഫെക്ട്‌ലി ഓള്‍റൈറ്റ് എന്ന ഡോക്ടറുടെ വാക്കുകളെ സംശയത്തോടെയാണ് അനില്‍സ്വീകരിച്ചത്.പുറത്തിറങ്ങിയപ്പോള്‍ അനിലിന്റെ വിരലുകളില്‍ മുറുക്കെ പിടിച്ച് ശാലു ചോദിച്ചു.



'എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നോ?'



അനില്‍ പതര്‍ച്ചയോടെ അവളെ നോക്കി. ശാലു വല്ലാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.



'എല്ലാ പ്രശ്‌നങ്ങളും അസ്വസ്ഥതകളും സംശയങ്ങളുമൊക്കെ തീരും. അവള്‍ വരട്ടെ, അവള്‍ വരും; ഉടന്‍ തന്നെ വരും.....'



ആര്? എന്ന ചോദ്യം അനിലിന്റെ മുഖത്ത് തെളിയുന്നത് ശാലു കണ്ടില്ലെന്ന് നടിച്ചു.



31 comments:

Joby said...

നന്നായിരിക്കുന്നു . ഇനിയും എഴുതുക ..!

ആളവന്‍താന്‍ said...

നല്ല സുഖമുള്ള എഴുത്ത്. അതുകൊണ്ട് തന്നെ സുഖമുള്ള വായനയും.! അഞ്ജു, നന്നായി. കൂടുതല്‍ എഴുതുക. അഞ്ചു ഒന്നും എഴുതുന്നില്ല എന്നും പറഞ്ഞ് നമ്മുടെ മനുവേട്ടന് വലിയ വിഷമമാണ്. അത് തീര്‍ക്കണം. ഒരുപക്ഷെ അതിനെയും ഇത് പോലെ ഒരു ദശാസന്ധി, റൈറ്റേഴ്‌സ് ബേ്‌ളാക്ക് എന്നു പറയാം അല്ലെ? അവള്‍ വരും എന്നല്ലേ. വരട്ടെ.......

അന്ന്യൻ said...

അവൾ വേഗം വന്നാൽ മതിയായിരുന്നു, പാവം അനിൽ...

ഉപാസന || Upasana said...

ഋതുവ്വില്‍ വായിച്ചിരുന്നു
:-)

Unknown said...

kollaam.....nalla katha

Pushpamgadan Kechery said...

nannayittund.
asamsakal...

എന്‍.ബി.സുരേഷ് said...

എഴുത്തുകാരിയുടെ സ്വന്തം മുറിയെക്കുറിച്ച് പറഞ്ഞതാരാണ്. വെർജീനിയ വൂൾഫ് അല്ലേ, പിന്നെ നമ്മുടെ മാധവിക്കുട്ടി.

പെണ്ണെഴുതുമ്പോൾ അതു ഭ്രാന്തും ആണെഴുതുമ്പോൾ അത് ജീനിയസ്സ് എന്ന അപരനാമത്തിലും അറിയപ്പെടും അല്ലേ.

കാലാകാലങ്ങളിൽ വീടിന്റെ ഉള്ളകങ്ങളിൽ പെണ്ണ് പ്രകടിപ്പിക്കേണ്ട ബോഡീലാങ്വേജിനെ പറ്റി ചില വിശ്വാസങ്ങൾ നില നിൽക്കുന്നുണ്ടല്ലോ. ഭർത്താവിനും മക്കൾക്കുമൊക്കെ വേണ്ടത് പരകായപ്രവേശം നടത്തുന്ന ഒരു എഴുത്തുകാരിയെ അല്ലല്ലോ. പ്രത്യെകെച്ചും മലയാള നോവലിലെ തന്നെ അതിശക്തയായ സ്ത്രീകഥാപാത്രം സുഭദ്ര ആവുമ്പോൾ.

പിന്നെ സാരമില്ല 24 വയസ്സിനിടെ മൂന്നു തവണ ഭ്രാന്താശുപത്രിയിൽ കിടക്കേണ്ടി വന്നു തീവ്രമായ ദശാസന്ധിയെക്കുറിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൌലോ കൊയ്‌ലോ എഴുതിയിട്ടുണ്ട്. 19 മത്തെ വയസ്സ് മുതൽ. പറഞ്ഞത് അവൻ നാടകത്തിലും എഴുത്തിലും മുഴുകുന്നു എന്നാണ് വീട്ടുകാർ തന്നെയാണ് അദ്ദേഹത്തെ സാനിട്ടോറിയത്തിൽ എത്തിച്ചത്.

കഥയിൽ വിഷയത്തിന് മൌലികതയുണ്ട്. മലയാളത്തിൽ ഒരുപാട് എഴുത്തുകാരന്മാരും എഴുത്തുകാരികളും ഇത്തരം വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. അതിൻൽ നിന്നും ഇതിന്ന് ഒരു വ്യത്യസ്തത ഉണ്ട്.

പക്ഷേ കഥയുടെ ഒടുവിൽ വല്ലാത്ത ഒരു ലാഘവം കടന്നുകൂടി.

സുഭദ്ര , അവൾ വരും എന്നിടത്തൊക്കെ ഒരു തമാശ പോലെ. മാത്രമല്ല ഇവൾ ആദ്യമായി എഴുത്തിലേക്ക് പ്രവേശിക്കുകയാണോ? അല്ലങ്കിൽ മുൻപും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകണമല്ലോ. ഒരു ഡ്യൂവൽ പേഴ്സണാലിറ്റി.

മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയെയും ഗംഗയെയും മനസ്സിൽ വച്ചുകൊണ്ടാണെന്ന് തോന്നുന്നു തിരുവന്തോരം സ്ലാങ് ഉപയോഗിച്ചത്.

അവിടെയൊക്കെ കഥ അതിന്റെ ന്യൂക്ലിയസ്സിൽ നിന്നും തെറ്റിത്തെറിച്ച് പോയി.

ഈ കഥ അതിന്റെ വിഷയത്തിന്റെ ഗൌരവത്തെ മനസ്സിലിട്ട് ധ്യാനിച്ച് മാറ്റിയെഴുതണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയെങ്കിൽ മലയാളത്തിന്റെ നല്ല ഒരു ഫെമിനിസ്റ്റ് കഥയാകും.

വീട് എന്ന അധികാരം, ക്രിയേറ്റിവിറ്റി എന്ന ഭ്രാന്ത്, എഴുത്ത് എന്ന സ്വകാര്യത, ഇതിനെ മനസ്സിലിട്ട് ഒന്നു ആലോചിക്കൂ.

നമ്മുടെ രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ അനുഭവം നമ്മുടെ മുൻപിൽ ഇല്ലേ.

എന്‍.ബി.സുരേഷ് said...

കഥയോടൊപ്പം കൊടുത്ത ചിത്രം ഭംഗിയുള്ളതാണെങ്കിലും ദശാസന്ധി എന്ന കഥയ്ക്ക് അത് ഒട്ടും ഇണങ്ങുന്നില്ല.

എന്‍.ബി.സുരേഷ് said...
This comment has been removed by the author.
LiDi said...

നന്നായി എഴുതി.സുഭദ്രയെക്കുറിച്ച് ഞാനെഴുതിയത് വായിക്കാമോ??
http://lidi-veentum.blogspot.com/2010/08/blog-post.html

Sabu Hariharan said...

വളരെ നന്നായി.. തിരുവനന്തപുരം ഭാഗം ഒഴിച്ച്‌ നിർത്തിയാൽ..
ചിത്രം കഥയുടെ അടുത്തു കൂടി പോകുന്നില്ല.. ചിത്രം ആത്ര്യയ്ക്കും അവശ്യമോ?

അഭിനന്ദനങ്ങൾ

ജയിംസ് സണ്ണി പാറ്റൂർ said...

മികച്ച കഥ

Minesh R Menon said...

സീതയില്‍ നിന്നും ഇവ ബ്രൌണിലേക്ക്, ഇപ്പോള്‍ സുഭദ്രയിലേക്ക്...
ഈ കൂടു വിട്ടു കൂട് മാറ്റം ആണ് എഴുത്തിന്റെ സൌന്ദര്യം..
ഒരു കാലത്തില്‍ നിന്നും മറ്റൊരു തലത്തിലെക്കുള്ള എഴുത്തുകാരിയുടെ പരകായ പ്രവേശം ..ഭാഷയുടെ സൗന്ദര്യവും കഥയുടെ ക്രാഫ്റ്റും എല്ലാം ഇതില്‍ ഉണ്ട് .
അഭിനന്ദനങ്ങള്‍ ..!

മുകിൽ said...

നല്ലൊരു കഥ.

തെച്ചിക്കോടന്‍ said...

അവള്‍ വരട്ടെ! നല്ല കഥ

priyag said...

അവളെ കാത്തിരിക്കുന്നു.

ശിവകാമി said...

നല്ല എഴുത്ത്

ഉപാസന || Upasana said...

വിഷയത്തെ ഗൌരവമായി, തയ്യാറെടുപ്പോടെ സമീപിച്ചിട്ടുണ്ട്.
പതര്‍ച്ചകളില്ലാത്ത എഴുത്ത്.

സുഭദ്ര എങ്ങിനെ ആവേശിച്ചു എന്നതുകൂടി എഴുതാമായിരുന്നു.
:-)
ഉപാസന

Captain Haddock said...

എഴുത്ത് നന്നായിട്ടുണ്ട്, കഥ ഇഷ്ടമായി

mini//മിനി said...

എഴുത്തുകാരിതന്നെ ഒരു കഥാപാത്രമായി മാറുക; അങ്ങനെ നല്ല കഥകൾ ജനിക്കട്ടെ,

Echmukutty said...

ഇഷ്ടപ്പെട്ടു.

ഹംസ said...

പുള്ളിക്കാരിക്ക് ശരിക്കും ഭ്രാന്ത് തന്നെ എന്നു വേണമെങ്കില്‍ പറയാം . കഥ എഴുതാന്‍ ശ്രമിക്കുമ്പോള്‍ കഥാപാത്രമായി മാറുന്നതും കഥാപാത്രത്തിന്‍റെ ജീവിത രീതി അനുകരിക്കുന്നതും ശരിക്കും ഭ്രാന്ത് തന്നെയല്ലെ ? എന്നാലും ആ ഭ്രാന്തിലൂടെ നല്ല ഒരു എഴുത്തുണ്ടായാല്‍ അതു ഭ്രാന്തുകൊണ്ടുണ്ടാവുന്ന ഗുണമാവുകയും ചെയ്യും . ഏതായാലും അവള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാം അതു ഭ്രാന്തു തന്നെ ആയിരുന്നോ എന്ന്.

കഥ നന്നായിരിക്കുന്നു. നല്ല ഒഴുക്കുണ്ട് വായിക്കാന്‍

പട്ടേപ്പാടം റാംജി said...

ഒരു പുതുമക്ക് ശ്രമിച്ചിരിക്കുന്നു.
എഴുത്ത്‌ കൊള്ളാം.ഇഷ്ടപ്പെട്ടു

നീര്‍വിളാകന്‍ said...

ബ്ലോഗ് ലോകത്ത് പലപ്പോഴും കാണാന്‍ കഴിയാത്ത പുതുമ.... നന്നായി

Jiyas k പുല്ലൂരാൻ said...

'അതേയ്, ഞാന്‍ ശുദ്ധ “തിരോന്തരക്കാരിയാ‍...“. ദ് റോയല്‍ ട്രാവന്‍കൂര്‍!'
എന്നല്ലേ വേണ്ടത്???
എന്തായാലും സുഭദ്ര വരട്ടെ

~ex-pravasini said...

നല്ല കഥ. ഈ മരുന്നുകളുടെ പേരൊക്കെ
എങ്ങനെ അറിഞ്ഞു.
ഡോക്ടര്‍ ആയിരിക്കും അല്ലെ.
കഥക്കുമുണ്ട് ഒരു മരുന്നുമണം

അഭി said...

നല്ല കഥ
ഇഷ്ടമായി
ആശംസകള്‍

സ്വപ്നസഖി said...

അനിലിനെ പോലെ എനിക്കും ആ സംശയം തോന്നാതിരുന്നില്ല. ഭ്രാന്തെന്നു പറയാനാവില്ലെങ്കിലും ചെറിയൊരു മാനസികമായ തകരാറ് അവള്‍ക്കില്ലേ?? :) പുതുമയുളള കഥ. ആശംസകള്‍

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ അഞ്‌ജു,
കഥ നന്നായോ എന്നു ചോദിച്ചാല്‍ നന്നായി.നന്നായില്ലേ എന്നു ചോദിച്ചാല്‍ നന്നായില്ല.അങ്ങനെയാണ്‌ തോന്നിയത്‌.
എങ്കിലും എഴുത്തിന്‌ തെളിച്ചമുണ്ട്‌.ഗൃഹപാഠം ചെയ്‌തത്‌്‌ കഥയ്‌ക്ക്‌ ബലം നല്‌കി.
ദശാസന്ധി പേര്‌ ഉചിതമായില്ല.കാരണം,ഈ ഒരു കഥ മാത്രമല്ലല്ലോ ശാലു എഴുതുക.അപ്പോള്‍ ഒന്നിലധികം ദശാസന്ധി ഉണ്ടാവില്ലേ..!!
പക്ഷേ,നിരാശ വേണ്ട.

thabarakrahman said...

കഥ നന്നായി, വീണ്ടും ധര്മാരാജായും, മാര്ത്താണ്ഡവര്‍മയും, വായിക്കുവാന്‍
കൊതിതോന്നുന്നു. സുഭദ്രയുടെ വര്‍ത്തമാനകാല പരകായപ്രവേശം പുതിയ ഒരു അനുഭവമായി മാറുന്നു. അഭിനന്ദനങ്ങള്‍.

nazu said...

താദാത്മ്യപ്പെടലുകള്‍ അതിന്റെ അവസാന ബിന്ദുവും പിന്നിടുമ്പോള്‍ ദ്വന്ദ്വ വ്യക്തിത്വ മനോനില പ്രാപിക്കുന്ന കഥകളില്‍ മറ്റൊന്നുകൂടി വായിക്കാനായി.. സരളവും ഋജുവുമായ ഒന്ന്. നന്നായിട്ടുണ്ട്.
ആശംസകള്‍

(മറ്റൊരു ബ്ലോഗിലെ സമാന ഇതിവൃത്ത കഥയുടെ കമന്ടുകളിലൊന്നിലൂടെയാണ് ഇവിടെ എത്തിപ്പെട്ടതും)