Friday, August 6, 2010

കാലിഡോസ്കോപ്


തൃക്കരിപ്പൂര്‍ റെയില്‍വേ സ്റെഷനില്‍ എത്തുമ്പോള്‍ വീണയ്ക്ക്‌ ലേശം പരിഭ്രമം തോന്നാതിരുന്നില്ല. .. ഇരുട്ട് നിറഞ്ഞ സ്റെഷനിലെ സിമന്റ് ബെഞ്ചില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ മലബാര്‍ എക്സ്പ്രസ്സും കാത്തിരിക്കുമ്പോള്‍ താന്‍ കാലഘട്ടങ്ങള്‍ക്കു പുറകിലാണെന്ന് വീണയ്ക്ക്‌ തോന്നി.
കാട്ടിന്നുള്ളില്‍ മഞ്ഞ ചുമരുള്ള ഒറ്റമുറി സ്റെഷനും ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള മണി ശബ്ദവും അവള്‍ക്ക് അപരിചിതമായിരുന്നു. . സമയം കഴിയുംതോറും വീണയ്ക്ക്‌ ആശങ്ക വര്‍ദ്ധിച്ചു. ബാഗില്‍ നിന്നും ഐ ഡി കാര്‍ഡ് എടുത്തു അവള്‍ കഴുത്തില്‍ തൂക്കി. അതിലെ 'പ്രസ്‌' എന്ന നാലക്ഷരം അവള്‍ക്ക് ധൈര്യം നല്‍കി, കൂടെ ആരോ ഉണ്ടെന്ന ധൈര്യം.

തോളിലെ സഞ്ചിയില്‍ കുറെ കാലിഡോസ്കോപ്പുകളുമായി ഒരു പയ്യന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുന്നത് അവള്‍ കണ്ടു.

അതിലൊരെണ്ണം വാങ്ങി കാശു കൊടുക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു, അപ്പോള്‍ അവള്‍ക്ക് ശ്രീകൃഷ്ണന്റെ വേഷമിട്ട നിതീഷ് ഭരദ്വാജിനെ ഓര്‍മ വന്നു. കൈയിലിരുന്ന കാലിഡോസ്കോപ്പിലൂടെ വര്‍ണ്ണക്കൂട്ടുകള്‍ നോക്കിയിരിക്കുമ്പോള്‍, അമ്മ ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ഫിസിക്സ് പറഞ്ഞു ബോറടിപ്പിചേനെ എന്നവള്‍ ഓര്‍ത്തു. രണ്ടക്ക സംഖ്യ പോലും കൂട്ടാനറിയാത്ത വീണയെ കണക്കിലെ ഇന്ദ്രജാലം കൊണ്ടു അമ്പരിപ്പിക്കാന്‍ അമ്മ ശ്രമിക്കുമ്പോള്‍ അവള്‍ക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ട്. ക്ലാസ്സില്‍ സയന്‍സിനും കണക്കിനും എന്നും ഒന്നാമതായിരുന്ന അമ്മയെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ അസ്കിത അമ്മയില്‍ പ്രകടമായിരുന്നു.

ഇരുട്ടിന്റെ നിശബ്ദതയെ മെല്ലെ നോവിച്ചു കൊണ്ടു ഏറനാടിന്റെ ഗാംഭീര്യം വിളിച്ചോതി മലബാര്‍ എക്സ്പ്രെസ്സ് അവള്‍ക്ക് മുന്നില്‍ വന്നു കിതച്ചു. നിന്നു. ധൃതിയില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ച് ഇരുന്നപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. എതിരെ ഇരുന്ന സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചു. അവര്‍ക്ക് എം ടി കഥകളിലെ അമ്മയുടെ മുഖമാണെന്ന് അവള്‍ക്ക് തോന്നി. പുഞ്ചിരി മടക്കി നല്‍കിയിട്ട് അവള്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു, മലബാറിന്റെ സൌന്ദര്യം ആസ്വദിക്കാന്‍.....

ഇരുട്ടിനെ കീറി മുറിച്ചു ട്രെയിന്‍ ഒരു സ്റെഷനില്‍ നിര്‍ത്തി. നിയോണ്‍ വിളക്കുകളുടെ പ്രകാശത്തില്‍ അവള്‍ ആ സ്റെഷന്റെ പേര് വായിച്ചു, 'ബെര്‍ലിന്‍'. ഒരു ഉള്‍വിളി എന്ന പോലെ അവള്‍ ട്രെയിനില്‍ നിന്നും പെട്ടെന്ന് ഇറങ്ങി. പ്ലാറ്റ്ഫോമിലെ കല്‍ബെഞ്ചില്‍ ഇരിക്കുന്ന, പാദം വരെ എത്തുന്ന കറുത്ത ഗൌണും തലയില്‍ കറുത്ത തൊപ്പിയും അണിഞ്ഞ വെളുത്തു മെലിഞ്ഞ സുന്ദരിയെ വീണ കണ്ടു. ആ മുഖം എവിടെയാണ് കണ്ടിട്ടുള്ളതെന്നു ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ അവള്‍ തിരിച്ചറിഞ്ഞു, എന്നോ ഗൂഗിള്‍ ഇമേജില്‍ കണ്ട മുഖം, ഈവ ബ്രൌണ്‍! ഒരിക്കല്‍ ലോകം വിറപ്പിച്ച ഹിറ്റ്ലറുടെ മനസ് വിറപ്പിച്ച ഈവ.


വീണയുടെ മനസ്സില്‍ ഒരു തീപൊരി വീണു, 'എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ'. വീണ അവരുടെ അടുത്ത് ചെന്നിരുന്നു. ഈവ അവളെ ശ്രദ്ധിക്കാതെ നിലത്തു നോക്കിയിരുന്നു. ഒരുപാടു പേരെ ചോദ്യശരങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിച്ച അവള്‍ക്ക് ആദ്യമായി അസ്വസ്ഥത തോന്നി . വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് വീണ ഈവയുടെ കൈയില്‍ തൊട്ടു . ഈവ അവളുടെ നേരെ നോക്കി , തണുത്ത ശബ്ദത്തില്‍ ചോദിച്ചു ;

"എന്താ വീണാ ? "

വീണ അമ്പരന്നു .... അല്പസമയത്തെ ഞെട്ടലില്‍ നിന്നു മോചിതയായി വീണ ചോദിച്ചു ,

"എന്റെ പേര് എങ്ങനെ അറിയാം ?"

കുപ്പിവളകള്‍ കിലുങ്ങുംപോലെ ഈവ പൊട്ടിച്ചിരിച്ചു

"ഹിറ്റ്ലറുടെ അപകര്‍ഷതാബോധത്തെ കുറിച്ച് റിസര്‍ച് ചെയുന്ന നിന്നെ ഞാന്‍ അറിയണ്ടേ ? "

ജോലിത്തിരക്കുകള്‍ക്കിടയില്‍പ്പെട്ട് പലപ്പോഴും താന്‍ മറന്നു പോകുന്ന ഒരു കാര്യമാണ് ഈവ ഓര്‍മ്മിപ്പിച്ചതെന്നു വീണക്ക് തോന്നി .വഴിയോരകച്ചവടക്കാരില്‍ നിന്ന് ഒരു പൊതി പോപ്പ്കോണ്‍ . വാങ്ങി കൊറിച്ചു കൊണ്ട് ഈവയും വീണയും ബെര്‍ലിന്‍ വീഥിയിലുടെ നടന്നു .ഈവയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന്‌ വീണ ആലോചിച്ചു . നികേഷ് കുമാറിന്റെയും ജോണി ലുക്കൊസിന്റെയും ജോണ്‍ ബ്രിട്ടസിന്റെയും എന്തിനധികം കരന്‍ താപറിന്റെ പോലും ഇന്റര്‍വ്യൂ രീതികള്‍ അവളുടെ മനസ്സിലുടെ പാഞ്ഞു പോയി . വീണയെ അധികം ചിന്തിപ്പിച്ചു ബുദ്ധിമുട്ടിക്കാതെ ഈവ സംസാരിച്ചു തുടങ്ങി .

" എങ്ങനെയുണ്ട് ബെര്‍ലിന്‍ ?"

" കേട്ടതിനെക്കാള്‍ മനോഹരം "

വീണ ഉത്സാഹത്തോടെ പറഞ്ഞു

"കണ്ടോ , ബെര്‍ലിന്‍ എന്ത് സുന്ദരിയാണ് .അവള്‍ എപ്പോഴും സന്തോഷവതിയാണ് .എത്ര വലിയ ദുഖത്തെയും സന്തോഷം കൊണ്ടു നേരിടാന്‍ അവള്‍ക്ക് അറിയാം .സന്തോഷം നിറഞ്ഞു നിന്നാല്‍ സൌന്ദര്യം വര്‍ദ്ധിക്കും . നിനക്ക് മാതാഹരിയെ അറിയില്ലേ? "

ഈവയുടെ വാക്കുകളില്‍ ലയിച്ചിരുന്ന വീണ പറഞ്ഞു .

"അറിയാം രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട ചാരവനിത" .

"ആ മാതാഹരി നൃത്തം ചെയ്തു നിറഞ്ഞ സന്തോഷത്തോടെയാണ് മരണത്തിലേക്ക് നടന്നു പോയത് . എത്ര പേരുടെ സിരകളില്‍ അഗ്നിയായി ജ്വലിച്ചവളാണ് അവള്‍ . ആ മാതാഹരിയുടെ മനസ്സാണ് ബെര്‍ലിന്‍ മണ്ണിനും .ആര് വന്നാലും സന്തോഷത്തോടെ സ്വീകരിക്കും എത്ര വലിയ ദുരന്തവും സന്തോഷത്തോടെ ഏറ്റുവാങ്ങും "

പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈവയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

" അതെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ "

വീണ സംശയത്തോടെ പാതി വഴിയില്‍ നിര്‍ത്തി . നടത്തത്തിന്റെ വേഗം കുറച്ചു അവളുടെ കണ്ണുകളില്‍ നോക്കി ഈവ പറഞ്ഞു .

"കുട്ടി ചോദിച്ചോളു"

"അല്ല, ഈവക്ക് എങ്ങനെയാണ് . ഹിറ്റ്ലരോട് ഇഷ്ടം തോന്നിയത് ?അങ്ങനെയുള്ള ഒരു മനുഷ്യനോടു ഏതെങ്കിലും പെണ്ണിന് ഇഷ്ടം തോന്നുമോ?"

വീണ്ടും കുപ്പിവളകള്‍ കിലുങ്ങി . ഈവ ചിരിക്കുകയാണ് എന്ന്‌ വീണക്ക് മനസ്സിലായി .വീണയുടെ കൈയിലിരുന്ന കാലിഡോസ്കോപ്പില്‍ തൊട്ടു കൊണ്ടു ഈവ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു .

"കുട്ടി പ്രണയം ഒരു "കാലിഡോസ്കോപ്പ് " പോലെയാണ് . ഏത് ആങ്കിളില്‍ നിന്ന് നോക്കിയാലും വര്‍ണ്ണക്കുട്ടുകള്‍ മാത്രമേ കാണാന്‍ കഴിയു ".

വീണയുടെ കവിളില്‍ ചെറുതായി തട്ടി നിയോണ്‍ വിളക്കുകളുടെ വെളിച്ചം നിറഞ്ഞ വീഥിയിലുടെ ഈവ ബ്രൌണ്‍ ധൃതിയില്‍ ഓടിയകന്നു ..ആലിസിന്റെ അല്ഭുതലോകത്തിലെ മുയലിനെപ്പോലെ ...

വീണ കണ്ണുകള്‍ തുറന്നു ചുറ്റുപാടും പകച്ചു നോക്കി .എതിരെയിരുന്ന എം. ടി കഥയിലെ അമ്മയുടെ മുഖമുള്ള സ്ത്രി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു .

"എന്താ ഉറങ്ങിപ്പോയോ ?"

അതെ , എന്നര്‍ത്ഥത്തില്‍ തലയാട്ടുമ്പോഴും വീണയുടെ ഉള്ളിലെ സംശയം വിട്ടു മാറിയില്ല..

ട്രെയിനിലെ ജനലിലുടെ വീണ പുറത്തേക്ക് നോക്കി, അപ്പോള്‍ ട്രെയിന്‍ പേരറിയാത്ത ഏതോ ഒരു പുഴയുടെ മുകളിലുടെ പായുകയായിരുന്നു .


സമര്‍പ്പണം : സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ കാലിഡോസ്കോപ്പിലൂടെ ജീവിതത്തെ കാണാന്‍ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തിന്........

14 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കാൽ‌പ്പനികമല്ല...കല്പിത കഥ തന്നെയിത് കേട്ടൊ

.. said...

..
വളരെ വളരെ നന്നായി ഇത്, എന്താ കഥയോ കവിതയോ..
പ്രണയം കവിതയിലൂടെയാണ് ഏറ്റവും സുന്ദരം,

കാൽ‌പ്പനികമല്ല...കല്പിത കവിത തന്നെയിത് കേട്ടൊ ;)
{മുരളിയേട്ടന്‍ കാണണ്ട..}
..

Jishad Cronic said...

ഇത് കൊള്ളാമല്ലോ...

jayanEvoor said...

കൊള്ളാം.
ഇഷ്ടപ്പെട്ടു.
ആശംസകൾ!

(ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....നോക്കണേ.http://jayandamodaran.blogspot.com/2010/07/blog-post.html)

വിനയന്‍ said...

എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു...ഒരു സിനിമയുടെ സീന്‍ കാണുന്നത് പോലെ ഒരു സുഖം ഉണ്ടായിരുന്നു...നല്ല ക്രാഫ്റ്റ്‌...

aniyan said...

hai kollam keto kadhayo/ atho kavithayo. jose daniel

ശാലിനി said...

പ്രണയം തീര്‍ച്ചയായും കാലിടോസ്കോപ് പോലെ തന്നെയാണ് . അനുഭവം ഗുരു :)
കഥ നന്നായി.

ഈ വരിയില്‍ എന്തോ ഒരു അപാകത തോന്നി.
"അല്ല, ഈവക്ക് എത്രയാണ് . ഹിറ്റ്ലരോട് ഇഷ്ടം തോന്നിയത് ?"

"എത്രയാണ് " എന്ന് തന്നെയാണോ ഉദ്ദേശിച്ചത്?
ഇനിയും ഋതുവില്‍ എഴുതണം എല്ലാ ആശംസകളും.

NAVNEETH said...

വിചാരിക്കുന്നതിനു മുന്‍പേ തീര്ന്നപോലെ,,,,,,,,,,,,,,നന്നായി

ബിജുകുമാര്‍ alakode said...

പിന്നെ മലബാര്‍ എക്സ്പ്രസെന്നു കേട്ടപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ. ഒത്തിരി രാത്രി സഞ്ചാരം നടത്തിയിട്ടുണ്ട് ചെറുപ്പത്തില്‍ (17-19 വയസ്സ്)
ഒരിയ്ക്കല്‍ കോഴിക്കോട് നിന്ന് മാതാപിതാക്കളോടൊപ്പം കയറി എതിര്‍ സീറ്റിലിരുന്ന് പിറവം റോഡ് സ്റ്റേഷനില്‍ ഇറങ്ങിപ്പോയ ഒരു പെണ്‍കുട്ടി ഇപ്പോഴും മനസ്സിലുണ്ട്. യാത്രയ്ക്കിടയില്‍ കണ്ണുകള്‍ മാത്രം പലവട്ടം സംസാരിച്ചു, വാചാലമായി. ഇതു വായിച്ചപ്പോള്‍ ആ കണ്ണുകള്‍ വീണ്ടും തെളിഞ്ഞു വന്നു. :-)
കഥയുടെ ക്രാഫ്റ്റുണ്ട്. വായിയ്ക്കപെടേണ്ട കഥ.
ഇനിയും വരട്ടെ പുതു കഥകള്‍

Manoraj said...

കഥ തുടങ്ങിയപ്പോഴും അതിന്റെ പാതി വഴിയിലും അസാമാന്യമായ ക്രാഫ്റ്റ് ഉണ്ടായിരുന്നു. പക്ഷെ ഖേദത്തോടെ പറയട്ടെ, പറഞ്ഞ് കൊണ്ടു വന്ന ആ ഒരു സുന്ദരമായ കഥ പെട്ടന്ന് തീര്‍ക്കാനുള്ള ഒരു വെമ്പല്‍ പോലെ തോന്നി. അത് എന്തോ ഒരു കല്ലുകടിയായി അഞ്ജു. എന്നിരിക്കലും മനോഹരമായി തന്നെ ഹിറ്റ്ലറിലേക്കും മെയിന്‍ കാഫിലേക്കും എല്ലാം ഒരു നിമിഷം മനസ്സ് കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട് കഥാകാരിക്ക്. ഇവയുടേതായി പറഞ്ഞ വാക്കുകള്‍ മനോഹരം..
പ്രണയം ഒരു കാലിഡോസ്കോപ്പ് പോലെയാണ്‌. ഏത് ആങ്കിളുകളില്‍ നോക്കിയാലും വര്‍ണ്ണക്കൂട്ടുകള്‍ മാത്രമേ കാണാന്‍ കഴിയൂ.
ഒപ്പം ഇവ ഒന്ന് കൂടെ ചേര്‍ത്തിട്ടുണ്ടാവും മനസ്സിലെങ്കിലും....
ജീവിതം കാലിചന്തപോലെയാണ്‌. ഏത് ആങ്കിളില്‍ നോക്കിയാലും നുരയും പതയും മാത്രമേ കാണാന്‍ കഴിയൂ എന്ന്..

Sreedev said...

കഥയുടെ ക്രാഫ്റ്റ്‌ തന്നെയാണ്‌ എന്നെയും ആകർഷിച്ചത്‌.രസകരവും കാലികവുമായ കുറേ ഇമേജുകളുണ്ടിതിൽ.നിതീഷ്‌ ഭരദ്വാജ്‌,ബർലിൻ,ഈവ ബ്രൗൺ,അങ്ങനെ....
വളരെ സാധാരണമായ ഒരു നിമിഷത്തിൽനിന്നു ഭാവനയുടെ ഒരു ആകാശത്തിലേക്ക്‌ നമ്മളെ ക്ഷണിക്കുന്ന കഥ.അഭിനന്ദനങ്ങൾ..

ദീപുപ്രദീപ്‌ said...

തൃക്കരിപ്പൂരില്‍ നിന്നും ബെര്‍ലിനിലെക്കുള്ള യാത്ര കൊള്ളാമായിരുന്നു ..,ഞാന്‍ എന്ജോയ്‌ ചെയ്തു .

Anju ..,we want to meet you again.
Best wishes.
കഥ കണ്ടെത്തി ഋതുവില്‍ എത്തിച്ച നല്ല സുഹൃത്തിന് നന്ദി .

റോസാപ്പൂക്കള്‍ said...

kadha vegam theernnu .enkilum valare nalla kadha.

I want U to rebel !!! said...

മനോഹരമായ കയ്യടക്കം .തുടര്‍ന്നും എഴുതുക . പിന്നെ എഴുതുമ്പോള്‍ കുറച്ചു കൂടി ക്ഷമ കാണിക്കുക , പെട്ടെന്ന് അവസാനിപ്പിച്ച് എങ്ങോട്ടാണ് ഓടി പോകുന്നത് ?