Sunday, November 28, 2010

അമ്മയുടെ മരണാഭിലാഷം


നവാബ് രാജേന്ദ്രന്‍ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നു എന്ന വാര്‍ത്ത കണ്ടതിനു ശേഷം എന്റെ അമ്മയ്ക്കും ഒരു മോഹം തോന്നി. സ്വന്തം ശരീരം മെഡിക്കല്‍ കോളേജിലെ ഭാവി ഡോക്ടര്‍മാര്‍ക്ക് കീറി പഠിക്കാന്‍ കൊടുക്കണം.


52ാം വയസ്‌സിലും ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവയുടെ പരാധീനതകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നാം ക്‌ളാസില്‍ പഠിക്കുന്ന കുരുന്നുകള്‍ക്കു പോലും ആ ശരീരം കീറാം എന്ന വ്യാമോഹം വേണ്ട. (എന്നാലും എന്തോ മാരകമായ രോഗമുണ്ടെന്ന വിശ്വാസം അമ്മയ്ക്കുണ്ട്).


സന്തതിപരമ്പരയില്‍ ഒറ്റ പെണ്‍തരി മാത്രമേ ഉള്ളതു കൊണ്ടും ആ പെണ്‍തരിക്ക് ജനിക്കുന്നത് ഇരട്ട പെണ്‍കുട്ടികളായിരിക്കുമെന്ന് ഒരു കാക്കാത്തി കൈ നോക്കി പറഞ്ഞിട്ടുള്ളതു കൊണ്ടും ചിത, കൊള്ളി, കുടം എന്നീ ആചാരങ്ങള്‍ നടക്കില്ല എന്നമ്മയ്ക്ക് ഉറപ്പുണ്ട്. പിന്നെ ആ പെണ്‍തരിയും ഇത്തരം ആചാരങ്ങള്‍ക്ക് എതിരാണ് (അത് പിശുക്ക് കൊണ്ടാണെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ട്, ചെവി കൊടുക്കണ്ട!)


രണ്ടാണും രണ്ടു പെണ്ണും, അങ്ങനെ നാലു മക്കള്‍ സ്വന്തമായുള്ള അമ്മയുടെ അച്ഛനും അമ്മയ്ക്കും പോലും മരണാനന്തര ചടങ്ങുകള്‍ ഉണ്ടായിട്ടില്ല. അമ്മയുടെ അച്ഛന്റെ (ആള്‍ തിരുവിതാംകൂര്‍ ദൈവങ്ങളുടെ സ്വന്തം എഞ്ചിനീയറാണ്) ഏറ്റവും വലിയ ആഗ്രഹം മരിച്ച ശേഷം ശരീരം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നതായിരുന്നു. അതു പോലെ മരണാനന്തര ചടങ്ങുകള്‍ ഒന്നും നടത്തരുതെന്ന് എഴുതി വച്ചിരുന്നു. ഇതില്‍ നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അമ്മ ഒരു പടി കടന്നു ചിന്തിച്ചത്.


അമ്മയുടെ ഈ ചിന്തയുടെ സ്വാധീനവലയത്തില്‍പ്പെട്ട് എന്റെ ഡിഗ്രിക്കാരി ശിഷ്യ ശ്രീക്കുട്ടി പോലും മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് നല്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. എന്തു കൊണ്ടോ എനിക്കു മാത്രം ഇതു വരെ ആ മോഹം ഉദിച്ചില്ല.


അങ്ങനെയിരിക്കെ ഞാനും അമ്മയും കൂടി ശാന്തികവാടത്തിന്റെ മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു (ശാന്തികവാടമെന്നാല്‍ തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മനോഹരമായ പേരാണ്).


അവിടേക്ക് വിരല്‍ ചൂണ്ടി ഞാന്‍ അമ്മയോട് പറഞ്ഞു.


'നോക്കമ്മാ, അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. വേണമെങ്കില്‍ പോയി കാണാം. എന്തായാലും അമ്മ അവിടെയാവിലല്ലോ പോകുന്നോ, മെഡിക്കല്‍ കോളേജിലെ അനാറ്റമി ലാബിലേക്കല്ലേ?'


ഓട്ടോറിക്ഷ ഡ്രൈവര്‍ സംശയത്തോടെ തിരിഞ്ഞു നോക്കി ചോദിച്ചു.


'എന്താ, ചേച്ചീ സത്യാണോ?'


ഞാന്‍ പറഞ്ഞു


'അമ്മ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാനായി എഴുതി വച്ചിരിക്കികയാണ്.'


ഓട്ടോറിക്ഷ ഡ്രൈവര്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് അമ്മയെ തിരിഞ്ഞു നോക്കി വികാരനിര്‍ഭരമായി ഇരുകൈകളും കൂപ്പി പറഞ്ഞു.


'ചേച്ചിക്ക് വല്യ മനസ്‌സാ, ഇപ്പോള്‍ ആര്‍ക്കും ഇങ്ങനെ വല്യമനസ്‌സുണ്ടാകില്ല.'


ഞാനാണ് അതിന് മറുപടി കൊടുത്തത്.


'ഇങ്ങനെ പോയാല്‍ ഞാന്‍ ശാന്തികവാടത്തിലെത്തും, നേരെ നോക്കി ഓടിക്ക് മാഷേ!'

19 comments:

അന്ന്യൻ said...

ഇരട്ടക്കുട്ടികളുടെ അമ്മയും കോള്ളാം,
ഒറ്റക്കുട്ടിയുടെ അമ്മയും കൊള്ളാം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്ഥായാലും നന്നായി പറഞ്ഞിരിക്കുന്നു,...കേട്ടോ
പിന്നെ ആ നല്ല അമ്മയുടെ ആഗ്രഹം സഫലമാ‍ാക്ക്കി കൊള്ളണേ...

കുഞ്ഞൂസ് (Kunjuss) said...

അമ്മയുടേത് വലിയ മനസ്സ് തന്നെയാ കുട്ടീ... അവരുടെ ആഗ്രഹം നടത്തിക്കൊടുക്കേണ്ടതാണുട്ടോ...
വളരെ രസകരമായി അവതരിപ്പിച്ചുവല്ലോ,ആശംസകള്‍!

സുജിത് കയ്യൂര്‍ said...

Amma - ellaam ellaamaanu. Nalla avatharanam. Vaayanayku thadassam illa. Aashamsakal.

ആളവന്‍താന്‍ said...

അഞ്ചുവിന്റെ പതിവ് ശൈലിയില്‍ നിന്നും ഒരു ട്രാക്ക്‌ ചേഞ്ച് ആണ് എനിക്ക് ഫീലിയത്. നല്ല രീതിയില്‍ അത് എക്സിക്യൂട്ട് ചെയ്യുവേം ചെയ്തു. ആശംസാസ്!!!

mayflowers said...

കാഴ്ച്ചയിലല്ല, ചിന്താഗതികളിലാണ് മോഡേണ്‍ ആവേണ്ടതെന്ന് ആ വലിയ മനസ്സുള്ള അമ്മ നമുക്ക് പറഞ്ഞു തന്നു.
അഭിനന്ദനങ്ങള്‍..

ശ്രീ said...

അവതരണം നന്നായി

പട്ടേപ്പാടം റാംജി said...

നല്ല ചിന്തകളും നല്ല അവതരണവും കൊണ്ട് സമ്പുഷ്ടം.

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഉള്ളു കീറി മുറിക്കുന്ന എഴുത്തി
നിടെ നര്‍മ്മത്തില്‍ ചാലിച്ച
എഴുത്ത്(സറ്റയര്‍ തന്നെ) അസ്സലായി.

രമേശ്‌അരൂര്‍ said...

കൊള്ളാം അഞ്ജു...നന്നായി എഴുതി ..

ഷിമി said...

ആ വലിയ മനസ്സുളള അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍

Echmukutty said...

നന്നായി എഴുതി.
അഭിനന്ദനങ്ങൾ.

Abdulkader kodungallur said...

നാട്ടുവഴിയിലൂടെ നടന്ന് ലതാന്തം തലോടി ആശാമോന്‍ കൊടുങ്ങല്ലൂര്‍ തെളിച്ച വഴിയിലൂടെയാണ് ഞാന്‍ ഇവിടെയെത്തിയത് . കനല്‍ കണ്ടപ്പോള്‍ ഭയന്നെങ്കിലും താഴെ അക്ഷര കുസുമങ്ങള്‍ കൊണ്ട് സരസ്വതീ ദേവിയ്ക്ക് അര്‍ച്ചന നടത്തുന്നതുകണ്ടപ്പോള്‍ ആശ്വാസമായി .അഭിമാനം തോന്നി . കിട്ടിയ പുതിയ അറിവുകളുമായി, ഭാഷയുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് ആത്മ സംതൃപ്തിയോടെ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് തിരിച്ചുപോകുന്നു ഇനിയും വരാമെന്ന ചിന്തയോടെ . ഇടയില്‍ ആരോ പറഞ്ഞു ചാമ്പല്‍ കണ്ടിട്ടുപോകാമെന്ന്. വന്നു ചാമ്പലിലും ജ്വലിക്കുന്ന തീനാളങ്ങള്‍ . ചാമ്പല്‍ മൂടിക്കിടക്കുന്ന കനല്‍ക്കട്ടകള്‍ക്ക് പച്ചയായ ജീവിതത്തിന്റെ പൊള്ളുന്ന ചൂട് . ആലങ്കാരികതകളും, അതിഭാവുകത്വങ്ങളുമില്ലാത്ത എഴുത്തില്‍ വിരിഞ്ഞ ആത്മാര്‍ത്ഥതയുടെ സൂനങ്ങള്‍ക്ക് സര്‍ഗ്ഗാത്മകതയുടെ സുഗന്ധം.

ചെറുവാടി said...

നല്ല രസകരമായ അവതരണം.
ഒരമ്മയുടെ മനസ്സ്, മകളുടെ കാഴ്ചപ്പാട് എല്ലാം വിവരിച്ചത് നന്നായി.
നര്‍മ്മത്തിലൂടെയുള്ള അവസാനവും.

കിരണ്‍ said...

നല്ല രസമുണ്ടായിരുന്നു..

faisu madeena said...

nalla amma ...autokarante vaakkukal thalkkalathekku kadamedukkatte ; 'ചേച്ചിക്ക് വല്യ മനസ്‌സാ, ഇപ്പോള്‍ ആര്‍ക്കും ഇങ്ങനെ വല്യമനസ്‌സുണ്ടാകില്ല.'

ഹാപ്പി ബാച്ചിലേഴ്സ് said...

ചിരിക്കാല്ലോ അല്ലേ?
ഹഹ. നിര്‍ത്തി. നല്ല ആഗ്രഹം. നല്ല അനുഭവം.

ഹഹ ഹഹ.. വീണ്ടും ചിരിച്ചു പോയി, എന്താന്നറിയോ
എല്ലാവരും ഈ അമ്മയെ പോലെ ഇങ്ങനെ donate ചെയ്തു തുടങ്ങിയാലുള്ള അവസ്ഥ ആലോചിച്ചു പോയി.
ഇപ്പോഴേ മോര്‍ച്ചറി ആയ മെഡിക്കല്‍ കോളേജ് ശരിക്കും മോര്‍ച്ചറി ആയി മാറും. ഹഹ.

അങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കില്‍ അത്രയും സ്ട്രോങ്ങ്‌ ആയ ഒരു വില്‍പവര്‍ വേണം.
അമ്മയെ നമിക്കുന്നു.

Anonymous said...

അഭിനന്ദനങ്ങള്‍..

sudhi puthenvelikara

ajith said...

നര്‍മവും കാര്യവുമായി ഒരു വിവരണം. അമ്മയ്ക്കെന്റെ വോട്ട്.
ഞാനും ഇങ്ങിനെയൊരു തീരുമാനമെടുത്തിട്ടുണ്ട്.
ശവം കിട്ടാനില്ലാതെ ബ്ലായ്ക്കിലൊക്കെ വാങ്ങുന്ന കാലമല്ലേ?