ഒരിക്കല്‍ ഓര്‍ഗനൈസെഷണല്‍ ബിഹേവിയര്‍ ക്ലാസ്സില്‍ ശക്തി സാര്‍ ഒരു ചോദ്യം ചോദിച്ചു. എന്തിനാണ് നമ്മള്‍ ജോലി ചെയ്യുന്നത്. എല്ലാരും ഒരേ മനസോടെ ഉത്തരം പറഞ്ഞു, ശമ്പളം! എന്തിനും ഒരു സ്റ്റെപ് കൂടുതല്‍ ഉത്തരം പറയാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു 'സംതൃപ്തി'. ശക്തി സാര്‍ സന്തോഷത്തോടെ പറഞ്ഞു, 'എക്സാടിലി ദാറ്റ് ഈസ് ദി അന്‍സാര്‍'.
പിന്നെ സാര്‍ ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് എടുത്തു. ജോബ് സാറ്റിസ്ഫാക്ഷനെ കുറിച്ച്. ഒടുവില്‍ പരീക്ഷ പേപ്പറില്‍ അതേ പറ്റി നെടുനീളന്‍ എസ്സേ എഴുതി മാര്‍ക്ക് വാങ്ങിയപ്പോഴും എനിക്കിതിനെ പറ്റി അറിയില്ലായിരുന്നു. എം ടി കഥകളിലൊക്കെ പറയുന്ന പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കിതിന്റെ അര്‍ഥം മനസിലാക്കാന്‍.
ഉള്ളം കാലു വരെ വിറപ്പിക്കുന്ന എ സി കെട്ടിടതിലിരുന്നു പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്ക് എടുത്തു മടുത്തപ്പോള്‍ കൂട്ടായ് കുറെ അസുഖങ്ങളും വന്നു. അത് മനസിന്റെ കള്ളക്കളിയാനെന്നു തിരിച്ചറിയാന്‍ എനിക്ക് ആവുന്നുണ്ടായിരുന്നു.
പിന്നീട് എപ്പോഴോ കാലം എന്‍റെ വഴിത്താരയില്‍ സര്‍ഗാത്മകതയുടെ പൂ വിരിച്ചു തന്നു. ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചത് എനിക്ക് ഫോളോവര്‍ ഉണ്ടാകുമ്പോഴും പുതിയ കമന്റുകള്‍ വരുമ്പോഴുമാണ്.
സംതൃപ്തിയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞപ്പോഴാണ് ഞാന്‍ ആ ജോലി കളഞ്ഞത്. പക്ഷേ ജീവിക്കാന്‍ സംതൃപ്തി പോര പണം വേണം (അത് അമ്മയുടെ പെന്‍ഷന്‍ ആവരുത്) എന്ന ചിന്ത എന്‍റെ തൊഴിലന്വേക്ഷണത്തിനു ആക്കം കൂട്ടി. നാളുകള്‍ നീണ്ട യാത്ര ഒടുവില്‍ എന്നെ ഒരു പുരാതന ഓഫീസില്‍ ജോലിക്ക് അയച്ചു (ഓഫീസ് കണ്ടാല്‍ ആരും ഇത് സമ്മതിക്കും).
എന്‍റെ കഴിവിറെ പകുതി മതി അവിടെ ജീവിക്കാന്‍ എന്ന് മേലധികാരികള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം പോലും തോന്നി. എങ്കിലും മഞ്ഞ നിറമുള്ള അവിടുത്തെ കടലാസുകളും പൊടി പിടിച്ച മേശയും എന്നില്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല.
ഒടുവില്‍ ശമ്പള കൂടുതല്‍ പുതുമയുടെ വെട്ടിത്തിളങ്ങുന്ന പ്രകാശം ഒക്കെ കാണിച്ചു ആകര്‍ഷിപ്പിച്ചു ഒരു പുത്തന്‍ ജോലി എന്നെ കൂട്ടി കൊണ്ട് പോയി. ജീവിത സാഹചര്യം അടിമുടി മാറി. ജീവിക്കാന്‍ ആവശ്യത്തിലേറെ ശമ്പളം കിട്ടി തുടങ്ങി. ജോലിയുടെ ഗ്ലാമര്‍ വേറെ, എങ്കിലും മനസ്സില്‍ എന്തോ ചില അസ്കിത മായാതെ കിടന്നു.
ഒരു ജോലി കിട്ടാത്ത വിഷമം പങ്കു വച്ചവരോട് ഈ അസ്കിത പറയാന്‍ പറ്റില്ലല്ലോ. പിന്നെ രാത്രികളില്‍ വേഗത്തില്‍ കറങ്ങുന്ന ഫാനും തലയിണയും ആ ദുഃഖങ്ങള്‍ ഏറ്റുവാങ്ങി.
എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എണീക്കാതെ ഉറക്കത്തില്‍ മരിച്ചു പോകാന്‍ പ്രാര്‍ത്ഥിക്കും. പാഞ്ഞു വരുന്ന വണ്ടികളെ സ്വപ്നം കണ്ടു റോഡിലൂടെ നടക്കും.
എനിക്കിതാരോടും പറയാന്‍ ആകിലല്ലോ? നല്ല ജോലിയും ആവശ്യത്തിനു ശമ്പളവും അത്യാവശ്യം ജീവിത സൌകര്യങ്ങളും സ്വപ്നം കാണാന്‍ ഒരാളും ഉള്ള ഞാന്‍ ഇങ്ങനെ ചിന്തിച്ചാല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്നു അവര്‍ക്ക് തോന്നില്ലേ?
എനിക്കാകെപാടെ ദേഷ്യം വരുന്നു. എങ്കിലും ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുന്നു, അഭിനയിക്കാന്‍ പഠിക്കുന്നു വീണ്ടും മനസിന്റെ കള്ളകളിയായ് തലവേദന എന്നെ വിടാതെ പിന്തുടരുന്നു.
എനിക്കിപ്പോള്‍ അറിയാം ശക്തി സാര്‍ പഠിപ്പിച്ച ജോബ് സാറ്റിസ്ഫാക്ഷന്‍ സ്വായത്തമാക്കാന്‍ എനിക്കൊരിക് കലും സാധിക്കില്ല. എന്‍റെ ജീവിതത്തില്‍ ആ വാക്ക് എനിക്ക് മാര്‍ക്ക് വാങ്ങി തന്ന വെറുമൊ രു എസ്സേ മാത്രമാണ്.






