Thursday, October 25, 2012

കുസുമേ കുസുമോല്‍പ്പത്തി

ഉഷ്ട്രയുടെ അര്‍ത്ഥം തിരക്കി വാഗ്‌ദേവതയുടെ അനുഗ്രവും പത്‌നിയുടെ ശാപവുമായി കാളിദാസന്‍ വിയര്‍ത്തു കുളിച്ചു നടന്നു. അറിവിന്റെ നെയ്ത്തിരി വെട്ടം ചൂണ്ടികാണിച്ചു തന്നവളെ പത്‌നിയായി കാണാന്‍ കഴിയില്ലെന്ന് തിരിച്ചറിവ് തനിക്ക് ഏത് ദേവതയാണ് നല്‍കിയതെന്ന് കാളിദാസന് അറിയില്ല. എങ്കിലും സ്ത്രീയുടെ കൈ കൊണ്ടാകും മരണമെന്ന പത്‌നിയുടെ ശാപത്തെ ഗുരുശാപമായി കണക്കിലെടുക്കാനാണ് അപ്പോള്‍ കാളിദാസന് തോന്നിയത്.
************************************************
എല്‍ഇഡി ലാംബുകളുടെ കനത്ത പ്രകാശത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ കാളിദാസന് പരിഭ്രമം തോന്നാതിരുന്നില്ല. അര്‍ദ്ധരാത്രിയുടെ ഇരുളിനപ്പുറം തുറന്ന മറ്റേതോ ലോകത്തേക്ക് കടക്കാന്‍ മടിച്ച് കാളിദാസന്‍ പകച്ചു നിന്നു. രാവിലെ കണ്ടിട്ടുള്ള വാര്‍ത്താലോകത്തിനപ്പുറം ഇരുളിന്റെ സ്‌നിഗ്ദ്ധതയുള്ള മനോഹരമായ ഒരു ലോകം ആ ന്യൂസ് ചാനലിലുണ്ടെന്ന് അന്നാണ് കാളിദാസന്‍ കണ്ടത. വട്ടത്തിലിട്ടിരുന്ന നാലു കസേരകളില്‍ ഒരു ലോകം ഒതുങ്ങിയിരുന്നത് അയാള്‍ കണ്ടു. നാലു കസേരകള്‍ക്കിടയില്‍ തിക്കിഞെരുക്കി ഒരു കസേര കൂടിയിട്ട് അവര് കാളിദാസനെ അവരുടെ ലോകത്തേക്ക് സ്വാഗതം ചെയ്തു.
'ഞാന്‍ അനുപമ,ഇവിടുത്തെ വിഷ്വല്‍ എഡിറ്ററാണ്, ഇത് ബിനോയി ക്യാമറാമാന്‍, അജിത് ടെക്‌നീഷ്യന്‍, പ്രമോദ് ഇവിടെ ഡെക്‌സ് നോക്കുന്നയാള്‍, ഇനി ഒരു ജേര്‍ണലിസ്റ്റ് കൂടി വരാനുണ്ട് വാണീദേവി. വരാറാവുന്നതേയുള്ളൂ.'
ലേഡീസ് ഫസ്റ്റ് എന്ന മൊഴിയെ പ്രാവര്‍ത്തികമാക്കി കാളിദാസനെ ആദ്യം പരിചയപ്പെട്ടത് അനുപമയായിരുന്നു.
ചാനലിന്റെ ഫ്രണ്ട് ഡോര്‍ ശക്തിയായി തുറന്നടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ പുറംതിരി്ഞ്ഞിരുന്ന പ്രമോദ് പറഞ്ഞു, 'ഓള് എത്തീട്ടാ..'
'ഇതാണ് ഞങ്ങ പറഞ്ഞ ജേര്‍ണലിസ്റ്റ്, കല്യാണം കഴി്ഞ്ഞ് ഒരു മാസം ആയതേയുള്ളൂ.ഭര്‍ത്താവ് ഗള്‍ഫില്‍ പോയതും ഇവള്‍ നൈറ്റ് ഡ്യൂട്ടി മതീന്ന് പറഞ്ഞ് ഇവിടെയങ്ങ് കൂടി'
കാളിദാസന്റെ അപരിചിതമായ മുഖത്തേക്കും അനുപമയും കള്ളച്ചിരിയിലേക്കും മാറിമാറി നോക്കിക്കൊണ്ട് വാണീദേവി ചോദിച്ചു
'കഴിക്കാന്‍ വല്ലതുമുണ്ടോ?'
അജിത് ബാഗിനുള്ളില്‍ നിന്നെടുത്ത് നീട്ടിയ വെള്ളക്കൂടയിലെ ഗണപതിഹോമ പ്രസാദത്തില്‍ ശ്രദ്ധിച്ച് കൊണ്ട് വാണീദേവി ചോദിച്ചു
'പുതിയ അപ്പോയിന്റ്‌മെന്റ് ആണല്ലേ...ആദ്യമേ നൈറ്റ് ഡ്യൂട്ടി തന്നെ, സാരമില്ല ബുദ്ധിമാന്മാര്‍ക്ക് രാത്രിയാണ് ഗ്രഹിക്കാന്‍ എളുപ്പം.പേരെന്താണ്?'
'കാളിദാസന്‍'', ഉത്തരം പറഞ്ഞ ശബ്ദത്തില്‍ ആരാധന കലര്‍ന്നിരുന്നു
ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നുപറഞ്ഞ് ബിനോയി ചിന്തയിലാണ്ടു.
'അയ്യേ, നിനക്ക് ഓര്‍മ്മയില്ലേ, സാള്‍ട്ട് ആന്റ് പെപ്പറില്‍ ലാലിന്റെ പേര്' അനുപമ ആ സന്ദര്‍ഭത്തില്‍ തന്റെ അറിവ് പ്രകടിപ്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു.
'കുസുമേ കുസുമോല്‍പ്പത്തി എന്ന ചോദ്യത്തിന് ഉത്തരം അറിയാവുന്ന ഒരേ ഒരു കാളിദാസന്‍'
കമ്പ്യൂട്ടറില്‍ ഫെയ്‌സ്ബുക്ക് ഐഡി തുറക്കുന്നതിനിടയില്‍ വാണീദേവി പറഞ്ഞു. ആ വാക്കുകളില്‍ കാളിദാസന്റെ മുഖം വിടര്‍ന്നത് വേറെയാരും കണ്ടില്ല.
*****************************************************
ഒളിച്ചിരിക്കാന്‍ സ്ഥലമില്ലാത്തവണ്ണം ദരിദ്രനാണെന്ന സത്യം ഓര്‍ക്കും തോറും കാളിദാസന് അരക്ഷിതത്വം അനുഭവപ്പെട്ടു. എത്രയെത്ര നാടുകളില്‍ ഒട്ടകങ്ങളെ പരിപാലിച്ച് പഴയ ദാസനായി ജീവിക്കാന്‍ ആഗ്രഹിച്ചിട്ടും അക്ഷദേവതയുടെ അനുഗ്രഹം കാളീദാസനായി തിരികെ രാജസദസ്സുകളില്‍ എത്തിച്ചു
*******************************************************
'അല്ലാ, ചേച്ചിയെന്താ സ്ഥിരം നൈറ്റ് ഡ്യൂട്ടി എടുക്കുന്നത്'
കാളീദാസന്‍ ആ ചോദ്യത്തോടെയാണ് ആ ന്യൂസ് ചാനലിന്റെ ഭാഗമായി തീര്‍ന്നത്.
ഗണപതി ഹോമത്തിന്റെ പ്രസാദത്തില്‍ നിന്ന് തേങ്ങാപ്പൂള്‍ തിരഞ്ഞുപിടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വാണീദേവി ഒരു നിമിഷത്തേക്ക് കാളീദാസന്റെ മുഖത്തേക്ക് നോക്കി.
'കുട്ടീ, പകല്‍ ജോലി നോക്കി വീട്ടില്‍ പോയാല്‍ രാത്രിയാകുന്ന വരെ തള്ളിനീക്കാന്‍ പാടാണ്. അമ്മായിയമ്മ സഹപ്രവര്‍ത്തകയുടെ മകളെ എന്റെ ഭര്‍ത്താവിന് വേണ്ടി ആലോചിച്ചിരുന്നു. ആ ഇച്ഛാഭംഗത്തിന്റെ കഥ ഡെയ്‌ലി കേള്‍ക്കണം. നാത്തൂന്റെ ബഡായി കഥകള്‍ വേറെയും അതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഇതാണ് മോനെ...'
റിയലി എമ്പാരസിംഗ്, അസ്വസ്ഥതയോടെ അജിത് നെറ്റി തടവുന്നതു കണ്ടപ്പോള്‍ വാണീദേവിക്ക് ചിരി വന്നു.
'നിന്റെ തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന പഴയ സ്വഭാവത്തിന് ഒത്തിരി മാറ്റമുണ്ട്. അതിന് നിന്റെ പൈങ്കിളി നാത്തൂനെ സമ്മതിക്കണം. അവരു കാരണമാ നീ ക്ഷമ പഠിച്ചത്' അനുപമ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.
'സത്യമാടാ അത്, എന്ത് കറി ഉണ്ടാക്കി വെച്ചാലും. ഇത് മുമ്പ് പാര്‍വ്വതി ഉണ്ടാക്കി തന്ന് ഞാന്‍ കഴിച്ചിട്ടുള്ളതാ ഇത്് അത്ര ഒത്തില്ല എന്ന് പറഞ്ഞിട്ട് കാണിക്കുന്ന ആക്രാന്തം വേണം കാണാന്‍ പെറ്റതള്ള പൊറുക്കൂല്ല.'
വാണീദേവിയുടെ ചിരി ശ്രദ്ധിച്ചിരുന്ന കാളീദാസന് എവിടെയോ വേദനയുടെ ഒരു മുള്ള് കൊണ്ടതു പോലെ തോന്നി.
'ചേച്ചിക്ക് അവരുടെ പെരുമാറ്റത്തെ പറ്റി ചേച്ചിയുടെ ഭര്‍ത്താവിനോട് പറഞ്ഞൂടെ..
'പറ്റിയ ആളാ...' ഇക്കുറി വാണീദേവിയുടെ ചിരിയുടെ റിഥം വല്ലാണ്ട് ഉയര്‍ന്നു, 'കുട്ടീ എനിക്ക് മൂന്നാലു കൊല്ലം മുമ്പ് ഭ്രാന്ത് വന്നതാ, എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയും അവര്‍ അങ്ങനെയൊന്നുമല്ല ഒക്കെ നിന്റെ തോന്നലാന്ന്..അങ്ങനെ ഒരു ലേബല്‍ ഉള്ളത് എത്ര സൗകര്യമാ.'
അയഞ്ഞു കിടന്ന അന്തരീക്ഷം മുറുകി വലിയുന്നതു പോലെ കാളീദാസന് തോന്നി. അയാള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും.
'ചോറുപൊതി മറ്റുള്ളവര്‍ക്ക് നല്‍കി പട്ടിണി കിടന്നിട്ടുള്ള ഞാനാണ് ആഹാരത്തില്‍ പക്ഷപാതം കാണിക്കുന്ന, ആഹാരം പങ്കുവെക്കാത്ത ഒരു കുടുംബത്തില്‍ എത്തിപ്പെട്ടത്. ദൈവത്തിന്റെ ഇന്ദ്രജാലം അല്ലാതെന്താണ്, ഭ്രാന്തിനെ ഞാന്‍ മനസ്സിന്റെ ഇന്ദ്രജാലം എന്നാണ് പറയുന്നത്.'
പറഞ്ഞുതീര്‍ന്നതും വാണീദേവി ചിരിച്ചു. എന്നാല്‍ കേട്ടു നിന്ന അവര്‍ക്കാര്‍ക്കും ചിരിക്കാനായില്ല.
***********************************************************
'സ്വാമിന്‍, കുസുമേ കുസുമോല്‍പ്പത്തി ശ്രുയതേ ന ച ദൃശ്യതേ...എന്നൊരു സമസ്യ. പൂരിപ്പിക്കുന്നവര്‍ക്ക് ആയിരം പൊന്‍ പണം..'
നര്‍ത്തകിയുടെ വാക്കുകളില്‍ ശ്രദ്ധിച്ചിരുന്ന കാളീദാസന് പെട്ടെന്ന് കുസൃതി തോന്നി
'തവ മുഖാംബുജം നേത്രം ഇന്ദീവര ദ്വയം, താമര മുഖത്ത് കരിങ്കൂവള കണ്ണൂകള്‍ പോരെ, കുസുമത്തില്‍ കുസുമം വിടര്‍ന്നത്'
ആയിരം പൊന്‍പണത്തിന്റെ അത്യാഗ്രഹം ഹൃദയം തുളച്ച് രക്തപുഷ്പങ്ങള്‍ ചീന്തിച്ചപ്പോള്‍ കാളീദാസന്‍ പത്‌നിയെ ഓര്‍മ്മിച്ചു
**************************************************************
'ചേച്ചി എനിക്കിപ്പോള്‍ കാണാം പൂവിനുള്ളില്‍ പൂവ് വിടരുന്നത്, അത് മുഖത്തല്ല; ഹൃദയത്തിലാണ്'....കാളീദാസന്റെ ശബ്ദത്തില്‍ വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
'ഞാന്‍ കൊല്ലുമെന്ന് പേടിക്കണ്ട, എനിക്ക് കൊല്ലാനറിയില്ല.'വാണിയുടെ ശബ്ദവും ശാന്തമായിരുന്നു
'വാണീദേവിക്ക് കാളീദാസനെ അനുഗ്രഹിക്കാനെ കഴിയൂവെന്ന് എനിക്കറിയാം...ആ അറിവ് ഉഷ്ട്രയുടെ അര്‍ത്ഥം പോലെ അത്ര കഠിനമല്ല'
*************************************
ചിലര്‍ക്കേ മനുഷ്യരാകാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ വാഗ്‌ദേവത കാളീദാസന്മാരെയും കാത്ത് കല്‍വിഗ്രഹമായി നിന്നു.

9 comments:

വെള്ളരി പ്രാവ് said...

'ചേച്ചി എനിക്കിപ്പോള്‍ കാണാം പൂവിനുള്ളില്‍ പൂവ് വിടരുന്നത്, അത് മുഖത്തല്ല; ഹൃദയത്തിലാണ്'....കാളീദാസന്റെ ശബ്ദത്തില്‍ വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
'ഞാന്‍ കൊല്ലുമെന്ന് പേടിക്കണ്ട, എനിക്ക് കൊല്ലാനറിയില്ല.'വാണിയുടെ ശബ്ദവും ശാന്തമായിരുന്നു
'വാണീദേവിക്ക് കാളീദാസനെ അനുഗ്രഹിക്കാനെ കഴിയൂവെന്ന് എനിക്കറിയാം...ആ അറിവ് ഉഷ്ട്രയുടെ അര്‍ത്ഥം പോലെ അത്ര കഠിനമല്ല'....:)

Manoraj said...

ഇനി അധികം കാളിദാസന്മാരെ കാത്ത് നില്‍ക്കണ്ട.. അമ്മായിയമ്മ പഴയ സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് തന്നെ കണവനെ ആലോചിക്കും.. അക്ഷരതെറ്റുകള്‍ വാണിദേവിയെ വല്ലാതെ കയറിപ്പിടിച്ചിട്ടുണ്ട്. സ്ഥിരം നൈറ്റ് ഡ്യൂറ്റി എടുക്കുമ്പോള്‍ അക്ഷരതെറ്റുകള്‍ കൂടെ തിരുത്ത് കേട്ടോ..

വെള്ളരി പ്രാവ് said...

നല്ല എഴുത്തു ഭാഷ .ഇതിലെനിക്കേറ്റവും ഇഷ്ടായത് ഈ വരികള്‍ ആണ്....

'കുട്ടീ എനിക്ക് മൂന്നാലു കൊല്ലം മുമ്പ് ഭ്രാന്ത് വന്നതാ, എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയും അവര്‍ അങ്ങനെയൊന്നുമല്ല ഒക്കെ നിന്റെ തോന്നലാന്ന്..

"""അങ്ങനെ ഒരു ലേബല്‍ ഉള്ളത് എത്ര സൗകര്യമാ.""""':)))

ajith said...

ഞാനും പോവാണ് ഉഷ്ട്രേടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍.

പട്ടേപ്പാടം റാംജി said...

കാളിദാസന്മാരെയും കത്ത്‌....

mini//മിനി said...

കാളിദാസാ വാണിദേവി കാത്തിരിക്കുന്നു,, ഉഷ്ട്രയുടെ അർത്ഥം കണുപിടിക്കട്ടെ,,,

Manoj said...

എഴുത്ത് നന്നായിട്ടുണ്ട്. വ്യത്യസ്ഥമായ ശൈലി. ആശംസകള്‍

Anonymous said...

Hi Anju, I saw your blogs and they are written well. I head blogger community at mycity4kids, which has 8 milion visitors in a month. We would love to hear your story about women, parenting, children, etc. You can write in Malayalam. To start writing please visit the below link
https://www.mycity4kids.com/parenting/admin/setupablog
If you face any issue, you can write to me at shavet.jain@mycity4kids.com

അന്ന്യൻ said...

ചേച്ചീ എഴുത്തൊക്കെ നിർത്തിയോ