Friday, June 4, 2010

രാധിക തിരക്കിലാണ്......
കരിഞ്ഞു പോയ പപ്പടം പൊട്ടിച്ചു വായിലിട്ടു കൊണ്ടു രാധിക ഗ്യാസിന്റെ തീ കുറച്ചു.

"ഇല്ല! അമ്മ കണ്ടില്ലആശ്വാസം".

അല്ലെങ്കില്‍ തന്നെ ശ്രദ്ധ കുറവാണെന്ന് പറഞ്ഞ് അമ്മ വഴക്ക് പറയാറുണ്ട്.

മരിച്ചു പോയ അമ്മതന്നെ വഴക്ക് പറയാനിനി എത്തില്ല എന്നവള്‍ ഓര്‍ത്തില്ല. തിരക്ക് കൂടുമ്പോള്‍ ശ്രദ്ധ കുറയുമെന്ന് പണ്ടേതോഅധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്. തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍ അന്തസത്ത വരെനഷ്ടപ്പെടാറുണ്ട്; പിന്നെയല്ലേ ജീവിതം.

ഒരു കഥ എഴുതാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ അക്ഷരങ്ങള്‍ മാത്രം ഹൃദയത്തില്‍ നിറഞ്ഞു നിന്ന നാളുകളെ അവള്‍ തെല്ല് അസൂയയോടെ ഓര്‍ക്കും. സമ്മാനം വാങ്ങിക്കാന്‍ വിറച്ചുവിറച്ചു സ്ട്യേജില്‍ കയറുമ്പോള്‍ മുഴങ്ങുന്ന സഹപാഠികളുടെ കൈയടികള്‍ അവള്‍ അപ്പോള്‍ കേള്‍ക്കും. പക്ഷെഇപ്പോള്‍ എന്താണ് തനിക്ക് പറ്റിയത്? ജീവിതം വേറെന്തോ ആണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്? ശരിക്ക്പറഞ്ഞാല്‍ തനിക്ക് ഓര്‍മയില്ല.....

ശ്രീകോവിലിലെ ശ്രീകൃഷ്ണനെ നോക്കി രാധിക പറഞ്ഞു.

"ഭഗവാനെ, എനിക്കൊരു കഥ എഴുതാന്‍ പറ്റിയെങ്ങില്‍....."
കൈയിലിരുന്ന ഓടക്കുഴല്‍ നിലത്തു വെച്ച് ഭഗവാന്‍ രാധികയെ ആര്‍ദ്രതയോടെ നോക്കി.

"എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി.
നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക".

രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.

രാധികയ്ക്ക് പെട്ടന്ന് പേടി തോന്നി. വെള്ള പാവാടയും ചുവന്ന ഉടുപ്പും അണിഞ്ഞ്‌ കുറ്റിചെടികളോട് കിന്നാരം പറഞ്ഞ് നടന്ന ബാലികയെ അവള്‍ക്കു ഓര്‍മ വന്നു.

തണുത്തു മരവിച്ച തറയില്‍ വെള്ളമുണ്ട് പുതച്ചു ശാന്തമായി ഉറങ്ങുന്ന അച്ഛന്റെ മുഖം അവളുടെ ഓര്‍മയില്‍ നിറഞ്ഞു. രാധിക സങ്കടത്തോടെ കെഞ്ചി.
"എനിക്കൊരു കഥ പറഞ്ഞ് തരോ അച്ഛാ?"

കാറ്റിലാടുന്ന തോണി പോലെ തീരമണയാന്‍ ആകാതെ അവള്‍ വീര്‍പ്പുമുട്ടി. ഏകാന്തമായ വീഥിയില്‍ ആകാശത്തിലെ തണലില്‍ രാധിക നടന്നു. രാധികയുടെ മനസ്സിലൂടെ അക്ഷരങ്ങള്‍ പറന്നു നടന്നു. മഴ പെയ്തു തുടങ്ങിയിരിക്കുന്നു. അവളുടെ മനസിന്റെ പൂട്ടുകള്‍ പൊട്ടിച്ചു കഥകള്‍ ദിക്കറിയാതെ ഒഴുകി. രാധിക കുട നിവര്ത്തിയില്ല.

കുടയുണ്ടയിട്ടും നനയുന്നതെന്തിനാണെന്ന് ആരോ ചോദിച്ചു. രാധിക മനസിലോര്‍ത്തു.
"ഇതൊരു നേര്‍ച്ചയാണ്‌, നേര്ച്ചയല്ല,
ഉദിഷ്ടകാര്യത്തിനു ഉപകാര സ്മരണ....."

6 comments:

Naushu said...

വ്യത്യസ്തമായ അവതരണം...
അഭിനന്ദനങ്ങള്‍....

വിനയന്‍ said...

ഒരു സ്വീറ്റ്‌നെസ് ഉണ്ട് എഴുത്തിന്...വല്ലാത്തൊരു ഫീല്‍...ശരിക്കും ഇഷ്ട്ടായി...ഒപ്പം രചനകള്‍ ആസ്വദിക്കാനല്ലാതെ എഴുതാനുള്ള ഭാവനയില്ലല്ലോ എന്നൊരു ചെറു വിഷമവും ... :) ...ഓഫ്‌:- ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ബോറല്ലേ...

Manoraj said...

എഴുത്തിലെ ശൈലി മികവുറ്റതാണ്. ഒട്ടേറേ വലിയ കഥാകാരന്മാരുടെ സ്വാധീനം കാണുന്നു. ഒരു പരിധിവരെ നല്ലതാണെങ്കിലും അതിനേക്കാൽ നല്ല സ്വന്തമായ ഒരു ശൈലിയാവും കൂടുതൽ നല്ലത്. എവിടെയൊക്കെയോ പെരുമ്പടവത്തെയും ഉണ്ണികൃഷ്ണൻ പുതൂരിനെയും ദർശിച്ചു ഈ കഥയിൽ.

anju minesh said...

ചിത്രത്തിന് കടപ്പാട് ഹരീഷേട്ടന് ( ഹരീഷ് തൊടുപുഴ -http://wwwgolmohar.blogspot.com/2009/12/blog-post.html)

Sreedev said...

ആ അവസാനം ഇഷ്ടപ്പെട്ടു.മനസ്സിന്റെ പൂട്ടുകൾ പൊട്ടിച്ച്‌,കഥ,ഒരു മഴയായി പെയ്തത്‌, കുടയില്ലാതെ ആ മഴ നനഞ്ഞത്‌..:) നല്ല ഭാഷ. ശൈലി...:)

Anonymous said...

" തിരക്കുകള്‍ ജീവിതത്തെ വഴിമാറ്റി വിടുമ്പോള്‍ അന്തസത്ത വരെനഷ്ടപ്പെടാറുണ്ട്; പിന്നെയല്ലേ ജീവിതം. ഒരു കഥ എഴുതാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ അക്ഷരങ്ങള്‍ മാത്രം ഹൃദയത്തില്‍ നിറഞ്ഞു നിന്ന നാളുകളെ അവള്‍ തെല്ല് അസൂയയോടെ ഓര്‍ക്കും. സമ്മാനം വാങ്ങിക്കാന്‍ വിറച്ചുവിറച്ചു സ്ട്യേജില്‍ കയറുമ്പോള്‍ മുഴങ്ങുന്ന സഹപാഠികളുടെ കൈയടികള്‍ അവള്‍ അപ്പോള്‍ കേള്‍ക്കും. പക്ഷെഇപ്പോള്‍ എന്താണ് തനിക്ക് ...പറ്റിയത്?" ഉണ്ട് എഴുത്തിന്റെ കനല്‍ ഉള്ളില്‍.അത് ഊതി ഊതി കത്തിക്കുക ...