Friday, February 18, 2011

പ്രണയദിനം

പശ്‌ചാത്തലംഃ
 

ഫെബ്രുവരി 14, സമയം രാവിലെ 9 മണി. ഒഫിഷ്യല്‍ ആവശ്യത്തിനു വേണ്ടി വീട്ടിലെത്തിയതിനാല്‍ ശരീരത്തിലും മനസിലും അവധിയുടെ ആലസ്യം. ബസ്‌ ടിക്കറ്റുകള്‍ നുള്ളിപ്പെറുക്കി ടി എ കണക്കുകൂട്ടിയിരിക്കുമ്പോള്‍ കട്ടിലില്‍ കിടന്ന മൊബൈല്‍ പാടി, 

`കൃഷ്‌ണാ നീ ബേഗനേ ബാരോ.....`

പണ്ടേ കണക്കുമായി ഞാനത്ര രസത്തിലല്ല, അതുകൊണ്ടു കൃത്യം കണക്കുകൂട്ടുന്ന സമയത്ത്‌ എന്തെങ്കിലും പാര വന്നു വീഴും. ആ ഒരു കലിപ്പോടെയാണ്‌ ഞാന്‍ ഫോണ്‍ കൈകൊണ്ടെടുത്തത്‌. വളരെ വേണ്ടപ്പെട്ടതല്ലാത്തൊരു സുഹൃത്താണ്‌.ഒരു ജേര്‍ണലിസ്‌റ്റ്‌ ഒരിക്കലും ഫോണ്‍ എടുക്കാതിരിക്കരുതെന്നു ജോ സര്‍ ക്‌ളാസില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍ ഫോണ്‍ എടുത്തു. ആസ്‌ബസ്‌റ്റോസില്‍ കല്ലു വാരിയെറിഞ്ഞതു പോലൊരു ശബ്‌ദം, `ഹാപ്പി വാലന്‍റ്റൈന്‍സ്‌ ഡേ`. അവന്റെ ഒരു വാലന്‍റ്റൈന്‍സ്‌ ഡേ എന്നാണാദ്യം നാവില്‍ വന്നത്‌. പിന്നെ ജിഹ്വയെ നിയന്ത്രിച്ചു വിനയാന്വിതയായി പറഞ്ഞു,
`ഇതിലൊന്നും വല്യകാര്യമില്ല കുട്ടീ, അമ്മമാര്‍ക്ക്‌ ഒരു ദിവസം, അദ്ധ്യാപകര്‍ക്ക്‌ ഒരു ദിവസം, ഫ്രണ്ട്‌ഷിപ്പ്‌ ഡേ ഇതൊക്കെ എന്തിനാ? ഇവരെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ? അതു പോലെ പ്രണയവും എപ്പോഴും മനസിലുള്ളതല്ലേ അത്‌ ഒരു ദിവസത്തെ കാര്യമല്ലല്ലോ?`

സീന്‍ 1 ഃ 

സമയം 12 മണി, വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ടി വി കണ്ടിരുന്നു. ടിവിയില്‍ മുഴുവന്‍ വാലന്‍റ്റൈന്‍സ്‌ ഡേ ബഹളം. പൊടിഡപ്പിയുടെ അത്രയുള്ള പിള്ളേര്‍ പോലും ഗിഫ്‌റ്റ്‌ വാങ്ങാന്‍ ഓടുന്നു. അപ്പോള്‍ ഒരു ചിന്ത എനിക്കും ഒരാള്‍ക്കു ഗിഫ്‌റ്റ്‌ കൊടുക്കണം. കൊടുക്കാനുള്ള ആളിനെ നേരത്തെ കണ്ടുവച്ചിരിക്കുന്നതു കൊണ്ടു ആ ബുദ്ധിമുട്ടില്ല. ഒരുഗ്രന്‍ പ്രേമലേഖനം എഴുതി സമ്മാനിക്കാമെന്നു കരുതി. അതാകുമ്പോള്‍ കാശു ചിലവുമില്ല. 

സീന്‍ 2 ഃ

സമയം 12.35 പ്രേമലേഖനം എങ്ങെനെ എഴുതണമെന്ന കണ്‍ഫ്യൂഷന്‍, സംബോധനയാണ്‌ പ്രശ്‌നം. ഇതു വരെ `എടാ` എന്നേ വിളിച്ചിട്ടുള്ളൂ. പക്ഷേ ഒരു പ്രേമലേഖനം എങ്ങനെ `എടാ` എന്നു വിളിച്ചു തുടങ്ങും, പിന്നെ സംബോധിക്കണ്ടാന്നു വച്ചു. 

`അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം`


എന്നു പേപ്പെറില്‍ വൃത്തിയായി എഴുതി. പിന്നെ ഓര്‍ത്തു വേണ്ട ആദ്യം തന്നെ മോഷണവസ്‌തു നല്‌കണ്ട, അതു വെട്ടിക്കളഞ്ഞു.


സീന്‍ 3 ഃ 


സമയം 2, പേപ്പര്‍ ഇപ്പോഴും ശൂന്യം. ഫോണ്‍ ബെല്ലടിക്കുന്നു,

`എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..`

ഫോണില്‍ ഒരു സ്‌ത്രീ നാമം തെളിഞ്ഞു വന്നു. മൊബൈലിലെ പേരും എന്റെ മുഖത്തു വിടരുന്ന ഭാവവും കൂട്ടിവായിച്ചാല്‍ ഞാന്‍ ലെസ്‌ബിയനാണെന്നു കാണുന്നവര്‍ സംശയിച്ചാല്‍ തെറ്റില്ലെന്ന്‌ എനിക്ക്‌ വരെ തോന്നിയിട്ടുണ്ട്‌.


`ഡാ`
`എന്താഡാ`
`ഊണു കഴിച്ചോ?`
`ഉം..നീയോ?`
`ഉം..ഞാനും`
`എന്താ കറി?`
`അയലമീന്‍ കറി`
`ഓഹ്‌! സെയിം പിഞ്ച്‌ ഞാനും അയലമീന്‍ കറി`
`ഒ കെ ഡാ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 3 ഃ 


സമയം 4 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..


`ഡാ ഞാനല്‌പം തിരക്കിലാ ഒരാളെ ഇന്റര്‍വ്യു ചെയ്യാന്‍ പോകുന്നു`
`ഒ കെ ഡാ ഞാന്‍ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 4 ഃ  


സമയം 6 മണി
ഇക്കുറി ഫോണ്‍ ഇവിടുന്നങ്ങോട്ട്‌
`ഡാ ഒരു മീറ്റിങ്ങിലാ പിന്നെ വിളിക്കാം`
`ഒ കെ ഡാ`


സീന്‍ 5 ഃ 


 സമയം 8 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


`ഡാ ഞാന്‍ എഴുതുവാ, രാത്രി ഫ്രീ ആകുമ്പോള്‍ ഒരു മിസ്‌ കോള്‍ തരൂ, ഞാന്‍ ഓണ്‍ലൈനില്‍ വരാം`


സീന്‍ 6 ഃ
 


സമയം രാത്രി 11 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


ഫോണ്‍ മൂന്നു വട്ടം കട്ടിലില്‍ കിടന്നു പാടി, ഒടുവില്‍ ശബ്‌ദം നിലച്ചു. എന്നിട്ടും അതിനടുത്തു കിടന്നുറങ്ങിയ ആള്‍ അതറിഞ്ഞില്ല.


സീന്‍ 7 ഃ 


സമയം രാത്രി 3 മണി

ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു ഫോണെടുത്തു സമയം നോക്കിയ ഞാന്‍ കണ്ടത്‌ മൂന്ന്‌ മിസ്‌കോളും ഒരു മെസേജും.


മെസേജ്‌ ഇങ്ങനെ....


`നീ ഉറങ്ങി അല്ലേ? ഞാനും ഉറങ്ങാന്‍ പോകുന്നു. നാളെ വിളിക്കാം. നിനക്കു ജോലിത്തിരക്കുണ്ടല്ലേ? എനിക്കും! പിന്നെ കാണാം ബൈ`


എന്റെ മേശപ്പുറത്തപ്പോഴും എഴുതാത്ത ഒരു പ്രണയലേഖനം ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.

വാല്‍കഷ്‌ണം ഃ എനിക്കൊരു സംശയം ഇതു പ്രണയമാണോ? അതോ ഇതാണോ പ്രണയം......?

10 comments:

കുഞ്ഞൂസ് (Kunjuss) said...

ആണോ, ഇതാണോ പ്രണയം...? ഒരുപക്ഷേ ആവാം ല്ലേ...?

നല്ലി . . . . . said...

ഇല്ലാ, കുട്ടിക്കൊന്നൂല്ല്യ, ഉറങ്ങിക്കോളൂ, മതിയാവോളം ഉറങ്ങിക്കോളൂ :-)

vimooo said...

നാലു വരി എഴുതുനത്തില്ലല . രണ്ടു വാക്ക് പറയുനത്തിലാണ് കാര്യം.,
പുതു മുഖം ......

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹമ്മൊ...കണ്ണിന്റെ ഫ്യൂസ് അടിച്ചു പോയി..
കറുപ്പില്‍ വെളുത്ത അക്ഷരങ്ങള്‍, പോരാത്തതിനു വലിപ്പ കുറവും...വായനാ സുഖം നഷ്ടപ്പെടുത്തുന്നു... അഭിപ്രായത്തെ നല്ല രീതിയില്‍ കാണുമെന്നു കരുതുന്നു.

yousufpa said...

പ്രണയിക്കാൻ നേരമില്ല.അഭിനയിക്കാനേ നേരമുള്ളു.

അന്ന്യൻ said...

അല്ല, അപ്പൊ ആരാ വിളിച്ചതു?

പട്ടേപ്പാടം റാംജി said...

തമാശക്കാവും അല്ലെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെന്നെ സാക്ഷാൽ പ്രണയം...!

മഹേഷ്‌ വിജയന്‍ said...

ഹോ സ്വന്തമായി ഒരു പ്രണയ ലേഖനം പോലും എഴുതാന്‍ സമയം കിട്ടാത്ത ഒരു പാവം ജേര്‍ണലിസ്റ്റ് കുട്ടി..
ഇനി സങ്കടപ്പെടേണ്ട കേട്ടോ.. എത്ര പ്രണയലേഖനം വേണേലും ഞാന്‍ എഴുതിതരാം...
എഴുത്ത് കൂലി അഞ്ചു നയാ പൈസ, വേണ്ട സ്നേഹം മാത്രം മതി... :-)

ajith said...

സുതാര്യം തന്നെ..സമ്മതിച്ചു