Monday, March 29, 2010

വിദ്യാലക്ഷ്മിയുടെ ആവലാതികള്‍


ഞാറാഴ്ച സൂര്യന്റെ കിരണങ്ങള്‍ ജനലിലൂടെ അരിച്ചിരങ്ങുന്നത്‌ നോക്കി കൊണ്ട് വിദ്യാലക്ഷ്മി കട്ടിലില്‍ കിടന്നു. സമയം ഒന്പത് കഴിഞ്ഞിട്ടും അവള്‍ക്കു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. വെറുതെ എഴുന്നേറ്റാല്‍ പോരെല്ലോ എന്തെല്ലാം പണി കിടക്കുന്നു.

പുറത്തു കതകു തുറക്കുന്ന ശബ്ദം വിദ്യാലക്ഷ്മി കേട്ടു. പുറത്തു നടക്കാന്‍ പോയ ഭര്‍ത്താവു തിരികെ വന്നതാവാം എന്നവള്‍ ഓര്‍ത്തു. എന്നിട്ടുമവള്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റില്ല.

മുറിയിലേക്ക് കടന്നു വന്ന അനൂപ്‌ അവളെ വാതില്‍ കുറ്റി ഇടാത്തതിന് ശാസിച്ചു . അവള്‍ മറുപടി പറയാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക്‌ നടന്നു.

അടുക്കളയില്‍ ദോശ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ നീല ഷര്‍ട്ട്‌ കഴുകി ഇടണേ എന്ന അനൂപിന്റെ വാക്കുകള്‍ വിദ്യാലക്ഷ്മി കേട്ടത്. സ്വന്തം കാര്യം നോക്കാന്‍ മകനെ ശീലിപ്പിക്കാത്ത അമ്മായിഅമ്മയോട് അവള്‍ക്കു അരിശം തോന്നി.

വിദ്യാലക്ഷ്മിയുടെ അരിശം എരിവിന്റെ രൂപത്തില്‍ ചട്നിയില്‍ കൂടി. വിശപ്പുണ്ടായിരുന്നിട്ടും പകുതി ദോശ കഴിച്ചപ്പോഴേക്കും അവള്‍ക്കു മതിയായി.

ആഹാരമൊക്കെ കാപ്സൂള്‍ രൂപത്തില്‍ വേണ്ടിയിരുന്നു എന്നവള്‍ക്ക് തോന്നി. എന്നാല്‍ കഴിക്കാന്‍ എത്ര എളുപ്പമായിരുന്നു. അടുക്കള പണി തീര്‍ക്കാന്‍ അവള്‍ പതിവിലും അധികം സമയമെടുത്തു.

കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ അവള്‍ക്കു വല്ലാത്ത മടി തോന്നി. ഓര്‍ക്കുട്ടിലെ തന്റെ പഴയ ഫോട്ടോ കണ്ടപ്പോള്‍ ഒന്നാമതായി പരീക്ഷ പാസായ, നൃത്തം ചെയ്യാന്‍ അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിദ്യാലക്ഷ്മിക്ക് ഓര്‍മ വന്നു.

ചുവരില്‍ തൂക്കിയിരിക്കുന്ന ഫോട്ടോയില്‍ അനൂപിന്റെ അടുത്ത് നില്‍ക്കുന്ന തന്റെ രൂപവുമായി ആ പെണ്ക്കുട്ടിക്കു സാമ്യമില്ല എന്ന് അവള്‍ ഓര്‍ത്തു.

കൈതപൂവുള്ള ആമാടപെട്ടിയില്‍, സിന്ദൂരചെപ്പിന്റെ ഉള്ളിലാണ് വിദ്യാലക്ഷ്മി തന്റെ ആദ്യ പ്രണയം സൂക്ഷിച്ചത്. അത് കൊണ്ട് തന്നെ ആ പ്രണയത്തിനു കൈതപൂവിന്റെ മണവും സിന്ദൂരത്തിന്റെ നിറവും ആയിരുന്നു.

ഇടക്കെപ്പോഴോ ആ പ്രണയം വഴിത്താരകളില്‍ നഷ്ട്ടപ്പെട്ടപ്പോള്‍ വിദ്യാലക്ഷ്മിക്ക് നഷ്ട്ടപെട്ടത് മനസിന്റെ താളമായിരുന്നു. ഡോക്ടര്‍മാര്‍ അതിനെ ബൈപോളാര്‍ രോഗമെന്ന് പേരിട്ടു നിസ്സാരമാക്കി എന്ന് അവള്‍ക്കു പലപ്പോഴും പരിഭവം തോന്നിയിരുന്നു. അച്ഛന്റെയും അമ്മയുടെയും ദുഃഖം വിദ്യാലക്ഷ്മിയെ അനൂപിന്റെ ഭാര്യയാക്കി.

രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ ആക്സിന്റെ ബോഡി സ്പ്രയുടേയും മാന്‍ഷന്‍ ഹൌസിന്റെയും ഗന്ധമുള്ള അനൂപിന്റെ ശരീരം വിദ്യാലക്ഷ്മിയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ആ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴൊക്കെ ചെടികളില്‍ പരാഗണം നടക്കും പോലെ മനുഷ്യരില്‍ ഗര്‍ഭധാരണം നടന്നെങ്ങില്‍ എന്നവള്‍ ആശിക്കാറുണ്ട്.

ഒരു ദിവസം കൂടി ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു വീണപ്പോള്‍ നാളെ നേരം പുലരാതിരുന്നെങ്ങില്‍ എന്ന് പതിവ് പോലെ വിദ്യാലക്ഷ്മി ആശിച്ചു പോയി.




3 comments:

sanil said...

വെറുതെ എഴുന്നേറ്റാല്‍ പോരെല്ലോ എന്തെല്ലാം പണി കിടക്കുന്നു.
അതെ അതെ എന്തെല്ലാം പണി കിടക്കുന്നു !!!!!

Minesh Ramanunni said...

വരികല്‍ക്കിടയിലൂറെ വായിക്കേണ്ടി വന്നു ! അതുകൊണ്ട് തന്നെ വായന പതിവുപോലെ ഒരു സുഖകരമായ അനുഭൂതിയയില്ല.
പകരം മറ്റൊരു നൊമ്പരം കൂടി ഹൃദയത്തിലേക്ക് ...

അന്ന്യൻ said...

അവൾക്കെന്താ ജീവിതത്തോട് ഇത്ര വെറുപ്പ്?