
നവാബ് രാജേന്ദ്രന് മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നു എന്ന വാര്‍ത്ത കണ്ടതിനു ശേഷം എന്റെ അമ്മയ്ക്കും ഒരു മോഹം തോന്നി. സ്വന്തം ശരീരം മെഡിക്കല്‍ കോളേജിലെ ഭാവി ഡോക്ടര്‍മാര്‍ക്ക് കീറി പഠിക്കാന്‍ കൊടുക്കണം.
52ാം വയസ്സിലും ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവയുടെ പരാധീനതകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നാം ക്ളാസില്‍ പഠിക്കുന്ന കുരുന്നുകള്‍ക്കു പോലും ആ ശരീരം കീറാം എന്ന വ്യാമോഹം വേണ്ട. (എന്നാലും എന്തോ മാരകമായ രോഗമുണ്ടെന്ന വിശ്വാസം അമ്മയ്ക്കുണ്ട്).
സന്തതിപരമ്പരയില്‍ ഒറ്റ പെണ്തരി മാത്രമേ ഉള്ളതു കൊണ്ടും ആ പെണ്‍തരിക്ക് ജനിക്കുന്നത് ഇരട്ട പെണ്‍കുട്ടികളായിരിക്കുമെന്ന് ഒരു കാക്കാത്തി കൈ നോക്കി പറഞ്ഞിട്ടുള്ളതു കൊണ്ടും ചിത, കൊള്ളി, കുടം എന്നീ ആചാരങ്ങള്‍ നടക്കില്ല എന്നമ്മയ്ക്ക് ഉറപ്പുണ്ട്. പിന്നെ ആ പെണ്തരിയും ഇത്തരം ആചാരങ്ങള്‍ക്ക് എതിരാണ് (അത് പിശുക്ക് കൊണ്ടാണെന്ന് പാണന്മാര് പാടി നടക്കുന്നുണ്ട്, ചെവി കൊടുക്കണ്ട!)
രണ്ടാണും രണ്ടു പെണ്ണും, അങ്ങനെ നാലു മക്കള്‍ സ്വന്തമായുള്ള അമ്മയുടെ അച്ഛനും അമ്മയ്ക്കും പോലും മരണാനന്തര ചടങ്ങുകള്‍ ഉണ്ടായിട്ടില്ല. അമ്മയുടെ അച്ഛന്റെ (ആള് തിരുവിതാംകൂര്‍ ദൈവങ്ങളുടെ സ്വന്തം എഞ്ചിനീയറാണ്) ഏറ്റവും വലിയ ആഗ്രഹം മരിച്ച ശേഷം ശരീരം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നതായിരുന്നു. അതു പോലെ മരണാനന്തര ചടങ്ങുകള്‍ ഒന്നും നടത്തരുതെന്ന് എഴുതി വച്ചിരുന്നു. ഇതില്‍ നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അമ്മ ഒരു പടി കടന്നു ചിന്തിച്ചത്.
അമ്മയുടെ ഈ ചിന്തയുടെ സ്വാധീനവലയത്തില്‍പ്പെട്ട് എന്റെ ഡിഗ്രിക്കാരി ശിഷ്യ ശ്രീക്കുട്ടി പോലും മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് നല്‍കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. എന്തു കൊണ്ടോ എനിക്കു മാത്രം ഇതു വരെ ആ മോഹം ഉദിച്ചില്ല.
അങ്ങനെയിരിക്കെ ഞാനും അമ്മയും കൂടി ശാന്തികവാടത്തിന്റെ മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു (ശാന്തികവാടമെന്നാല്‍ തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മനോഹരമായ പേരാണ്).
അവിടേക്ക് വിരല്‍ ചൂണ്ടി ഞാന്‍ അമ്മയോട് പറഞ്ഞു.
'നോക്കമ്മാ, അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. വേണമെങ്കില്‍ പോയി കാണാം. എന്തായാലും അമ്മ അവിടെയാവിലല്ലോ പോകുന്നോ, മെഡിക്കല്‍ കോളേജിലെ അനാറ്റമി ലാബിലേക്കല്ലേ?'
ഓട്ടോറിക്ഷ ഡ്രൈവര്‍ സംശയത്തോടെ തിരിഞ്ഞു നോക്കി ചോദിച്ചു.
'എന്താ, ചേച്ചീ സത്യാണോ?'
ഞാന്‍ പറഞ്ഞു
'അമ്മ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാനായി എഴുതി വച്ചിരിക്കികയാണ്.'
ഓട്ടോറിക്ഷ ഡ്രൈവര്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് അമ്മയെ തിരിഞ്ഞു നോക്കി വികാരനിര്‍ഭരമായി ഇരുകൈകളും കൂപ്പി പറഞ്ഞു.
'ചേച്ചിക്ക് വല്യ മനസ്സാ, ഇപ്പോള്‍ ആര്‍ക്കും ഇങ്ങനെ വല്യമനസ്സുണ്ടാകില്ല.'
ഞാനാണ് അതിന് മറുപടി കൊടുത്തത്.
'ഇങ്ങനെ പോയാല്‍ ഞാന്‍ ശാന്തികവാടത്തിലെത്തും, നേരെ നോക്കി ഓടിക്ക് മാഷേ!'