Wednesday, November 30, 2011

മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത്...

"ഒരു കുട്ടിയായിരുന്നെങ്കില്‍
പൂവായിരുന്നെങ്കില്‍
പൂമ്പാറ്റയായിരുന്നെങ്കില്‍
മനസ്സിന് സമാധാനം കിട്ടുമായിരുന്നു



ചില മനുഷ്യര്‍ ഇങ്ങനെയാണ്,സത്യം....

ഒരു ദിവസം ഒരുച്ചയ്ക്ക് കൃത്യമായി പറയാന്‍ എത്ര മണിക്കാണെന്ന് എനിക്ക്
ഓര്‍മ്മയില്ല, നരച്ച് തുടങ്ങിയ ഒരു പാവാടയും കറുത്ത ഷര്‍ട്ടും ധരിച്ച്
ഒറ്റയ്ക്കാണവള്‍ എന്റെ പടി കടന്ന് വന്നത്. അത്തരം ഉടുപ്പുകള്‍
ഫാഷനാണെന്ന് കരുതാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. വിളറി വെളുത്ത അവളുടെ മുഖവും സംസാരത്തിലെ വ്യക്തതയും എന്നില്‍ വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കി. എന്തോ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സിലെ സൈക്യാട്രിസ്റ്റ് എന്ന അഹങ്കാരത്തിന്റെ വിളക്ക് അറിയാതെ കെട്ടു. മുഖത്ത് വന്ന അങ്കലാപ്പ് തിടുക്കത്തില്‍ മറച്ച് ഞാന്‍ മരുന്ന് എഴുതിയപ്പോള്‍ അവളുടെ കണ്ണുകള്‍ എന്റെ പുസ്തക ശേഖരത്തില്‍ പരതുകയായിരുന്നു. അവളുടെ കണ്ണുകള്‍ വിടരുന്നതും അവള്‍ നിര്‍ത്താതെ സംസാരിക്കുന്നതും ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു. പിന്നീട് പലപ്പോഴും അവളെന്റെ കണ്‍സള്‍ട്ടിംഗ് റൂമിന്റെ പടി കടന്ന് വന്നു. അപ്പോഴെല്ലാം ഞങ്ങള്‍ സംസാരിച്ചത് രോഗത്തെയും മരുന്നുകളെയും കുറിച്ചല്ല. പുസ്തകങ്ങളെയും മനുഷ്യരെയും പറ്റിയാണ്. മിസ് എസ് എന്നോ മറ്റോ ഏതോ ഒരു കേസ് ഫയലില്‍ ഇടം കൊണ്ട് കടന്ന് പോയേക്കാവുന്ന അവള്‍ എനിക്കൊരു
വല്യ പാഠമായി, ഇതു വരെ ഒരു പാഠപുസ്തകത്തിലും കാണാത്ത ഒരു പാഠം...

ഇങ്ങനെ ഒരാള്‍ വേണ്ട,ഒരു വീട്ടിലും....


അവള്‍ ഒരു ശല്യമാകുന്നുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതൊന്നുമില്ല.
ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ഒരിക്കലും ഭാരമാകില്ലല്ലോ. എങ്കിലും
നാട്ടുകാരും ബന്ധുക്കളും പറയന്നത് ഞാന്‍ വേണ്ടേ കേള്‍ക്കാന്‍. എവിടെ
പോയാലും മോളുടെ അസുഖം എങ്ങനെ ഉണ്ടെന്നാ ചോദിക്കുന്നേ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരെ കൊണ്ടും പറയിപ്പിക്കുന്നത് അവളല്ലേ.
അവരുടെ ഒക്കെ വീട്ടില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ വന്നാലേ അവര്‍ക്ക് വേദന
മനസ്സിലാകൂ. ദൈവമേ ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത്. അവളെ
ഉപദേശിക്കാന്‍ ചെന്നാല്‍ കുറെ സംസ്‌കൃത ശ്ലോകം പറഞ്ഞ്  നമ്മളെ
പഠിപ്പിക്കാന്‍ വരും. ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞാല്‍ നമുക്ക്
ബുദ്ധിയില്ല എന്ന് പറയും. പിന്നേ ഇതല്ലേ ബുദ്ധി, ഓരോ ഭ്രാന്തുകള്‍
അല്ലാതെന്താ...

ബുദ്ധിയുണ്ട്,കഴിവുണ്ട്, പക്ഷേ വയ്യാത്തതല്ലേ...


ഏത് ജോലി കൊടുത്താലും അവള്‍ വൃത്തിയായും വെടിപ്പായും ചെയ്യാറുണ്ട്.
പിന്നെ വയ്യാത്തത് കൊണ്ട് ഭാരിച്ച ജോലികളൊന്നും ഏല്‍പ്പിക്കാറില്ല. കുറെ
ഐഡിയാസ് ഒക്കെ പറയാറുണ്ട്, ഞങ്ങള്‍ ശ്രദ്ധിക്കില്ല.ഓരോ ഭ്രാന്തുകള്‍
അല്ലാതെന്താ.....

മഴയായി,ചിലപ്പോള്‍ വെയിലായി...


ഞാന്‍ അവളെ പരിചയപ്പെട്ടിട്ട് ഇന്ന് 467 ദിവസമായി.എനിക്ക് ഉറപ്പിച്ച്
പറയാന്‍ കഴിയും ഞാന്‍ അവളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ എന്ന്. പക്ഷേ
അവളെന്താണ് ഇങ്ങനെ ചിലപ്പോള്‍ എന്നോട് സ്‌നേഹമില്ലാത്തത് പോലെ,ചിലപ്പോള്‍ഒട്ടും വിശ്വാസമില്ലാത്തത് പോലെ, എനിക്കും  ഭ്രാന്തായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. എങ്കില്‍ അവളെ പോലെ എനിക്കും പെരുമാറാമായിരുന്നല്ലോ. ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം എന്ന് വെച്ച് അവളെ പരിചയമില്ലാത്ത എന്റെ ആളുകള്‍ അവളെ മനസ്സിലാക്കണമെന്നുണ്ടോ... ഞാന്‍ എടുക്കുന്ന റിസ്‌ക്ക് എത്ര വലുതാണെന്ന് അവള്‍ അറിയുന്നുണ്ടോ.'റിസ്‌ക്ക്' എന്ന വാക്ക് ഉപയോഗിച്ചത് അവള്‍ അറിയണ്ട പിന്നെ അത് മതി പ്രശ്‌നമുണ്ടാക്കാന്‍...

എന്റെ വിശ്വാസപ്രമാണങ്ങള്‍,എന്റെ മാത്രം...


ഭ്രാന്തിനെ നിങ്ങളൊക്കെ ഇത്ര പേടിക്കുന്നത് എന്താണ്? ഇത് പോലെ മനോഹരമായ ഒരു അവസ്ഥ ഈ ഭൂമിയില്‍ ഇല്ലെന്ന് ഞാന്‍ ആണയിട്ട് പറയും. മറ്റുള്ളവരെ പോലെ ചിന്തിക്കാതിരിക്കാന്‍ ഞാന്‍ ചെയ്ത പ്രയത്‌നങ്ങളെ നിങ്ങള്‍ ഭ്രാന്ത് എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി നിര്‍ത്തി പരിഹസിച്ചപ്പോഴാണ് ഞാന്‍ ആ അസുഖത്തെ സ്‌നേഹിച്ചത്. പിന്നെ എന്റെ നേട്ടങ്ങള്‍,സ്വപ്‌നങ്ങള്‍,പ്
രവര്‍ത്തികള്‍ ഇതിനെയൊക്കെ ഇന്റലിജന്റ് ക്രിയേറ്റീവ് എന്നൊന്നും പറയാതെ നിങ്ങള്‍ എന്തിനാണ് അബ്‌നോര്‍മല്‍ എന്ന ലേബല്‍ നല്‍കിയത്.
ഞാനും നിങ്ങളെ പോലെ ഒക്കെ തന്നെയാണ്. നിങ്ങള്‍ക്കും ഓരോ ഭ്രാന്തുകള്‍
ഇല്ലേ;ദൈവത്തോട്, പണത്തോട്,ഭക്ഷണത്തോട്,സുഖങ്ങളോട്....
നിങ്ങള്‍ അതിനെ ഒക്കെ ഭക്തി,പ്രണയം,ആസക്തി,ലഹരി എന്നൊക്കെ പേരിട്ട് ഭ്രാന്തിന്റെ ക്ലാസിഫിക്കേഷന്‍ വരാതെ പെടാപ്പാട് പെടുകയല്ലേ...
ആരുടെ മുഖത്ത് നോക്കിയും
സത്യം വിളിച്ച് പറയാനുള്ള ധൈര്യം എനിക്ക് തന്നത് ഈ രോഗമാണ്.
ഞാനെന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകില്ല.അത് കൊണ്ടല്ലേ
നിങ്ങള്‍ ഇപ്പോഴും നാറാണത്ത് തമ്പുരാനെ ഭ്രാന്തനെന്ന് വിളിക്കുന്നത്.

പറയാന്‍ ബാക്കിവെച്ചത് അല്ലെങ്കില്‍ പറയാതെ പറഞ്ഞത്....

പ്രിയപ്പെട്ട ഡോക്ടര്‍ ഞാന്‍ നന്നായി നന്നായി എന്ന് ആയിരം വട്ടം
പറഞ്ഞിട്ടും എന്ത് കൊണ്ടാണ് മരുന്ന് നിര്‍ത്താത്തത്.ഇത്
കഴിക്കുമ്പോഴെല്ലാം രോഗി എന്ന തോന്നല്‍ എന്റെ മനസ്സില്‍ വേരൂന്നി
കൊണ്ടിരിക്കുകയല്ലേ....
അമ്മയോട് ഞാന്‍ എന്ത് പറയാന്‍, ചില ജന്മങ്ങള്‍
ഇങ്ങനെയാണ് സഹിച്ചല്ലേ പറ്റൂ...
എന്റെ മേലധികാരികള്‍ക്ക്,നിങ്ങള്‍ എന്റെ
പകുതി കഴിവ് പോലും ഇല്ലാത്തവര്‍ക്ക് അവസരം നല്‍കി വളര്‍ത്തുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിക്കുകയാണ്.എനിക്ക് ഊഹിക്കാനാകും നിങ്ങള്‍ക്ക്
എന്നെവെച്ച് പരീക്ഷണം നടത്താന്‍ പേടിയാണെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ട്,
ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് വളരെ വൈകിയാണ്. നിങ്ങള്‍ക്കുണ്ടാകുന്ന അത്തരം തിരിച്ചറിവുകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. 
പിന്നെ എന്റെ പ്രിയപ്പെട്ടവനെ നീയാണ് എന്നെ ഈ ലോകത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തി. പക്ഷേ എന്ത് ചെയ്യാം നിനക്കെന്റെ രോഗത്തെ ഇത് വരെ മനസ്സിലായില്ലല്ലോ...
സാരമില്ല,അത് കൊണ്ടാണല്ലോ അതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നത്...

18 comments:

Lipi Ranju said...

>>നിങ്ങള്‍ക്കും ഓരോ ഭ്രാന്തുകള്‍ ഇല്ലേ; ദൈവത്തോട്, പണത്തോട്, ഭക്ഷണത്തോട്, സുഖങ്ങളോട്... നിങ്ങള്‍ അതിനെ ഒക്കെ ഭക്തി, പ്രണയം, ആസക്തി, ലഹരി എന്നൊക്കെ പേരിട്ട് ഭ്രാന്തിന്റെ ക്ലാസിഫിക്കേഷന്‍ വരാതെ പെടാപ്പാട് പെടുകയല്ലേ...<< സത്യം !!! അസ്സലായിട്ടുണ്ട് അഞ്ജൂ...

Echmukutty said...

എന്റെ വിശ്വാസപ്രമാണങ്ങൾ എന്റെ മാത്രം എന്നെഴുതിയതിലുള്ളതെല്ലാം സത്യം...വെറും സത്യം....
ആ വാചകങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്....

mini//മിനി said...

അഞ്ജു,, എനിക്കും ഭ്രാന്തുണ്ട്,,, ശരിക്കും,, ഒന്ന് വിശ്വസിക്കൂ

Manoraj said...

അഞ്ജു, കഥയുടെ വ്യത്യസ്തമായ രീതി അതി മനോഹരമായി. ഒരു ജീവിതത്തെ ചുരുക്കം വാക്കുകളില്‍ മനോഹരമാക്കി. മനോഹരമാക്കി എന്ന് ഞാന്‍ പറയുമ്പോള്‍ ആ മുഖത്ത് വിരിയുന്ന പരിഹാസം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നും കഥയിലായാല്‍ പോലും അന്യന്റെ വിഷമതകളെ മനോഹരമെന്ന വാക്കിനപ്പുറം വിശേഷിപ്പിക്കുവാന്‍ നമുക്കറിയില്ലല്ലോ. അറ്റ് ലീസ്റ്റ് എനിക്കെങ്കിലും അറിയില്ലല്ലോ..

അന്ന്യൻ said...

ചില മനുഷ്യര്‍ ഇങ്ങനെയാണ്,അല്ലേ?!

കുഞ്ഞൂസ് (Kunjuss) said...

ഭ്രാന്തുകള്‍ അല്ലേ നമ്മെ മനുഷ്യനാക്കുന്നത് അഞ്ജു ...?

കുഞ്ഞൂസ് (Kunjuss) said...

ഭ്രാന്തുകള്‍ അല്ലേ നമ്മെ മനുഷ്യനാക്കുന്നത് അഞ്ജു ...?

jayanEvoor said...

നന്നായെഴുതി അഞ്ജു.
അഭിനന്ദനങ്ങൾ!

(ഒ.ടോ.
പിന്നെ, അമ്മയെയും കണ്ടില്ല, പുത്രിയേയും കണ്ടില്ല!)

ചന്തു നായർ said...

ചിന്തിക്കുന്നവർക്കെല്ലാം ഉള്ള ഒരു അവസ്ഥയാണു ഭ്രാന്ത്...അങ്ങനെയൊന്നില്ലാൻ ്രയുന്നവർക്കാണു സത്യത്തിൽ ഭ്രാന്ത്.....വളരെ ചിന്താപരമായ ഒരു കാര്യമാണു അഞ്ജു ഇവിടെ എഴുതിയിരിക്കുന്നത്....മിനി ടീച്ചർ പറാഞ്ഞത് പോലെ..അഞ്ജു,, എനിക്കും ഭ്രാന്തുണ്ട്,,, ശരിക്കും,, ഒന്ന് വിശ്വസിക്കൂ.....

മനോജ് കെ.ഭാസ്കര്‍ said...

എല്ലാ മനുഷ്യര്‍ക്കും ഓരോരോ രീതിയിലെ ഭ്രാന്തുകള്‍... അല്ലേപ്പിന്നെന്തോന്ന് മനുഷ്യന്‍.
വ്യത്യസ്തമായ ഒരു വിഷയം അസ്സലായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.....

അനില്‍ഫില്‍ (തോമാ) said...

അന്‍‌ജു ശരിക്കും സൈക്യാട്രിസ്റ്റാണോ? എങ്കില്‍ ഒരു അപ്പോയ്മെന്റ് ബുക്ക് ചെയ്തോട്ടേ? മറ്റാരുമല്ല പേഷ്യന്റ് ഞാന്‍ തന്നെ.

Satheesan OP said...

അവതരണം വളരെ ഇഷ്ടായി ...ആശംസകള്‍ ..

khaadu.. said...

സത്യം പറഞ്ഞാല്‍ എല്ലാര്ക്കും ഭ്രാന്ത്‌ തന്നെയല്ലേ... നമ്മള്‍ ചെയ്യുന്നതെല്ലാം ഭ്രാന്ത്‌ അല്ലെ..
എനിക്കും ഇടക്കൊക്കെ...ചിന്തകള്‍ കയ്‌ വിട്ടു പോകാറുണ്ട്.. കൂടാതെ നോക്കണം എന്നാണ് ആഗ്രഹം.. പ്രാര്‍ത്ഥന..

കഥയുടെ വ്യത്യസ്തത.. വിഷയത്തിന്റെ പ്രാടാന്യം.. അതില്‍ പറഞ്ഞ സത്യങ്ങള്‍... നന്നായിട്ടുണ്ട് എല്ലാം..

അഭിനന്ദനങ്ങള്‍..

Cv Thankappan said...

ചിന്തനീയമായ രചന!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Nilesh Pillai said...

നമ്മില്‍ നിന്നും വ്യത്യസ്തരായവര്ക്കെല്ലാം ഭ്രാന്തുണ്ട് എന്ന് നമ്മള്‍ പറയുന്നു , സത്യത്തില്‍ ആര്ക്കാണ് പ്രശ്നം .....ആ ആര്ക്കറിയാം ...ഏതായാലും എഴുത്ത് മനോഹരം ആയി

Jefu Jailaf said...

എന്തൂട്ടാ ഈ എഴുതി വെച്ചിരിക്കുന്നെ.. ( ഭ്രാന്തന് എന്തും പറയാം). നന്നായിരിക്കുന്നു..

Nanditha said...

ഞാന്‍ ഞാനയിരിക്കുന്നതും ഒരു ഭ്രാന്തിയായിരിക്കുന്നതും തമ്മിലുള്ള നൂല്പ്പലത്തില്‍ കൂടി ആണ് ഞാന്‍ എപ്പോളും സഞ്ചരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.. ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്നെ തന്നെ കണ്ട പോലെ ഒരു തോന്നല്‍.... ........ ഭ്രാന്തുള്ള ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഭ്രാന്തുണ്ടാകാം !!!

SREEJITH SEO said...

thank you for your valuable content.I expect more useful posts from you.
best software deveolpment company in kerala
leading IT company in trivandrum

THANKS FOR SHARING