Wednesday, November 30, 2011

മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത്...

"ഒരു കുട്ടിയായിരുന്നെങ്കില്‍
പൂവായിരുന്നെങ്കില്‍
പൂമ്പാറ്റയായിരുന്നെങ്കില്‍
മനസ്സിന് സമാധാനം കിട്ടുമായിരുന്നു



ചില മനുഷ്യര്‍ ഇങ്ങനെയാണ്,സത്യം....

ഒരു ദിവസം ഒരുച്ചയ്ക്ക് കൃത്യമായി പറയാന്‍ എത്ര മണിക്കാണെന്ന് എനിക്ക്
ഓര്‍മ്മയില്ല, നരച്ച് തുടങ്ങിയ ഒരു പാവാടയും കറുത്ത ഷര്‍ട്ടും ധരിച്ച്
ഒറ്റയ്ക്കാണവള്‍ എന്റെ പടി കടന്ന് വന്നത്. അത്തരം ഉടുപ്പുകള്‍
ഫാഷനാണെന്ന് കരുതാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. വിളറി വെളുത്ത അവളുടെ മുഖവും സംസാരത്തിലെ വ്യക്തതയും എന്നില്‍ വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കി. എന്തോ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സിലെ സൈക്യാട്രിസ്റ്റ് എന്ന അഹങ്കാരത്തിന്റെ വിളക്ക് അറിയാതെ കെട്ടു. മുഖത്ത് വന്ന അങ്കലാപ്പ് തിടുക്കത്തില്‍ മറച്ച് ഞാന്‍ മരുന്ന് എഴുതിയപ്പോള്‍ അവളുടെ കണ്ണുകള്‍ എന്റെ പുസ്തക ശേഖരത്തില്‍ പരതുകയായിരുന്നു. അവളുടെ കണ്ണുകള്‍ വിടരുന്നതും അവള്‍ നിര്‍ത്താതെ സംസാരിക്കുന്നതും ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു. പിന്നീട് പലപ്പോഴും അവളെന്റെ കണ്‍സള്‍ട്ടിംഗ് റൂമിന്റെ പടി കടന്ന് വന്നു. അപ്പോഴെല്ലാം ഞങ്ങള്‍ സംസാരിച്ചത് രോഗത്തെയും മരുന്നുകളെയും കുറിച്ചല്ല. പുസ്തകങ്ങളെയും മനുഷ്യരെയും പറ്റിയാണ്. മിസ് എസ് എന്നോ മറ്റോ ഏതോ ഒരു കേസ് ഫയലില്‍ ഇടം കൊണ്ട് കടന്ന് പോയേക്കാവുന്ന അവള്‍ എനിക്കൊരു
വല്യ പാഠമായി, ഇതു വരെ ഒരു പാഠപുസ്തകത്തിലും കാണാത്ത ഒരു പാഠം...

ഇങ്ങനെ ഒരാള്‍ വേണ്ട,ഒരു വീട്ടിലും....


അവള്‍ ഒരു ശല്യമാകുന്നുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതൊന്നുമില്ല.
ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ഒരിക്കലും ഭാരമാകില്ലല്ലോ. എങ്കിലും
നാട്ടുകാരും ബന്ധുക്കളും പറയന്നത് ഞാന്‍ വേണ്ടേ കേള്‍ക്കാന്‍. എവിടെ
പോയാലും മോളുടെ അസുഖം എങ്ങനെ ഉണ്ടെന്നാ ചോദിക്കുന്നേ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരെ കൊണ്ടും പറയിപ്പിക്കുന്നത് അവളല്ലേ.
അവരുടെ ഒക്കെ വീട്ടില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ വന്നാലേ അവര്‍ക്ക് വേദന
മനസ്സിലാകൂ. ദൈവമേ ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത്. അവളെ
ഉപദേശിക്കാന്‍ ചെന്നാല്‍ കുറെ സംസ്‌കൃത ശ്ലോകം പറഞ്ഞ്  നമ്മളെ
പഠിപ്പിക്കാന്‍ വരും. ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞാല്‍ നമുക്ക്
ബുദ്ധിയില്ല എന്ന് പറയും. പിന്നേ ഇതല്ലേ ബുദ്ധി, ഓരോ ഭ്രാന്തുകള്‍
അല്ലാതെന്താ...

ബുദ്ധിയുണ്ട്,കഴിവുണ്ട്, പക്ഷേ വയ്യാത്തതല്ലേ...


ഏത് ജോലി കൊടുത്താലും അവള്‍ വൃത്തിയായും വെടിപ്പായും ചെയ്യാറുണ്ട്.
പിന്നെ വയ്യാത്തത് കൊണ്ട് ഭാരിച്ച ജോലികളൊന്നും ഏല്‍പ്പിക്കാറില്ല. കുറെ
ഐഡിയാസ് ഒക്കെ പറയാറുണ്ട്, ഞങ്ങള്‍ ശ്രദ്ധിക്കില്ല.ഓരോ ഭ്രാന്തുകള്‍
അല്ലാതെന്താ.....

മഴയായി,ചിലപ്പോള്‍ വെയിലായി...


ഞാന്‍ അവളെ പരിചയപ്പെട്ടിട്ട് ഇന്ന് 467 ദിവസമായി.എനിക്ക് ഉറപ്പിച്ച്
പറയാന്‍ കഴിയും ഞാന്‍ അവളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ എന്ന്. പക്ഷേ
അവളെന്താണ് ഇങ്ങനെ ചിലപ്പോള്‍ എന്നോട് സ്‌നേഹമില്ലാത്തത് പോലെ,ചിലപ്പോള്‍ഒട്ടും വിശ്വാസമില്ലാത്തത് പോലെ, എനിക്കും  ഭ്രാന്തായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. എങ്കില്‍ അവളെ പോലെ എനിക്കും പെരുമാറാമായിരുന്നല്ലോ. ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം എന്ന് വെച്ച് അവളെ പരിചയമില്ലാത്ത എന്റെ ആളുകള്‍ അവളെ മനസ്സിലാക്കണമെന്നുണ്ടോ... ഞാന്‍ എടുക്കുന്ന റിസ്‌ക്ക് എത്ര വലുതാണെന്ന് അവള്‍ അറിയുന്നുണ്ടോ.'റിസ്‌ക്ക്' എന്ന വാക്ക് ഉപയോഗിച്ചത് അവള്‍ അറിയണ്ട പിന്നെ അത് മതി പ്രശ്‌നമുണ്ടാക്കാന്‍...

എന്റെ വിശ്വാസപ്രമാണങ്ങള്‍,എന്റെ മാത്രം...


ഭ്രാന്തിനെ നിങ്ങളൊക്കെ ഇത്ര പേടിക്കുന്നത് എന്താണ്? ഇത് പോലെ മനോഹരമായ ഒരു അവസ്ഥ ഈ ഭൂമിയില്‍ ഇല്ലെന്ന് ഞാന്‍ ആണയിട്ട് പറയും. മറ്റുള്ളവരെ പോലെ ചിന്തിക്കാതിരിക്കാന്‍ ഞാന്‍ ചെയ്ത പ്രയത്‌നങ്ങളെ നിങ്ങള്‍ ഭ്രാന്ത് എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി നിര്‍ത്തി പരിഹസിച്ചപ്പോഴാണ് ഞാന്‍ ആ അസുഖത്തെ സ്‌നേഹിച്ചത്. പിന്നെ എന്റെ നേട്ടങ്ങള്‍,സ്വപ്‌നങ്ങള്‍,പ്
രവര്‍ത്തികള്‍ ഇതിനെയൊക്കെ ഇന്റലിജന്റ് ക്രിയേറ്റീവ് എന്നൊന്നും പറയാതെ നിങ്ങള്‍ എന്തിനാണ് അബ്‌നോര്‍മല്‍ എന്ന ലേബല്‍ നല്‍കിയത്.
ഞാനും നിങ്ങളെ പോലെ ഒക്കെ തന്നെയാണ്. നിങ്ങള്‍ക്കും ഓരോ ഭ്രാന്തുകള്‍
ഇല്ലേ;ദൈവത്തോട്, പണത്തോട്,ഭക്ഷണത്തോട്,സുഖങ്ങളോട്....
നിങ്ങള്‍ അതിനെ ഒക്കെ ഭക്തി,പ്രണയം,ആസക്തി,ലഹരി എന്നൊക്കെ പേരിട്ട് ഭ്രാന്തിന്റെ ക്ലാസിഫിക്കേഷന്‍ വരാതെ പെടാപ്പാട് പെടുകയല്ലേ...
ആരുടെ മുഖത്ത് നോക്കിയും
സത്യം വിളിച്ച് പറയാനുള്ള ധൈര്യം എനിക്ക് തന്നത് ഈ രോഗമാണ്.
ഞാനെന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകില്ല.അത് കൊണ്ടല്ലേ
നിങ്ങള്‍ ഇപ്പോഴും നാറാണത്ത് തമ്പുരാനെ ഭ്രാന്തനെന്ന് വിളിക്കുന്നത്.

പറയാന്‍ ബാക്കിവെച്ചത് അല്ലെങ്കില്‍ പറയാതെ പറഞ്ഞത്....

പ്രിയപ്പെട്ട ഡോക്ടര്‍ ഞാന്‍ നന്നായി നന്നായി എന്ന് ആയിരം വട്ടം
പറഞ്ഞിട്ടും എന്ത് കൊണ്ടാണ് മരുന്ന് നിര്‍ത്താത്തത്.ഇത്
കഴിക്കുമ്പോഴെല്ലാം രോഗി എന്ന തോന്നല്‍ എന്റെ മനസ്സില്‍ വേരൂന്നി
കൊണ്ടിരിക്കുകയല്ലേ....
അമ്മയോട് ഞാന്‍ എന്ത് പറയാന്‍, ചില ജന്മങ്ങള്‍
ഇങ്ങനെയാണ് സഹിച്ചല്ലേ പറ്റൂ...
എന്റെ മേലധികാരികള്‍ക്ക്,നിങ്ങള്‍ എന്റെ
പകുതി കഴിവ് പോലും ഇല്ലാത്തവര്‍ക്ക് അവസരം നല്‍കി വളര്‍ത്തുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിക്കുകയാണ്.എനിക്ക് ഊഹിക്കാനാകും നിങ്ങള്‍ക്ക്
എന്നെവെച്ച് പരീക്ഷണം നടത്താന്‍ പേടിയാണെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ട്,
ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് വളരെ വൈകിയാണ്. നിങ്ങള്‍ക്കുണ്ടാകുന്ന അത്തരം തിരിച്ചറിവുകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. 
പിന്നെ എന്റെ പ്രിയപ്പെട്ടവനെ നീയാണ് എന്നെ ഈ ലോകത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തി. പക്ഷേ എന്ത് ചെയ്യാം നിനക്കെന്റെ രോഗത്തെ ഇത് വരെ മനസ്സിലായില്ലല്ലോ...
സാരമില്ല,അത് കൊണ്ടാണല്ലോ അതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നത്...

Tuesday, October 25, 2011

ഷിഫ്റ്റ് ഞെക്കിയാല്‍ മാറാത്ത അക്ഷരങ്ങള്‍

ഓഫീസില്‍ നിന്ന് കൈയില്‍ കിട്ടിയ ആത്മപരിശോധന ഫോമിലെ നീല അക്ഷരങ്ങളുടെ മിനുസം നോക്കി ഞാനിരുന്നു. ഓഫീസ് എന്ന് പറഞ്ഞാല്‍, ഞാന്‍ അറിയപ്പെടുന്ന ഒരു പത്രത്തിലെ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. എന്റെ പ്രിയതമന്റെ ഭാഷയില്‍ പറഞ്ഞാല്‍ 20 വര്‍ഷം മുമ്പ് അവന്റെ അമ്മ ചെയ്ത ജോലി, ടൈപ്പിസ്റ്റ്.

ആത്മപരിശോധനയില്‍ ആദ്യത്തെ കോളം തന്നെ പേര് ആണ്. സ്വന്തം ഇഷ്ടത്തിനല്ലാതെ നാം ഈ ലോകത്ത് സ്വന്തമാക്കുന്ന ആദ്യത്തെ വസ്തു. മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന ഇഷ്ടം ജീവിത ഭാരമായി ചുമക്കേണ്ട വിധിയാണ് നമുക്ക് എല്ലാവര്‍ക്കും.

വയസ്സ് എഴുതിയപ്പോള്‍ ഉള്ള് അല്‍പ്പമൊന്ന് പിടഞ്ഞു. സ്വഭാവത്തിലെ കുട്ടിക്കളി മാറ്റേണ്ട സമയമായെന്ന് ആ അക്കങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. മുടി ഇഴകളില്‍ നിന്ന് വരുന്ന ബലധാത്രത്തിന്റെ മണം പെട്ടെന്നൊന്നും നരക്കില്ലെന്ന ബലം മനസ്സിന് നല്‍കി. എന്നാല്‍ മേശപ്പുറത്ത് കിടന്ന ആരോഗ്യമാസികയിലെ വന്ധ്യതാ നിരക്കുകളെ പറ്റിയുള്ള പഠനം മനസ്സിനെ അല്‍പ്പമൊന്ന് ഭയപ്പെടുത്തുകയും ചെയ്തു.

വലുപ്പമേറിയ വിദ്യാഭ്യാസ കള്ളികളില്‍ നിറക്കേണ്ടത് എന്തെന്ന് ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല. പഠനത്തെ നിര്‍വചനം ചെയ്തിരിക്കുന്നത് പെരുമാറ്റത്തിലുണ്ടാക്കുന്ന വ്യതിയാനവും സ്വായത്തമാക്കുന്ന കഴിവുകളും അടങ്ങുന്ന പ്രക്രിയ എന്നാണ് പോലും. എങ്കില്‍ എന്റെ വിദ്യാഭ്യാസം എത്ര പരിമിതമാണ്. എഴുതാനും വായിക്കാനും അറിയാം. നേരെ ചൊവ്വേ കണക്ക് കൂട്ടാന്‍ പോലും അറിയില്ല. പിന്നെ ഉള്ളത് അക്ഷരപിശാചുകളോടുള്ള വൈരമാണ്. അതിനെ പാരമ്പര്യം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.ഓഫീസിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുകളില്‍ വടിവില്ലാത്ത കൈയക്ഷരത്തില്‍ വാക്കുകള്‍ എഴുതി ഒട്ടിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചതും ആ പാരമ്പര്യം തന്ന ചങ്കൂറ്റമാണ്.

ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ തെറ്റുകള്‍ ശരിയാകുന്ന ഇന്ദ്രജാലം ഞാന്‍ കണ്ടത് ഇവിടെ വെച്ചാണ്. അദ്ധ്യാപകനെ വിലകുറിച്ച് അധ്യാപകന്‍ ആക്കുമ്പോള്‍ തിരുത്തുന്ന ഞാന്‍ എത്രയോ പഴി കേട്ടിരിക്കുന്നു.സഹപ്രവര്‍ത്
തകരുടെ പരിഹാസം ഏല്‍ക്കാതിരിക്കാന്‍ തെറ്റുകള്‍ മനുഷ്യസഹജമാണെന്നും അവ തിരുത്തുന്നത് ദൈവികമാണെന്നുമുള്ള ചിന്ത പരിചയായി ഉപയോഗിക്കും.

പ്രവര്‍ത്തി പരിചയത്തിന്റെ കോളം ശൂന്യമാക്കി ഇടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. സ്വായത്തമാക്കിയ അറിവിനെയും ജോലി പഠിച്ചെടുത്ത വേഗതയെയും സമയത്തിന്റെ കണക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് കളത്തില്‍ എഴുതുന്നത് എങ്ങനെ..അല്ലെങ്കില്‍ തന്നെ അങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുമോ..യൗവനം തീരാറായെന്ന് പരാതി പറഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നവരെ കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. കാരണം എണ്‍പതാം വയസ്സിലും പുതിയ അറിവുകള്‍ നേടാന്‍ ഉത്സുഹനായിരുന്ന അപാരമായ ഓര്‍മ്മശക്തിയുള്ള എപ്പോഴും പഠിച്ചു കൊണ്ടിരുന്ന ഒരാളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. 

ഹോബി എന്താണെന്ന ചോദ്യത്തിനു പാമ്പിനു തീറ്റ കൊടുക്കലനെന്നു ഞാന്‍ എഴുതി, ഇപ്പോള്‍ നമ്മുടെ എല്ലാം ഹോബി അതല്ലേ. സംശയമുണ്ടേല്‍ മൊബൈല്‍ എടുത്തു നോക്കു . കണക്കുകള്‍ കള്ളം പറയില്ലല്ലോ 

ആത്മപരിശോധന ഫോമിന്റെ അടുത്ത പേജിലേക്ക് കടന്നപ്പോഴേക്കും എനിക്ക് ബോറടിച്ച് തുടങ്ങി. സ്‌കൂളില്‍ പഠിച്ചപ്പോള്‍ എഴുതി മടുത്ത അഞ്ച് മാര്‍ക്ക് ചോദ്യോത്തരം പോലെ അവനവനെ കുറിച്ച് ഉപന്യസിക്കാന്‍ പറഞ്ഞിരിക്കുന്നു. അസാമാന്യ ബുദ്ധിയുള്ള ഞാന്‍ എന്ന് എഴുതി ഞാന്‍ ആ വല്യ ചോദ്യത്തെ ചെറുതാക്കി. ഇനി ഞാന്‍ ഒരു സ്വകാര്യം പറയട്ടെ ഞാന്‍ എഴുതിയത് വാസ്തവമാണ്.സൈക്കോളജി ലാബിലെ ഐക്യു ടെസ്റ്റില്‍ 129 സ്‌കോര്‍ കിട്ടിയപ്പോള്‍ റിസള്‍ട്ട് കണ്ട അദ്ധ്യാപകന്റെ കണ്ണിലെ അമ്പരപ്പ് ഞാന്‍ ഇന്നും മറന്നിട്ടില്ല. പിന്നീട് ഒരിക്കല്‍ കോളജ് മാഗസിനില്‍ വന്ന കഥ വായിച്ച് ഇത് ദൈവത്തിന്റെ വിരലാണെന്ന് പറഞ്ഞ് എന്റെ കൈയില്‍ തൊട്ട അദ്ധ്യാപകന്റെ കണ്ണുകളിലും ഇതേ അമ്പരപ്പ് ഉണ്ടായിരുന്നു.

പക്ഷേ പറഞ്ഞിട്ടെന്താ, എന്റെ വീട്ടില്‍ എന്നെക്കാള്‍ വലിയൊരു ബുദ്ധിമാനുണ്ട്. വിവരവും പാണ്ഡിത്യവുമൊക്കെ എന്നെക്കാള്‍ ഉള്ള ഒരുത്തന്‍.മറ്റുള്ളവരെ പോലെ ആകാന്‍ പ്രയത്‌നിച്ച് കൊണ്ടിരിക്കാതെ ഇന്റിടുവാലിറ്റിയെ പറ്റി ചിന്തിക്കാന്‍ എത്രയോ വട്ടം ഞാന്‍ അവനോട് ഉപദേശിച്ചിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല സമൂഹത്തിന്റെ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കാന്‍ അവന് ഒരിക്കലും കഴിയില്ല. അതു കൊണ്ടായിരിക്കും അവന്റെ ഇന്റിടുവാലിറ്റി ഇല്ലാത്ത ബുദ്ധിയെ ബുദ്ധിയായും എന്റെ ഇന്റിടുവാലിറ്റി ഉള്ള ബുദ്ധിയെ ഭ്രാന്തായും സമൂഹം കാണുന്നത്. എഴുതേണ്ട എന്ന് കരുതിയെങ്കിലും ആ കോളവും നിറഞ്ഞുപോയി. 

ഇനിയും നിറക്കാന്‍ എത്രയോ കോളങ്ങള്‍,അഭിപ്രായങ്ങള്‍, ആഗ്രഹങ്ങള്‍,മനോഭാവം..വേണ്ട, ഒന്നും വേണ്ട.

ഫോമില്‍ കുനുകുനാ എഴുതി നിറച്ച കറുത്ത ഭംഗിയില്ലാത്ത അക്ഷരങ്ങള്‍ നോക്കിയിരിക്കുന്ന മലയാളം വായിക്കാനറിയാത്ത എച്ച്ആറിന്റെ ദയനീയമുഖം ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. 

ഇതിന്റെ മറുപടി ഓഫീസ് മെമ്മോയായി കിട്ടുമെന്ന് ഉറപ്പിച്ച് കൊണ്ടുതന്നെ കടലാസ് നാലായി മടക്കി ഞാന്‍ കവറിലിട്ടു.ഒരു കാര്യം കൂടി എഴുതാനുണ്ടല്ലോ എന്ന ഓര്‍മ്മയില്‍ ഞാന്‍ ഫോം പുറത്തെടുത്തു.

ഓഫീസിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താരാണെന്ന ചോദ്യത്തിന് ഞാന്‍ ദൈവം എന്ന് ഉത്തരമെഴുതി. എന്താ ദൈവത്തിന് സുഹൃത്താകാന്‍ പറ്റില്ലേ...അതോ ദൈവത്തിന് നമ്മുടെ ഓഫീസി്ല്‍ ജോലി ചെയ്യാന്‍ പാടില്ലേ...

ഫോം എച്ച്ആറിന്റെ കൈയില്‍ ഏല്‍പ്പിച്ച് ഞാന്‍ ഓഫീസ് മെമ്മോയും കാത്ത് വാര്‍ത്തകള്‍ ടൈപ്പ് ചെയ്തിരുന്നു.

എന്റെ കടലാസ് അസിസ്റ്റന്റ് എച്ച്ആറിന് വായിച്ചുകൊടുക്കുന്നത് ഞാന്‍ ഒളികണ്ണിട്ടു നോക്കി. (ഇടയ്‌ക്കൊന്ന് പറയട്ടെ,ഒളിച്ച് നോക്കുക ഒളിച്ച് കേള്‍ക്കുക മറ്റുള്ളവരുടെ സംസാരത്തില്‍ ഇടപെടുക തുടങ്ങിയ ശീലങ്ങളെല്ലാം ഞാന്‍ പഠിച്ചത് ഇവിടെ ജോലി കിട്ടിയ ശേഷമാണ്).

എന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് എച്ച്ആര്‍ എന്റെ കടലാസ് അലസമായി വലിച്ചെറിഞ്ഞു. 

ഷിഫ്റ്റ് ഞെക്കിയാല്‍ മാറുന്ന അക്ഷരങ്ങള്‍ പോലെ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഞെക്കി മാറ്റാന്‍ കഴിയാത്ത സ്വഭാവമുള്ള ഞാന്‍ ശല്യമാകുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് വ്യഥ തോന്നി.

പറഞ്ഞിട്ടെന്താ,മഹാന്മാരെ ഒരിക്കലും അവരുടെ കാലം അംഗീകരിച്ചിട്ടില്ല. എന്തിന് സോക്രട്ടീസിനെയും ഗലീലിയോയെയും തിരിച്ചറിയാന്‍ പോലും നമുക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.....

Sunday, August 28, 2011

ചില ഹൈപ്പോതലാമിക് ചിന്തകള്‍

ഞാന്‍
ജന്മനാ കിട്ടിയ അഹങ്കാരവും കോംപ്ലക്‌സും തമ്മില്‍ ബാലന്‍സ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന തലച്ചോറുമായി ജീവിക്കുന്നു.

നഷ്ടം
ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ശാന്തികവാടത്തിലേക്ക് നടന്ന് പോയി ഇനിയും തിരിച്ചുവരാത്ത അപ്പൂപ്പന്‍

വിശ്വാസം
ഒരുപാട് നോവുകള്‍ തന്ന് നീ എന്നെ ഓര്‍ക്കുന്നില്ലേ എന്ന് ചോദിക്കുന്ന, ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ആവശ്യത്തിലധികം തന്ന് കള്ളച്ചിരിയോടെ കൂട്ടിരിക്കുന്ന കൃഷ്ണനെ...ഒരിക്കല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തീരത്തേക്ക് പിച്ചവച്ചു നടത്തിയ ഡോ.കൃഷ്ണനെ...ജീവിതത്തെ വര്‍ണ്ണക്കാഴ്ചകളുടെ കാലിഡോസ്‌കോപ്പിലുടെ കാണണമെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്ന പ്രിയതമനെ...

സ്‌നേഹം
തീവ്രമായ ഉറക്കത്തിനിടയില്‍ പ്രിയതമന്റെ സാന്നിധ്യമറിയിച്ച് മൊബൈല്‍ ഫോണ്‍ പാടുന്ന 'മംഗല്യം തന്തു നാദേന'എന്ന ശബ്ദത്തിനോട്. വൈകുന്നേരം വിളക്ക് വയ്ക്കുമ്പോള്‍ മഗ്‌രിബ് വാങ്കും അടുത്ത ഫഌറ്റിലെ ഷാലോം ടിവിയില്‍ നിന്ന് പള്ളിപ്പാട്ടും കേള്‍ക്കുന്ന മനോഹരമായ മുഹൂര്‍ത്തത്തോട്

പ്രണയം
ഒരു നല്ല ഷര്‍ട്ട് കണ്ടാല്‍ അവന് ചേരുമല്ലോ എന്ന് തോന്നുന്ന സൗഹൃദത്തെ തിരക്കുകള്‍ക്കിടയില്‍ ആഹാരം കഴിക്കണേ എന്ന് ഓര്‍മ്മിപ്പിക്കുന്ന വാത്സല്യത്തെ സംഘര്‍ഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തോന്നുന്ന ആശ്വാസത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ ജോലിചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ഫോണിലൂടെ കിട്ടുന്ന ഉമ്മയില്‍ മുഖം ചുവപ്പിക്കുന്ന ലജ്ജയെ കുസൃതി കാട്ടിയിട്ട് ഒളിക്കാന്‍ കഴിയുന്ന സുരക്ഷിതത്വത്തെ ഞാന്‍ പ്രണയമെന്ന് വിളിക്കും

മാതൃത്വം
ടെക്‌സ്റ്റൈല്‍ ഷോപ്പിലെ കുഞ്ഞുടുപ്പുകളില്‍ കണ്ണുടക്കുമ്പോള്‍ വഴിയരികില്‍ കാണുന്ന കുഞ്ഞുങ്ങളെ നോക്കി കൈവീശുമ്പോള്‍ ഉള്ളില്‍ തോന്നുന്ന വികാരം മാതൃത്വമാകാം.

ജോലി
ബ്രേക്കിംഗ് ഫഌഷുകളായും ഫഌഷുകള്‍ അപ്‌ഡേറ്റുകളായും അപ്‌ഡേറ്റുകള്‍ ഫൂട്ടേജുകളായും ഫൂട്ടേജുകള്‍ പാക്കേജുകളായും ആറിത്തണുപ്പിക്കുന്ന ജോലി ചൂടോടെ ചെയ്യുന്നു

ഭ്രാന്ത്

സംഘര്‍ഷങ്ങളില്‍ സന്ദേഹങ്ങളില്‍ സ്മൃതികളില്‍ നിരാശയില്‍ നിന്നൊക്ക ഓടി ഒളിക്കാന്‍ മനസ്സ് കാണിക്കുന്നൊരു ഇന്ദ്രജാലം

നന്മ
താളം തെറ്റിയ മനോനിലയുമായി ജീവിക്കുന്നവരെ  പരിഹാസത്തിന്റെയും ചിരിയുടെയും ഉള്ളില്‍ ഉതിരുന്ന ഭാവത്തെ സഹതാപത്തിന്റെ മുഖംമൂടിയിട്ട് ഒളിപ്പിക്കുന്ന എല്ലാവര്‍ക്കുമിടയില്‍; തെറ്റിയ താളത്തിന് ഒപ്പം സഞ്ചരിക്കാന്‍ മനസ് കാണിക്കുന്ന ഡോ.ജോസഫ് മണി ഞാന്‍ കണ്ട ഏറ്റവും വലിയ നന്മ.

സഹതാപം

സാങ്കേതിക പിശകുകള്‍ വരുമ്പോള്‍ തിരുത്തി കൊടുത്താല്‍ പുച്ഛിക്കുന്ന യൗവനത്തിന്റെ തീക്ഷ്ണതയെ അംഗീകരിക്കാത്ത വാര്‍ദ്ധ്യകത്തോട് വേറെന്ത് വികാരമാണ് തോന്നേണ്ടത്.

ജീവിതം
പഠിച്ചതൊന്നുമല്ല പ്രവര്‍ത്തിക്കേണ്ടത് പ്രവര്‍ത്തിക്കേണ്ടതൊന്നുമല്ല പഠിക്കേണ്ടത് എന്ന വൈരുദ്ധ്യത്തിലും ആശയക്കുഴപ്പത്തിലും ഇടയില്‍ ജീവിതം കത്തിനില്‍ക്കുന്നു.

മരണം

ജീവിതത്തെക്കാളേറെ കണ്ട ഫാന്റസി,ഒരുപാട് ആഗ്രഹിച്ചിരുന്ന പ്രതിഭാസം, എന്നാല്‍ എനിക്കുറപ്പുണ്ട് ജീവിക്കണമെന്ന് ഒരുപാട് മോഹം തോന്നുന്ന ഏതോ ഒരു മുഹൂര്‍ത്തത്തിലായിരിക്കും എന്റെ മരണം.




Monday, July 11, 2011

വൈ ടു കെ

കൊഴിഞ്ഞു പോയ ബോഗൈന്‍ വില്ല പൂക്കളെ ഞെരിച്ചമര്‍ത്തി ഹരിഹറിന്റെ ഫോര്‍ഡ് ഐക്കണ്‍ കുടുംബ കോടതിയിലെ പാര്‍ക്കിംഗ് ഏരിയയെ തൊട്ടു നിന്നു. അടുത്ത സീറ്റിലിരുന്ന ചാരു ശ്രദ്ധയോടെ സീറ്റ് ബെല്‍റ്റ്‌ ഇളക്കുന്നത് ഹരിഹര്‍ നോക്കിയിരുന്നു. കൈ ചലനങ്ങള്‍ക്ക് അനുസരിച്ച് അവളുടെ വല്യ കണ്ണുകളിലെ കൃഷ്ണമണികള്‍ ഇളകുന്നത് അവന്‍ കണ്ടു.

ചാരുവിനൊപ്പം കോടതിയിലെ ടൈല്‍ പതിച്ച നിലത്തൂടെ നടക്കുമ്പോള്‍ പതിവില്ലാത്ത ഒരു അസ്വസ്തത ഹരിഹരിനെ ഗ്രസിച്ചു. കേസ് വിളിക്കുന്ന മുറിക്കപ്പുറം റോഡിലേക്ക് നോക്കി തിരിഞ്ഞു നില്‍ക്കുന്ന,  ചുവന്ന ചായം തേച്ച  പാറി പറക്കുന്ന മുടിയുടെ ഉടമ അനാമികയാണെന്ന് തിരിച്ചറിയാന്‍ ഹരിഹരിനു പെട്ടെന്ന് കഴിഞ്ഞു. യാഥാര്‍ത്യങ്ങള്‍ക്കു മുന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവന് മനസിലായി.

ചാരുവിനെ ഒന്ന് നോക്കിയ ശേഷം ഹരിഹര്‍ അനാമികയുടെ അടുത്തേക്ക് നടന്നു. കോടതി വരാന്തയിലെ തിരക്കുകള്‍ക്കിടയിലൂടെ ചാരു ഹരിഹരിനെ അനുഗമിച്ചു. അനാമികയുടെ അടുത്തെത്തിയപ്പോള്‍ ഹരിഹര്‍ അവള്‍ക്കെതിരെയുള്ള ചുവരില്‍ ചാരി നിന്നു. അവന്റെ പാദസ്പര്‍ശം തിരിച്ചറിഞ്ഞ പോലെ അനാമിക തല ചരിച്ചു അയാളെ നോക്കി. ഇതാണോ എന്ന അര്‍ത്ഥത്തില്‍ ചാരു കണ്ണുകള്‍ കൊണ്ട് ചോദിച്ച ചോദ്യത്തിനു ഹരിഹര്‍ ഉത്തരം നല്‍കിയില്ല. എങ്കിലും ഹരിഹരിന്റെ കണ്ണുകളിലെ വെപ്രാളം ചാരുവിനു ഉത്തരം നല്കുന്നുണ്ടായിരുന്നു.

അനാമികയുടെ മുഖത്തെ ചായം അവളുടെ കണ്തടങ്ങളിലെ കറുപ്പ് മായ്ക്കുന്നിലെന്നു അയാള്‍ക്ക് തോന്നി. സദാ കണ്ണാടി നോക്കുന്ന അവളുടെ ശീലത്തെ കുറച്ചു നേരത്തേക്കെങ്കിലും അവള്‍ക്കെങ്ങനെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് അതിശയം തോന്നി.
പരസ്പരം മിണ്ടാതെ നില്‍ക്കുന്ന അനാമികയുടെയും ഹരിഹരിന്റെയും മൌനത്തിന്റെ പുറന്തോടിനുള്ളില്‍ നിന്നു ചാരു ഇറങ്ങി കോടതി വരാന്തയിലൂടെ നടന്നു.

അമ്മയുടെ ഒക്കത്തിരുന്നു അച്ഛന്റെ നേര്‍ക്ക്‌ കള്ള നോട്ടം എറിയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ചാരുവിന്റെ ഉള്ളില്‍ മുള്ള് കൊണ്ട വേദന തോന്നി. കോടതി മുറിയില്‍ കൂട്ടം കൂടി നിന്ന വക്കീലന്മാര്‍ കാക്കക്കൂട്ടത്തെ അനുസ്മരിപ്പിച്ചു. ചാരു വാതില്‍ക്കല്‍ നിന്നു കേസ് വാദം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എച്ചില്‍ പൊതിക്ക് വേണ്ടി അടികൂടുന്ന കാക്കകളുടെ പ്രശ്നങ്ങള്‍ക്ക് കാക്ക രാജാവ് തീര്‍പ്പ് കല്‍പ്പിക്കുന്നതായി അവള്‍ സങ്കല്‍പ്പിച്ചു. ഓര്‍ത്തപ്പോള്‍ ചാരുവിനു ചിരി വന്നു. സിന്ദൂര കുറിയിട്ട ഒരു വക്കീലിന്റെ സൂചിമുന പോലുള്ള കണ്ണുകള്‍ തന്നിലാണെന്നു മനസിലായപ്പോള്‍ ചാരു അവിടെ നിന്നു മാറി.

"റിയലി എമ്പാരസ്സിംഗ് "

എന്ന രണ്ട് വാക്കുകള്‍ അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞു.
കോടതി വരാന്തയിലെ വെറും നിലത്തു കാലന്‍ കുടയും പിടിച്ചിരുന്ന ഒരു അമ്മാവനെ ഒരു വക്കീല്‍ പെങ്കൊച്ചു നിര്‍ദാക്ഷണ്യം തട്ടി വിളിക്കുന്നത്‌ കണ്ടപ്പോള്‍ ചാരുവിനു അസ്വസ്ഥത തോന്നി. ഒരു കുടുംബ ജീവിതം ഉണ്ടെങ്കില്‍ അത് ലിവിംഗ് ടുഗേതര്‍ മതി കല്യാണം ആവണ്ടാന്നു ചാരു അപ്പോള്‍ തീരുമാനമെടുത്തു.

ഹരിഹര്‍ ജെ
അനാമിക വിശ്വേശ്വര്‍

കോടതിയിലെ ബഹളങ്ങള്‍ക്കിടയില്‍ ആ വിളി കേട്ടപ്പോള്‍ ഹരിഹരും അനാമികയും ധൃതിയില്‍ അകത്തേക്ക് നടന്നു. പോയ വേഗത്തില്‍ തിരിച്ചിറങ്ങിയ ഹരിഹരിനെ ചാരു അമ്പരപ്പോടെ നോക്കി. ഇത്രയേ ഉള്ളു എന്ന മട്ടില്‍ അനാമിക വേഗത്തില്‍ നടന്നു പോകുന്നത് നോക്കി ചാരു വിങ്ങലോടെ നിന്നു.

എത്ര പെട്ടെന്നാണ് ബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നതെന്ന് അവള്‍ ഓര്‍ത്തു. കൈയില്‍ ഇരുന്ന താക്കോല്‍ കറക്കി നടന്ന ഹരിഹരിന്റെ പിന്നാലെ നടക്കുമ്പോള്‍ ചൂണ്ടുവിരലിന്റെ വിറയലിനോപ്പം അവന്റെ ഹൃദയവും വിറക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.

"നീ എവിടെക്കാ?"

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഹരിഹര്‍ ചോദിച്ചു.

"ഞാന്‍ രണ്ട് ദിവസം ലീവ് എടുത്തു നിന്നെ കാണാന്‍ വന്നതാ. അതോണ്ട് നിന്റെ ഫ്ലാറ്റിലേക്ക് വിട്ടോ.എനിക്ക് പോകാന്‍ വേറെ സ്ഥലമൊന്നുമില്ല"
ഹരിഹര്‍ ഉത്തരം പറയാതെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. ചലിച്ചു തുടങ്ങിയ കാറില്‍ എ സിയുടെ കുളിര്‍മക്കും സി ഡി പ്ലെയറില്‍ നിന്നു ഒഴുകി വരുന്ന ഉപകരണ സംഗീതത്തിനുമൊപ്പം പരന്ന ഹരിഹരിന്റെ മൌനം ചാരുവിനു അരോചകമായി തോന്നി.

രണ്ട് വിദൂര നഗരങ്ങളില്‍ ഇരുന്നു ഓണ്‍ ലൈനിലൂടെ വഴക്കുണ്ടാക്കിയ കൂട്ട് കൂടിയ ഹരിഹരിനെ ആദ്യമായാണ് കാണുന്നതെന്ന് പോലും ചാരുവിനു വിശ്വസിക്കാനായില്ല.

പിന്നീടൊരിക്കല്‍ ചാറ്റ് ബോക്സിലെ അവന്റെ അക്ഷരങ്ങളില്‍ ആദ്യമായി നിരാശയുടെ നിറം കലര്‍ന്നപ്പോള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ക്കപ്പുറം ആണ്  ഓരോ മനസും എന്ന അവളുടെ വിശ്വാസത്തിനു ആക്കം കൂടുകയായിരുന്നു.
ഉണക്കമീന്‍ വറക്കുന്നതിനിടയില്‍ കോടതിയില്‍ കൂടെ വരുന്നുണ്ടെന്നു ചാരു ഹരിഹരിനു എസ് എം എസ് അയച്ചത്. ഉണക്കമീന്‍ കരിഞ്ഞു പോയെങ്കിലും എസ് എം എസ് ഭംഗിയായി ഡെലിവേര്‍ഡ് ആയി.

ചാരു ഹരിഹരിനെ നോക്കി. അവന്റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ തന്നെ. അവള്‍ കൈ നീട്ടി സി ഡി പ്ലെയര്‍ ഓഫ്‌ ചെയ്തു.

"നിങ്ങള്‍ തമ്മില്‍ പിരിയാന്‍ എന്താ കാരണം?"

ചാരുവിന്റെ ഒച്ച നേര്ത്തിരുന്നു.

"ഞാന്‍ ഒരു പഴഞ്ചന്‍ ആണെന്നാ അനാമികയുടെ അഭിപ്രായം. "

ഹരിഹരിന്റെ വാക്കുകള്‍ ഇടറിയിരുന്നു.

"അത് ഞാനും പറയുന്നു, നീ ഒരു പഴഞ്ചന്‍ ആണ്."

എന്താ എന്നര്‍ത്ഥത്തില്‍ നോക്കിയ ഹരിഹരിനോട് അവള്‍ പറഞ്ഞു.

"ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഒറ്റയ്ക്ക് ഒരു എ സി കാറില്‍ കിട്ടിയിട്ടും ഒരു ഉമ്മ പോലും വയ്ക്കാത്ത നീ പഴഞ്ചന്‍ ആണ്."

പറഞ്ഞു തീര്‍ന്നതും അവള്‍ പൊട്ടിച്ചിരിച്ചു. ഹരിഹര്‍ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഇത്ര ലാഘവത്തോടെ ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയെന്നു അയാള്‍ ഓര്‍ത്തു. ആ ലാഘവം ഫ്ലാറ്റിന്റെ പടികള്‍ ഓടി കേറുന്ന തിലും കാണാമായിരുന്നു.

ഫ്ലാറ്റിലെ അടുക്കും ചിട്ടയും നോക്കി ചാരു നടന്നു. അടുക്കളയില്‍ നിന്നു ഹരിഹര്‍ രണ്ട് ഗ്ലാസില്‍ ജ്യുസുമായി വന്നപ്പോള്‍ ചാരു ഒരു കസേരയില്‍ ഇരുന്നു മറ്റേതില്‍ കാല്‍ കയറ്റി വച്ചിരിക്കുകയായിരുന്നു. അവളുടെ കൈയിലെ പുസ്തകത്തില്‍ പരതുന്ന കൃഷ്ണമണികളിലേക്കും കാലിലെ  ക്രിസ്റ്റല്‍ പാദസരത്തിന്റെ മുത്തുകളിലെക്കും അയാള്‍ നോക്കിയിരുന്നു.
ഞാന്‍ ഈ പുസ്തകം നോക്കുവായിരുന്നു, വായിക്കാനൊന്നുമല്ല പേര് കണ്ടപ്പോള്‍ ജെസ്റ്റ് ഒരു കുരിയോസിടി. ഹരിഹര്‍ അവളുടെ കൈയിലെ പുസ്തകം കൈ നീട്ടി വാങ്ങി. വൈ ടു കെ,

"എന്നെ ജീവിതത്തില്‍ ഏറെ പേടിപ്പിച്ച വാക്കാണ്‌ ഇത്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  ഈ പ്രശ്നം വരുന്നത്. ലോകം അവസാനിക്കും എന്ന്‌ വരെ കഥകള്‍ കേട്ടിരുന്നു. എന്‍ജിനിയറിങ്ങനു ചേര്‍ന്നപ്പോള്‍ ആണ് മനസ്സിലായത്‌ ഇതൊരു സോഫ്റ്റ്‌ വെയര്‍ പ്രശ്നം മാത്രമാണെന്ന്. പക്ഷേ എന്നെ സംബന്ധിച്ച് വൈ ടു കെ ലൈഫിലെ ചില ചെയിന്ജസ് ആണ്. അച്ഛന്റെ മരണം സ്നേഹിച്ചു മറന്ന കൂട്ടുകാരന്‍ ഒക്കെ ഓരോ  വൈ ടു കെ. ജീവിതത്തിലെ ഓരോ മോമെന്ടിലും വന്നു ചേരുന്ന അപ്രക്തീക്ഷിതമായ കുറെ വൈ ടു കെകള്‍."

ചാരുവിന്റെ വാക്കുകളുടെ താളം മാറുന്നത് ഹരിഹര്‍ അറിയുന്നുണ്ടായിരുന്നു.

വയലിനോ അത് ആരുടെയ? എന്ന ചോദ്യത്തിനൊപ്പം അവള്‍ എഴുനേറ്റു കഴിഞ്ഞിരുന്നു. അവള്‍ അതിനരികില്‍ എത്തുമ്പോള്‍ ബാക്ഗ്രൌണ്ട് ആയി ഹരിഹരിന്റെ ശബ്ദം പിന്തുടര്‍ന്നു.

"എന്‍റെ അച്ഛന് മ്യുസിക് വല്യ ഇഷ്ടായിരുന്നു. ഞാന്‍ എല്‍ സുബ്രമണ്യത്തെ പോലെ വല്യ വയലിനിസ്റ്റ് ആകുമെന്ന് അദേഹം ഇടയ്ക്കു പറയുമായിരുന്നു. "
ചാരു ഉറക്കെ ചിരിച്ചു.

"......'പോലെ', എന്നോ ഇതാണ് നിന്റെ കുഴപ്പം. ആരും ആരെ പോലെ ആകുന്നില്ല. എത്ര ശ്രമിച്ചാലും.നീ എത്ര നാള്‍ അനാമികയുടെ ഒപ്പം താമസിച്ചു? "

" ഏകദേശം ഒരു വര്‍ഷം പിരിഞ്ഞിട്ടു ഇപ്പോള്‍ ഒരു വര്‍ഷം"

മുന്നിലിരുന്ന ലാപ്ടോപ് തുറക്കുന്നതിനിടയില്‍ അവന്‍ അലസമായി മറുപടി പറഞ്ഞു.

"ഹോ.എനിക്കവളോട് സഹതാപം തോന്നുന്നു, നീ ഒരു ഒബ്സേസീവ് നെഗോഷിയെട്ടര്‍ ആണ്.തനി മാര്‍ക്കെറ്റിംഗ് വിദഗ്ദ്ധന്‍."

" ഒബ്സേസീവ് നെഗോഷിയെട്ടര്‍, എന്ന്‌ വച്ചാല്‍ എന്താ?"

അവന്‍ തലയുയര്‍ത്തി അവളെ നോക്കി.

ആവോ എനിക്കറിയില്ല എന്ന മട്ടില്‍ അവള്‍ ചുമല്‍ കുലുക്കി.
ലാപിലെ കീകളില്‍ അവന്റെ കൈവിരലുകള്‍ അതിവേഗം ചലിച്ചു.
ഒബ്സേസീവ് നെഗോഷിയെട്ടര്‍ : ശല്യപ്പെടുത്തുന്ന മധ്യസ്ഥന്‍. നിന്റെ കണ്ടെത്തല്‍ കൊള്ളാം.

ചാരുവിന്റെ വാക്കുകള്‍ തന്നെ മുറിപ്പെടുതുന്നില്ല എന്ന തിരിച്ചറിവ് ഹരിഹരില്‍ അത്ഭുതം സൃഷ്ടിച്ചു. അനാമിക ആണ് ഇത് പറഞ്ഞതെങ്കില്‍ ശക്തമായ ഒരു വഴക്കിനു ഉണ്ടാകുമായിരുന്നു എന്നയാള്‍ ഓര്‍ത്തു. വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം എന്ന തത്വം ഹരിഹരിന്റെ ഉള്ളില്‍ വേരൂന്നി.

ലാപ്ടോപിലെ പ്രകാശം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

"നീ എന്താ പണി"

അവള്‍ ചോദിച്ചു.

"ഓ ഞാന്‍ വെറുതെ ഓണ്‍ലൈനില്‍"

ചാരു അവന്റെ പുറകില്‍ വന്നു ലാപ്പിലേക്ക് നോക്കി. ഹരിഹരിന്റെ കഴുത്തില്‍ ചുറ്റി പിടിച്ചു ചെവിയില്‍ കടിച്ചു പറഞ്ഞു

"നീ ഈ പെണ്ണിന്റെ ഗൂഗിള്‍ ബസില്‍ കിടന്നു കറങ്ങുന്നത് എനിക്കത്ര പിടിക്കനില്ലാട്ടോ.."

ഹരിഹരിന്റെ കണ്ണില്‍ അവിശ്വസനീയത താങ്ങി നിന്നു.

"എന്ത് പറ്റി നിനക്ക്, നീയും പഴഞ്ചന്‍ ആയോ?"

ചാരു ചിരിച്ചു. ഹരിഹരിന്റെ കവിളില്‍ കവിള്‍ ഉരസി അവള്‍ പറഞ്ഞു.

"അല്ല മറ്റൊരു വൈ ടു കെ"

Monday, May 23, 2011

പഞ്ചചാമരം



"ജടകടാഹസംഭ്രമഭ്രമനിലംബനിര്‍ഝരീ


വിലോലവീചിവല്ലരീവിരാജമാനമൂര്‍ദ്ധനി"



സരയൂ നദിയുടെ കൊടും തണുപ്പില്‍ മുങ്ങിനിവരുമ്പോഴും അംഗദന്റെ ചുണ്ടില്‍ ശിവസ്തുതി നിറഞ്ഞു നിന്നിരുന്നു. രോമകൂപങ്ങള്‍ക്കിടയിലൂടെ തണുപ്പ് ഉള്ളിലേക്ക് അരി ച്ചിറങ്ങുമ്പോഴും അംഗദന്റെ മനസിലെ താപം അടങ്ങിയിരുന്നില്ല. ആ താപം പെട്ടന്നൊന്നും തീരുന്നതല്ലെന്ന് അംഗദന് അറിയാമായിരുന്നു.

തെറ്റ് കൂടാതെ ശിവതാണ്ഡവ സ്‌തോത്രം നാവിന്‍ത്തുമ്പില്‍ വഴങ്ങിയപ്പോള്‍ അംഗദന് അതിശയമാണ് തോന്നിയത്. കുട്ടിക്കാലത്ത് നാരായണ നമ എന്നു ജപിച്ചു പഠിച്ച നാവില്‍ പഞ്ചചാമരം വഴങ്ങില്ലായിരുന്നു. ശിവസ്തുതിയുടെ ഘോരശബ്ദം ശൈവരുടെ സ്വന്തമാണെന്നും നമ്മള്‍ വൈഷ്ണവരാണെന്നും അമ്മ ഏത്രയോ വട്ടം ആശ്വസിപ്പിച്ചിരിക്കുന്നു.

എങ്കിലും കേട്ടു വളര്‍ന്ന കഥകളില്‍ രാവണനോടു ആരാധന തോന്നിപ്പിച്ച ഘടകം പഞ്ചചാമരത്തിന്റെ തീവ്രതയായിരുന്നു. കൈലാസശൃംഗങ്ങളെ ഇളകിമറിയിച്ച ആ ശബ്ദഗാംഭീര്യമാണ് ചന്ദ്രഹാസ ലബ്ദിക്കു പിന്നിലെന്ന് അംഗദന് തോന്നിയിട്ടുണ്ട്. ഒരിക്കലെങ്കിലും നികുംഭിലയിലെ ഇരുള്‍ വീണ ഗുഹയിലിരുന്ന് നെയ്മണമേറ്റ പുകച്ചുരുളുകള്‍ ശ്വസിച്ച് പഞ്ചചാമരം കേള്‍ക്കണമെന്ന് എത്രയോവട്ടം ആശിച്ചിട്ടുണ്ട്.

എന്നാല്‍ ഒടുവില്‍ ആ ജന്മസാഫല്യം സ്വായത്തമായപ്പോള്‍ നഷ്ടപ്പെട്ട മനസമാധാനം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവ് സൃഷ്ടിച്ച അംഗദന്റെ കണ്ണുനീര്‍ത്തുള്ളികള്‍ സരയുവില്‍ വീണലിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുനീര്‍ ചില്ലുകളിലൂടെ കണ്ട സ്ത്രീരൂപത്തിനു ആരുടെ മുഖമാണെന്നു തിരിച്ചറിയാന്‍ അംഗദനായില്ല. വെണ്ണച്ചോറിന്റെ തെളിമയുള്ള മുഖം തന്റെ അമ്മയ്ക്കു മാത്രമല്ല ഉള്ളതെന്നു അംഗദനിപ്പോള്‍ നല്ല ബോധ്യമുണ്ട്.

എങ്കിലും വെള്ളച്ചേല കൊണ്ട് പാതി മുഖം മറച്ച സ്ത്രീ അമ്മയാണെന്നു മനസ്സിലാക്കാന്‍ അംഗദനു അധികസമയം വേണ്ടി വന്നില്ല. 'താരയുടെ മകനു ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ' എന്ന ശബ്ദം അംഗദന്റെ ഉള്ളില്‍ വീണുടഞ്ഞു. അമംഗലിയായ അമ്മ ചെറിയമ്മയോടൊപ്പം അയോദ്ധ്യയിലെത്തിയത് പട്ടാഭിഷേകം കാണാനായിരിക്കില്ല എന്നതു ഉറപ്പാണ്. ആ കണ്ണുകള്‍ കാണാന്‍ ആശിച്ചതാരെയായിരിക്കും. അതു സീതാദേവിയെയല്ലാതെ ആരെയാണ്? ഉത്തരവും അംഗദന്‍ തന്നെ കണ്ടെത്തി.

ഈറന്‍ ശരീരത്തോടെ നദിക്കരയില്‍ ചെന്നു കയറുമ്പോള്‍ അമ്മയുടെ മുഖത്തു പതിവില്ലാത്ത കാളിമ പടര്‍ന്നിരിക്കുന്നതു അംഗദന്‍ കണ്ടു. നനഞ്ഞ വിരലുകള്‍ അമ്മയുടെ കാലിലേക്കു നീണ്ടപ്പോള്‍ താര പുറകിലേക്കു മാറി. അമ്മയുടെ മനസ്സില്‍ നിന്നു തന്റെ സ്ഥാനം പൊയ്ക്കഴിഞ്ഞുവെന്നു അംഗദന്‍ ഞെട്ടലോടെ മനസ്സിലാക്കി.

അമ്മയെ നോക്കാതെ നടക്കാനാഞ്ഞപ്പോള്‍ താര ശബ്ദിച്ചു.

“കിഷ്‌കിന്ധയില്‍ നിന്ന് അയോദ്ധ്യയില്‍ എത്തിയത് പട്ടാഭിഷേകം കാണാനല്ല. മകന്റെ വീരപരാക്രമത്തിനു അഭിനന്ദനം അിറയിക്കാനാണ്.”

താരയുടെ ശബ്ദത്തിനു മൂര്‍ച്ചയുണ്ടായിരുന്നു. അമ്മ ഒരിക്കലും ഇങ്ങനെ സംസാരിച്ചിട്ടില്ലെന്നു അംഗദന്‍ ഓര്‍ത്തു.

നദിക്കരയിലെ പൂഴിമണലില്‍ ഇരുന്ന് അംഗദന്‍ പൊട്ടിക്കരഞ്ഞു. എത്രയോ നാള്‍ മനസ്സിലിരുന്നു വിങ്ങിയ കുറ്റബോധം കണ്ണുനീരായി പെയ്തിറങ്ങി.

അംഗദന്റെ നനഞ്ഞ മുടിയിഴകളില്‍ താരയുടെ വിരലുകള്‍ പരതി നടന്നു.

“ എന്താ ഉണ്ണീ, ഇതാണോ അമ്മ നിനക്കു നല്കിയ പാഠങ്ങള്‍. അച്ഛനെ കൊന്ന രാമനൊപ്പം നില്ക്കാനാണ് ഞാന്‍ നിന്നോടു ആവശ്യപ്പെട്ടത്. അല്ലാതെ രാമന്റെ കണ്ഠത്തില്‍ ഖഡ്ഗമോങ്ങാനല്ല. എനിക്കറിയാമായിരുന്നു അതാണ് ധര്‍മ്മമെന്ന്. ഒളിപ്പോരില്‍ ആണ് രാമന്‍ ബാലിയെ വധിച്ചത്. അതൊരു യുദ്ധമുറയാണെന്നു നീയും പഠിച്ചതല്ലേ? എന്നാല്‍ ഉണ്ണീ നീയെന്താണു ചെയ്തതു വിജയിക്കാനുള്ള ലഹരി നിന്റെ സിരകളില്‍ ഇത്രത്തോളം ആവേശിച്ചോ? ”

മുടിയില്‍ പരതിയിരുന്ന താരയുടെ വിരലുകള്‍ക്കു മുറുക്കമേറുന്നതായി അംഗദനു തോന്നി.

ഒന്നും പറയാതെ താര നടന്നു നീങ്ങുന്നതു പുടവ ഉലയ്ക്കുന്ന കാറ്റിന്റെ മന്ത്രണത്തിലൂടെ അംഗദന്‍ അറിഞ്ഞു. താന്‍ ഈ ലോകത്ത് അനാഥനായെന്നു അംഗദനു മനസ്സിലായി. ബാലി മരിച്ചിട്ടും തോന്നാത്ത ഒരു തണുത്ത വികാരം അംഗദന്റെ ഹൃദയത്തെ കൊളുത്തിവലിച്ചു.

സരയുവിലെ തണുത്ത കാറ്റും ദേഹത്തു തങ്ങി നിന്ന ജലത്തുള്ളികളും രോമകൂപങ്ങള്‍ക്കിടയിലൂടെ അരിച്ചു കയറിയപ്പോള്‍ അംഗദന്റെ ശരീരം വിറച്ചുത്തുടങ്ങി.

അംഗദന്റെ ഓര്‍മ്മയിലൂടെ ജീവിതം ഒഴുകി നടന്നു. പഠിച്ച പാഠങ്ങള്‍, വൈഷ്ണവസ്‌തോത്രങ്ങള്‍, കാലം ലക്ഷ്യമില്ലാതെ വിട്ട അസ്ത്രം പോലെ എങ്ങോട്ടോ പായുന്നു.

അമ്മയാണ് ആദ്യമായി രാവണനെ പറ്റി പറയുന്നത്. അത്താഴമുണ്ണാന്‍ പിണങ്ങുമ്പോഴൊക്കെ അമ്മ പറഞ്ഞു തന്ന വീരന്മാരുടെ കഥകളില്‍ രാവണനും ഉണ്ടായിരുന്നു. കൈലാസത്തിന്റെ താഴ്‌വരയില്‍ ശിവസ്തുതി പാടി രാവണന്‍ നേടിയ ചന്ദ്രഹാസം ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അന്നൊക്കെ ആശിച്ചിട്ടുണ്ട്. താഴ്ന്ന ശബ്ദത്തില്‍ പെറുക്കി പെറുക്കി അമ്മ പറഞ്ഞു തന്ന അക്ഷരങ്ങളിലൂടെയാണ് പഞ്ചചാമരം പരിചയം.

എന്നാല്‍ ഒരിക്കല്‍ രാവണന്റെ ഘോരശബ്ദത്തില്‍ ഇടതടവില്ലാതെ അതു കേള്‍ക്കാനുള്ള ഭാഗ്യം തനിക്കുണ്ടായി. ആ രംഗം ഓര്‍മ്മ വന്നപ്പോള്‍ അംഗദന്റെ മിഴികള്‍ നിറഞ്ഞു.

ഹനുമാന്റെ വാല്‍ത്തുമ്പില്‍ തൂങ്ങിയാണ് രാമന്‍ യുദ്ധം ജയിച്ചതെന്നു പറയാതെ വയ്യ. എങ്കിലും സ്വന്തം ശക്തിയില്‍ അംഗദന്‍ എന്നും വിശ്വസ്തനായിരുന്നു. പതിനാലു വര്‍ഷത്തെ കഠിനം വ്രതത്തിന്റെ ബലത്തില്‍ ലക്ഷ്മണന്‍ നികുംഭിലയില്‍ കടന്നു ഇന്ദ്രജിത്തിനെ വധിച്ചപ്പോള്‍ ഗുഹാകവാടത്തില്‍ കാവലായി താനുണ്ടായിരുന്നു.

പിന്നീട് യുദ്ധവിജയത്തിനായി രാവണന്‍ നികുംഭിലയിലേക്കു ചെന്നതറിഞ്ഞ് ജാംബവാന്‍ തന്നെ തിരക്കി വന്നപ്പോള്‍ താന്‍ കടല്‍ത്തീരത്ത് അലകളെണ്ണി ഇരിക്കുകയായിരുന്നെന്നു അംഗദന്‍ ഓര്‍ത്തു.

യുദ്ധവിജയത്തിനായി രാവണന്‍ നടത്തുന്ന യാഗം മുടക്കാന്‍ നിനക്കേ കഴിയൂ എന്നദ്ദേഹം പറഞ്ഞപ്പോള്‍ അഹങ്കാരമാണ് തോന്നിയത്. ഹനുമാനു സാധിക്കാത്ത ഒന്ന് എന്ന നിലയില്‍ ആവേശത്തോടെയാണ് പുറപ്പെട്ടത്ത്. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു തനിക്കു ഇന്നും അറിയില്ലെന്നു അംഗദന്‍ ഓര്‍ത്തു.

നികുംഭിലയുടെ കവാടത്തിലേക്കു പൂക്കള്‍ നിറച്ച തളികയുമായി നടന്നടുത്ത സ്ത്രീക്കു അമ്മയുടെ മുഖമായിരുന്നോ? പെട്ടെന്ന് അങ്ങനെയാണ് തോന്നിയത്. പിന്നില്‍ നിന്ന ജാംബവാന്‍ മന്ത്രിച്ചു,

“അതാണ് മണ്‌ഡോദരി, രാവണന്റെ പത്‌നി”

പെട്ടെന്നുണ്ടായ പ്രേരണയില്‍ അവരുടെ തിളങ്ങുന്ന ഉത്തരീയത്തില്‍ കടന്നു പിടിച്ചു, സ്വന്തം ശരീരത്തേക്കടുപ്പിച്ചു. പതിവ്രതകള്‍ക്കു അന്യപുരുഷ സ്പര്‍ശം മരണത്തിനു സമമാണെന്നു പറഞ്ഞതു അമ്മയായിരുന്നു. മണ്‌ഡോദരിയുടെ തകര്‍ന്ന മുഖം കണ്ടപ്പോള്‍ മനസ്സു കൊണ്ട് ക്ഷമ യാചിച്ചതു അമ്മയോടായിരുന്നെന്ന് അംഗദന്‍ ഓര്‍ത്തു.

അവരുടെ നിലവിളികളെയും തളികയില്‍ നിന്നു വീണു ചിതറിയ പൂക്കളെയും കുങ്കുമത്തെയും മറികടന്ന് നികുംഭിലയുടെ കവാടത്തിലെത്തിയപ്പോള്‍ കേട്ട പഞ്ചചാമരത്തിന്റെ തീവ്രതയ്ക്കു മുന്നില്‍ ഒരുമാത്ര തറഞ്ഞു നിന്നുപോയി. രാവണന്‍ വന്നാലും നേരിടാന്‍ ആകും എന്ന അഹങ്കാരമാണ് ആ നില്‍പ്പിനു പിന്നിലെന്നു കരുതി ജാംബവാന്‍ തന്നെ പാളയത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.

എന്നിട്ടും മണ്‌ഡോദരിയുടെ കണ്ണിലെ ദയനീയത മായാതെ മനസ്സില്‍ നിന്നിരുന്നു. ആ ഒരു വേദനയുടെ ചൂളയില്‍ പിടയുമ്പോഴാണ് ഓടിക്കിതച്ചെത്തിയ ലക്ഷ്മണന്‍ സന്തോഷവാര്‍ത്ത പകരുന്ന ആവേശത്തില്‍ മണ്‌ഡോദരിയുടെ ആത്മഹത്യാവിവരവും രാവണന്റെ യാഗം മുടങ്ങിയ വാര്‍ത്തയും പങ്കുവച്ചപ്പോള്‍ അംഗദന്‍ തന്റെ പരാജയമാണറിഞ്ഞത്.

അന്നു മുതല്‍ കുറ്റബോധത്തിന്റെ ഉമിത്തീയില്‍ നീറാന്‍ തുടങ്ങിയതാണ്. തണുത്തു തുടങ്ങിയ സരയുവിലേക്കു അംഗദന്‍ നടന്നു. കിഷ്‌കിന്ധയിലെ യുവരാജാവിന്റെ കിരീടം യുദ്ധവിജയത്തിനുള്ള സമ്മാനമായി തന്നെ കാത്തു കിടപ്പുണ്ടെന്നു അംഗദന്‍ ഓര്‍ത്തു.

എങ്കിലും ഭ്രമിപ്പിക്കുന്ന അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം മനസ്സിനു വേണ്ട നിതാന്ത ശാന്തിയിലേക്കു അംഗദന്‍ നടന്നു നീങ്ങി. അംഗദന്റെ കുറ്റബോധത്തിന്റെ ഓരോ തീപ്പൊരിയും സരയു ഏറ്റുവാങ്ങി.

ഇനിയും ഒരുപാട് മക്കളുടെ കണ്ണീരും വേദനയും ഏറ്റുവാങ്ങേണ്ടവളാണു താന്‍ എന്ന തിരിച്ചറിവ് സരയുവിനുമുണ്ടായിരുന്നു.

ഇതി രാവണകൃതം ശിവതാണ്ഡവ സ്‌തോത്രം സമ്പൂര്‍ണ്ണം”

Friday, May 20, 2011

ജോബ്‌ സാറ്റിസ്ഫാക്ഷന്‍


ഒരിക്കല്‍ ഓര്‍ഗനൈസെഷണല്‍ ബിഹേവിയര്‍ ക്ലാസ്സില്‍ ശക്തി സാര്‍ ഒരു ചോദ്യം ചോദിച്ചു. എന്തിനാണ് നമ്മള്‍ ജോലി ചെയ്യുന്നത്. എല്ലാരും ഒരേ മനസോടെ ഉത്തരം പറഞ്ഞു, ശമ്പളം! എന്തിനും ഒരു സ്റ്റെപ് കൂടുതല്‍ ഉത്തരം പറയാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു 'സംതൃപ്തി'. ശക്തി സാര്‍ സന്തോഷത്തോടെ പറഞ്ഞു, 'എക്സാടിലി ദാറ്റ്‌ ഈസ്‌ ദി അന്‍സാര്‍'.
പിന്നെ സാര്‍ ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് എടുത്തു. ജോബ്‌ സാറ്റിസ്ഫാക്ഷനെ കുറിച്ച്. ഒടുവില്‍ പരീക്ഷ പേപ്പറില്‍ അതേ പറ്റി നെടുനീളന്‍ എസ്സേ എഴുതി മാര്‍ക്ക്‌ വാങ്ങിയപ്പോഴും എനിക്കിതിനെ പറ്റി അറിയില്ലായിരുന്നു. എം ടി കഥകളിലൊക്കെ പറയുന്ന പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കിതിന്റെ അര്‍ഥം മനസിലാക്കാന്‍. 
ഉള്ളം കാലു വരെ വിറപ്പിക്കുന്ന എ സി കെട്ടിടതിലിരുന്നു പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്ക് എടുത്തു മടുത്തപ്പോള്‍ കൂട്ടായ് കുറെ അസുഖങ്ങളും വന്നു. അത് മനസിന്റെ കള്ളക്കളിയാനെന്നു തിരിച്ചറിയാന്‍ എനിക്ക് ആവുന്നുണ്ടായിരുന്നു.
പിന്നീട് എപ്പോഴോ കാലം എന്‍റെ വഴിത്താരയില്‍ സര്‍ഗാത്മകതയുടെ പൂ വിരിച്ചു തന്നു. ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചത് എനിക്ക് ഫോളോവര്‍ ഉണ്ടാകുമ്പോഴും പുതിയ കമന്റുകള്‍ വരുമ്പോഴുമാണ്. 
സംതൃപ്തിയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞപ്പോഴാണ് ഞാന്‍ ആ ജോലി കളഞ്ഞത്. പക്ഷേ ജീവിക്കാന്‍ സംതൃപ്തി പോര പണം വേണം (അത് അമ്മയുടെ പെന്‍ഷന്‍ ആവരുത്) എന്ന ചിന്ത എന്‍റെ തൊഴിലന്വേക്ഷണത്തിനു ആക്കം കൂട്ടി. നാളുകള്‍ നീണ്ട യാത്ര ഒടുവില്‍ എന്നെ ഒരു പുരാതന ഓഫീസില്‍ ജോലിക്ക് അയച്ചു (ഓഫീസ് കണ്ടാല്‍ ആരും ഇത് സമ്മതിക്കും). 
എന്‍റെ കഴിവിറെ  പകുതി മതി അവിടെ ജീവിക്കാന്‍ എന്ന്‌ മേലധികാരികള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം പോലും തോന്നി. എങ്കിലും മഞ്ഞ നിറമുള്ള അവിടുത്തെ കടലാസുകളും പൊടി പിടിച്ച മേശയും എന്നില്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല. 
ഒടുവില്‍ ശമ്പള കൂടുതല്‍ പുതുമയുടെ വെട്ടിത്തിളങ്ങുന്ന പ്രകാശം ഒക്കെ കാണിച്ചു ആകര്‍ഷിപ്പിച്ചു ഒരു പുത്തന്‍ ജോലി എന്നെ കൂട്ടി കൊണ്ട് പോയി. ജീവിത സാഹചര്യം അടിമുടി മാറി. ജീവിക്കാന്‍ ആവശ്യത്തിലേറെ ശമ്പളം കിട്ടി തുടങ്ങി. ജോലിയുടെ ഗ്ലാമര്‍ വേറെ, എങ്കിലും മനസ്സില്‍ എന്തോ ചില അസ്കിത മായാതെ കിടന്നു. 
ഒരു ജോലി കിട്ടാത്ത വിഷമം പങ്കു വച്ചവരോട് ഈ അസ്കിത പറയാന്‍ പറ്റില്ലല്ലോ. പിന്നെ രാത്രികളില്‍ വേഗത്തില്‍ കറങ്ങുന്ന ഫാനും തലയിണയും ആ ദുഃഖങ്ങള്‍ ഏറ്റുവാങ്ങി. 
എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എണീക്കാതെ ഉറക്കത്തില്‍ മരിച്ചു പോകാന്‍ പ്രാര്‍ത്ഥിക്കും. പാഞ്ഞു വരുന്ന വണ്ടികളെ സ്വപ്നം കണ്ടു റോഡിലൂടെ നടക്കും. 
എനിക്കിതാരോടും പറയാന്‍ ആകിലല്ലോ? നല്ല ജോലിയും ആവശ്യത്തിനു ശമ്പളവും അത്യാവശ്യം ജീവിത സൌകര്യങ്ങളും സ്വപ്നം കാണാന്‍ ഒരാളും ഉള്ള ഞാന്‍ ഇങ്ങനെ ചിന്തിച്ചാല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്നു അവര്‍ക്ക് തോന്നില്ലേ?
എനിക്കാകെപാടെ ദേഷ്യം വരുന്നു. എങ്കിലും ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുന്നു, അഭിനയിക്കാന്‍ പഠിക്കുന്നു വീണ്ടും മനസിന്റെ കള്ളകളിയായ് തലവേദന എന്നെ വിടാതെ പിന്തുടരുന്നു. 
എനിക്കിപ്പോള്‍ അറിയാം ശക്തി സാര്‍ പഠിപ്പിച്ച ജോബ്‌ സാറ്റിസ്ഫാക്ഷന്‍ സ്വായത്തമാക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. എന്‍റെ ജീവിതത്തില്‍ ആ വാക്ക് എനിക്ക് മാര്‍ക്ക്‌ വാങ്ങി തന്ന വെറുമൊരു എസ്സേ മാത്രമാണ്.

Sunday, April 17, 2011

എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...

m
ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും  പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും  അവ്യയമായ ബീജവും ഞാനാണ്‌.

 എന്‍റെ കുഞ്ഞിന്......

ഞരമ്പ്‌ പിടഞ്ഞു നില്‍ക്കുന്ന കാല്‍പ്പാദം നീട്ടിവച്ചു ഞാന്‍ സിമെന്റ് ബെഞ്ചില്‍ ചാരി ഇരിക്കുകയാണ്. നെയില്‍ പോളിഷ് ഇട്ടു മനോഹരമായ സൂക്ഷിച്ച വെളുത്ത കാലുകളിലെ നീരും നീല ഞരമ്പും എന്നെ അല്പം ആലോസരപ്പെടുതുന്നുണ്ട്. ഗര്‍ഭം സ്പെഷ്യല്‍ ആയി കിട്ടിയ വെരികോസ് വെയിനും ലോ ബി പിയും  ചര്ദിയും   തെല്ലൊന്നുമല്ല എന്നെ ബുദ്ധിമുട്ടിക്കുന്നത്.
ഓഫീസിലെ ട്രെയിനിംഗ് ക്യാമ്പില്‍  നിര്‍ജീവമായി ജീവിക്കുന്ന  ഒരേ ഒരു വ്യെക്തി ഞാനായതില്‍ നിനക്ക് വിഷമമില്ലേ? ആരുടെ മനസിലും അനാവശ്യചിന്തകള്‍  തോന്നാതിരിക്കാനാവണം ക്യാമ്പ് ഒരു കന്യാസ്ത്രീ  മടത്തിലാണ് നടത്തുന്നത്. അനാവശ്യം പോയിട്ട് നേരേ ചിന്തിക്കാന്‍ പോലും ഇപ്പോള്‍ മനസ് അനുവദിക്കുന്നില്ല. കടലാസുപ്പൂക്കള്‍ വീണു കിടക്കുന്ന  വീഥിയിലൂടെ കൂട്ടുകാര്‍ നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു. 

വീര്‍ത്ത വയറിനുള്ളില്‍ ഒരു നേരിയ അനക്കം, "ആരാടോ അവിടെ എന്‍റെ കിച്ചുവാണോ അതോ മിന്നുവാണോ ആരായാലും കൊള്ളാം ഇപ്പോഴേ കുസൃതി തുടങ്ങി അല്ലെ...അതെങ്ങനെ അച്ഛന്‍ ആള് ചില്ലറക്കാരനല്ലല്ലോ? സമ്മതിച്ചു അമ്മയും മോശമല്ല..."

പെട്ടന്ന് വയറില്‍ ഒരു കൊളുത്തി പിടുത്തം. കാലു കുറച്ചു കൂടി നീട്ടി ഇരുന്നപ്പോഴാണ് മൊബൈല്‍ ബെല്‍ അടിച്ചത്. വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നിയത്, കെട്ടിയോനാണ്, ഒക്കെ വരുത്തി വച്ചിട്ട് ദുഷ്ടന്‍! അച്ഛനെ പറഞ്ഞത് പിടി ക്കാത്തോണ്ടാവും നീ എന്‍റെ വയറില്‍ ആഞ്ഞു ചവിട്ടിയത് അല്ലെ? ഈ മാതൃത്വം മഹനീയം എന്ന്‌ പാടിയവരെ ഇപ്പോഴെന്റെ കയ്യില്‍ കിട്ടണം. ഫോണ്‍ നിര്‍ത്താതെ  ബെല്‍ അടിച്ചു കൊണ്ടിരുന്നു. ഇനി എടുത്തില്ലേല്‍ അത് മതി ആള്‍ക്ക് ബി പി കൂടാന്‍. ബേബി ബ്ലൂ ഗര്‍ഭകാലത്ത് വരുമോ എന്ന്‌ അന്വേക്ഷിക്കണം. 

തേങ്ങ അരച്ച മീന്‍കറി കൂട്ടാന്‍  മോഹം തോന്നിയിട്ട് മൂന്നാല് ദിവസമായ്. ഒന്നും ആശിച്ചിട്ടു കാര്യമില്ല. വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്. 

എന്‍റെ കുഞ്ഞേ, ഞാനൊരു സത്യം പറയട്ടെ എന്‍റെ നാട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ എന്നില്‍ നിന്നു ഇത് വരെ ഒഴിഞ്ഞു പോയിട്ടില്ല. യാത്രകള്‍ ഇഷ്ടമില്ലാതിരുന്ന ഞാന്‍ ചാനലിനു വേണ്ടി യാത്ര പരിപാടി ചെയ്യാന്‍ തുടങ്ങിയതായിരുന്നു ജീവിതത്തിലെ ആദ്യത്തെ അട്ജെസ്റ്റ്‌മെന്റ്. പിന്നീടുള്ള ഏറ്റവും വല്യ യാത്ര പദ്മനാഭന്റെ നാട്ടില്‍ നിന്നു അറബി കടലിന്റെ റാണിയുടെ തീരത്തെക്കായിരുന്നു . അന്നെനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. ഗണപതിയും  ഭഗവതിയും എല്ലയിടത്തുമുണ്ടെന്നു    സമാധാനിപ്പിച്ചവരോട്  പഴവങ്ങാടി ഗണപതിയും ആറ്റുകാല്‍ അമ്മയും ഞങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന് മറുപടി നല്‍കി. 
ഹൈ ക്ലാസ്സ്‌ ചായക്കടയുടെ ശീതളിമയിലിരുന്നു "എന്തര് താമസം" എന്ന്‌ പറഞ്ഞു ഞാന്‍ ഞാനാകാന്‍ ശ്രമിക്കാറുണ്ട്. ഇവിടുത്തെ വേഗതയോട് യോജിച്ചു പോകാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.നിനക്കറിയാമോ 
 എന്ത് കാവ്യാത്മകമായ പേരുകളാണ് തിരുവനന്തപുരത്തേതു;
ശംഖുംമുഖം, തൃപ്പാദപുരം, ശ്രീകണ്‍ടെശ്വരം.

എന്നാല്‍ ഇവിടുത്തെ സ്ഥലങ്ങള്‍ക്ക് മിക്കതും മനുഷ്യരുടെ പേരുകളാണ്; പദ്മ, മേനക, ലിസി, ഷേണായ്. നിനക്കൊരു തമാശ കേള്‍ക്കണോ? ഇവിടുത്തെ ഒരു സ്ഥലത്തിന്റെ പേര് ജെട്ടി എന്നാണ്. ഗതികേടിനു നിന്റെ അമ്മയുടെ ഓഫീസും അവിടെയാണ്. ബസില്‍ കേറി ഒരു ജെട്ടി എന്ന്‌ പറയേണ്ട ജാള്യത നീ ഒന്ന് ഓര്‍ത്തു നോക്കു. 

നിന്റെ അച്ഛന്‍ പറയാറുണ്ട് തിരുവനന്തപുരം നഗരത്തിന്റെ താന്പോരായ്മയും അപരിഷ്കൃത ഭാഷയും എന്ന്‌ ഒത്തിരി സ്വാധീനിച്ചിട്ടുണ്ടെന്നു, എന്നാലും വളര്‍ന്നു കൊണ്ടിരിക്കുന്ന മെട്രോപോളിത്യന്‍ സിറ്റിയില്‍ നിന്നു പെണ്ണന്വേക്ഷിച്ചു നിന്റെ അച്ഛന് അവിടേക്ക് എത്തേണ്ടി വന്നല്ലോ. അച്ഛനെ കുറ്റം പറയുമ്പോഴൊക്കെ നിന്നെക്കൊണ്ടു ആവുന്നവിധം എന്നെ വേദനിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. നിന്റെ അച്ഛനോട് എനിക്കൊരു വിരോധവുമില്ല. നിന്റെ അച്ഛനും ഞാനും കടുത്ത ശത്രുക്കള്‍ എന്നായിരുന്നു ഒരിക്കല്‍ എല്ലാവരും കരുതിയിരുന്നത്. ഒരുപക്ഷെ അതായിരിക്കാം ഞങ്ങളുടെ  ബന്ധം ഇത്ര തീവ്രമാക്കിയത്. ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്ന ബഹുമാനമാണ് നിന്റെ അച്ഛന്‍ തന്ന ഉമ്മകളെക്കാള്‍  എന്നില്‍ ഉത്തരവാദിത്വമുണ്ടാക്കിയത്. 

ഒരു കല്ലിനു മുകളില്‍ ചാരുതയോടെ പണികഴിപ്പിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ ഒരു കാക്ക വന്നിരിക്കുന്നു. അതിനെ എഴുന്നേറ്റു ഓടിക്കണമെന്നുന്ടെങ്കിലും  എനിക്ക് കഴിയുന്നില്ല. അസ്വസ്ഥതയോടെ ഞാന്‍ മാതാവിന്റെ കഴുത്തിലെ പച്ച ജപമാല തിളങ്ങുന്നത് നോക്കിയിരുന്നു.
നിനക്കറിയണോ കര്‍ത്താവിന്റെ അമ്മയുടെ  പേരുള്ള സ്കൂളിലാ  ഞാന്‍ പഠിച്ചേ. ഒരിക്കല്‍ ഉണ്ണീശോയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന മാതാവിന്റെ രൂപത്തിന്   മുന്നില്‍ നിന്നു ഞാന്‍ ഉറക്കെ 'അമ്മേ മഹാമായേ' എന്ന്‌ വിളിച്ചിട്ടുണ്ട്. അത് കേട്ടു വന്ന കന്യാസ്ത്രീയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. 

അമ്മമാര്‍ക്ക് ജാതിയും മതവുമില്ലെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല. നിങ്ങളുടെ ദൈവങ്ങളെപോലെ പട്ടുസാരി ചുറ്റി സ്വര്‍ണാഭരണങ്ങളും അണിഞ്ഞ്‌ നടക്കുന്നവരല്ല സ്നേഹവും കരുണയും ഉള്ളവളാണ് മാതാവ് എന്നവര്‍ പറഞ്ഞു. എന്‍റെ മനസിലെ ജനിറ്റിക്കായ്‌ കിട്ടിയ ജാതി ചിന്തക്ക് പോറലേറ്റു.
മക്കളെ സ്വയം പര്യാപ്തരാക്കുന്നവരാണ് ഞങ്ങളുടെ ദൈവങ്ങള്‍ അല്ലാതെ കൊച്ചിനെയും ചേര്‍ത്തു പിടിച്ചു മരച്ചുവട്ടിലിരിക്കുന്നവരല്ല എന്ന്‌ ഞാന്‍  ‍രോഷത്തോടെ പ്രതികരിച്ചു.

അന്ന് വൈകുന്നേരം ഞാന്‍ 50 പൈസ നേര്ച്ച പെട്ടിയിലിട്ടു മാതാവിനോട് ക്ഷമ ചോദിച്ചു.

എന്‍റെ കുഞ്ഞേ, നീ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌. നിന്റെ അമ്മൂമ്മ പറയാറുള്ളത് പോലെ എനിക്ക് പെയിന്‍ ത്രെഷ്ഹോള്‍ഡ്‌ തീരെ കുറവാ.

കുറെ നേരത്തേക്ക് തലച്ചോറില്‍ ഒരു നിഴലാട്ടം ആയിരുന്നു. കരച്ചിലും വെപ്രാളവും രക്തപ്രവാഹവും കത്തികള്‍ ഉരസുന്ന വികൃതമായ ശബ്ദവും മനസിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തലച്ചോറില്‍ ഒരു ചെരാതിന്റെ വെട്ടം പ്രകാശിച്ച പോലെ തോന്നി. 

കടലാസുപ്പൂക്കളും മാതാവിന്റെ രൂപവും സിമെന്റ് ബെഞ്ചും കാണാനില്ല. വയറില്‍ വേദനക്ക് പകരം വല്ലാത്ത മരവിപ്പ്. കൈ വച്ചു നോക്കിയപ്പോള്‍ ഒഴിഞ്ഞ വയര്‍. അയ്യോ എന്‍റെ കുഞ്ഞ് എന്ന്‌ നിലവിളിച്ചത് അല്പം ഉറക്കെ ആയിപോയോ?

നിന്റെ അച്ഛന്റെ കൈയിലെന്താണ് ഒരു വെളുത്ത പൊതിക്കെട്ട്‌. ശബ്ദം കേട്ടപ്പോള്‍  തല ചരിച്ചു എന്നെ  നോക്കി അദേഹം പറഞ്ഞു "മിന്നുവാണ്". 

ഒന്ന് കാണണമെന്ന് പറയാന്‍ പറ്റിയില്ല. അപ്പോഴേക്കും വയറിലെ തയ്യല്‍ വേദനിച്ചു തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞേ നിന്നെ തൊടാന്‍ വട്ടം കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ ഒരു പൊട്ടു പോലെ എനിക്കിപ്പോള്‍ നിന്റെ ദേഹത്തെ വെളുത്ത തുണി  കാണാം . എനിക്കൊരു ചെറിയ തലവേദന വന്നാല്‍ പോലും അടുത്ത് നിന്നു മാറാതിരുന്ന നിന്റെ അച്ഛന്‍ ഇപ്പോള്‍ എന്‍റെ ഈ വല്യ വേദന തിരിച്ചറിയുന്നില്ല. 

ഞാന്‍ കട്ടിലിനരികിലെ ജനലിലൂടെ പുറത്തേക്കു നോക്കി. ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം. 

അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?

Saturday, March 5, 2011

പൈങ്കിളി

ഞാന്‍ എഴുതുന്ന വാക്കുകള്‍ക്കു കട്ടി കൂടുതലാണെന്ന് ആദ്യം പറഞ്ഞതാരാണ്? സത്യത്തില്‍ എനിക്ക് ഓര്‍മയില്ല. മലയാളം പരീക്ഷാ കടലാസ്സില്‍ എഴുതികൂട്ടിയ ലേഖനങ്ങള്‍ ഉത്തരങ്ങള്‍ക്കു അപ്പുറമാണെന്ന് അധ്യാപകര്‍ പരാതി പറഞ്ഞു. എന്‍റെ വാക്കുകള്‍ നിറഞ്ഞ കടലാസുതുണ്ടുകള്‍ പലപ്പോഴും അഗ്നി കൈനീട്ടി സ്വീകരിച്ചു.  എന്‍റെ അക്ഷരങ്ങള്‍ക്ക് കട്ടി കൂടുതലാണെന്ന് ദഹിക്കാതെ കിടന്ന കടലാസുകള്‍ കാട്ടി ചാമ്പല്‍ പറഞ്ഞു. ഇനി എഴുതരുതെന്ന ഭീക്ഷണികള്‍ തുറക്കാതെ മെയിലുകളും പിന്നീട് സ്പാമുകളുമായ്  ഗൂഗിളിന്റെ ഇത്തിരി ഇടത്തില്‍ നിറഞ്ഞു കിടന്നു. ഒടുവില്‍ ഭക്ഷയുടെ കട്ടി കുറയ്ക്കാന്‍ ഞാന്‍ ജനപ്രിയ വാരികയില്‍ ജോലി നോക്കി. പിന്നീട് ഞാന്‍ എഴുതിയ പ്രണയലേഖനം പൈങ്കിളി ആണെന്ന് ആരോപിച്ചു എന്‍റെ പ്രണയം അവന്‍ നിരസിച്ചു.

Sunday, February 20, 2011

ചാമ്പലിന്റെ ഒന്നാം പിറന്നാള്‍



തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വൈഗന്യൂസ്‌ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ സബ്‌ എഡിറ്ററായി ജോലി നോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ ബ്ളോഗ് എന്ന ആശയം ആദ്യമായി മനസില്‍ വന്നത്‌. വൈഗയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ടോം തോമസ്‌ ആണ്‌ ഒരു നൈറ്റ്‌ ഡ്യൂട്ടി സമയത്ത്‌ എനിക്കു വേണ്ടി ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തതും എന്റെ മനസിലെ ആശയപ്രകാരം ബ്ളോഗ് രൂപീകരിച്ചു തന്നതും.

പലരും എന്നോടു ചോദിച്ചിട്ടുണ്ട്‌ ബ്ലോഗിന് എന്തു കൊണ്ടാണ്‌ `ചാമ്പല്‍ ' എന്നു പേരിട്ടത് എന്ന്‌ . പണ്ടു മുതലേ തീയോടു എനിക്കു വല്ലാത്ത ആരാധന ഉണ്ടായിരുന്നു. അതു കൊണ്ട്‌ അഗ്‌നിയുമായി ബന്ധപ്പെട്ട പേര്‌ ബ്ലോഗിന് വേണമെന്നു എനിക്കു തോന്നി. ആരുമിടാന്‍ സാധ്യയില്ലാത്ത പേര്‌ എന്ന ചിന്തയാണ്‌ എന്നെ ചാമ്പല്‍ എന്ന പേരിലേക്ക്‌ നയിച്ചത്‌.


വൈഗയിലെ സഹപ്രവര്‍ത്തര്‍ നല്‌കിയ പ്രോത്സാഹനവും സഹകരണവും എനിക്കൊരിക്കലും മറക്കാനാവില്ല. അവരില്‍ ചിലര്‍ എന്റെ കഥകളിലെസാന്നിധ്യവുമായിട്ടുണ്ട്‌. ടോം, മൃദുല, പ്രവീണ്‍, സിബിള്‍ എന്നിവരെകഥകളില്‍ കാണാം. അന്നൊന്നും കഥകളെ സീരിയസായി കണ്ടിരുന്നില്ല എന്നതാണ്‌വാസ്‌തവം.

ഋതു എന്ന ഗ്രൂപ്പ്‌ ബ്ലോഗില്‍ `ഗ്രീഷ്‌മം തണുക്കുമ്പോള്‍` എന്ന കഥ
പോസ്‌റ്റ്‌ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ വിലമതിക്കുന്നു. അന്നു
ലഭിച്ച കമന്റുകള്‍ കഥ എന്ന മേഖലയെ ആത്മാര്‍ത്ഥതയോടെ സമീപിക്കാന്‍ എന്നെപ്രേരിപ്പിച്ചു.

ഒത്തിരി മടിയുള്ള എന്നെ കൊണ്ട്‌ നിര്‍ബന്ധിച്ചു എഴുതിക്കുകയും എഴുതിയവ വായിച്ച്‌ തിരുത്തി തരികയും ചെയുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ ആണ് ചാമ്പലിനെ നിലനിര്‍ത്തുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.


ബൂലോകസഞ്ചാരത്തിലും കേരള കൗമുദിയിലെ ബ്ലോഗുലകത്തിലും ഒരു വയസു പോലും തികയാത്ത എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി വന്ന കുറിപ്പുകളില്‍ എനിക്കെന്നും മനോരാജ് ഏട്ടനോടും മൈത്രേയി ചേച്ചിയോടും നന്ദിയുണ്ട്‌.

ജീവിതത്തില്‍ എനിക്കെന്തു കണ്‍ഫ്യൂഷന്‍ വന്നാലും സധൈര്യം അഭിപ്രായം ആരായാന്‍ രണ്ട്‌ ചേട്ടന്മാരെ തന്നതും ചാമ്പലാണ്‌. ആശാമോന്‍ കൊടുങ്ങല്ലൂരും രമേശ്‌ അരൂരും, അവരെന്നും എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു.

ടി കെ ഉണ്ണി വാക്കിലൂടെ എനിക്കയച്ച മെസേജാണ്‌ `കനല്‍` എന്ന രണ്ടാമത്തെ ബ്ലോഗിന് പ്രചോദനം." ചാമ്പല്‍ കനലായി കത്തിയെരിയുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നാണ്‌ ഞാന്‍ കനല്‍ എന്ന ബ്ളോഗ് അടര്‍ത്തിയെടുത്തത്‌. 77 സുഹൃത്തുക്കള്‍ എനിക്കൊപ്പമുണ്ട്‌ എന്ന ധൈര്യമാണ്‌ എനിക്ക് വീണ്ടുമെഴുതാന്‍ പ്രചോദനം തരുന്നത്‌. അവരില്‍ പലരും എന്റെ സ്ഥിരം വായനക്കാരാണ്‌. സ്ഥിരമായി അഭിപ്രായം പറയുന്ന അവരുടെ വാക്കിലൂടെയാണ്‌ ഞാന്‍ എന്റെ അടുത്ത കഥയെ വാര്‍ത്തെടുക്കുന്നത്‌.

ഓരോ കഥ വരുമ്പോഴും അതിന്റെ അഭിപ്രായം ഏതു തിരക്കിനിടയിലും ഫോണ്‍ വിളിച്ചു പറയുന്ന ഡോ.കൃഷ്‌ണന്‍ എന്റെ വായനക്കാരില്‍ ഞാനേറെ ആദരിക്കുന്ന വ്യക്തിയാണ്‌.

വൈഗയിലെ എന്റെ സഹപ്രവര്‍ത്തകയായ മീനാക്ഷിയാണ്‌ ചാമ്പലിലെ ആദ്യത്തെ ഫോളോവറും ആദ്യമായി കമന്റിട്ട വ്യക്തിയും. " ഈ ബ്ളോഗ് പോസ്‌റ്റുകളും കമന്റുകളും ഫോളോവേഴ്‌സും കൊണ്ട്‌ നിറയട്ടെ " എന്നാണവള്‍ അന്ന് ആശംസിച്ചത്‌.

അന്ന്യന്‍ എന്ന അജീഷ്‌ ചാമ്പല്‍ എനിക്കു തന്ന അനുജനാണ്‌.
ഞാന്‍ എഴുതിയതില്‍ വച്ചെനിക്കേറ്റവും പ്രിയപ്പെട്ട കഥയേതെന്നു
ചോദിച്ചാല്‍ മക്കളില്‍ ഏറെ ഇഷ്‌ടം ആരോടെന്ന ചോദ്യം കേട്ട അമ്മയുടെ കണ്‍ഫ്യൂഷന്‍ ഒന്നും എനിക്കുണ്ടാകില്ല. അതിനൊരു ഉത്തരമേയുള്ളൂ, " വെറുതെ കിട്ടിയ ദൈവം."

2011 ഫെബ്രുവരി 21ന്‌ ചാമ്പലിന്‌ ഒരു വയസ്‌ തികയുമ്പോള്‍ ഈ ദിവസം എനിക്ക് ഏറെ പ്രീയപ്പെട്ടതാകുന്നു ഞാന്‍ പുതിയ ഒരു ജോലിക്ക് പ്രവേശിക്കുകയാണ്‌. വിഷ്വല്‍ മീഡിയ എന്ന പുതിയ താവളം. അങ്ങനെ ഈ ദിവസത്തിന്‌ ഇരട്ടിമധുരമുണ്ട്‌. അതു കൊണ്ടു തന്നെയാവാം എന്റെ അമ്മ പാല്‍പ്പായസം വച്ചു ചാമ്പലിന്റെ പിറന്നാള്‍ ആഘോഷിച്ചത്‌.

ഇനിയും ചാമ്പലില്‍ കഥകളെഴുതാന്‍ സഹായിക്കണമെന്ന്‌ ഭഗവാന്‍ കൃഷ്‌ണനോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌.....

സ്‌നേഹാദരങ്ങളോടെ
അഞ്‌ജു

Friday, February 18, 2011

പ്രണയദിനം

പശ്‌ചാത്തലംഃ
 

ഫെബ്രുവരി 14, സമയം രാവിലെ 9 മണി. ഒഫിഷ്യല്‍ ആവശ്യത്തിനു വേണ്ടി വീട്ടിലെത്തിയതിനാല്‍ ശരീരത്തിലും മനസിലും അവധിയുടെ ആലസ്യം. ബസ്‌ ടിക്കറ്റുകള്‍ നുള്ളിപ്പെറുക്കി ടി എ കണക്കുകൂട്ടിയിരിക്കുമ്പോള്‍ കട്ടിലില്‍ കിടന്ന മൊബൈല്‍ പാടി, 

`കൃഷ്‌ണാ നീ ബേഗനേ ബാരോ.....`

പണ്ടേ കണക്കുമായി ഞാനത്ര രസത്തിലല്ല, അതുകൊണ്ടു കൃത്യം കണക്കുകൂട്ടുന്ന സമയത്ത്‌ എന്തെങ്കിലും പാര വന്നു വീഴും. ആ ഒരു കലിപ്പോടെയാണ്‌ ഞാന്‍ ഫോണ്‍ കൈകൊണ്ടെടുത്തത്‌. വളരെ വേണ്ടപ്പെട്ടതല്ലാത്തൊരു സുഹൃത്താണ്‌.ഒരു ജേര്‍ണലിസ്‌റ്റ്‌ ഒരിക്കലും ഫോണ്‍ എടുക്കാതിരിക്കരുതെന്നു ജോ സര്‍ ക്‌ളാസില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍ ഫോണ്‍ എടുത്തു. ആസ്‌ബസ്‌റ്റോസില്‍ കല്ലു വാരിയെറിഞ്ഞതു പോലൊരു ശബ്‌ദം, `ഹാപ്പി വാലന്‍റ്റൈന്‍സ്‌ ഡേ`. അവന്റെ ഒരു വാലന്‍റ്റൈന്‍സ്‌ ഡേ എന്നാണാദ്യം നാവില്‍ വന്നത്‌. പിന്നെ ജിഹ്വയെ നിയന്ത്രിച്ചു വിനയാന്വിതയായി പറഞ്ഞു,
`ഇതിലൊന്നും വല്യകാര്യമില്ല കുട്ടീ, അമ്മമാര്‍ക്ക്‌ ഒരു ദിവസം, അദ്ധ്യാപകര്‍ക്ക്‌ ഒരു ദിവസം, ഫ്രണ്ട്‌ഷിപ്പ്‌ ഡേ ഇതൊക്കെ എന്തിനാ? ഇവരെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ? അതു പോലെ പ്രണയവും എപ്പോഴും മനസിലുള്ളതല്ലേ അത്‌ ഒരു ദിവസത്തെ കാര്യമല്ലല്ലോ?`

സീന്‍ 1 ഃ 

സമയം 12 മണി, വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ടി വി കണ്ടിരുന്നു. ടിവിയില്‍ മുഴുവന്‍ വാലന്‍റ്റൈന്‍സ്‌ ഡേ ബഹളം. പൊടിഡപ്പിയുടെ അത്രയുള്ള പിള്ളേര്‍ പോലും ഗിഫ്‌റ്റ്‌ വാങ്ങാന്‍ ഓടുന്നു. അപ്പോള്‍ ഒരു ചിന്ത എനിക്കും ഒരാള്‍ക്കു ഗിഫ്‌റ്റ്‌ കൊടുക്കണം. കൊടുക്കാനുള്ള ആളിനെ നേരത്തെ കണ്ടുവച്ചിരിക്കുന്നതു കൊണ്ടു ആ ബുദ്ധിമുട്ടില്ല. ഒരുഗ്രന്‍ പ്രേമലേഖനം എഴുതി സമ്മാനിക്കാമെന്നു കരുതി. അതാകുമ്പോള്‍ കാശു ചിലവുമില്ല. 

സീന്‍ 2 ഃ

സമയം 12.35 പ്രേമലേഖനം എങ്ങെനെ എഴുതണമെന്ന കണ്‍ഫ്യൂഷന്‍, സംബോധനയാണ്‌ പ്രശ്‌നം. ഇതു വരെ `എടാ` എന്നേ വിളിച്ചിട്ടുള്ളൂ. പക്ഷേ ഒരു പ്രേമലേഖനം എങ്ങനെ `എടാ` എന്നു വിളിച്ചു തുടങ്ങും, പിന്നെ സംബോധിക്കണ്ടാന്നു വച്ചു. 

`അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം`


എന്നു പേപ്പെറില്‍ വൃത്തിയായി എഴുതി. പിന്നെ ഓര്‍ത്തു വേണ്ട ആദ്യം തന്നെ മോഷണവസ്‌തു നല്‌കണ്ട, അതു വെട്ടിക്കളഞ്ഞു.


സീന്‍ 3 ഃ 


സമയം 2, പേപ്പര്‍ ഇപ്പോഴും ശൂന്യം. ഫോണ്‍ ബെല്ലടിക്കുന്നു,

`എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..`

ഫോണില്‍ ഒരു സ്‌ത്രീ നാമം തെളിഞ്ഞു വന്നു. മൊബൈലിലെ പേരും എന്റെ മുഖത്തു വിടരുന്ന ഭാവവും കൂട്ടിവായിച്ചാല്‍ ഞാന്‍ ലെസ്‌ബിയനാണെന്നു കാണുന്നവര്‍ സംശയിച്ചാല്‍ തെറ്റില്ലെന്ന്‌ എനിക്ക്‌ വരെ തോന്നിയിട്ടുണ്ട്‌.


`ഡാ`
`എന്താഡാ`
`ഊണു കഴിച്ചോ?`
`ഉം..നീയോ?`
`ഉം..ഞാനും`
`എന്താ കറി?`
`അയലമീന്‍ കറി`
`ഓഹ്‌! സെയിം പിഞ്ച്‌ ഞാനും അയലമീന്‍ കറി`
`ഒ കെ ഡാ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 3 ഃ 


സമയം 4 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..


`ഡാ ഞാനല്‌പം തിരക്കിലാ ഒരാളെ ഇന്റര്‍വ്യു ചെയ്യാന്‍ പോകുന്നു`
`ഒ കെ ഡാ ഞാന്‍ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 4 ഃ  


സമയം 6 മണി
ഇക്കുറി ഫോണ്‍ ഇവിടുന്നങ്ങോട്ട്‌
`ഡാ ഒരു മീറ്റിങ്ങിലാ പിന്നെ വിളിക്കാം`
`ഒ കെ ഡാ`


സീന്‍ 5 ഃ 


 സമയം 8 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


`ഡാ ഞാന്‍ എഴുതുവാ, രാത്രി ഫ്രീ ആകുമ്പോള്‍ ഒരു മിസ്‌ കോള്‍ തരൂ, ഞാന്‍ ഓണ്‍ലൈനില്‍ വരാം`


സീന്‍ 6 ഃ
 


സമയം രാത്രി 11 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


ഫോണ്‍ മൂന്നു വട്ടം കട്ടിലില്‍ കിടന്നു പാടി, ഒടുവില്‍ ശബ്‌ദം നിലച്ചു. എന്നിട്ടും അതിനടുത്തു കിടന്നുറങ്ങിയ ആള്‍ അതറിഞ്ഞില്ല.


സീന്‍ 7 ഃ 


സമയം രാത്രി 3 മണി

ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു ഫോണെടുത്തു സമയം നോക്കിയ ഞാന്‍ കണ്ടത്‌ മൂന്ന്‌ മിസ്‌കോളും ഒരു മെസേജും.


മെസേജ്‌ ഇങ്ങനെ....


`നീ ഉറങ്ങി അല്ലേ? ഞാനും ഉറങ്ങാന്‍ പോകുന്നു. നാളെ വിളിക്കാം. നിനക്കു ജോലിത്തിരക്കുണ്ടല്ലേ? എനിക്കും! പിന്നെ കാണാം ബൈ`


എന്റെ മേശപ്പുറത്തപ്പോഴും എഴുതാത്ത ഒരു പ്രണയലേഖനം ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.

വാല്‍കഷ്‌ണം ഃ എനിക്കൊരു സംശയം ഇതു പ്രണയമാണോ? അതോ ഇതാണോ പ്രണയം......?

Sunday, January 2, 2011

വെറുതെ കിട്ടിയ ദൈവം


പോലീസ് സ്റെഷന്റെ തണുത്ത തറയില്‍ നിറം മങ്ങിയ ചുവരില്‍ ചാരി ഇരുന്ന വൃന്ദയുടെ ശരീരം ചെറുതായ് വിറക്കുന്നുണ്ടായിരുന്നു. തിരക്കിട്ട് എഴുതുന്നതിനിടയില്‍ തന്നെ പാളി നോക്കുന്ന വനിതാ പോലീസിന്റെ മുഖത്തെ വികാരം അതിശയമോ അതോ പരിഹാസമോ?
വൃന്ദക്കു തിരിച്ചറിയാനായില്ല.

കുറുക്കന്‍ കണ്ണുകളുള്ള ഒരു പോലീസുകാരന്‍ തറപ്പിച്ചു നോക്കിയപ്പോള്‍ വൃന്ദ ചുരിദാറിന്റെ ഷാള്‍ വലിച്ചു നേരെയിട്ടു. അയാളുടെ ടൈ തേച്ചു കറുപ്പിച്ച തല ചുളിവുള്ള മുഖത്തോട് യോജിക്കുന്നിലെന്നു അവള്‍ക്ക് തോന്നി.

കസേരയിലിരുന്ന സ്ത്രീയുടെ മടിയില്‍ നിന്നും പൊടി പിടിച്ച ഫയലുകള്‍ അടുക്കി വച്ചിരുന്ന മേശപ്പുറത്തേക്ക് വലിഞ്ഞു കേറാന്‍ ശ്രമിച്ചു കൊണ്ട് വൃന്ദയെ നോക്കി ചിരിച്ച ഗാതുവിനെ അവര്‍ വലിച്ചു മടിയിലേക്കിട്ടു.ഗാതു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ അവളുടെ തുടയില്‍ നുള്ളി. ആ വേദന അനുഭവപ്പെട്ടത് തന്റെ ഹൃദയതിലാണെന്ന് വൃന്ദക്കു തോന്നി.
ഊര്ജസ്വലതയോടെ പടിക്കെട്ടുകള്‍ ഓടി കയറി വന്ന കറുത്ത മെലിഞ്ഞസ്ത്രീ എസ് ഐ ആണെന്ന് അവരുടെ തോളിലെ നക്ഷത്രങ്ങള്‍ സൂചിപ്പിച്ചു. പക്ഷേ എന്ത് കൊണ്ടോ വൃന്ദക്കു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. എങ്കിലും അവരുടെ മുഖത്ത് ദയയുടെ നേര്‍ത്ത പ്രകാശം മിന്നി മറയുന്നുണ്ടായിരുന്നു കണ്ടാല്‍ കുടുംബത്തില്‍ പിറന്നതാണെന്ന് തോന്നും കൈലിരിപ്പ് കണ്ടില്ലേ മാഡം , എന്നാരോ ഈര്‍ഷ്യയോടെ പറഞ്ഞപ്പോളും അവരുടെ മിഴികള്‍ ശ്രദ്ധാപൂര്‍വ്വം തന്നിലാണെന്നു അവ്യെക്തമായ് വൃന്ദ കണ്ടു. എസ് ഐ മേശക്കരികില്‍ എത്തിയപ്പോള്‍ മടിയിലിരുന്ന കുഞ്ഞുമായ് ആ സ്ത്രീ ഭവ്യതയോടെ തട്ടിപിടഞ്ഞു എഴുന്നേറ്റു . ആ സ്ത്രീയുടെ മൊഴി ഒരു പോലീസുകാരി ഉറക്കെ വായിച്ചപ്പോള്‍ ആണ് തനിക്ക് ചാര്‍ത്തി കിട്ടിയ വിശേഷണങ്ങളുടെയും കുറ്റങ്ങളുടെയും തീവ്രത വൃന്ദക്കു മനസിലായത്. 'പൊതുസ്ഥലത്ത് വച്ചു കുഞ്ഞിനെ തട്ടി എടുക്കാന്‍ ശ്രമിച്ചവള്‍' മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങളെ നോക്കി പകച്ചു നില്‍ക്കുന്ന കുട്ടിയെ പോലെ വൃന്ദ ഇരുന്നു. കുഞ്ഞിന്റെ പേരെന്തന്നു വാത്സല്യത്തോടെ ചോദിച്ച എസ് ഐയോട് ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു,

'മിട്ടി ജോസഫ്'

അല്ല, അല്ല; വൃന്ദയുടെ മനസ് വിലപിച്ചു. ആ മോള്‍ക്ക്‌ ആ പേര് ചേരില്ല ഒറ്റ നോട്ടത്തില്‍ തന്നെ തന്റെ മനസ്സില്‍ വന്നൊരു പേരുണ്ട്, 'ഗാതു ' അവള്‍ക്ക് അത് മതി.

അമ്മാവന്മാരോടൊപ്പം പടി കടന്നു വന്ന അമ്മയെ കണ്ടപ്പോള്‍ തെറ്റ് ചെയ്ത കുടിയേ പോലെ വൃന്ദ പരുങ്ങി. സൂര്യനും ചന്ദ്രനും പിന്നെ ഞാനും എന്ന്‌ ഭാവമുള്ള കൊച്ചുമാമന്റെ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തിരിക്കുന്നു. അവള്‍ ആര്‍ക്കും മുഖം കൊടുക്കാതെ കുനിഞ്ഞിരുന്നു.
താന്‍ ജനിച്ചത്‌ മുതലുള്ള കാര്യങ്ങള്‍ എസ് ഐയോട് എണ്ണി പെറുക്കി അമ്മ കരയുന്നത് കേട്ടപ്പോള്‍ വൃന്ദക്കു ലോകത്തോട്‌ മുഴുവന്‍ പക തോന്നിപത്തുവയസുകാരി പാവയെ ആവശ്യപ്പെടുന്ന ലാഘവത്തോടെ ഒരു കുഞ്ഞു വേണമെന്ന് മകള്‍ പറഞ്ഞുവെന്നു അമ്മ കരഞ്ഞു പറഞ്ഞപ്പോള്‍ എസ് ഐ വൃന്ദയെ അതിശയത്തില്‍ നോക്കി.
ഇടക്കെപ്പോഴോ കേട്ട 'ഇവള്‍ക്ക് മാനസികപ്രശ്നമുണ്ട്' എന്ന ശബ്ദം വല്യമാമന്റെ ആണെന്നവള്‍ തിരിച്ചറിഞ്ഞു. അവള്‍ മുഖമുയര്‍ത്തി നോക്കി. ദേഷ്യം വരുമ്പോള്‍ വല്യമാമന്റെ മീശ വിറക്കുന്നത്‌ കാണാന്‍ നല്ല രസമാണ്. ബലം പിടിച്ചിരുന്ന കൊച്ചുമാമനോട് അവളുടെ കുറ്റകൃത്യത്തിന്റെ തീവ്രത പോലീസുകാര്‍ വിനയപൂര്‍വ്വം ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വൃന്ദക്കു ചിരി പൊട്ടി. ഇതൊക്കെ മാമന്റെ ജാടയല്ലേ ഒന്നും മനസിലായ് കാണിലെന്നു അവരോടു പറയണമെന്നു അവള്‍ക്ക് തോന്നി.




കല്യാണം എന്ന പ്രക്രിയയില്‍ ആകെ കാണുന്ന ലാഭം കുഞ്ഞാന്നെന്നും എന്നാല്‍ ആ ഒരു ലാഭത്തിനു വേണ്ടി ഒരു ലൈഫ് ലോങ്ങ്‌ ബാധ്യത സ്വീകരിക്കാന്‍ തയാറല്ല എന്ന തന്റെ പോളിസി അമ്മ അനാവരണം ചെയ്തപ്പോള്‍ എസ് ഐ അസ്വസ്ഥതയോടെ നെറ്റി തടവുന്നത് വൃന്ദ കണ്ടു. അത് തന്റെ വൈരൂപ്യമുള്ള ശരീരത്തോടുള്ള കോമ്പ്ലെക്സ് കൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല എന്നവള്‍ ആശ്വാസത്തോടെ ഓര്‍ത്തു.
അത് പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നടത്തിയ അന്വേക്ഷണങ്ങള്‍ അമ്മ പിന്നെയും അക്കമിട്ടു നിരത്തിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആ കെട്ടിടമാകെ നിറഞ്ഞു നില്‍ക്കുന്നത് പോലെ വൃന്ദക്കു അനുഭവപ്പെട്ടു. അമ്മക്കരികിലായ് കസേരയിലിരിക്കുന്ന സ്ത്രീ ഗാതുവിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. എല്ലാ അമ്മമാര്‍ക്കും തങ്ങളുടെ മക്കള്‍ വെറുതെ കിട്ടിയ ദൈവങ്ങളാണെന്ന് വൃന്ദ ഓര്‍ത്തു.

ടെക്സ്റ്റില്‍ ഷോപിലെ നിലത്തു ഒറ്റക്കിരുന്നു കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ ശിശു രോദനം ഈശ്വരവിലാപമാന്നെന്ന ഓര്‍മയില്‍ വാരിയെടുത്ത് തലോലിച്ചതും അത് കണ്ടു കൈയില്‍ സാരി പാക്കറ്റുമായി വന്ന സ്ത്രീ നിലവിളിച്ചതും ഓടി കൂടിയ ആളുകള്‍ക്കിടയില്‍ സംസാരിക്കനാകാതെ നിന്നതും കാക്കിയുടുപ്പിട്ട മാര്ധവമില്ലാത്ത കൈകളും തലച്ചോറിലൂടെ മിന്നി മാഞ്ഞു പോയ്‌.

ഇതിനിടയില്‍ വെറുതെ കിട്ടിയ കുഞ്ഞിനെ ഗാതു എന്ന്‌ പേരിട്ടു എടുത്തു വീട്ടിലേക്കു കൊണ്ട് വരാന്‍ ആഗ്രഹിച്ച കാര്യം വൃന്ദ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു.
മാനസികരോഗി എന്ന ലേബല്‍ നല്‍കി പോലിസ് സ്റെഷനില്‍ നിന്നു രക്ഷപെടുത്തി അമ്മാവന്മാര്‍ വൃന്ദയെ പിടിച്ചെഴുന്നെല്‍പ്പിച്ചു .

ശാപവാക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയിലൂടെ നടന്നു നീങ്ങവേ വൃന്ദ ഒരു നിമിഷം തിരിഞ്ഞു നോക്കി. ആ സ്ത്രീയുടെ മടിയിലിരുന്നു ഗാതു അവളെ നോക്കി പുഞ്ചിരിച്ചു. ഒപ്പം മേശപ്പുറത്തെ ചിത്രത്തിലെ കൃഷ്ണനും.
അതേ, ദൈവങ്ങള്‍ക്ക് എപ്പോഴും ചിരിക്കാനല്ലേ അറിയൂ...


സമര്‍പ്പണം: എന്റെതായിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ മോഹിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും.....വരുമെന്ന് എന്നെ മോഹിപ്പിക്കുന്ന ഞാന്‍ കാത്തിരിക്കുന്ന എന്‍റെ (അല്ല ഞങ്ങളുടെ ) മകള്‍ക്ക്.....