Monday, July 11, 2011

വൈ ടു കെ

കൊഴിഞ്ഞു പോയ ബോഗൈന്‍ വില്ല പൂക്കളെ ഞെരിച്ചമര്‍ത്തി ഹരിഹറിന്റെ ഫോര്‍ഡ് ഐക്കണ്‍ കുടുംബ കോടതിയിലെ പാര്‍ക്കിംഗ് ഏരിയയെ തൊട്ടു നിന്നു. അടുത്ത സീറ്റിലിരുന്ന ചാരു ശ്രദ്ധയോടെ സീറ്റ് ബെല്‍റ്റ്‌ ഇളക്കുന്നത് ഹരിഹര്‍ നോക്കിയിരുന്നു. കൈ ചലനങ്ങള്‍ക്ക് അനുസരിച്ച് അവളുടെ വല്യ കണ്ണുകളിലെ കൃഷ്ണമണികള്‍ ഇളകുന്നത് അവന്‍ കണ്ടു.

ചാരുവിനൊപ്പം കോടതിയിലെ ടൈല്‍ പതിച്ച നിലത്തൂടെ നടക്കുമ്പോള്‍ പതിവില്ലാത്ത ഒരു അസ്വസ്തത ഹരിഹരിനെ ഗ്രസിച്ചു. കേസ് വിളിക്കുന്ന മുറിക്കപ്പുറം റോഡിലേക്ക് നോക്കി തിരിഞ്ഞു നില്‍ക്കുന്ന,  ചുവന്ന ചായം തേച്ച  പാറി പറക്കുന്ന മുടിയുടെ ഉടമ അനാമികയാണെന്ന് തിരിച്ചറിയാന്‍ ഹരിഹരിനു പെട്ടെന്ന് കഴിഞ്ഞു. യാഥാര്‍ത്യങ്ങള്‍ക്കു മുന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവന് മനസിലായി.

ചാരുവിനെ ഒന്ന് നോക്കിയ ശേഷം ഹരിഹര്‍ അനാമികയുടെ അടുത്തേക്ക് നടന്നു. കോടതി വരാന്തയിലെ തിരക്കുകള്‍ക്കിടയിലൂടെ ചാരു ഹരിഹരിനെ അനുഗമിച്ചു. അനാമികയുടെ അടുത്തെത്തിയപ്പോള്‍ ഹരിഹര്‍ അവള്‍ക്കെതിരെയുള്ള ചുവരില്‍ ചാരി നിന്നു. അവന്റെ പാദസ്പര്‍ശം തിരിച്ചറിഞ്ഞ പോലെ അനാമിക തല ചരിച്ചു അയാളെ നോക്കി. ഇതാണോ എന്ന അര്‍ത്ഥത്തില്‍ ചാരു കണ്ണുകള്‍ കൊണ്ട് ചോദിച്ച ചോദ്യത്തിനു ഹരിഹര്‍ ഉത്തരം നല്‍കിയില്ല. എങ്കിലും ഹരിഹരിന്റെ കണ്ണുകളിലെ വെപ്രാളം ചാരുവിനു ഉത്തരം നല്കുന്നുണ്ടായിരുന്നു.

അനാമികയുടെ മുഖത്തെ ചായം അവളുടെ കണ്തടങ്ങളിലെ കറുപ്പ് മായ്ക്കുന്നിലെന്നു അയാള്‍ക്ക് തോന്നി. സദാ കണ്ണാടി നോക്കുന്ന അവളുടെ ശീലത്തെ കുറച്ചു നേരത്തേക്കെങ്കിലും അവള്‍ക്കെങ്ങനെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് അതിശയം തോന്നി.
പരസ്പരം മിണ്ടാതെ നില്‍ക്കുന്ന അനാമികയുടെയും ഹരിഹരിന്റെയും മൌനത്തിന്റെ പുറന്തോടിനുള്ളില്‍ നിന്നു ചാരു ഇറങ്ങി കോടതി വരാന്തയിലൂടെ നടന്നു.

അമ്മയുടെ ഒക്കത്തിരുന്നു അച്ഛന്റെ നേര്‍ക്ക്‌ കള്ള നോട്ടം എറിയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ചാരുവിന്റെ ഉള്ളില്‍ മുള്ള് കൊണ്ട വേദന തോന്നി. കോടതി മുറിയില്‍ കൂട്ടം കൂടി നിന്ന വക്കീലന്മാര്‍ കാക്കക്കൂട്ടത്തെ അനുസ്മരിപ്പിച്ചു. ചാരു വാതില്‍ക്കല്‍ നിന്നു കേസ് വാദം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എച്ചില്‍ പൊതിക്ക് വേണ്ടി അടികൂടുന്ന കാക്കകളുടെ പ്രശ്നങ്ങള്‍ക്ക് കാക്ക രാജാവ് തീര്‍പ്പ് കല്‍പ്പിക്കുന്നതായി അവള്‍ സങ്കല്‍പ്പിച്ചു. ഓര്‍ത്തപ്പോള്‍ ചാരുവിനു ചിരി വന്നു. സിന്ദൂര കുറിയിട്ട ഒരു വക്കീലിന്റെ സൂചിമുന പോലുള്ള കണ്ണുകള്‍ തന്നിലാണെന്നു മനസിലായപ്പോള്‍ ചാരു അവിടെ നിന്നു മാറി.

"റിയലി എമ്പാരസ്സിംഗ് "

എന്ന രണ്ട് വാക്കുകള്‍ അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞു.
കോടതി വരാന്തയിലെ വെറും നിലത്തു കാലന്‍ കുടയും പിടിച്ചിരുന്ന ഒരു അമ്മാവനെ ഒരു വക്കീല്‍ പെങ്കൊച്ചു നിര്‍ദാക്ഷണ്യം തട്ടി വിളിക്കുന്നത്‌ കണ്ടപ്പോള്‍ ചാരുവിനു അസ്വസ്ഥത തോന്നി. ഒരു കുടുംബ ജീവിതം ഉണ്ടെങ്കില്‍ അത് ലിവിംഗ് ടുഗേതര്‍ മതി കല്യാണം ആവണ്ടാന്നു ചാരു അപ്പോള്‍ തീരുമാനമെടുത്തു.

ഹരിഹര്‍ ജെ
അനാമിക വിശ്വേശ്വര്‍

കോടതിയിലെ ബഹളങ്ങള്‍ക്കിടയില്‍ ആ വിളി കേട്ടപ്പോള്‍ ഹരിഹരും അനാമികയും ധൃതിയില്‍ അകത്തേക്ക് നടന്നു. പോയ വേഗത്തില്‍ തിരിച്ചിറങ്ങിയ ഹരിഹരിനെ ചാരു അമ്പരപ്പോടെ നോക്കി. ഇത്രയേ ഉള്ളു എന്ന മട്ടില്‍ അനാമിക വേഗത്തില്‍ നടന്നു പോകുന്നത് നോക്കി ചാരു വിങ്ങലോടെ നിന്നു.

എത്ര പെട്ടെന്നാണ് ബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നതെന്ന് അവള്‍ ഓര്‍ത്തു. കൈയില്‍ ഇരുന്ന താക്കോല്‍ കറക്കി നടന്ന ഹരിഹരിന്റെ പിന്നാലെ നടക്കുമ്പോള്‍ ചൂണ്ടുവിരലിന്റെ വിറയലിനോപ്പം അവന്റെ ഹൃദയവും വിറക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.

"നീ എവിടെക്കാ?"

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഹരിഹര്‍ ചോദിച്ചു.

"ഞാന്‍ രണ്ട് ദിവസം ലീവ് എടുത്തു നിന്നെ കാണാന്‍ വന്നതാ. അതോണ്ട് നിന്റെ ഫ്ലാറ്റിലേക്ക് വിട്ടോ.എനിക്ക് പോകാന്‍ വേറെ സ്ഥലമൊന്നുമില്ല"
ഹരിഹര്‍ ഉത്തരം പറയാതെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. ചലിച്ചു തുടങ്ങിയ കാറില്‍ എ സിയുടെ കുളിര്‍മക്കും സി ഡി പ്ലെയറില്‍ നിന്നു ഒഴുകി വരുന്ന ഉപകരണ സംഗീതത്തിനുമൊപ്പം പരന്ന ഹരിഹരിന്റെ മൌനം ചാരുവിനു അരോചകമായി തോന്നി.

രണ്ട് വിദൂര നഗരങ്ങളില്‍ ഇരുന്നു ഓണ്‍ ലൈനിലൂടെ വഴക്കുണ്ടാക്കിയ കൂട്ട് കൂടിയ ഹരിഹരിനെ ആദ്യമായാണ് കാണുന്നതെന്ന് പോലും ചാരുവിനു വിശ്വസിക്കാനായില്ല.

പിന്നീടൊരിക്കല്‍ ചാറ്റ് ബോക്സിലെ അവന്റെ അക്ഷരങ്ങളില്‍ ആദ്യമായി നിരാശയുടെ നിറം കലര്‍ന്നപ്പോള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ക്കപ്പുറം ആണ്  ഓരോ മനസും എന്ന അവളുടെ വിശ്വാസത്തിനു ആക്കം കൂടുകയായിരുന്നു.
ഉണക്കമീന്‍ വറക്കുന്നതിനിടയില്‍ കോടതിയില്‍ കൂടെ വരുന്നുണ്ടെന്നു ചാരു ഹരിഹരിനു എസ് എം എസ് അയച്ചത്. ഉണക്കമീന്‍ കരിഞ്ഞു പോയെങ്കിലും എസ് എം എസ് ഭംഗിയായി ഡെലിവേര്‍ഡ് ആയി.

ചാരു ഹരിഹരിനെ നോക്കി. അവന്റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ തന്നെ. അവള്‍ കൈ നീട്ടി സി ഡി പ്ലെയര്‍ ഓഫ്‌ ചെയ്തു.

"നിങ്ങള്‍ തമ്മില്‍ പിരിയാന്‍ എന്താ കാരണം?"

ചാരുവിന്റെ ഒച്ച നേര്ത്തിരുന്നു.

"ഞാന്‍ ഒരു പഴഞ്ചന്‍ ആണെന്നാ അനാമികയുടെ അഭിപ്രായം. "

ഹരിഹരിന്റെ വാക്കുകള്‍ ഇടറിയിരുന്നു.

"അത് ഞാനും പറയുന്നു, നീ ഒരു പഴഞ്ചന്‍ ആണ്."

എന്താ എന്നര്‍ത്ഥത്തില്‍ നോക്കിയ ഹരിഹരിനോട് അവള്‍ പറഞ്ഞു.

"ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഒറ്റയ്ക്ക് ഒരു എ സി കാറില്‍ കിട്ടിയിട്ടും ഒരു ഉമ്മ പോലും വയ്ക്കാത്ത നീ പഴഞ്ചന്‍ ആണ്."

പറഞ്ഞു തീര്‍ന്നതും അവള്‍ പൊട്ടിച്ചിരിച്ചു. ഹരിഹര്‍ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഇത്ര ലാഘവത്തോടെ ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയെന്നു അയാള്‍ ഓര്‍ത്തു. ആ ലാഘവം ഫ്ലാറ്റിന്റെ പടികള്‍ ഓടി കേറുന്ന തിലും കാണാമായിരുന്നു.

ഫ്ലാറ്റിലെ അടുക്കും ചിട്ടയും നോക്കി ചാരു നടന്നു. അടുക്കളയില്‍ നിന്നു ഹരിഹര്‍ രണ്ട് ഗ്ലാസില്‍ ജ്യുസുമായി വന്നപ്പോള്‍ ചാരു ഒരു കസേരയില്‍ ഇരുന്നു മറ്റേതില്‍ കാല്‍ കയറ്റി വച്ചിരിക്കുകയായിരുന്നു. അവളുടെ കൈയിലെ പുസ്തകത്തില്‍ പരതുന്ന കൃഷ്ണമണികളിലേക്കും കാലിലെ  ക്രിസ്റ്റല്‍ പാദസരത്തിന്റെ മുത്തുകളിലെക്കും അയാള്‍ നോക്കിയിരുന്നു.
ഞാന്‍ ഈ പുസ്തകം നോക്കുവായിരുന്നു, വായിക്കാനൊന്നുമല്ല പേര് കണ്ടപ്പോള്‍ ജെസ്റ്റ് ഒരു കുരിയോസിടി. ഹരിഹര്‍ അവളുടെ കൈയിലെ പുസ്തകം കൈ നീട്ടി വാങ്ങി. വൈ ടു കെ,

"എന്നെ ജീവിതത്തില്‍ ഏറെ പേടിപ്പിച്ച വാക്കാണ്‌ ഇത്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  ഈ പ്രശ്നം വരുന്നത്. ലോകം അവസാനിക്കും എന്ന്‌ വരെ കഥകള്‍ കേട്ടിരുന്നു. എന്‍ജിനിയറിങ്ങനു ചേര്‍ന്നപ്പോള്‍ ആണ് മനസ്സിലായത്‌ ഇതൊരു സോഫ്റ്റ്‌ വെയര്‍ പ്രശ്നം മാത്രമാണെന്ന്. പക്ഷേ എന്നെ സംബന്ധിച്ച് വൈ ടു കെ ലൈഫിലെ ചില ചെയിന്ജസ് ആണ്. അച്ഛന്റെ മരണം സ്നേഹിച്ചു മറന്ന കൂട്ടുകാരന്‍ ഒക്കെ ഓരോ  വൈ ടു കെ. ജീവിതത്തിലെ ഓരോ മോമെന്ടിലും വന്നു ചേരുന്ന അപ്രക്തീക്ഷിതമായ കുറെ വൈ ടു കെകള്‍."

ചാരുവിന്റെ വാക്കുകളുടെ താളം മാറുന്നത് ഹരിഹര്‍ അറിയുന്നുണ്ടായിരുന്നു.

വയലിനോ അത് ആരുടെയ? എന്ന ചോദ്യത്തിനൊപ്പം അവള്‍ എഴുനേറ്റു കഴിഞ്ഞിരുന്നു. അവള്‍ അതിനരികില്‍ എത്തുമ്പോള്‍ ബാക്ഗ്രൌണ്ട് ആയി ഹരിഹരിന്റെ ശബ്ദം പിന്തുടര്‍ന്നു.

"എന്‍റെ അച്ഛന് മ്യുസിക് വല്യ ഇഷ്ടായിരുന്നു. ഞാന്‍ എല്‍ സുബ്രമണ്യത്തെ പോലെ വല്യ വയലിനിസ്റ്റ് ആകുമെന്ന് അദേഹം ഇടയ്ക്കു പറയുമായിരുന്നു. "
ചാരു ഉറക്കെ ചിരിച്ചു.

"......'പോലെ', എന്നോ ഇതാണ് നിന്റെ കുഴപ്പം. ആരും ആരെ പോലെ ആകുന്നില്ല. എത്ര ശ്രമിച്ചാലും.നീ എത്ര നാള്‍ അനാമികയുടെ ഒപ്പം താമസിച്ചു? "

" ഏകദേശം ഒരു വര്‍ഷം പിരിഞ്ഞിട്ടു ഇപ്പോള്‍ ഒരു വര്‍ഷം"

മുന്നിലിരുന്ന ലാപ്ടോപ് തുറക്കുന്നതിനിടയില്‍ അവന്‍ അലസമായി മറുപടി പറഞ്ഞു.

"ഹോ.എനിക്കവളോട് സഹതാപം തോന്നുന്നു, നീ ഒരു ഒബ്സേസീവ് നെഗോഷിയെട്ടര്‍ ആണ്.തനി മാര്‍ക്കെറ്റിംഗ് വിദഗ്ദ്ധന്‍."

" ഒബ്സേസീവ് നെഗോഷിയെട്ടര്‍, എന്ന്‌ വച്ചാല്‍ എന്താ?"

അവന്‍ തലയുയര്‍ത്തി അവളെ നോക്കി.

ആവോ എനിക്കറിയില്ല എന്ന മട്ടില്‍ അവള്‍ ചുമല്‍ കുലുക്കി.
ലാപിലെ കീകളില്‍ അവന്റെ കൈവിരലുകള്‍ അതിവേഗം ചലിച്ചു.
ഒബ്സേസീവ് നെഗോഷിയെട്ടര്‍ : ശല്യപ്പെടുത്തുന്ന മധ്യസ്ഥന്‍. നിന്റെ കണ്ടെത്തല്‍ കൊള്ളാം.

ചാരുവിന്റെ വാക്കുകള്‍ തന്നെ മുറിപ്പെടുതുന്നില്ല എന്ന തിരിച്ചറിവ് ഹരിഹരില്‍ അത്ഭുതം സൃഷ്ടിച്ചു. അനാമിക ആണ് ഇത് പറഞ്ഞതെങ്കില്‍ ശക്തമായ ഒരു വഴക്കിനു ഉണ്ടാകുമായിരുന്നു എന്നയാള്‍ ഓര്‍ത്തു. വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം എന്ന തത്വം ഹരിഹരിന്റെ ഉള്ളില്‍ വേരൂന്നി.

ലാപ്ടോപിലെ പ്രകാശം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

"നീ എന്താ പണി"

അവള്‍ ചോദിച്ചു.

"ഓ ഞാന്‍ വെറുതെ ഓണ്‍ലൈനില്‍"

ചാരു അവന്റെ പുറകില്‍ വന്നു ലാപ്പിലേക്ക് നോക്കി. ഹരിഹരിന്റെ കഴുത്തില്‍ ചുറ്റി പിടിച്ചു ചെവിയില്‍ കടിച്ചു പറഞ്ഞു

"നീ ഈ പെണ്ണിന്റെ ഗൂഗിള്‍ ബസില്‍ കിടന്നു കറങ്ങുന്നത് എനിക്കത്ര പിടിക്കനില്ലാട്ടോ.."

ഹരിഹരിന്റെ കണ്ണില്‍ അവിശ്വസനീയത താങ്ങി നിന്നു.

"എന്ത് പറ്റി നിനക്ക്, നീയും പഴഞ്ചന്‍ ആയോ?"

ചാരു ചിരിച്ചു. ഹരിഹരിന്റെ കവിളില്‍ കവിള്‍ ഉരസി അവള്‍ പറഞ്ഞു.

"അല്ല മറ്റൊരു വൈ ടു കെ"

50 comments:

ajith said...

നാട് എത്ര പുരോഗമിച്ചുപോയി..!!!!!

രമേശ്‌ അരൂര്‍ said...

നേര്‍ക്ക്‌ നേര്‍ കാണുന്ന ..യാഥാര്‍ത്ഥ്യം ,,,
വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം-എന്ന ഹരിഹരന്റെ നിരീക്ഷണം യഥാതത ജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്നു .
ബന്ധങ്ങള്‍ അത് ഏതു തരത്തില്‍ ഉള്ളതാണെങ്കിലും അനായാസമായി അത് പറിച്ചെറിയാന്‍ ഇന്ന് ഒരു മടിയും ഇല്ലാത്ത വിധം മനുഷ്യര്‍ പരിഷ്കൃത രായിരിക്കുന്നു ,

അഞ്ജു കാലത്തിനൊത്ത ഒരു കഥ ..നന്നായി ആവിഷ്കരിച്ചു ..

അന്ന്യൻ said...

അതിശയമൊന്നുമില്ല, രമേശേട്ടന്റെ വാക്കുകൾ കടമെടുത്തു. “കാലത്തിനൊത്ത ഒരു കഥ“.

കണ്ണന്‍ | Kannan said...

അഞ്ജു ചേച്ചി എനിക്ക് കഥ ഒരുപാട് ഇഷ്ടമായി...
അവതരണം കിടു.

ശ്രീജിത് കൊണ്ടോട്ടി. said...

കഥ നന്നായിരിക്കുന്നു. കാലികപ്രസക്തം...
കഥാകാരിക്ക്‌ ആശംസകള്‍..

ponmalakkaran | പൊന്മളക്കാരന്‍ said...

അടുത്തത് 'വൈ ടു ൽ" ആയിക്കോട്ടെ..
നന്നായിരിക്കുന്നു.ആസംസകൾ.

കെ.എം. റഷീദ് said...

ബന്ധങ്ങള്‍ നിശ്ചയിക്കുന്നത്
സാങ്കേതിക വിദ്യകള്‍ ആകുമ്പോള്‍
ബന്ധങ്ങള്‍ ഇല്ലാതാക്കാന്‍
ഒരു ക്ലിക്ക് മതിയാവും

Lipi Ranju said...

"വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം" വളരെ ശരിയാണ് അഞ്ജൂ ...
"എച്ചില്‍ പൊതിക്ക് വേണ്ടി അടികൂടുന്ന കാക്കകളുടെ പ്രശ്നങ്ങള്‍ക്ക് കാക്ക രാജാവ് തീര്‍പ്പ് കല്‍പ്പിക്കുന്നതായി ..." എന്നാലും അത്രയ്ക്ക് വേണ്ടായിരുന്നു ... :)) (രമേശേട്ടന്‍ പറഞ്ഞപ്പോള്‍ ആണ് ഈ കഥ കണ്ടത് )

ബാവ രാമപുരം said...

ഈ അടുത്ത കാലത്ത് വായിച്ച ഒരു നല്ല കഥ.

എല്ലാ ഭാവുകങ്ങളും !

ചന്തു നായര്‍ said...

കാലത്തിന്റെ കുത്തൊഴുക്കിൽ,മറിവരുന്നജീവിതരീതികൾ,ആർക്കുംഇല്ലാ ആരോടും പ്രധിബദ്ധത.... ബന്ധങ്ങൾക്ക് ഇവിടെ വില ഇല്ലെന്ന് വന്നിരിക്കുന്നൂ...യാഥാർത്ഥ്യം കഥയായി ഇവിടെ പുനർജ്ജനിക്കുന്നൂ...രചനാശൈലിയും,ചിന്തയും..ഇവിടെ സമന്യയിക്കുന്നൂ..."എച്ചില്‍ പൊതിക്ക് വേണ്ടി അടികൂടുന്ന കാക്കകളുടെ പ്രശ്നങ്ങള്‍ക്ക് കാക്ക രാജാവ് തീര്‍പ്പ് കല്‍പ്പിക്കുന്നതായി ..." തുടങ്ങിയ നല്ല പ്രയോഗങ്ങൾ...കഥാകാരിക്ക് എന്റെ എല്ലാ നന്മകളും

njan said...

nice story, well delivered!!.....
Congrats Anju!!....
keep writing.... All the best!!... God Bless......

moideen angadimugar said...

വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ത്ഥം മാറുന്നതാവാം പല ദാമ്പത്യങ്ങളും തകർച്ചയിലേക്ക് എത്തപ്പെടുന്നത്. ഹരിഹരനും,അനാമികയും,ചാരുവുമൊക്കെ ഇവിടെ പെരുകിവരുന്നതും അതുകൊണ്ടുതന്നെയാവണം.

നല്ല കഥ.അഞ്ജു ഒരു ഇരുത്തം വന്ന കഥാകാരിയാണെന്നു കഥയുടെ അവതരണം തെളിയിക്കുന്നു.
രമേശേട്ടൻ ക്ഷണിച്ചില്ലായിരുന്നുവെങ്കിൽ ഈ നല്ല കഥ മിസ്സായിപ്പോയേനെ..

mottamanoj said...

ബന്ധങ്ങള്‍ ചിലപ്പോള്‍ ബന്ധനങ്ങള്‍ ആവുമ്പോഴാണ് പല പ്രശ്നഗലും ഉണ്ടാവുന്നത്.

ആണും പെണ്ണും രണ്ടുപേരുടെയും വ്യക്തി സ്വാതന്ത്രം നിഷേധിക്കാതെ അതിനെ മാനിച്ചു ജീവിച്ചാല്‍ കെട്ടുറപ്പുള്ള കുടുംബ ജീവിതം സാധ്യമാവും.

മുകളില്‍ പറഞ്ഞത് പറയാന്‍ എളുപ്പമാണെങ്കിലും പ്രവര്‍ത്തികമാക്കാന്‍ ബുദ്ടിമുട്ടു തോന്നും.

"വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം " ഒരു വലിയ വാചകം.

അഭിനന്ദനങ്ങള്‍

സുസ്മേഷ് ചന്ത്രോത്ത് said...

നന്നായി എഴുതിയ കഥ.
അഭിനന്ദനങ്ങള്‍.

നാടകക്കാരന്‍ said...

nannaayi ezhuthi ellavidha asamsakalum

Chethukaran Vasu said...

കഥ "കൊഴപ്പില്ല ട്ടാ " . (മലയാളിയായത് കൊണ്ട് ഇത്രയൊക്കെയേ അഭിനന്ദിക്കാന്‍ പറ്റൂ !!)

കാറ്റില്‍ ആടുന്ന ഇളം വള്ളികള്‍ കെട്ടുപിണയുന്നതും വേര്പിരിയുന്നതും ഒക്കെ പ്രകൃതിയുടെ താള വിന്യാസങ്ങള്‍ തന്നെ അല്ലെ...? അതോ താള ഭംഗങ്ങളോ ...?

geetha nair said...

നിനക്ക് കേന്ദ്ര സാഹിത്യ അവാര്‍ഡ്‌ കിട്ടിയാലും എനിക്ക് നിര്‍വികാരത എന്നല്ലേ നിന്റെ പരാതി എനിക്ക് നീ എഴുത്തും എന്നൊക്കെ അറിയാം അതുകൊണ്ടല്ലേ രമേഷും സുസ്മെഷും ഒക്കെ നിനക്ക് കമെന്റ് ഇടുന്നത്. ഞാന്‍ പാവം ഒരു അമ്മയല്ലേ...........

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഈ കഥ ചാമ്പല്‍ അല്ല
ചാമ്പലില്‍നിന്നുയിര്‍കൊണ്ട നല്ലൊരു സൃഷ്ടി
നല്ല വായനാനുഭവം

jayanEvoor said...

ഈശോയേ!
എന്റെ കഥ കണ്ടിട്ട് എഴുതിയതൊന്നുമല്ലല്ലോ, അല്ലേ!?
ഞാൻ ഒരു y2k കല്യാണിതനാ!

http://jayandamodaran.blogspot.com/2010/04/y2k.html

y2k ഒരു ഓർമ്മക്കുറിപ്പ്.

ഒന്നു നോക്കിക്കോ!

അഞ്ജുവിന്റെ കഥ വളരെ നന്നായിട്ടുണ്ട്.
ഇഷ്ടപ്പെട്ടു.

Suja said...

പ്രിയ അഞ്ജു ,

ആദ്യമാണ് ഇവിടെ .
അനാമികയും ,ചാരുവും ,ഹരിഹര്‍ ഒക്കെ നമുക്ക് ചുറ്റും ഉള്ളവര്‍ .

ബന്ധം വേര്‍പെടുത്തും മുന്‍പ് ചാരുവിന് ചോദിക്കാമായിരുന്നു "എന്തിനാ നിങ്ങള്‍ പിരിയുന്നതെന്ന് ?"
"ചാറ്റ് ബോക്സിലെ അവന്റെ അക്ഷരങ്ങളില്‍ ആദ്യമായി നിരാശയുടെ നിറം കലര്‍ന്നപ്പോള്‍ " എങ്കിലും .
അല്ലാതെ എല്ലാം കഴിഞ്ഞിട്ട് വെറുതെ ഒരു ചോദ്യം, "അഞ്ജു" ചാരുവിനെക്കൊണ്ട് ചോദിപ്പിച്ചതുപോലെ ആയിപ്പോയി .
"നിങ്ങള്‍ തമ്മില്‍ പിരിയാന്‍ എന്താ കാരണം?"

"നീ ഈ പെണ്ണിന്റെ ഗൂഗിള്‍ ബസില്‍ കിടന്നു കറങ്ങുന്നത് എനിക്കത്ര പിടിക്കനില്ലാട്ടോ.."
"ഇത് തന്നെ അനാമികയും പറഞ്ഞിട്ടുണ്ടാകും.....പല തവണ ഹരിഹരിനോട് ":-).

അഞ്ജു നന്നായിട്ടുണ്ട് .എല്ലാ പോസ്റ്റുകളും വായിക്കാം.
ആശംസകള്‍ .

"കേസ് വിളിക്കുന്ന മുറിക്കപ്പുറം റോഡിലേക്ക് നോക്കി തിരിഞ്ഞു നില്‍ക്കുന്ന, ചുവന്ന ചായം തേച്ച പാറി പറക്കുന്ന മുടിയുടെ ഉടമ അനാമികയാണെന്ന് തിരിച്ചറിയാന്‍ ഹരിഹരിനു പെട്ടെന്ന് കഴിഞ്ഞു. യാഥാര്‍ത്യങ്ങള്‍ക്കു മുന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവള്‍ക്ക് മനസിലായി. "
( ഈ വരികള്‍ ഒന്നുകൂടി എഡിറ്റ്‌ ചെയ്യു എന്ന് പറയാന്‍ തോന്നുന്നു .എനിക്ക് തോന്നിയതാണ് കേട്ടോ:-) )
"അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവന് മനസിലായി" എന്നല്ലേ ?

yousufpa said...

നന്നായിരിക്കുന്നു. കാലത്തിനൊത്ത കഥനം.

നാട്ടുവഴി said...

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ y2k ലോകവസാനമാണെന്ന് കരുതി ഭയന്ന പെണ്‍കുട്ടി ഇന്ന് ഏറ്റവും ആധുനികമായ സാങ്കേതിക പദങ്ങളില്‍ ജീവിക്കുന്നു.മനോഹരം ഇന്നിന്റെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണി കഥ.
ആശംസകള്‍...........

Reji Puthenpurackal said...

ഒന്ന് നഷ്ടപെട്ടാലെ മറ്റൊന്ന് നേടാനാകൂ.സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും പിടിച്ചു വാങ്ങി.വ്യക്തിപരമായി ഇത് സ്ത്രീകള്‍ക്ക് നേട്ടം തന്നെ. പക്ഷെ അപ്പോള്‍ കുടുംബ ഭദ്രത നഷ്ടപെട്ടു.സ്ത്രീകള്‍ സൃഷ്ടി ധര്‍മ്മങ്ങളില്‍ നിന്നും വ്യതിചാലിച്ചു പ്രകൃതി നിയമങ്ങളോട് മത്സരിക്കുന്നു. പണ്ടത്തെ സ്ത്രീകള്‍ കുടുംബത്തിനു വേണ്ടി ത്യാഗം സഹിച്ചു.സ്ത്രീയുടെ മുഖ്യ കര്‍മ്മം പ്രസവിക്കുകയും കുട്ടികളെ വളര്‍ത്തുകയെന്നതുമാണ്.സ്ത്രീ ശരീരത്തിന്റെ സ്ത്രൈണത ഇതിന്റെ ലക്ഷണങ്ങളാണ്.പുരാണങ്ങളും ഇതിഹാസങ്ങളും ഇത് തന്നെയാണ് പറയുന്നത്.കൌമാരത്തില്‍ പിതാവിന്റെയും യവ്വനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ധക്യത്തില്‍ പുത്രന്റെയും സംരക്ഷണയില്‍ കഴിയേണ്ടവളാണ് സ്ത്രീ.സ്ത്രീയുടെ സ്വഭാവ ശുദ്ധി കുടുംബത്തിന്റെ ഐശ്വര്യവും വെളിച്ചവുമാണ്.ആധുനിക ലോകത്ത് സ്ത്രീ ജോലിക്ക് പോവുകയും പണമുണ്ടാക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ ലക്ഷണങ്ങളാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പരപുരുഷ ബന്ധമുള്ള സ്ത്രീകള്‍ നാള്‍ക്കു നാള്‍ കൂടി വരുകയാണ്.ചാരിത്ര ശുദ്ധിയിലോന്നും ഒരു പെണ്ണും വിശ്വസിക്കുന്നില്ല. വസ്ത്രം മാറുന്ന ലാഘവത്തോടെ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും ഉപേക്ഷിക്കും.
NB : ഫെമിനിസ്റ്റുകള്‍ ക്ഷമിക്കണം. എന്നെ കൊല്ലരുത്.
അഞ്ചു.....
നല്ല എഴുത്ത്...അഭിനന്ദനങള്‍ ....

ജയിംസ് സണ്ണി പാറ്റൂര്‍ said...

ആശയ ദാരിദ്ര്യം പറയുന്നവര്‍ ഈ കഥ
വായിച്ചു നോക്കണം.കാലാനുസ്യതമൊരു
കഥ , അതും ശില്പഭദ്രതയോടെ മനോഹരമായി
അവതരിപ്പിച്ചു അഞ്ജു.

കുമാരന്‍ | kumaran said...

നല്ല രസായി എഴുതിട്ടുണ്ട്.

Ashraf Ambalathu said...

രമേശ്‌ അരൂര്‍ sir ആണ് ഇവിടെ എത്തിച്ചത്.
കാലിക പ്രസക്തിയുള്ള വിഷയം അവതരണ ഭംഗികൊണ്ടും മികവു പുലര്‍ത്തി.
അഭിനന്ദനങ്ങള്‍.
-------------------------------------
യാഥാര്‍ത്യങ്ങള്‍ക്കു മുന്നില്‍ തിരിഞ്ഞു നില്‍ക്കുന്ന അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് 'അവള്‍ക്ക്' മനസിലായി.
ഈ പ്രയോകം ഒന്ന് ശ്രദ്ദിക്കുമെന്നു കരുതുന്നു.

Echmukutty said...

കാലികമായ വിഷയം, കമ്പ്യൂട്ടർ വാക്കുകളിൽ ആവിഷ്ക്കരിച്ച ആധുനികത നന്നായി. അഭിനന്ദനങ്ങൾ.

ഹാഷിക്ക് said...

കഥ നന്നായി ഇഷ്ടപ്പെട്ടു. ഓരോ വരികളിലും ഒരു ചിത്രം കാണുന്ന വ്യക്തത അനുഭവപ്പെട്ടു.
>>പ്രൊഫൈല്‍ ഫോട്ടോകള്‍ക്കപ്പുറം ആണ് ഓരോ മനസും<<...കറക്റ്റ്‌ .വളരെ വളരെ കറക്റ്റ്‌

ചാണ്ടിച്ചന്‍ said...

നന്നായി അഞ്ജു...ബ്ലോഗ്‌ മീറ്റില്‍ കണ്ടപ്പോ ഇത്രേം വല്യ പുലിയാണെന്ന് തോന്നിയില്ല :-)

ഇ.എ.സജിം തട്ടത്തുമല said...

"വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം എന്ന തത്വം ഹരിഹരിന്റെ ഉള്ളില്‍ വേരൂന്നി."

ഈ വരികൾ മനസിലൊന്ന് ഉടക്കിയതുകൊണ്ട് കോട്ടിയതാണ്!

സത്യം പറയാമല്ലോ; എറണാകുളത്ത് ബ്ലോഗ്മീറ്റിൽ വച്ച് കാണുമ്പോൾ ലക്ഷണശാസ്ത്രം വച്ച് വെറുമൊരു കുസൃതിക്കുടുക്ക എന്നേ കരുതിയുള്ളൂ!ഞാൻ ചിന്തിക്കുക കൂടി ചെയ്തു; കുട്ടിത്തം മാറാത്ത ഈ പെൺകൊച്ചിന് ചാനൽ ലേഖിക ആകാനുള്ള പക്വത ഉണ്ടോ എന്ന്!ഇതിപ്പോൾ അവിടെ കണ്ടപോലെ അല്ല്ലല്ലോ. നല്ല തലയും ഭാവനയുമൊക്കെയായി ഇരുത്തം വന്ന ഒരു കഥാകാരി. നല്ല വായനയുടെ പിൻബലമുണ്ടെന്ന് ഈ കഥ തന്നെ സൂചിപ്പിക്കുന്നു. മേൽ ആരോ കമന്റിയതു പോലെ കാലാനുസാരിയായ കഥ. കാലാനുസാരിയും കാലദേശാതിവർത്തിയുമായ കഥകളെഴുതുവാനുള്ള ആർജ്ജവം ഉണ്ട്.പുതിയ തലമുറയുടെ പൊതു സ്വഭാവം വച്ച് നോക്കുമ്പോൾ അഞ്ജുവിനെ പോലുള്ള കുട്ടികൾ സമകാലിക വിസ്മയങ്ങൾ തന്നെ. തീർച്ചയായും കുട്ടിയെ പോലുള്ളവർ മലയാള സാഹിത്യത്തിന്റെ ഭാവി പ്രതീക്ഷകളാണ്. മറ്റു കഥകൾ കൂടി വായിക്കുന്നുണ്ട്.റിപ്പോർട്ടർ ചാനൽ നമ്മുടെ കേബിളുകാർ തന്നു തുടങ്ങിയില്ല. അതുകൊണ്ട് അഞ്ജു കൊടുക്കുന്ന വാർത്തകൾ തൽക്കാലം മിസാകും.എല്ലാ ആശംസകളും നേരുന്നു!

Sarija N S said...

നല്ല അവതരണം. കഥാകാരിയ്ക്ക് അഭിനന്ദനങ്ങള്‍!

Sabu M H said...

കാലം നല്ലതല്ല. കഥയെ കുറിച്ചല്ല പറഞ്ഞു വരുന്നത്‌!
വനിത ബ്ലോഗറുടെ പോസ്റ്റിൽ അഭിപ്രായമെഴുതുന്നതിനെ കുറിച്ചാണ്‌!
സഹോദരന്മാർ(?) ഓടി വരും കഥ വായിക്കാനല്ല, കഥയേ വിമർശിച്ചവരെ വിമർശിക്കാൻ.. അതു കൊണ്ട്‌ എഴുതാതെ പോകുന്നു..
അഭിപ്രായം വേണമെന്ന് നിർബ്ബന്ധം ഉണ്ടെങ്കിൽ അറിയിക്കുക, ഇമെയിലിൽ എഴുതാം :)
ധാരാളം എഴുതൂ. ആശംസകൾ.

Sneha said...

ആദ്യമായിട്ടാണ് അഞ്ചുന്റെ കഥ വായിക്കുന്നേ. കഥയുടെ അവതരണം അങ്ങ് ഇഷ്ട്ടപ്പെട്ടു. എടുത്ത വിഷയം കാലത്തിനു യോജിക്കുന്നതും. പിന്നെ പല വാചകങ്ങളും ബോള്‍ഡ് ആയി മനസ്സില്‍ പതിഞ്ഞു..

അപ്പോ ഇനിയും നല്ല കഥകള്‍ പ്രതിക്ഷിച്ചു കൊണ്ട് തല്‍ക്കാലം വിടവാങ്ങട്ടെ ..ഇനിയും കാണാം.

(അക്ഷരത്തെറ്റുകള്‍ ഒന്നുകൂടെ കണ്ടെത്തി തിരുത്തു)

Nandini Sijeesh said...

ആദ്യമായി വന്നു . ഒരുപാടിഷ്ട്ടപ്പെട്ടു ഈ
കഥ .

Chethukaran Vasu said...

'ഹരിഹര്‍ ' (ഹരിഹരന്‍ അല്ല ) നു പകരം രാജപ്പന്‍ എന്നായിരുന്നു കഥാപാത്രമെങ്കില്‍ , കഥക്ക് ഇതു പറ്റും..?:-) എന്ത് കൊണ്ട് ഹരിഹര്‍ ? എന്തുകൊണ്ട് അല്ല രാജപ്പന്‍ ..? :-)

കൂതറHashimܓ said...

നല്ല വായന
>>> വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം എന്ന തത്വം <<<
ഈ വരികള്‍ കൂടുതല്‍ ഇഷ്ട്ടായി

ആളവന്‍താന്‍ said...

കഴിഞ്ഞ ഒരുമാസത്തിനിടയില്‍ വായിച്ച ഏറ്റവും നല്ല കഥ. പിന്നെ വായന രസമായപ്പോള്‍ 'യ്യോ! ഇത്രയേഉള്ളോ' എന്നൊരു തോന്നല്‍ അവസാനിപ്പിച്ചാണ് ഈ കഥ കടന്നു പോകുന്നത്; എന്നെ സംബന്ധിച്ചിടത്തോളം.

നരിക്കുന്നൻ said...

ഈ വൈ ടു കെ.... കാലത്തിനൊത്ത് കഥ പറഞ്ഞു. പക്ഷേ, ഈ കഥാപാത്രങ്ങൾ ഓരോ വരികളിലും ഓരോ ചിന്തകളിലും ഓരോ സംസാരത്തിലും ജീവിക്കുന്ന പോലെ തോന്നി. അവസാനം പിൻ കഴുത്തിൽ ചുറ്റിപ്പിടിച്ച് ചെവിയിൽ കടിച്ചപ്പോൾ എനിക്കും തിരിഞ്ഞ് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. മധുരമുള്ളൊരു നോവോടെ... നന്ദി... ഈ കണ്ണുകളിൽ ഇത്തിരി നീർ പൊടിച്ചതിന്... ഈ സുഖമുള്ള വയനക്ക്..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു,കാലികമായ നല്ലൊരു വിഷയം തന്നെ..!

Safar... said...

"വൈ ടു കെ" കഥ നന്നായി ആവിഷ്കരിച്ചു.

Villagemaan said...

നല്ല കഥ അഞ്ജു..അഭിനന്ദനങ്ങള്‍..

snehitha said...

ആശംസകള്‍..കഥ നന്നായി ..

http://leelamchandran.blogspot.com/

Ajith said...

വ്യക്തികള്‍ മാറുന്നതിനു അനുസരിച്ച് വാക്കുകളുടെ അര്‍ഥം മാറാം... ആദ്യമായാണ് ഇത്തരത്തില്‍ ഒരു വീക്ഷണം കേള്‍ക്കുന്നത് പക്ഷെ വളരെ സത്യം ആയി തോന്നി.. ഒരു പക്ഷെ ഇത് തന്നെ ആയിരിക്കാം നമ്മള്‍ വേവ് ലെങ്ങ്ത് മാച്ചിംഗ് എന്നൊക്കെ പറയുന്നത്. ചില വ്യക്തികളുടെ കൂടെ അധികം സംസാരിച്ചിട്ടു തന്നെ ഒരു അകല്‍ച്ച ഫീല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റു ചിലരുടെ കൂടെ ഒന്നും സംസാരിക്കാതെ തന്നെ അടുപ്പവും തോന്നിയിട്ടുണ്ട്. ഈ പറയുന്ന വേവ് ലെങ്ങ്ത് മാച്ച് ആകുന്നവര്‍ ഭാഗ്യവാന്മാര്‍ അല്ലെങ്കില്‍ ഭാഗ്യ വതികള്‍ അല്ല്ത്ത്തവര്‍ ചെരാത്തതെന്തിനെയോ ചേര്‍ക്കാന്‍ ശ്രമിചു ദിനവും പരച്ചയപ്പെടുന്നവര്‍..

nadhucreationsblogspot.com said...

ആശംസകള്‍

Santhosh Varma said...

നന്നായിട്ടുണ്ട്...

സുജിത് കയ്യൂര്‍ said...

anumodanangal

Anonymous said...

Good story... So live.

hariharaputhran said...

കൊള്ളാം ...................ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്ന് ആശംസികുന്നു ..........wish you all the very best

ente lokam said...

അഞ്ജു സോറി ..ഞാന്‍ ഇത് വായിക്കാന്‍ വൈകി....

നന്നായി എഴുതി.. ഇഷ്ടപ്പെട്ടു....അഭിനന്ദനങ്ങള്‍...

പുതു വര്‍ഷ ആശംസകളും...

siddhiqerm said...

anju chachi story anik eshtamaye atheya mayane nan varunnath eniyum varum nan kuwaitil ane ee story nan share chayyunnu anik eshtamayi eniyum kanam by siddhiq