ബാല്യത്തില്‍ അക്ഷരലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ അപ്പൂപ്പന്.......
സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ ഉണ്ണ്യേട്ടന്........
പണ്ട് മുതലേ എനിക്ക് ഗുളികകള്‍ ഇഷ്ടമല്ലായിരുന്നു. എനിക്ക് അസുഖം വരുമ്പോള്‍ അപ്പൂപ്പന് ഗുളിക ദോശക്കകത്ത് വച്ച് ഒളിച്ചു തരുമായിരുന്നു. പക്ഷെ എന്റെ ബാല്യത്തെ തോല്‍പ്പിക്കാന്‍ ഗുളികകള്‍ക്കു ഒരിക്കലും കഴിഞ്ഞിട്ടില്ല. ഗുളികകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ എനിക്കന്നേ കഴിഞ്ഞിരുന്നു. എന്നിട്ടും എനിക്ക് ഗുളികകള്‍ ശീലമാക്കേണ്ടി വന്നു. മഞ്ഞ നിറമുള്ള എന്റെ ഗുളികകളുമായി ഞാന്‍ പലപ്പോഴും പിണങ്ങി. അപ്പോഴെല്ലാം എന്റെ ശ്വാസം തടസ്സപ്പെടുത്തിയും ഓര്മ നഷ്ട്ടപ്പെടുത്തിയും അവരെന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഒരു ദിവസം ഞാനെന്നും കഴിക്കാന്‍ മടിച്ചിരുന്ന ഗുളികകള്‍ ഒരുമിച്ചു കഴിച്ചു ഞാന്‍ ഗുളികകളെ തോല്‍പ്പിച്ചു.
കാര്യവട്ടം ക്യാമ്പസിലെ കുളത്തില്‍ മുങ്ങി മരിച്ച ഹൈമവതിയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഹൈമവതി കുളം ഒന്ന് കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയത്. നമുക്കൊരിക്കല്‍ അവിടെ പോകണം എന്ന് ഓഫീസിലിരുന്നു ഞാന്‍ സ്ഥിരമായി പറഞ്ഞു തുടങ്ങി. ഈ നിമിഷം വരെ ആരും എന്റെ പ്രലോഭനത്തില്‍ അടിമപ്പെടാത്തത് കൊണ്ട് എനിക്ക് ആ കുളം കാണാന്‍ സാധിച്ചില്ല. അങ്ങനെ ഇരിക്കെയാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത് . എന്റെ ഒരു സഹപ്രവര്ത്തകന് രാത്രി കൃത്യം പന്ത്രണ്ടു മണിക്ക് ജോലി കഴിഞ്ഞു വാസസ്ഥലത്തേക്ക് യാത്രയാകും. ഹൈമവതി കുളം സ്ഥിതി ചെയ്യുന്ന കാടിനരികിലൂടെയാണ് സഹൃദയനായ എന്റെ സുഹൃത്ത് ടോം എന്നും പോകുന്നത്. ഹൈമാവതിയുമായി ടോം പ്രണയത്തിലാണെന്നും അവളെ കാണാന്‍ വേണ്ടിയാണ് കൃത്യ സമയത്ത് ഇറങ്ങുന്നതെന്നും ഞാന്‍ പ്രചരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരായത് കൊണ്ടാവാം മറ്റുള്ളവരും ഇത് ഏറ്റു പിടിച്ചു. പറ്റിയാല്‍ ഹൈമവതിയുമായി ഒരു ഇന്റര്‍വ്യൂ സംഘടിപ്പിക്കണമെന്നു ഞങ്ങള്‍ ടോമിനോട് പറഞ്ഞു. ഹൈമവതിയെ കുറിച്ച് ഞാന്‍ നിത്യവും പറയുന്നത് കേട്ട് എന്റെ സഹപ്രവര്‍ത്തക മൃദുല ഒരിക്കല്‍ പറഞ്ഞു, നീ ഹൈമവതിയെ കുറിച്ച് പറയുമ്പോള്‍ ഒരു തരം വൈബ്രേഷനനുഭവപ്പെടും.....അവളോട് തോന്നിയ സിമ്പതി നിനക്ക് എമ്പതിയായി മാറി ഒരു തരം തന്മയിഭാവം....(ഇതൊരു സിനിമ ഡയലോഗ് ആയി തോന്നാം , സംശയിക്കണ്ട ഇതൊരു സിനിമ ഡയലോഗ് തന്നെ ആണ്). നൈറ്റ് ഡ്യൂട്ടികഴിഞ്ഞ ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ മൃദുല വളരെ സീരിയസ് ആയി എന്നോട് ചോദിച്ചു അല്ലെടാ ശരിക്കും ഈ ഹൈമവതി വന്നാല്‍ നമ്മള് എന്ത് ചെയ്യും.....
ഞാനേറെ സ്വപ്നം കണ്ടത് വാകപൂക്കളെയാണ്.... ആശുപത്രികിടക്കയിലിരുന്നു ഞാന്‍ പക്ഷെ സ്വപ്നം കണ്ടത് ബോഗൈന്‍ വില്ല പൂക്കളെ യായിരുന്നു.......അത് എന്തിനായിരുന്നു എനിക്കിപ്പോഴും അറിയില്ല...... താഴ്ചയുടെ അഗാധത എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു......ഒരു ദിവസം കാണാത്ത ആ ലോകത്തേക്ക് ഒറ്റയ്ക്ക് നടന്നു പോകണമെന്ന് ഞാന്‍ ഒരുപാടു സ്വപ്നം കണ്ടിരുന്നു....
കൃഷ്ണതുളസി പൂക്കളാണ് എന്നെ കൃഷ്ണനോട് അടുപ്പിച്ചത്....... ഓര്‍മകളാണ് എന്നെ കരയാന്‍ പഠിപ്പിച്ചത്...... നിഴലുകളാണ് എന്നെ പേടിക്കാന്‍ പഠിപ്പിച്ചത്..... നക്ഷത്രങ്ങളാണ് എന്നെ കഥ എഴുതാന്‍ പഠിപ്പിച്ചത്..... ഇതിനൊക്കെ അപ്പുറം കണ്ണീരാണ് എന്നെ കാരുണ്യം എന്താണെന്നു പഠിപ്പിച്ചത്........
മനസ്സിന്റെ താഴ്വരയില് കനത്ത മൂടല്‍മഞ്ഞ്........ ഓര്‍മകളുടെ നനുത്ത സ്പര്‍ശനം.......... ചില നഷ്ടങ്ങള്‍.......ചില സ്വപ്നങ്ങള്‍...........മൂടി വച്ച വിലാപങ്ങള്‍........ അടക്കിയ തേങ്ങലുകള്‍.........പട്ടുപാവാടകള്‍...........വെള്ളികൊലുസ്......കണ്മഷി......... വളപ്പൊട്ടുകള്‍...........മയില്‍പ്പീലി..........ചുറ്റുവിളക്ക്...........മഞ്ചാടിക്കുരു......... പിന്നെ നിറയെ മുടിയുള്ള, വലിയ കണ്ണുള്ള ഒരു പെണ്ണും...........
ബാല്യത്തില്‍ അക്ഷരലോകതെക്ക് കൈ പിടിച്ചു ഉയര്‍ത്തിയ അപ്പൂപ്പന്....... മരണത്തെ കുറിച്ച് എഴുതുമ്പോള്‍ പിണങ്ങിയിരുന്ന അമ്മക്ക്...... മനസിന്റെ ജാലകപ്പടിമേല്‍ നെയ്ത്തിരി കത്തിച്ച ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്.......... മരണത്തിന്റെ ഈറന്‍ വയല്ലെറ്റ് പൂക്കളും , പുഴയുടെ കുത്തോഴുക്കുകളും സ്വപ്നം കണ്ടു നടന്നപ്പോള്‍ ജീവിതത്തെ കുറിച്ച് ഓര്‍മപ്പെടുത്തിയ രണ്ടു കൃഷ്ണന്മാര്‍ക്ക്.......(ഡോക്ടര്‍ കൃഷ്ണനും.....ഭഗവാന്കൃഷ്ണനും.....) ശാന്തമായി ഒഴുകാന്‍ പഠിപ്പിച്ച വൈഗക്ക്....... ഓരോ അക്ഷരത്തിനു പിന്നിലും കരുത്തായി നിന്ന സഹപ്രവര്‍ത്തകര്‍ക്ക്...... സതീര്ത്ധ്യര്ക്ക്..... ശുഭാപ്തിവിശ്വാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ജീവിതനുഭവങ്ങള്ക്ക്.......... വിരല്‍ തുമ്പില്‍ അക്ഷരങ്ങള്‍ തന്നനുഗ്രഹിച്ച വാഗ് ദേവതക്കു.......