Monday, June 21, 2010

ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി ....


വെയിലിന്റെ ചൂട് രോമകൂപങ്ങള്‍ക്ക് ഇടയിലേക്ക് അരിചിരങ്ങിയപ്പോള്‍ വെയിലിനു വല്ലാത്ത തണുപ്പാണെന്ന് ശ്രീപ്രിയക്ക്‌ തോന്നി. അല്ലെങ്കിലും അഗ്നിയോടും ചൂടിനോടുമൊക്കെ ശ്രീപ്രിയക്ക്‌ പണ്ട് മുതലേ വല്ലാത്ത അഭിനിവേശമാണ്. അവളുടെ ശരീരത്തിന് വല്ലാത്ത തണുപ്പാണെന്ന് ആദ്യം ആരാണ് പറഞ്ഞതെന്ന് അവള്‍ക്കു ഓര്‍മയില്ല. പാമ്പിന്റെ രക്തമായിരിക്കും അതാ ഈ തണുപ്പെന്നു അവളെ എല്ലാരും കളിയാക്കിയിരുന്നു.

അതില്‍ പിന്നെ ശ്രീപ്രിയ തന്നെ തൊടാന്‍ ആരെയും സമ്മതിച്ചിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രിയതമന്‍ അവളെ ചേര്‍ത്തു പിടിച്ച് നിന്റെ ശരീരത്തിന് ചന്ദനത്തിന്റെ തണുപ്പാണെന്ന് പറഞ്ഞപ്പോഴാണ് ശ്രീപ്രിയ തന്റെ ശരീരത്തിന്റെ തണുപ്പിനെ ആദ്യമായി ഇഷ്ടപ്പെട്ടത്.

അത് കൊണ്ടു തന്നെ അവന്‍ അവളുടെ അഗ്നിയായിരുന്നു. നെയ്ത്തിരി പോലെ ചെറുതായി എരിഞ്ഞ് ഒടുവില്‍ കാട്ടുതീ പോലെ അവളില്‍ പടര്‍ന്നു കയറുന്ന അവനാണ് തീക്കു പോലും തണുപ്പുന്ടെന്നു അവള്‍ക്കു പറഞ്ഞു കൊടുത്തത്. പലപ്പോഴും ആ അഗ്നിയുടെ തണുപ്പ് അറിഞ്ഞു കിടക്കുമ്പോള്‍ ശ്രീപ്രിയ ഓര്‍ക്കുന്നത് സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്.

സ്കൂള്‍ ബസില്‍ രാകേഷിന്റെ അടുത്ത് ഇരിക്കുമ്പോഴും കോളേജില്‍ ചോറുപൊതി സതീഷും ഷിജുവുമായി പങ്കിട്ടു കഴിച്ചപ്പോഴും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് അവള്‍ക്കു തോന്നിയിട്ടില്ല.

പിന്നീടൊരിക്കല്‍ കോളേജില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനെ കുറിച്ച് സംസാരിക്കാന്‍ വന്ന ഒരു മഹതി സ്ത്രീകളുടെ അവകാശത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും സംസാരിച്ചപ്പോള്‍ ശ്രീപ്രിയക്കും സ്വാതന്ത്ര്യം വേണമെന്ന് ആദ്യമായി തോന്നി. എന്നാല്‍ തന്റെ പ്രസംഗത്തിന് ശേഷം മൊബൈലില്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് സമയം താമസിച്ചു കൂട്ടികൊണ്ട് പോകാന്‍ വരണെ എന്നവര്‍ പറയുന്നത് കേട്ടപ്പോള്‍ ശ്രീപ്രിയയുടെ ആഗ്രഹം ആവിയായി പോയി.

സ്ത്രീ സ്വാതന്ത്ര്യത്തിനു സ്നേഹമെന്നാണ് അര്‍ത്ഥമെന്നു അവള്‍ മനസിലാക്കിയത് നന്ദിനിയുടെയും ഹരിയുടെയും ജീവിതം കണ്ടാണ്‌. ആ സുഹൃത്തുക്കളുടെ സൌഹൃദവും പ്രണയവും അവള്‍ പലപ്പോഴും കൊതിയോടെയാണ് കണ്ടു നിന്നത്. നിനക്ക് എങ്ങനെ ഉള്ള ആളെ വേണമെന്ന് ആരേലും ചോദിക്കുമ്പോള്‍ അവള്‍ ഓര്‍ക്കും ഹരിയേട്ടനെ പോലെ ഒരാള്‍. പെട്ടെന്ന് തന്നെ അവള്‍ തിരുത്തും,

പക്ഷെ തനിക്ക് ഒരിക്കലും നന്ദിനി ആകാന്‍ കഴിയില്ലല്ലോ?

മനസിന്റെയും മനോരോഗങ്ങളുടെയും പുറകെ നടന്ന കാലങ്ങളില്‍ വര്‍ണ അന്ധത സ്ത്രീകള്‍ക്ക് വരില്ലെന്ന് പഠിച്ചപ്പോള്‍, കണ്ടോ? ദൈവം സ്ത്രീകളുടെ മിഴികള്‍ക്ക് തന്ന സ്വാതന്ത്ര്യം എന്നവള്‍ അഭിമാനത്തോടെ ഓര്‍ത്തു.

എങ്കിലും ഒറ്റയ്ക്ക് രാത്രിയില്‍ കടപ്പുറത്ത് ഇരിക്കാനും തട്ടുകടയില്‍ നിന്നു ചൂട് ദോശ കഴിക്കാനും ആഗ്രഹിച്ചപ്പോള്‍ ശ്രീപ്രിയക്ക്‌ തോന്നി ചിലപ്പോള്‍ സ്വാതന്ത്ര്യം ഒരു ലഹരിയാണെന്ന്. എന്നാല്‍ കൂട്ടുകാരോടൊപ്പം പോയി തട്ടുകടയില്‍ നിന്നു ആഹാരം കഴിച്ചും നൈറ്റ്‌ ഡ്യുട്ടിയുടെ ഇടവേളയില്‍ പതിനൊന്നാം നിലയില്‍ പോയി നിന്നു ഒറ്റയ്ക്ക് അകലെയുള്ള കടല്‍ കണ്ടും അവള്‍ ആ സ്വാതന്ത്ര്യം നേടി എടുത്തു.

എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ വേദന അവളുടെ പല സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയായി. എങ്കിലും ആ പാരതന്ത്ര്യത്തെ ശ്രീപ്രിയ ഇഷ്ടപെട്ടു. അല്ലെങ്കിലും ആ പാരതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമല്ലേ?

ആ പാരതന്ത്യതിന്റെ സമ്മാനം എന്നവണ്ണം ഒരു നാള്‍ ആദ്യം അഗ്നിയായും പിന്നീടു പെരുമഴയായും ഒരുവള്‍ ശ്രീപ്രിയയെ തേടി എത്തി.

അവള്‍ ശ്രീപ്രിയയുടെ ഉദരത്തിന്റെ ഇളം ചൂടില്‍ മയങ്ങി കിടന്നു അവളോട്‌ പറഞ്ഞു, " ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി...."

10 comments:

നല്ലി . . . . . said...

ഭാഷക്കു കട്ടി കൂടുമ്പോള്‍ പറയാനുദ്ദേശിച്ചതും പറഞ്ഞതും തമ്മില്‍ പൊരുത്തപ്പെട്ടില്ലേ എന്നൊരു സംശയം, അല്ലെങ്കിലും ഇത്രയുമൊക്കെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനാരായേനേ

Muhammed Shan said...

നന്നായിട്ടുണ്ട്...
തുടരുക...
.......സ്വാതന്ത്ര്യത്തിനു എത്ര മാനങ്ങള്‍.....!!!...

Anonymous said...

സ്വാതന്ത്ര്യം എന്നാല്‍ ഒരു വലിയ വിഷയം തന്നെ.ആരുടെ തന്നെ ആയാലും ...അത് എന്തും ചെയ്യാനുള്ള സ്വാതന്ദ്ര്യം അല്ല ,മറിച്ച്‌ അവരുടെ ഉള്ളിലെ അന്തസത്തയെ ഉള്‍കൊള്ളുന്ന സ്വാതന്ദ്ര്യം ആവണം അത്...അങ്ങിനെയല്ലേ വേണ്ടത്.അടിമത്വമോ,വിധേയത്വമോ അല്ല വേണ്ടത്,പരസ്പ്പര ബഹുമാനം; അതല്ലേ സ്വാതന്ത്ര്യം?എന്‍റെ സ്വാതന്ദ്ര്യം എന്ന് പറഞ്ഞു നമ്മള്‍ ചെയ്യുന്ന പലതും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ കൊലപെടുതുന്ന പ്രവര്‍ത്തികള്‍ ആയി പോകുന്നു..ഇതെല്ലാം എന്‍റെ ചിന്തകള്‍ മാത്രം ആണ് കേട്ടോ ..നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചു...തുടരുക ...

അന്ന്യൻ said...

എങ്കിലും ഒറ്റയ്ക്ക് രാത്രിയില്‍ കടപ്പുറത്ത് ഇരിക്കാനും തട്ടുകടയില്‍ നിന്നു ചൂട് ദോശ കഴിക്കാനും ആഗ്രഹിച്ചപ്പോള്‍ ശ്രീപ്രിയക്ക്‌ തോന്നി ചിലപ്പോള്‍ സ്വാതന്ത്ര്യം ഒരു രഹരിയാണെന്ന്. അഞ്ജൂ “രഹരി” എന്നാണൊ “ലഹരി” എന്നാണൊ?

ആളവന്‍താന്‍ said...

അഞ്ചു, അതങ്ങനെയാ. സ്ത്രീ എത്ര തന്നെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും അവള്‍ക്ക് അത് ഒരിക്കലും പൂര്‍ണമായി അനുഭവിക്കാന്‍ കഴിയില്ല. എഴുത്ത് നന്നായി. ആശംസകള്‍.

Manoraj said...

നല്ല ഭാഷ. സ്ത്രീക്ക് സ്വാതന്ത്യം ഇല്ല എന്നൊന്നും പറയല്ലേ.. അതൊക്കെയുണ്ട്. പിന്നെ നേരത്തെ പറഞ്ഞ സമയം വൈകി കൂട്ടിക്കൊണ്ട് പോകൂ എന്ന മനോഭാവം ഒരു പരിധിവരെ പ്രശ്നമാണ്. എഴുത്ത് സൂപ്പർ.

ജയിംസ് സണ്ണി പാറ്റൂർ said...

ഈ മനു വാക്യം ആപേക്ഷികമാണ്
നാട്ടുകാരെ വിറപ്പിക്കുന്ന പോലീസുദ്യോ
ഗസ്ഥന്‍ ഭാര്യയുടെ മുന്നില്‍ പഴന്തുണി
പോലെ ചുരുണ്ടുകൂടും.
ന മര്‍ത്ത്യ സ്വാതന്ത്ര്യമര്‍ഹതി

ഒരു യാത്രികന്‍ said...

നല്ല ഭാഷ...സുഖമുള്ള വായനാനുഭവം....സസ്നേഹം

Unknown said...

മനുവിന്റെ ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തിയത്.നല്ല എഴുത്ത്..
ആശംസകള്‍..

lekshmi. lachu said...

kollaam nannayitund ee ezhuth..